Current Date

Search
Close this search box.
Search
Close this search box.

പാശ്ചാത്യ ലോകത്തിനപ്പുറത്ത് പാളിപ്പോകുന്ന ഇസ്രായേലിന്റെ അവകാശവാദങ്ങൾ

ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം അഴിച്ചുവിട്ടതിന് തൊട്ടുപിന്നാലെ ഗാസയോട് വംശഹത്യ യുദ്ധം നടത്തണമെന്ന് ഇസ്രായേൽ വ്യാപ്രകമായി പ്രചരിപ്പിച്ചു.

വംശീയമായി അധഃസ്ഥിതരായ ഫലസ്തീനികളെക്കുറിച്ച് ഇസ്രായേൽ പറയുന്ന ഏത് അവകാശവാദവും വിശ്വസിക്കാൻ സന്നദ്ധരായ പാശ്ചാത്യ ലോകത്ത് കുഞ്ഞുങ്ങളെ ശിരഛേദം ചെയ്യപ്പെട്ടെന്നും, ചുട്ടുകൊന്നുവെന്നും, സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തുവെന്നും, സ്ഥിരീകരിക്കാത്ത മറ്റനേകം കുറ്റകൃത്യങ്ങൾ നടത്തിയെന്നും തുടങ്ങി അടിസ്ഥാനരഹിതമായ നിരവധി ആരോപണങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.

ഇസ്രായേൽ ഗവൺമെന്റിന്റെ സംക്ഷിപ്ത ലേഖകരായി പ്രവർത്തിച്ച പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങൾ അടിസ്ഥാനരഹിതമായ ഈ അവകാശവാദങ്ങൾ പലതും പിൻവലിക്കുന്നതിന് മുമ്പ് അനിഷേധ്യ വസ്തുതയായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഈ അപകീർത്തികളെ വസ്തുതകളായി പ്രചരിപ്പിക്കുന്നത് നിർലജ്ജമായി തുടരുകയാണ്.

ഇസ്രായേൽ സൈന്യം ഇസ്രായേൽ പൗരന്മാരെയും ഹമാസ് പോരാളികളെയും ഒരുപോലെ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയതായി ഒക്ടോബർ 7 ലെ സംഭവങ്ങൾക്ക് സാക്ഷികളായവർ സാക്ഷ്യപ്പെടുത്തി. പ്രാഥമികമായുള്ള റിപ്പോർട്ടിൽ മരണസംഖ്യ കുറവായതിനാൽ നൂറുകണക്കിന് ആളുകളെ ചുട്ടുകൊന്നതായി ഇസ്രായേൽ പിന്നീട് സമ്മതിച്ചു. ഇസ്രായേലി വീടുകൾക്കും സൈനിക താവളങ്ങൾക്കും നേരെയുള്ള ഇസ്രായേൽ ഷെല്ലാക്രമണം ഇസ്രായേലി സൈനികരുടെ മരണത്തിനും വീടുകൾ കത്തി നശിക്കാനും മറ്റ് നാശങ്ങൾക്കും കാരണമായതായും റിപ്പോർട്ടുകൾ സൂചിപ്പിച്ചു.

ഇത്തരം വെളിപ്പെടുത്തലുകളൊന്നും പാശ്ചാത്യ മാധ്യമങ്ങളെയും ഗവൺമെന്റുകളെയും ഇസ്രായേൽ പടച്ചുവിട്ട വംശീയ കെട്ടുകഥകളെ ചിന്താശൂന്യമായി റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിച്ചില്ല. പാശ്ചാത്യ ഉദ്യോഗസ്ഥരിലും മുഖ്യധാരാ പത്രപ്രവർത്തകരിലും പലസ്തീനുകളോടും മറ്റ് അറബികളോടുമുള്ള വംശീയതയ്‌ക്കെതിരെ 1950-കളുടെ പകുതി മുതൽ ലഭ്യമായ എല്ലാ ‘വാക്സിനു’കളും (പാശ്ചാത്യ-അറബ്-ഇസ്‍റായേലീ പണ്ഠിതന്മാരുടെ ഇടപെടലുകളുൾപ്പെടെ) വിഫലവും അപര്യാപ്‍തവുമാണെന്ന് തെളിയിക്കപ്പെടുകയാണ്.
ഇസ്രായേൽ പുറത്തുവിട്ട മരണസംഖ്യ പലരും അംഗീകരിച്ചെങ്കിലും അറബ് ലോകത്ത് നിലനിൽക്കുന്ന പൊതുവെയുള്ള വികാരം ഇസ്രായേലിന്റെ വിചിത്രമായ അവകാശവാദങ്ങൾ വിശ്വസിക്കാൻ പ്രയാസമാണെന്നതിന് തെളിവാണ്. മാത്രമല്ല ആക്രമണത്തിൽ ഇസ്രയേലി പൗരന്മാരെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നത് ഹമാസ് തന്നെ നിഷേധിച്ചു.

എന്നാൽ അറബികൾക്കിടയിലെ സംശയത്തിന് ബോധപൂർവമായാലും അബോധാവസ്ഥയിലായാലും ജൂത രാഷ്ട്രത്തിനെതിരെയുള്ള മുൻവിധിയുമായി യാതൊരു ബന്ധവുമില്ല. ഇസ്രയേലിന്റെ കുപ്രസിദ്ധമായ അവിശ്വാസ്യത കൊണ്ടാണ് മിക്കവരും അവരുടെ അവകാശവാദങ്ങൾ വിശ്വസിക്കാതിരിക്കുന്നത്.

അമ്പരപ്പിക്കുന്ന നുണക്കഥകൾ

സയണിസ്റ്റ് പ്രസ്ഥാനം അതിൻറെ പിറവി മുതൽ ചെയ്യുന്നത് പോലെ, 1948 മുതൽ നുണകളും കെട്ടുകഥകളും അതിശയിപ്പിക്കുന്ന രീതിയിലാണ് ഇസ്രായേൽ പ്രചരിപ്പിച്ചത്. കഴിഞ്ഞ 75 വർഷമായി അറബ്, യൂറോപ്യൻ ഗവേഷകർ കാര്യമായി പ്രവർത്തിച്ചത് തന്നെ ഈ നുണകൾ പൊളിച്ചെഴുതാൻ വേണ്ടിയാണ്. 1980-കളുടെ മധ്യം മുതൽ ഇസ്രായേലി ചരിത്രകാരന്മാർ സ്വന്തം ഔദ്യോഗിക ഭരണകൂട-സൈനിക ചരിത്രരേഖകൾ വെച്ച് ഇസ്രായേലിന്റെ കെട്ടുകഥകൾ തുറന്നുകാട്ടി.

ഇസ്രയേലിന്റെ ഏറ്റവും വലിയ നുണ അതിന്റെ അടിത്തറയായി വിശേഷിപ്പിക്കുന്ന വംശീയ ഉന്മൂലനം എന്ന സയണിസ്റ്റ് കുറ്റകൃത്യത്തിൽ അധിഷ്ഠിതമാണ്. 1947 നവംബർ 30 നും 1948 മെയ് 14 നും ഇടയിൽ അധിനിവേശകർ ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചപ്പോൾ സയണിസ്റ്റുകൾ 400,000 ഫലസ്തീനികളെ അവരുടെ വീടുകളിൽ നിന്നും പുറത്താക്കി. 1948 ഡിസംബറിൽ വേറൊരു 350,000 പേരെയും പുറത്താക്കിയിട്ടുണ്ട്.

വംശീയ ഉന്മൂലനം ലക്ഷ്യമാക്കി നടത്തിയ യുദ്ധത്തിൽ സയണിസ്റ്റ് സംഘങ്ങൾ ഡസൻ കണക്കിന് കൂട്ടക്കൊലകളും ഫലസ്തീൻ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്യുന്നത് ഉൾപ്പെടെ അക്രമാസക്തമായ അനവധി കുറ്റകൃത്യങ്ങളാണ് ചെയ്തത്. തെളിവുകളെല്ലാം അവർക്ക് എതിരായിട്ടും ഫലസ്തീനികളെ പുറത്താക്കിയിട്ടില്ലെന്നും അവർ സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും ശഠിക്കുന്നത് അവർ തുടരുന്നു.

1950 കളിലും 1960 കളിലും റേഡിയോ പ്രക്ഷേപണങ്ങളുടെയും അയൽ അറബ് നേതാക്കളുടെ ഉത്തരവുകളലുടെയും ഫലമായി ഫലസ്തീനികൾ സ്വയം നാടുവിട്ടു പോയതാണെന്ന് ഇസ്രായേൽ സർക്കാർ അവകാശപ്പെട്ടു. കോളനിവൽക്കരിക്കുന്ന ജൂതന്മാരെ തുരത്താൻ അറബ് സൈന്യങ്ങൾക്ക് ഇടപെടാൻ അവസരം നൽകുന്നതിന്റെ ഭാഗമായി ഫലസ്തീനികൾ അവരുടെ ജനതയോട് രാജ്യം വിടാൻ നിർദ്ദേശിക്കുകയായിരുന്നു.

എന്നാൽ അത്തരം റേഡിയോ പ്രക്ഷേപണങ്ങൾ ഒരിക്കലും നടത്തിയിട്ടില്ലെന്നും യഥാർത്ഥ പ്രക്ഷേപണങ്ങൾ ഫലസ്തീനികളെ അവരുടെ ദേശങ്ങളിൽ നിന്ന് വിട്ടുപോകുന്നതിനുപകരം ഉറച്ചുനിൽക്കാൻ ആഹ്വാനം ചെയ്യുന്നതാണെന്നും ആ കാലഘട്ടത്തിലെ ഗണ്യമായ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. വംശീയ ഉന്മൂലനം എന്ന യുദ്ധക്കുറ്റത്തിൽ നിന്ന് തങ്ങളെ കുറ്റവിമുക്തരാക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്ന അവരുടെ പ്രചാരണത്തിന് തെളിവായി ഒരു സംപ്രേഷണം പോലും നിർമ്മിക്കാൻ അവർക്ക് ആത്യന്തികമായി കഴിഞ്ഞില്ല.

വാസ്തവത്തിൽ, മനശാസ്ത്ര യുദ്ധത്തിൻറെ ഭാഗമായ രോഗവ്യാപനത്തിന്റെ കഥകളുമായി ഫലസ്തീനികൾക്കിടയിൽ പരിഭ്രാന്തി പരത്തിയ സയണിസ്റ്റ് റേഡിയോ പ്രക്ഷേപണങ്ങളാണ് ഫലസ്തീനികളെ നുണകളിലൂടെയും കൃത്രിമത്വത്തിലൂടെയും നാടുവിടാൻ പ്രേരിപ്പിച്ചത്.

ഫലസ്തീനികളെ അവരുടെ നാട്ടിൽ നിന്ന് പുറത്താക്കാൻ സയണിസ്റ്റുകൾക്ക് ഉദ്ദേശ്യമില്ലായിരുന്നു എന്ന് അവർ നിരന്തരമായി തൊടുത്തുവിടുന്ന നുണ സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ വർഷങ്ങളിൽ ലോകത്താകമാനം വ്യാപിച്ചിരുന്നു.

1923-ൽ, സയണിസ്റ്റുകൾ തങ്ങളുടെ രാജ്യം മോഷ്ടിക്കാനും തങ്ങളെ പുറത്താക്കാനും ആഗ്രഹിക്കുന്നുവെന്ന് തുറന്ന്പറഞ്ഞ് ഫലസ്തീനികൾ ബ്രിട്ടീഷുകാരോട് പ്രതിഷേധിച്ചുവെങ്കിലും ഫലസ്തീനിലെ ബ്രിട്ടീഷ് ജൂത ഹൈക്കമ്മീഷണറായ ഹെർബർട്ട് സാമുവൽ ഇത് അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു. ബ്രിട്ടീഷ് ഗവൺമെന്റുമായുള്ള കൂടിക്കാഴ്ചയിൽ സയണിസത്തോട് അറബ് രാജ്യങ്ങൾക്കുള്ള എതിർപ്പ് അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്നും ഉത്തരവാദിത്തമുള്ള സയണിസ്റ്റ് നേതാക്കൾ അറബ് ഭൂമി പിടിച്ചെടുക്കാനോ ജൂത കുടിയേറ്റക്കാരെക്കൊണ്ട് രാജ്യം നിറയ്ക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും സാമുവൽ പറഞ്ഞു.

ഇന്ന് ഗസ്സയിൽ താമസിക്കുന്നവരിൽ ഭൂരിഭാഗവും 1948-ൽ പുറത്താക്കപ്പെട്ട ഫലസ്തീനികളോ, അവരുടെ പിൻഗാമികളോ ആണെന്നത് അവരെ ഈജിപ്തിലെ സീനായിലേക്ക് കുടിയൊഴിപ്പിക്കണമെന്ന ഇസ്രായേലിന്റെ നിലവിലെ ആവശ്യം അപ്രസക്തമാണ്.

ഇസ്രായേൽ പുറത്താക്കിയ ഫലസ്തീനികളെ തിരിച്ചുകൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് 1948 ഡിസംബറിൽ ഐക്യരാഷ്ട്ര പൊതുസഭ 194 നമ്പർ പ്രമേയം അംഗീകരിച്ചു എന്നതാണ് ഈ സമീപകാല വംശീയ ഉന്മൂലന പദ്ധതിയുടെ വിരോധാഭാസം. പ്രമേയം വർഷം തോറും വീണ്ടും സ്ഥിരീകരിക്കപ്പെടുന്നുണ്ടെങ്കിലും ഇസ്രായേൽ ഇപ്പോഴും ലംഘിക്കുന്ന ഡസൻ കണക്കിന് പ്രമേയങ്ങളിൽ ഒന്നാണിത്. ഗസ്സയിലും വെസ്റ്റ്ബാങ്കിലും ഇസ്രായേൽ നടത്തുന്ന കൊലപാതകങ്ങളുടെ കാതൽ ഇതാണ്.

ഗസ്സയിലെ ഫലസ്തീനികൾ എവിടെയെങ്കിലും പോകേണ്ടി വന്നാൽ അത് അന്താരാഷ്ട്ര നിയമങ്ങളും യു.എൻ പ്രമേയങ്ങളും ആവശ്യപ്പെടുന്നതുപോലെ ഇസ്രായേലിനുള്ളിലെ അവരുടെ നാടുകളിലേക്കും വീടുകളിലേക്കും ആയിരിക്കണമെന്ന് ആവശ്യപ്പെടാൻ യു.എസിന്റെ നിയന്ത്രണത്തിനും ആജ്ഞയ്ക്കും വിധേയരായ ഐക്യരാഷ്ട്രസഭയും അതിന്റെ ഉദ്യോഗസ്ഥരും ധൈര്യപ്പെടില്ല.

അന്റോണിയോ ഗുട്ടെറസോ അദ്ദേഹത്തിന്റെ അനുയായികളോ അത്തരമൊരു ആവശ്യം ഉന്നയിക്കാനോ യു.എൻ പ്രമേയങ്ങളിൽ ഇസ്രായേലിനെ ഉത്തരവാദികളാക്കാനോ ധൈര്യപ്പെട്ടിട്ടില്ല. ഫലസ്തീനികളെ ഈജിപ്തിലേക്ക് നാടുകടത്താനുള്ള യു.എസ്-പാശ്ചാത്യ-ഇസ്രായേൽ സമ്മർദ്ധങ്ങൾക്ക് മറുപടിയായി ഇസ്രായേൽ അവരെ സ്വന്തം ഭൂമിയിൽ നഖബ് മരുഭൂമിയിലേക്ക് മാറ്റണമെന്ന് നിർദ്ദേശിച്ചത് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സീസി മാത്രമാണ്.

ബന്ദികളാകുന്ന ഒരു ജനത

1967 ന് ശേഷം ഇസ്രായേൽ പറഞ്ഞ നിരവധി നുണകളിൽ ഒന്ന് അറബികൾ സമാധാന കരാറുകൾ ഉണ്ടാക്കാനും അത് അംഗീകരിക്കാനും സമ്മതിക്കുന്നതുവരെ ഫലസ്തീൻ പ്രദേശങ്ങളെയും അവരുടെ ജനതയെയും ബന്ദികളാക്കിയിക്കുന്നു എന്നതാണ്. അപ്പോൾ മാത്രമേ പ്രദേശങ്ങൾ തിരികെ നൽകുകയും ബന്ദികളാക്കിയ ഫലസ്തീൻ ജനതയെ സ്വതന്ത്രരാക്കുകയും ചെയ്യുകയുള്ളൂ എന്ന് അവർ പ്രഖ്യാപിച്ചു. “സമാധാനത്തിനായുള്ള ഭൂമി” എന്ന ഇസ്രായേലി-യുഎസ് ഫോർമുല ഇതിൻറെ ചുരുക്കപ്പേരാണ്. ഇസ്രായേൽ പതിവായി പ്രചരിപ്പിക്കുന്ന ഇത്തരം നുണകൾ എളുപ്പത്തിൽ പറ്റിക്കപ്പെടുന്നവർ ഒഴികെ മറ്റാരും വിശ്വസിക്കുകയില്ല.

തടവുകാരെ മോചിപ്പിക്കാൻ സാധാരണക്കാരെ ബന്ദികളാക്കി വിലപേശുന്ന ഏർപ്പാട് തീർച്ചയായും ഇസ്രയേലി കണ്ടുപിടുത്തമാണ്. 1954 ഡിസംബറിൽ ദിവസങ്ങൾക്ക് മുമ്പ് അതിർത്തിയിൽ നുഴഞ്ഞുകയറിയത് കാരണം സിറിയയിൽ പിടിക്കപ്പെട്ട തങ്ങളുടെ നാല് സൈനികരെ മോചിപ്പിക്കാൻ ഇസ്രായേലിന്റെ യുദ്ധവിമാനങ്ങൾ ഒരു സിറിയൻ സിവിലിയൻ വിമാനം ഹൈജാക്ക് ചെയ്ത് സാധാരണ ജനങ്ങളെ ബന്ദികളാക്കിയത് ഇതിൻറെ ഉദാഹരണമാണ്. “അന്താരാഷ്ട്ര നടപടികളുടെ ചരിത്രത്തിൽ ഞങ്ങളുടെ ഇടപെടൽ പൂർവ്വാതീതമായിരുന്നു” എന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തന്നെ അറിയിച്ചതായി അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന മോഷെ ഷെറെറ്റ് തന്റെ ഡയറിയിൽ കുറിച്ചിട്ടു.

ഇസ്രായേലിന്റെ ആവശ്യം സിറിയ വിസമ്മതിക്കുകയും കൈമാറ്റം തടയുന്ന രൂപത്തിൽ അന്താരാഷ്ട്ര സമൂഹം അപലപിക്കുകയും ചെയ്തതിനാൽ, ഒരു വർഷത്തിന് ശേഷം 1955 ഡിസംബറിൽ, ആ നാല് സൈനികരെ മോചിപ്പിക്കാൻ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 56 സിറിയക്കാരെ കൊല്ലുകയും 30 സിറിയക്കാരെ ബന്ദികളാക്കി തട്ടിക്കൊണ്ടുപോകുകയും ചെയ്‍ത റെയ്‍ഡ് നടത്തി ഇസ്‍റായേൽ.

ഇസ്രയേലിന്റെ ക്രൂരനടപടിയിൽ ‘ഞെട്ടിപ്പോയ’ അമേരിക്ക ഇസ്രായേലിൻറെ വെടിനിർത്തൽ ലംഘനത്തെ അപലപിക്കുന്ന യു.എൻ പ്രമേയത്തെ പിന്തുണച്ചു രംഗത്ത് വന്നു. ഒടുവിൽ 1956 മാർച്ചിൽ സിറിയക്കാർ ബന്ദി കൈമാറ്റത്തിന് സമ്മതിച്ചു.

പൗരന്മാരെ ബന്ദികളാക്കുന്നത് നിയമവിരുദ്ധമായ പ്രവൃത്തിയാണെങ്കിലും ഇസ്രായേൽ നടത്തിയ കുറ്റകൃത്യങ്ങളെ അവഗണിച്ച് ഫലസ്തീനികളെ ‘അപരിഷ്ക്രൃതർ’ എന്ന് ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന പാശ്ചാത്യ പ്രചാരവേലയുടെ ഭാഗമാണ്.

പൗരന്മാരെ ബന്ദികളാക്കുന്ന നടപടി പരിചയപ്പെടുത്തുക മാത്രമല്ല ‘പരിഷ്ക്രൃത’ ഇസ്രായേലികൾ ചെയ്‍തത്, 85 സ്ത്രീകളും 350 കുട്ടികളും അടുത്തിടെ വിട്ടയക്കപ്പെട്ട 180 പേരുമുൾപ്പെടെ തട്ടിക്കൊണ്ടുപോയ 9,000 പലസ്തീനികൾ അവരുടെ തടവറകളിൽ ഉണ്ട്. ഇവരിൽ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 3,290 -ലധികം പേർ ഒക്ടോബർ 7 മുതൽ വെസ്റ്റ് ബാങ്കിൽ നിന്നും കിഴക്കൻ ജറുസലേമിൽ നിന്നും ഇസ്രായേൽ തട്ടിക്കൊണ്ടുപോയവരാണ്.

1967 മുതൽ, വെസ്റ്റ് ബാങ്ക്, ഗസ്സ, കിഴക്കൻ ജറുസലേം എന്നിവിടങ്ങളിൽ താമസിക്കുന്ന മുഴുവൻ ഫലസ്തീൻ ജനതയെയും ഇസ്രായേൽ ബന്ദികളാക്കി. 2006 മുതൽ ഗസ്സയിലുള്ളവരെ ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലിലടക്കുകയും ഇപ്പോൾ നാടുവിടാൻ സ്വയം സന്നദ്ധരാവുന്നത് വരെ കൊലപ്പെടുത്തി കൊണ്ടിരിക്കുകയും ചെയ്തു.

ഇസ്രായേൽ പൗരന്മാരെ ബന്ദികളാക്കുന്നതിന് (ഒക്ടോബർ 7 ന് മുമ്പും ശേഷവും ഇസ്രായേൽ തട്ടിക്കൊണ്ടുപോയ ഫലസ്തീൻ സിവിലിയന്മാരെ അപേക്ഷിച്ച് അവരുടെ എണ്ണം വളരെ കുറവാണ്) ഇസ്രായേലും മിക്ക പാശ്ചാത്യ ശക്തികളും തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ഹമാസിനെതിരെയുള്ള പാശ്ചാത്യരുടെ അപലപനം അവരുടെ ലിബറൽ വംശീയ ‘ആഗോള’ മൂല്യങ്ങളുടെ കാപട്യത്തെ ഒരിക്കൽ കൂടി ഉറപ്പിക്കുകയാണ്.

ന്യായമായ ആവശ്യങ്ങൾ

അമേരിക്കക്കാരും ബ്രിട്ടീഷുകാരും യൂറോപ്യന്മാരുമാണ് വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും അനധികൃത കൊളോണിയൽ കുടിയേറ്റക്കാരായ സ്വന്തം പൗരന്മാരോട് ഫലസ്തീനിൽ നിന്ന് അവരുടെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങാൻ ഉത്തരവിടേണ്ടത്.

2017- ലെ കണക്കനുസരിച്ച് ഏകദേശം 65,000 യുഎസ് പൗരന്മാർ വെസ്റ്റ് ബാങ്കിൽ മാത്രം കൊളോണിയൽ കുടിയേറ്റക്കാരായി താമസിക്കുന്നുണ്ട്. ഇസ്രായേലിലും അധിനിവേശ പ്രദേശങ്ങളിലും താമസിക്കുന്ന 200,000 അമേരിക്കൻ കുടിയേറ്റക്കാരിൽ ഏതാണ്ട് മൂന്നിലൊന്ന് ഇവരാണ്. അവരിൽ പലരും സ്വയം ‘ലിബറൽ’, ‘ഇടതുപക്ഷ’ ചിന്താഗതിക്കാരായി കാണുന്നവരും വിദ്യാഭ്യാസ വിചക്ഷണരുമാണ്.

കുറഞ്ഞത് ഒരു ദശലക്ഷം ഇസ്രയേലി ജൂതന്മാരെങ്കിലും യൂറോപ്യൻ, യു.എസ് പൗരത്വമുള്ളവരാണ് എന്ന വസ്തുത, അവരുടെ സുരക്ഷ ഉറപ്പാക്കാനും ഗസ്സയിൽ തദ്ദേശീയരായ പലസ്തീൻകാർക്ക് താമസിക്കാനുമായി അവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ ക്ഷണിക്കാൻ യു.എസിനെയും യൂറോപ്യൻ രാജ്യങ്ങളെയും പ്രേരിപ്പിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾക്കും യു.എൻ പ്രമേയങ്ങൾക്കും അനുസൃതമായി അവരുടെ യഥാർത്ഥ വീടുകളിലേക്കും ഭൂമിയിലേക്കും മടങ്ങാൻ അവരെ സന്നദ്ധരാക്കണം.

ഒരു അറബ് നേതാവും അമേരിക്കക്കാരോടും യൂറോപ്യന്മാരോടും പരസ്യമായോ സ്വകാര്യമായോ അത്തരം ആവശ്യങ്ങൾ ഉന്നയിക്കാൻ ധൈര്യപ്പെടില്ല. എന്നിരുന്നാലും, അന്താരാഷ്ട്ര നിയമസാധുതയുള്ള ഈ ന്യായമായ ആവശ്യങ്ങൾ ഫലസ്തീനികളുടെ നാട്ടിൽ ജൂത മേധാവിത്വവും കുടിയേറ്റ-കൊളോണിയലിസവും നിലനിർത്താനുള്ള ഇസ്രായേലിന്റെ പിടിവാശി അവസാനിപ്പിക്കാൻ സഹായിക്കും.

ഒക്ടോബർ 7 മുതലുള്ള ഇസ്രായേലിന്റെ ക്രൂരതയുടെ ആഴം കിരാതമായ ആദ്യകാല യുദ്ധങ്ങളെ മറികടക്കാൻ പോന്നതാണ്. 1947-1948 ൽ ഫലസ്തീൻ കീഴടക്കാനുള്ള സയണിസ്റ്റ് ആക്രമണത്തിൽ 13,000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതിൽ 11,000-ത്തിലധികം പേർ സാധാരണക്കാരായിരുന്നു. 1982-ൽ ലെബനാനിലെ ഇസ്രായേൽ അധിനിവേശത്തിൽ 18,000-ത്തിലധികം ഫലസ്തീൻ-ലെബനീസ് പൗരന്മാർ കൊല്ലപ്പെട്ടു.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ യുദ്ധത്തിൽ ഇതുവരെ 20,000 ഫലസ്തീൻ സിവിലിയന്മാർ കൊല്ലപ്പെട്ടു (6,150 കുട്ടികളും 4,000 സ്ത്രീകളും ഉൾപ്പെടെ 15,000-ത്തിലധികം പേർ മരിച്ചതായി സ്ഥിരീകരിച്ചു.കൂടാതെ 7000-ത്തിലധികം ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കാണാതായി), മുമ്പത്തെ എല്ലാ കണക്കുകളെയും കടത്തിവെട്ടുന്നതാണിത്.

1948 മുതൽ ഫലസ്തീൻ ജനതയെക്കുറിച്ചും സ്വന്തം രാഷ്ട്രത്തിന്റെ ‘ജനാധിപത്യ’ സ്വഭാവത്തെക്കുറിച്ചും നുണകളുടെ ഒരു പ്രവാഹം തന്നെ പടച്ചുവിടുന്നുണ്ട് ഇസ്രായേൽ. ഇപ്പോഴും നുണകൾ തുറന്ന് കാട്ടപ്പെടുന്നത് പരിഗണിക്കാതെ, ഇസ്‍റായേൽ തങ്ങളുടെ പ്രചാരവേലകൾ നിർബാധം തുടരുകയാണ്. ഫലസ്തീൻ വിരുദ്ധ, അറബ് വിരുദ്ധ, മുസ്ലീം വിരുദ്ധ വംശീയത നിലനിൽക്കുന്നതിനാൽ ഈ പ്രചരണങ്ങൾ ഇസ്രായേലികൾക്കും പാശ്ചാത്യർക്കും എല്ലായിപ്പോഴും വിശ്വസനീയമാണെന്ന് ഉറപ്പാണ്.

എന്നാൽ പാശ്ചാത്യ രാജ്യങ്ങൾക്ക് പുറത്ത് പ്രത്യേകിച്ച് അറബ്-മുസ്ലീം ലോകങ്ങളിൽ ഇസ്രയേലിന്റെ വംശീയ പ്രചരണത്തിന് യാതൊരു വിശ്വാസ്യതയുമില്ല.

 

വിവ: നിയാസ് പാലക്കൽ

Related Articles