Current Date

Search
Close this search box.
Search
Close this search box.

പുതുവർഷ ചിന്തകൾ

ജനങ്ങൾ തങ്ങളുടെ കാലഗണന നിശ്ചയിക്കാൻ വേണ്ടി പല രീതികൾ അവലംബിക്കാറുണ്ട്. ഈ ലോകത്ത് മനുഷ്യവാസം ആരംഭിച്ചത് മുതൽക്ക് തന്നെ കാലഗണനയും ആരംഭിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്.

തങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾക്ക് ക്രൈസ്തവർ ആഗോളാടിസ്ഥാനത്തിൽ ക്രിസ്ത്യൻ ഇറ അഥവാ ഇഗ്ലീഷ് മാസമാണ് അവലംബിക്കുന്നത്. കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ ആചാരങ്ങൾ കൊല്ലവർഷവുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. ജൂതസമൂഹങ്ങൾ ഹിബ്രു കലണ്ടർ അഥവാ ജ്യൂയിഷ് കലണ്ടർ ആണ് അവലംബിക്കുന്നത്. ഇസ്രായേലിൻറെ ഔദ്യോഗിക കലണ്ടറും ഇത് തന്നെയാണ്. സൗരചാന്ദ്ര (lunisolar) ഗണനങ്ങൾ ഒന്നിച്ചുള്ളതാണ് ഈ കലണ്ടർ.

ഗ്രിഗോറിയന്‍ കലണ്ടറിന്റെ ആവിര്‍ഭാവം ക്രിസ്തുമതത്തിനും മുമ്പേ ഉണ്ട്. സൗരരാശികളെ ആസ്പദമാക്കിയുള്ള ആദ്യത്തെ ശാസ്ത്രീയ കലണ്ടര്‍ നിര്‍മിച്ചത് ബാബിലോണീയരാണ്. ബി.സി. എട്ടാം നൂറ്റാണ്ടിൽ റോമാക്കാർ നിർമ്മിച്ച ആദ്യ കലണ്ടറിൽ പത്ത് മാസമേ ഉണ്ടായിരുന്നുള്ളൂ. ബി.സി. 46ൽ ജൂലിയസ് സീസർ ഇത് പരിഷ്കരിക്കുന്നുണ്ട്. തുടർന്ന് അധികാരത്തിൽ വന്ന അഗസ്റ്റസ് സീസറും ചില മാറ്റങ്ങൾ കലണ്ടറിൽ വരുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ കാലം മുതലാണ് ജൂലൈ , ആഗസ്റ്റ് മാസങ്ങളിൽ 31 ദിവസവും ഫെബ്രുവരിയിൽ 28 ദിവസങ്ങളും ഉണ്ടാവുന്നത്. അങ്ങനെ ചരിത്രത്തിൽ നിരവധി മാറ്റങ്ങൾക്ക് ശേഷം 1582 ഇൽ നിലവിൽ വന്ന ഗ്രിഗോറിയൻ കലണ്ടറാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.

ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ തങ്ങളുടെ ആചാരാനുഷ്ടാനങ്ങളുടെ ദിവസവും മാസവും വർഷവും നിശ്ചയിക്കുന്നത് മുഹറം മുതൽ ദുൽഹിജ്ജ വരെയുള്ള ചന്ദ്രമാസങ്ങളെ അസിസ്‌ഥാനപ്പെടുത്തിയാണ്.

പ്രവാചകൻ മുഹമ്മദ് നബിയുടെ ആഗമനത്തിനു മുമ്പ് അറബികൾ തങ്ങളുടെ കാലഗണനക്ക് വേണ്ടി ആനക്കലഹ സംഭവത്തെയായിരുന്നു ആധാരമാക്കിയിരുന്നത്. ഈ സംഭവം നടന്നത് ക്രിസ്സ്താബ്ദം 570 ലായിരുന്നു. വിശുദ്ധ ഖുർആൻ ഈ സംഭവത്തെ പരാമർശിക്കുന്നുണ്ട്. “നീ കണ്ടിട്ടില്ലയോ,നിന്റെ നാഥന്‍ ആനപ്പടയെ എന്തു ചെയ്തുവെന്ന്? അവരുടെ ഗൂഢതന്ത്രം അവന്‍ പാഴാക്കിയില്ലയോ? അവര്‍ക്കു നേരെ പറവപ്പറ്റങ്ങളെ അയച്ചു. അവ ചുട്ട മണ്‍കട്ടകള്‍ അവരുടെ മേല്‍ എറിഞ്ഞുകൊണ്ടിരുന്നു. അങ്ങനെ അവരെ കാലികള്‍ ചവച്ച വൈക്കോല്‍പോലെയാക്കി” (അൽ ഫീൽ 1-5).

യമനിലെ രാജാവായിരുന്ന അബ്‌റഹത്ത് നിരവധി ആനകളോടു കൂടി മക്കയിലെ കഅബ പൊളിക്കാന്‍ വരികയും അല്ലാഹു അവരെ അബാബീല്‍ പക്ഷികളെ ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്ത സംഭവമാണ് ആനക്കലഹം. ഇത് കഴിഞ്ഞ് അമ്പത് ദിവസങ്ങള്‍ക്കു ശേഷമാണ് നബി ജനിക്കുന്നത്. ഈ സംഭവം അറബികളെ അഗാധമായി സ്വാധീനിച്ചതിനാലാവാം അവർ പിന്നീട് തങ്ങളുടെ കാലഗണനക്ക് വേണ്ടി ഇതിനെ ഉപയോഗിച്ചത്. പ്രവാചകന് മുമ്പും ശേഷം ഹിജ്റ കലണ്ടർ നിലവിൽ വരുന്നത് വരെയും “ആനക്കലഹത്തിനു മുമ്പും ശേഷവും” എന്നായിരുന്നു അറബികൾ വർഷം കണക്കാക്കിയിരുന്നത്. അതോടൊപ്പം തന്നെ അറേബ്യന്‍ ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ നടന്ന രക്തരൂക്ഷിതമായ ഫിജാര്‍ യുദ്ധത്തെ ആസ്പദമാക്കിയും അനൗദ്യോഗിക കാലഗണനകള്‍ അറബികള്‍ക്കിടയില്‍ നിലനിന്നിരുന്നു.

അറഫയില്‍വെച്ചു നടന്ന മുഹമ്മദ് നബിയുടെ വിശ്വപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു: “ആകാശ ഭൂമികളുടെ സൃഷ്ടിപ്പ്ദിനം മുതല്‍ കാലം പന്ത്രണ്ട് മാസങ്ങളായി ചാക്രികമായി ചലിച്ചുകൊണ്ടേയിരിക്കുന്നു. അതില്‍ നാലു മാസങ്ങള്‍ വിശുദ്ധമാണ്. ദുല്‍ഖഅദ്, ദുല്‍ഹിജ്ജ, മുഹറം എന്ന മാസങ്ങളും റബജുമാണവ”. വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുത്തൗബയിലെ മുപ്പത്തിആറാം സൂക്തത്തിലും ഇതേ കാര്യം പ്രതിപാദിക്കുന്നുണ്ട്. “യാഥാര്‍ഥ്യമിതത്രെ: അല്ലാഹു ആകാശഭൂമികള്‍ സൃഷ്ടിച്ച നാള്‍ തൊട്ടേ അവന്റെ രേഖയില്‍ മാസങ്ങളുടെ സംഖ്യ പന്ത്രണ്ടാകുന്നു.” (തൗബ 36). ഇടക്ക് അറബികൾ മാസങ്ങളുടെ എണ്ണത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. അതിനെ ഖുർആൻ നിശിതമായി വിമർശിച്ചതായും നമുക്ക് കാണാൻ സാധിക്കും. ” അല്ലാഹു സൂര്യനും ചന്ദ്രനും ഭൂമിയും സൃഷ്ടിച്ച നാള്‍തൊട്ട് ഒരു കാലഗണന തുടര്‍ന്നുവരുന്നുണ്ട്. മാസത്തിലൊരിക്കല്‍ ചന്ദ്രക്കല ഉദയംചെയ്യുന്നുണ്ട്. ഇങ്ങനെ പന്ത്രണ്ടു പ്രാവശ്യം ചന്ദ്രക്കല പ്രത്യക്ഷപ്പെടുന്നതിനെ ആസ്പദമാക്കി കൊല്ലത്തില്‍ പന്ത്രണ്ടു മാസങ്ങളുണ്ടാകുന്നു. അറബികളുടെ നസീഅ് സമ്പ്രദായത്തിന്റെ പശ്ചാത്തലത്തിലാണീ പരാമര്‍ശം. ആ സമ്പ്രദായംവഴി കൊല്ലത്തില്‍ മാസങ്ങളുടെ എണ്ണം പതിമൂന്നായും പതിനാലായും മാറ്റപ്പെട്ടിരിക്കുന്നു. അവര്‍ ഹലാലാക്കിവെച്ച യുദ്ധനിഷിദ്ധ മാസത്തെ അതേ വര്‍ഷത്തെ കലണ്ടറില്‍ത്തന്നെ ഉള്‍ക്കൊള്ളിക്കാനാണ് അങ്ങനെ ചെയ്തിരുന്നത്.” (സയ്യിദ്ത മൗദൂദി, ഫ്ഹീമുൽ ഖുർആൻ വാള്യം രണ്ട്).

ഹിജ്റ കലണ്ടർ
പ്രവാചകൻ മുഹമ്മദ് നബിയും അനുചരന്മാരും പ്രബോധനാർത്ഥം മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ഹിജ്‌റ കലണ്ടർ ആരംഭിക്കുന്നത്. ഇത് നടക്കുന്നത് ക്രിസ്‌തുവർഷം 622ലാണ്. മുഹമ്മദ് നബിയുടെ ജനനവുമായോ മരണവുമായോ പ്രവാചകത്വ ലബ്ധിയുമായോ ബന്ധപ്പെടുത്തിയുള്ള ഒരു കലണ്ടർ അല്ല മുസ്ലിംകൾ അനുധാവനം ചെയ്യുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. വ്യക്തി പൂജക്കൊ വ്യക്തികൾക്ക് വേണ്ടിയുള്ള ആരാധനക്കോ ഇസ്ലാം ഒരു തരത്തിലുള്ള പ്രോത്സാഹനവും നൽകുന്നില്ല എന്ന് മാത്രമല്ല വലിയ പാതകമായിട്ടാണ് ഇസ്‌ലാം അതിനെ കണക്കാക്കുന്നത്. വർത്തമാനകാലത്ത് സമുദായത്തിനകത്ത് ഖബർ ആരാധനയും ജാറം കച്ചവടവും വീണ്ടും വർധിച്ചു വരുകയാണ്. ഇതിനെ പ്രൊമോട്ട് ചെയ്ത് കൊണ്ട് ചില പണ്ഡിതവേഷധാരികൾ ഓഫ് ലൈനിലും ഓൺലൈനിലും സജീവവുമാണ് ഇന്ന്. ചില മഖ്ബറകളുമായി ബന്ധപ്പെട്ട് കോടികളുടെ വരുമാനമാണ് ലഭിക്കുന്നത്. ചിലയിടത്തൊക്കെ ഇത് നിയന്ത്രിക്കുന്നത് ഗുണ്ടകളും മാഫിയകളുമാണെന്നതും ദീനിസ്നേഹികളെ വളരെയേറെ പ്രയാസപ്പെടുത്തുന്ന കാര്യമാണ്.

രണ്ടാം ഖലീഫയായിരുന്ന ഉമറി(റ) ന്റെ കാലത്ത് ക്രി. വര്‍ഷം 638ലാണ് ഹിജ്‌റയെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള കലണ്ടറിന് തുടക്കം കുറിക്കുന്നത്. അദ്ദേഹം തന്റെ സഹപ്രവർത്തകരുമായും പ്രമുഖ സ്വഹാബികളുമായും ധാരാളം കൂടിയാലോചന നടത്തിയതിനു ശേഷമാണ് ഹിജ്‌റ കലണ്ടറിനു തുടക്കം കുറിക്കുന്നത്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വരുമാനം വര്‍ധിക്കുകയും, അത് വിതരണം ചെയ്ത് തിട്ടപ്പെടുത്താന്‍ പ്രത്യേക ദിവസങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ഉമര്‍ (റ) തന്റെ ഉപദേശകരോട് ഇക്കാര്യം ആരായുന്നത്. പലരും പല അഭിപ്രായങ്ങളും നിർദേശങ്ങളും മുന്നോട്ട് വെച്ചിരുന്നു. അതിൽ നിന്നുമാണ് ഹിജ്റയെ ആധാരമാക്കി കലണ്ടർ ആരംഭിക്കാമെന്നുള്ള തീരുമാനം ഉമർ എടുക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഒരു ചരിത്ര സംഭവമായാണ് ഹിജ്‌റ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്.

മക്കയിലെ അവിശ്വാസികള്‍ നബി(സ)യെ വധിക്കാന്‍ തീരുമാനിച്ചുറച്ച സന്ദര്‍ഭത്തിലാണ് മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്യുന്നത്. ശത്രുക്കൾ ഈ കൃത്യം നടത്താന്‍ നിശ്ചയിച്ച അതേരാത്രി തന്നെ തിരുമേനി മക്കയില്‍നിന്നു മദീനയിലേക്ക് അല്ലാഹുവിന്റെ കൽപന പ്രകാരം പലായനം ചെയ്തു. തന്റെ വിരിപ്പിൽ അലി (റ)യെ കിടത്തി വീടിനു ചുറ്റിലും നിലയുറപ്പിച്ച ആയുധധാരികൾക്കിടയിലൂടെ തന്നെയാണ് അദ്ദേഹം പുറപ്പെട്ടുപോവുന്നത്. അദ്ദേഹവും അബൂബക്കറും യാത്ര പുറപ്പെടുന്നതിനു മുമ്പ് തന്നെ മുസ്‌ലിംകളില്‍ വലിയൊരു വിഭാഗം രണ്ടും നാലും പേരടങ്ങുന്ന ചെറു സംഘങ്ങളായി മദീനയിലേക്ക് പോയിക്കഴിഞ്ഞിരുന്നു. പിന്നീട് മക്കയില്‍ അവശേഷിച്ചത് കേവലം അശക്തരും ദുര്‍ബലരും, ആശ്രയിക്കാന്‍ പറ്റാത്ത കപടവിശ്വാസികളും മാത്രമായിരുന്നു. ഈ പരിതഃസ്ഥിതിയിലാണ് തിരുമേനിയെ വധിക്കാന്‍ ശത്രുക്കള്‍ തീരുമാനിച്ചതായി പ്രവാചകന് വിവരം ലഭിക്കുന്നത്. ശത്രുക്കള്‍ പിന്തുടരുമെന്നുറപ്പായിരുന്നു. അതിനാലവിടുന്ന് വടക്കുഭാഗത്തൂടെ മദീനയിലേക്കുള്ള വഴി ഉപേക്ഷിച്ച് തെക്കോട്ടാണ് യാത്ര പുറപ്പെട്ടത്. അങ്ങനെ തിരുമേനി മൂന്നു ദിവസം സൗര്‍ ഗുഹയില്‍ ഒളിച്ചിരുന്നു. രക്തദാഹികളായ ശത്രുക്കള്‍ തിരുമേനിയെ തേടി നാലുപാടും ചുറ്റിത്തിരിയുകയായിരുന്നു. മക്കയുടെ പ്രാന്തപ്രദേശങ്ങളൊന്നും അവര്‍ പരതിനോക്കാതെ വിട്ടില്ല. അതിനിടെ അവരില്‍ ചിലര്‍ തിരുമേനി ഒളിച്ചിരുന്ന ഗുഹയുടെ കവാടത്തില്‍പോലും എത്തിപ്പെടുകയുണ്ടായി. അവര്‍ ആരെങ്കിലും അല്‍പംകൂടി മുന്നോട്ടുവന്ന് പാളിനോക്കിയാല്‍ തങ്ങള്‍ കണ്ടുപിടിക്കപ്പെടുമല്ലോ എന്ന് അബൂബക്‌റി(റ)നു കലശലായ ഭീതി തോന്നി. എന്നാല്‍, തിരുമേനിയില്‍ ഭാവഭേദമൊന്നും കണ്ടില്ല. അവിടുന്ന് തികച്ചും സമാധാന ചിത്തനായി സ്വിദ്ദീഖുല്‍ അക്ബറിനെ സമാശ്വസിപ്പിച്ചു: ‘വ്യസനിക്കാതിരിക്കുക! അല്ലാഹു നമ്മോടൊപ്പമുണ്ട്.’ ഇതാണ് ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ഹിജ്‌റ എന്ന മഹാ സംഭവത്തിന്റെ ചുരുക്കം.

ഗുണപാഠങ്ങൾ
വിജയകരമായ ഏതൊരു മുന്നേറ്റവും വിശ്വാസ ദാർഢ്യതയും സമർപ്പണ സന്നദ്ധതയും ത്യാഗബോധവുമുള്ള സംഘത്തിനു മാത്രമേ സാധ്യമാവുകയുള്ളൂ. 13 വർഷക്കാലം കൊണ്ട് പ്രവാചകൻ അത്തരമൊരു സംഘത്തെ മക്കയിൽ നിന്നും വളർത്തിയെടുത്തതിന് ശേഷമാണ് ഹിജ്‌റയിലേക്ക് പ്രവേശിക്കുന്നത്. കേവലം പ്രാർത്ഥനകൾ കൊണ്ട് മാത്രം വിജയമോ മുന്നേറ്റങ്ങളോ സാധ്യമല്ല, മനുഷ്യ സാധ്യതയുടെ പരമാവധി ആസൂത്രണവും പ്രവർത്തനവും അതിനനിവാര്യമാണ്. അതോടൊപ്പം വിജയത്തിന് ദൈവിക സഹായം കൂടി ആവശ്യമാണെന്നും ഹിജ്‌റ പറഞ്ഞു വെക്കുന്നുണ്ട്. ഇന്ന് സമുദായത്തിന് നഷ്ടപ്പെട്ടുപോയതും ഈ ആസൂത്രണമികവ് തന്നെയാണ്. നമ്മുടെ സാമൂഹികവളർച്ചയുമായി ബന്ധപ്പെട്ടും പ്രബോധനത്തിന്റെ പുതിയരീതിശാസ്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലുമൊക്കെ ഇതിന്റെ പോരായ്മ സുതരാം വ്യക്തമാണ്. ഇസ്‌ലാം വിരുദ്ധരുടെ നീക്കങ്ങൾ മനസിലാക്കി അതിനെ പ്രതിരോധിക്കാനാവശ്യമായ ആസൂത്രണങ്ങൾ നടത്താൻ പലപ്പോഴും സമുദായ നേതൃത്വത്തിന് സാധിക്കാതെ വരുന്നത് കൊണ്ടാണ് ശത്രുക്കളുടെ പല കുതന്ത്രങ്ങളും തിരിച്ചറിയപ്പെടാതെ പോകുന്നതും അതിൽസമുദായം വീണുപോകുന്നതും.

സാഹചര്യങ്ങൾ എത്ര പ്രതികൂലമായാലും സത്യസന്ധതക്കും ധാർമ്മികതക്കും നിരക്കാത്ത നിലപാടുകളോ പ്രവർത്തനങ്ങളോ സത്യവിശ്വാസികളിൽ നിന്നും ഉണ്ടാവാൻ പാടില്ല. നാടും വീടും സമ്പത്തും സർവ്വവിധ സാധന സാമഗ്രികളും ഉപേക്ഷിച്ചു ഹിജ്റക്ക് ഒരുങ്ങിയപ്പോൾ അതിനൊക്കെ കാരണക്കാരായ ശത്രുക്കൾ പ്രവാചകനെ സൂക്ഷിക്കാനേൽപ്പിച്ചവയൊക്കെ അവർക്ക് മടക്കി കൊടുക്കാൻ അദ്ദേഹം അലിയെ ഏൽപ്പിക്കുന്നത് അതുകൊണ്ടാണല്ലോ. വേണമെങ്കിൽ പ്രവാചകന് അത് തിരിച്ചു കൊടുക്കാതിരിക്കുകയോ നശിപ്പിക്കുകയോ ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്‌താൽ പൊതുനിയമം വെച്ചുകൊണ്ട് ആരും തന്നെ ആ ചെയ്തിയെ വിമർശിക്കുകയും ഇല്ല.

ഓരോ വിശ്വാസിയും സ്വന്തത്തേക്കാളും കൂടുതൽ അല്ലാഹുവിനെയും പ്രവാചകനെയും സ്നേഹിക്കണം. മറ്റെന്തിനേക്കാളുമുപരിയായി നബിയുടെ കല്പനകൾക്ക് പ്രാധാന്യം കൊടുക്കണം. പ്രവാചകന്റെ ഏറ്റവും പ്രിയപ്പെട്ട സ്നേഹിതൻ അബൂബക്കർ ഇതിന്റെ മികച്ച മാതൃകയാണ് ഹിജ്‌റയിലൂടെ പ്രകടമാക്കുന്നത്. യാത്രാ മദ്ധ്യേ തങ്ങൾക്ക് തങ്ങാനുള്ള സൗർ ഗുഹയിൽ ആദ്യം അബൂബക്കർ പ്രവേശിക്കുന്നത് നബിയോടുള്ള അങ്ങേയറ്റത്തെ സ്നേഹപ്രകടനത്തിന്റെ ഭാഗമായാണ്. ഗുഹക്കകത്ത് പ്രവേശിച്ച അദ്ദേഹം അവിടമാകെ വൃത്തിയാക്കിയതിന് ശേഷമാണ് നബിയെ അകത്തേക്ക് ആനയിക്കുന്നത്. ക്ഷീണം കൊണ്ട് ഉറക്കം വന്ന റസൂലിനെ സ്വന്തം മടിയിൽ കിടത്തിയുറക്കുന്നതും ഇതിനിടെ ശ്രദ്ധയിൽ പെട്ട ഗുഹക്കകത്തെ ദ്വാരം സ്വന്തം വിരൽ കൊണ്ട് അടച്ചതും പ്രവാചക സ്നേഹത്തിന്റെ ചോര കിനിയുന്ന മാതൃകയും ഹിജ്‌റയുടെ മികച്ച പാടങ്ങളിൽ പെട്ടതുമാണ്.

ഏതൊരു ധൗത്യ നിർവഹണത്തിനും അതിനു ഏറ്റവും അനുയോജ്യമായ വ്യക്തിയെയാണ് പരിഗണിക്കേണ്ടത്. ജാതിയും മതവും ഏതായാലും വിശ്വസ്ഥതയോടെയും തികവോടെയും ഉത്തരവാദിത്തം പൂർത്തീകരിക്കുമോയെന്നതാണ് പരിഗണനീയം. അതുകൊണ്ടാണ് പ്രവാചകൻ ഹിജ്റയുടെ വേളയിൽ ബഹുദൈവ വിശ്വാസിയായ അബ്ദുല്ലാഹിബിന്‌ ഉറൈഖിദിനെ യാത്രാ ഗൈഡായി കൂടെ കൂട്ടിയത്. കൂട്ടത്തിലുള്ള സ്വഹാബത്തിനെക്കാളും ഈ വിഷയത്തിൽ ഉറൈഖിദിനാണ് അവഗാഹം എന്നത് പ്രവാചകൻ മനസിലാക്കിയത് കൊണ്ടാണ് അദ്ദേഹത്തെ യാത്രയിൽ ഗൈഡായി കൂടെ കൂട്ടിയത്.

റബ്ബിന്റെ സജീവസാന്നിധ്യത്തെ സംബന്ധിച്ച ബോധം ഏതു പ്രതിസന്ധിയിലും മനസമാധാനമേകും എന്നതാണ് ഹിജ്‌റയിലെ മറ്റൊരു പ്രധാന പാഠം. ഊരിപ്പിടിച്ച വാളുമായി തന്നെ തിരഞ്ഞു വന്ന ശത്രുക്കൾ സൗർ ഗുഹാമുഖത്തെത്തിയിട്ടും പ്രവാചകന് യാതൊരു പേടിയോ പരിഭ്രമമോ ഇല്ലാതിരുന്നത് ഈയൊരു ബോധ്യം കൊണ്ടായിരുന്നു. ആശങ്ക പ്രകടിപ്പിച്ച അബൂബക്കറിനെ ദൈവം തങ്ങളുടെ കൂടെയുണ്ടാവുമെന്ന് ആശ്വസിപ്പിക്കാൻ പ്രവാചകന് സാധിച്ചതും അത് കൊണ്ട് തന്നെയാണ്. “നിങ്ങള്‍ പ്രവാചകനെ സഹായിക്കുന്നില്ലെങ്കില്‍ സാരമില്ല, സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കിയ സന്ദര്‍ഭത്തില്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം രണ്ടിലൊരാള്‍ മാത്രമായിരുന്നപ്പോള്‍, അവര്‍ ഇരുവരും ആ ഗുഹയിലായിരുന്നപ്പോള്‍, അദ്ദേഹം തന്റെ സഖാവിനോടു, ‘വ്യസനിക്കാതിരിക്കുക; അല്ലാഹു നമ്മോടൊപ്പമുണ്ട്’ എന്നു പറഞ്ഞപ്പോള്‍”. (തൗബ 40).

വിശ്വാസികൾ സ്വയം സമർപ്പിതരായി മുന്നോട്ടു വന്നാൽ അല്ലാഹുവിന്റെ സഹായം സുനിശ്ചിതമാണെന്നത് ഹിജ്‌റയിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കും. ഇങ്ങനെയുള്ള മൂന്നു പ്രധാന സഹായങ്ങൾ ആണ് ഹിജ്‌റയിൽ മുഹമ്മദ് നബിക്കും അദ്ദേഹത്തിന്റെ സഹചൻ അബൂബക്കറിനും ലഭിക്കുന്നത്. അദ്ദേഹം വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ തന്നെ അഭൗതികമായ രീതിയിൽ അല്ലാഹുവിന്റെ സഹായം വെളിപ്പെടുന്നുണ്ട്. മറ്റൊന്ന് ഉപരിസൂചിത ആയതിൽ സൂചിപ്പിക്കപ്പെട്ടതാണ്. പ്രവാചകനെ വധിക്കാൻ സാധിക്കാത്ത അരിശത്തിൽ അദ്ദേഹത്തെ പിടിക്കുന്നവർക്ക് നൂറു ഒട്ടകമാണ് ഇനാമായി ഖുറൈശിനേതാക്കൾ പ്രഖ്യാപിച്ചത്. ഊരിപ്പിടിച്ച വാളുമായി തലങ്ങും വിലങ്ങും സഞ്ചരിച്ച ശത്രുക്കൾ സൗർ ഗുഹയുടെ സമീപത്തെത്തുന്നുണ്ട്. ഒരുവേള ഗുഹയിലേക്ക് കയറിച്ചെന്നു പരിശോധിക്കാനും ആരൊക്കെയോ പറയുന്നു. എന്നാൽ ഗുഹാമുഖത്ത് ചിലന്തിവല കണ്ട അവർ പിന്നീട് ആ ഉദ്യമത്തിൽ നിന്നും പിൻവാങ്ങുന്നതാണ് ചരിത്രം.

ഊരിപ്പിടിച്ച വാളുമായി അദ്ദേഹത്തെ പിടിക്കാൻ തൊട്ടടുത്തെത്തിയ സുറാഖയുടെ കുതിരയുടെ കുളമ്പ് മരുഭൂമിയിൽ അകാരണമായി പൂണ്ടുപോവുന്നതും അല്ലാഹുവിന്റെ നേരിട്ടുള്ള സഹായത്തിന്റെ മറ്റൊരു ഉദാഹരണമാണ്. ഇതുപോലെയുള്ള നിരവധി പാഠങ്ങളാണ് ഹിജ്‌റയിൽ എമ്പാടുമുള്ളത്.

പുതിയ പ്രതീക്ഷകളിലേക്കും ജീവിതത്തിലേക്കും തങ്ങളെ തന്നെ പറിച്ചു നടുകയായിരുന്നു നബിയും അനുയായികളും ഹിജ്‌റയിലൂടെ. ഓരോ പുതു വർഷവും നമ്മെയും കൊണ്ട് പോവുന്നത് ധാരാളം പുതിയ പ്രതീക്ഷകളിലേക്കും സ്വപ്നങ്ങളിലേക്കുമാണല്ലോ. ജീവിതത്തിന്റെ കൊഴിഞ്ഞു പോയ താളുകളിലെ താളപ്പിഴകളെ ശരിപ്പെടുത്താനും പുതിയ താളുകൾ തുന്നിപ്പിടിപ്പിക്കാനും നമുക്ക് കഴിയണം. പിഴവുകൾ തിരുത്തുമ്പോഴാണ് കൂടുതൽ ശരികളിലൂടെ സഞ്ചരിക്കാൻ സാധിക്കുക.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles