Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യക്ക് വിദേശത്ത് ജനപ്രീതിയുണ്ട്, എന്നാല്‍ മോദിക്ക് ഇല്ല; പുതിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നതെന്ത് ?

ഇന്ത്യ എന്ന രാജ്യം വിദേശത്ത് ജനപ്രിയമാണെങ്കിലും, ‘ശരിയായ കാര്യം ചെയ്യാന്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ആഗോള തലത്തില്‍ വലിയ വിശ്വാസമില്ലെന്നാണ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പുതിയ സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്.

ഫെബ്രുവരി മുതല്‍ മെയ് വരെ ഇന്ത്യയിലുടനീളമുള്ള 30,800-ലധികം മുതിര്‍ന്നവരിലും മറ്റ് 23 രാജ്യങ്ങളിലും നടത്തിയ സര്‍വേയില്‍ ഇന്ത്യയുടെ ആഗോള ശക്തിയെക്കുറിച്ചും മോദിയെക്കുറിച്ചുള്ള ധാരണകളും മോദിയെ മറ്റ് രാജ്യങ്ങളെ ഇന്ത്യക്കാര്‍ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചുമെല്ലാം വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഏജന്‍സിയാണ് അഭിപ്രായങ്ങള്‍ ശേഖരിച്ചത്.

സര്‍വേയില്‍ പങ്കെടുത്ത രാജ്യങ്ങളില്‍ ഇന്ത്യയെക്കുറിച്ചുള്ള പൊതുജനാഭിപ്രായം താരതമ്യേന പോസിറ്റീവാണെന്ന് സര്‍വേ കണ്ടെത്തി. സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം ആളുകളും ഇന്ത്യയെക്കുറിച്ച് അനുകൂലമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഏകദേശം 34% ആളുകള്‍ രാജ്യത്തെ കുറിച്ച് പ്രതികൂലമായ വീക്ഷണം രേഖപ്പെടുത്തിയപ്പോള്‍, 16% പേര്‍ ഒരു അഭിപ്രായം പങ്കുവെച്ചില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയുമായി സുരക്ഷാ-സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്ന ഇസ്രായേലില്‍ നിന്നും പ്രതികരിച്ചവരില്‍ 71% പേര്‍ക്കും ഇന്ത്യയെക്കുറിച്ച് അനുകൂലമായ വീക്ഷണമാണ് രേഖപ്പെടുത്തിയത്.

അതേസമയം, മുന്‍ വര്‍ഷത്തെ ചില യൂറോപ്യന്‍ രാജ്യങ്ങളുടെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ കൂടുതല്‍ നെഗറ്റീവ് ആയിട്ടുണ്ടെന്നും പ്രത്യേകിച്ചും ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, യു.കെ എന്നീ രാജ്യങ്ങളുടെതെന്നും പ്യൂ റിസര്‍ച്ച് സെന്റര്‍ കണ്ടെത്തി.

മോദിയിലുള്ള ആഗോള വിശ്വാസം സമ്മിശ്രമാണ്

ഇന്ത്യയില്‍ എത്തുമ്പോള്‍ ഈ ചിത്രം തികച്ചും വ്യത്യസ്തമാണ്. ഇന്ത്യയില്‍ നിന്നും പ്രതികരിച്ച 80 ശതമാനം ആളുകളും മോദിയെ അനുകൂലിക്കുന്നവരാണ്. 55 ശതമാനം പ്രധാനമന്ത്രിയുടെ വലിയ അനുകൂലികളും 20 ശതമാനം മോദിയില്‍ അതൃപ്തി രേഖപ്പെടുത്തിയവരുമാണ്. സര്‍വേ നടത്തിയ 12 രാജ്യങ്ങളില്‍ നിന്നുള്ള പ്രതികരണം നിരീക്ഷിച്ചാല്‍ 40 ശതമാനവും ആഗോള തലത്തില്‍ മോദിക്ക് ശരിരായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നാണ് പ്രതികരിച്ചത്. 37 ശതമാനം മോദിക്ക് ഇതിന് കഴിവുണ്ടെന്നുമാണ് പ്രതികരിച്ചത്.

ബ്രസീലുകാരും മെക്‌സികോക്കാരുമാണ് പ്രധാനമായും അദ്ദേഹത്തെ വിമര്‍ശിച്ചത്. ഇവിടെ നിന്നുള്ള ഭൂരിപക്ഷം പേരും അദ്ദേഹത്തിന് ലോകകാര്യങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നും അക്കാര്യത്തില്‍ അദ്ദേഹത്തിന് ശുഭാപ്തി വിശ്വാസമില്ലെന്നുമാണ് പ്രതികരിച്ചത്. ഈ ചോദ്യം യൂറോപ്യന്‍ ജനതയോട് ചോദിച്ചില്ല.

അര്‍ജന്റീന, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യു.എസ് എന്നിവിടങ്ങളില്‍ നിന്നും ഇതേ വിഷയത്തില്‍ പ്രതികരിച്ചവര്‍ മോദിയില്‍ വിശ്വാസമില്ലെന്ന് പൊതുവെ പ്രകടിപ്പിച്ചപ്പോള്‍, ജപ്പാനിലും നൈജീരിയയിലും കെനിയയിലും ഉള്ളവരാണ് മോദിയില്‍ കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

രസകരമെന്നു പറയട്ടെ, സര്‍വേയില്‍ പങ്കെടുത്ത എല്ലാ രാജ്യങ്ങളിലും വെച്ച് ഇന്ത്യയെക്കുറിച്ച് ഏറ്റവും കൂടുതല്‍ അനുകൂലമായ അഭിപ്രായം ഇസ്രായേലിന് ഉണ്ടായിരുന്നിട്ടും, ഈ ചോദ്യത്തില്‍ മോദിയില്‍ വിശ്വാസമില്ലാത്ത ആളുകളാണ് അദ്ദേഹത്തില്‍ ആത്മവിശ്വാസമുള്ളവരെക്കാള്‍ കൂടുതല്‍.

ഇന്ത്യയെയും ലോകത്തെയും കുറിച്ചുള്ള ഇന്ത്യക്കാരുടെ വീക്ഷണം

അതേസമയം, തങ്ങളുടെ രാജ്യത്തിന്റെ ആഗോള സ്വാധീനത്തെക്കുറിച്ച് ഇന്ത്യക്കാര്‍ വളരെ ആത്മവിശ്വാസമുള്ളവരാണെന്ന് സര്‍വേ കണ്ടെത്തി. ലോകത്ത് ഇന്ത്യയുടെ സ്വാധീനം സമീപ വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തമായിക്കഴിഞ്ഞുവെന്നാണ് പ്രതികരിച്ച 68% ഇന്ത്യക്കാരും പറഞ്ഞത്. ഏകദേശം 19% പേര്‍ മാത്രമാണ് അത് ദുര്‍ബലമാണെന്ന് അഭിപ്രായപ്പെട്ടത്. കൗതുകകരമെന്നു പറയട്ടെ, ഇന്ത്യയുടെ ഈ സ്വാധീനത്തെക്കുറിച്ച് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളനര്‍ വ്യത്യസ്ത നിലപാടുകളാണ് പുലര്‍ത്തിയത്.

2022ല്‍ 19 രാജ്യങ്ങളില്‍ ഇതേ ചോദ്യം ചോദിച്ചപ്പോള്‍ 28% പേര്‍ മാത്രമാണ് ഇന്ത്യയുടെ സ്വാധീനം ദൃഢമാണ് എന്ന് അഭിപ്രായപ്പെട്ടത്. 13% പേര്‍ അത് ദുര്‍ബലമാകുകയാണെന്നാണ് അഭിപ്രായപ്പെട്ടത്. അടുത്ത കാലത്തായി ഇന്ത്യയില്‍ അമേരിക്ക കൂടുതല്‍ സ്വാധീനം ചെലുത്തിയതായി സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യക്കാരില്‍ പകുതിയോളം പേരും പറഞ്ഞു. പ്രതികരിച്ചവരില്‍ 14% പേര്‍ മാത്രമാണ് അതിന്റെ സ്വാധീനം ദുര്‍ബലമായതായി പ്രതികരിച്ചത്. ഇരു രാജ്യങ്ങളുടെയും പൊതു എതിരാളിയായ ചൈനയുടെ ഉയര്‍ച്ചയ്ക്കിടയില്‍ ഇന്ത്യയുടെയും അമേരിക്കയുടെയും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നത്.

അതേസമയം, സമീപ വര്‍ഷങ്ങളില്‍ റഷ്യ ആഗോളതലത്തില്‍ വലിയ സ്വാധീനം നേടിയതായി 41% ഇന്ത്യക്കാരും അഭിപ്രായപ്പെടുന്നു. എന്നാല്‍ റഷ്യയുടെ സ്വാധീനം ദുര്‍ബലമായെന്നാണ് 21% പേര്‍ പ്രതികരിച്ചത്. റഷ്യയും ഇന്ത്യയും ദശാബ്ദങ്ങളായി ശക്തമായ പ്രതിരോധ ബന്ധങ്ങള്‍ പങ്കിടുന്നുണ്ട്. എന്നാല്‍, റഷ്യ യു.എസുമായി വിയോജിപ്പ് തുടരുകയും ചൈനയുമായി കൂടുതല്‍ അടുക്കുകയും ചെയ്തു.

ലോകകാര്യങ്ങളില്‍ ചൈനയുടെ സ്വാധീനത്തെക്കുറിച്ച് ഇന്ത്യക്കാര്‍ക്ക് സമ്മിശ്ര വീക്ഷണങ്ങളാണുള്ളത്. സമീപ വര്‍ഷങ്ങളില്‍ ആഗോളതലത്തില്‍ ചൈന സ്വാധീനം നേടിയെന്ന് 38% പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍, 31% പേര്‍ അത് ദുര്‍ബലമായതായാണ് പ്രതികരിച്ചത്.

ചൈനയെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ മൊത്തത്തിലുള്ള അഭിപ്രായം നിര്‍ണായകമാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. ഏകദേശം 67% പേര്‍ക്ക് ചൈനയെക്കുറിച്ച് ‘അനുകൂലമായ’ വീക്ഷണമുണ്ടായിരുന്നു. ഇതില്‍ 50% പേര്‍ ഇന്ത്യയുടെ ഏറ്റവും വലിയ അയല്‍രാജ്യത്തെക്കുറിച്ച് ‘വളരെ പ്രതികൂലമായ’ അഭിപ്രായമുള്ളവരായിരുന്നു.

2020 മുതല്‍ ഇന്ത്യയും ചൈനയും തങ്ങളുടെ തര്‍ക്ക അതിര്‍ത്തിയില്‍ അക്രമാസക്തമായ സൈനിക ഏറ്റുമുട്ടലിലൂടെയാണ് മുന്നോട്ടുനീങ്ങുന്നത്.
പാക്കിസ്ഥാന്റെ കാര്യം വരുമ്പോള്‍, ഏകദേശം 73% ഇന്ത്യക്കാരും തങ്ങളുടെ അയല്‍ക്കാരെക്കുറിച്ച് പ്രതികൂലമായ വീക്ഷണമാണ് പുലര്‍ത്തിയത്.
57% പേര്‍ക്കും പാകിസ്ഥാനെ കുറിച്ച് ‘വളരെ പ്രതികൂലമായ’ അഭിപ്രായമാണുള്ളത്. ഏകദേശം 19% പേര്‍ക്ക് മാത്രമാണ് പാകിസ്ഥാനെ കുറിച്ച് ‘വളരെ അല്ലെങ്കില്‍ കുറച്ച് അനുകൂലമായ’ അഭിപ്രായം ഉള്ളതെന്നം സര്‍വേ വ്യക്തമാക്കുന്നു.

Related Articles