Current Date

Search
Close this search box.
Search
Close this search box.

ഡൗണ്‍ടൗണ്‍ ഹീറോസ്; മയക്കുമരുന്നിനെതിരെ പോരാടുന്ന കശ്മീര്‍ ഫുട്‌ബോള്‍ ക്ലബ്

മയക്കുമരുന്നിന് അടിമയായ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായി 2019ല്‍ നടത്തിയ ഒരു കൂടിക്കാഴ്ച ഹിനാന്‍ മന്‍സൂറിന്റൈ മനസ്സിലെ വല്ലാതെ ഉലച്ചു. 29 കാരനായ എം.ബി.എ ബിരുദധാരിയായ ഈ 29കാരന്‍ ശ്രീനഗര്‍ നഗരത്തിലെ ഈ പ്രശ്‌നത്തിന് എന്തെങ്കിലും പരിഹാരം കാണണമെന്ന് തീരുമാനിച്ചു. സാംസ്‌കാരികമായി സമ്പന്നമായ ഷഹര്‍-ഇ-ഖാസ് കശ്മീരി ജീവിതത്തിന്റെ ഊര്‍ജ്ജസ്വലമായ കേന്ദ്രമായിരുന്ന.
എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ഇതിന് വളരെയധികം മാറ്റങ്ങളുണ്ടായി.

‘കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, മേഖലയിലെ രാഷ്ട്രീയ അസ്ഥിരതയും വിവിധ പ്രക്ഷുബ്ധതകളും കാരണം നഗരത്തിന്റെ എല്ലാ പഴയ പ്രതാപവും നഷ്ടപ്പെട്ടു’ മന്‍സൂര്‍ പറഞ്ഞു. ഇവിടെ ജനിച്ചുവളര്‍ന്ന മന്‍സൂറും സുഹൃത്തുക്കളായ മുഷ്താഖ് ബഷീര്‍, ഇര്‍ഫാന്‍ ഷമീരി, കൈസര്‍ ഭട്ട് എന്നിവര്‍ ചേര്‍ന്ന് വലിയ അപകടക്കുഴിയില്‍പ്പെട്ട യുവാക്കള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുന്നതിനായി ഒരു ഫുട്‌ബോള്‍ ക്ലബ് രൂപീകരിക്കാന്‍ തീരുമാനിച്ചു.

‘മയക്കുമരുന്ന് പോലുള്ള സാമൂഹിക വിരുദ്ധ തിന്മകള്‍ കാരണം ഡൗണ്‍ടൗണിന്റെ പ്രതിച്ഛായ പൂര്‍ണ്ണമായും മാറി,’ ഞങ്ങള്‍ മോശം ആളുകളല്ലെന്ന് ലോകത്തെ കാണിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു, അതിനാല്‍ ഈ പ്രദേശത്തെ അടിസ്ഥാനമാക്കിയുള്ള ഞങ്ങളുടെ സ്വന്തം ക്ലബ്ബ് ആരംഭിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.’ മന്‍സൂര്‍ പറഞ്ഞു.

അങ്ങിനെ നഗരത്തിലെ ഇസ്ലാമിയ കോളേജിന്റെ ഗ്രൗണ്ടിലൂടെ ക്ലബ്ബ് കളി ആരംഭിച്ചു. ഇന്ത്യന്‍ ആഭ്യന്തര ഫുട്‌ബോള്‍ രംഗത്തെ ക്ലബ്ബിന്റെ ഉയര്‍ച്ച അതിവേഗമായിരുന്നു. 2022-23 ഐ-ലീഗ് ഡിവിഷന്‍ 2ല്‍ (ഇന്ത്യന്‍ സൂപ്പര്‍ ലീഗിനും ഐ-ലീഗ് ഫസ്റ്റ് ഡിവിഷനും ശേഷം രാജ്യത്തെ പുരുഷ ഫുട്ബോളിന്റെ മൂന്നാം ഡിവിഷന്‍) ഡൗണ്‍ടൗണ്‍ ഹീറോസ് രണ്ടാം സ്ഥാനം നേടി. നിലവില്‍, ജമ്മുകശ്മീര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രൊഫഷണല്‍ ലീഗില്‍ ഡൗണ്‍ടൗണ്‍ ഹീറോസ് ആണ് ഒന്നാം സ്ഥാനത്ത്. ഈ ആഴ്ച ക്ലബ്ബ് മറ്റൊരു ചരിത്രവും സൃഷ്ടിക്കുന്നുണ്ട്. ഓഗസ്റ്റ് 13-ന്, ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറാന്‍ഡ് കപ്പില്‍ ഡൗണ്‍ടൗണ്‍ ഹീറോസ് ആദ്യമായി മത്സരിക്കും. ഷില്ലോങ് ലജോങ് എഫ്സിക്കെതിരെ അസമിലെ ഖൊറാജാറില്‍ ആണ് അരങ്ങേറ്റ മത്സരം നടക്കുന്നത്.

യുവാക്കള്‍ക്കു വേണ്ടി

ഈ മേഖല രാഷ്ട്രീയ പ്രക്ഷുബ്ധതയിലേക്ക് വഴുതിവീഴുന്നതിനുമുമ്പ് കശ്മീരില്‍ ഫുട്‌ബോളിന് വലിയ ആരാധകരുണ്ടായിരുന്നു. ഇവിടെ ഏതെങ്കിലും പ്രാദേശിക ഫുട്‌ബോള്‍ മത്സരം നടക്കുകയാണെങ്കില്‍ കടകള്‍ അടച്ചിടും. അതിനാല്‍ തന്നെ എല്ലാവര്‍ക്കും കളി കാണാനാകും. പിന്നീട് ഈ കോലാഹലം ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിന്റെ പകര്‍ച്ചവ്യാധിക്ക് കാരണമായി.’ മന്‍സൂര്‍ പറഞ്ഞു. തൊഴിലവസരങ്ങള്‍ ഇല്ലാതായതും, സാമ്പത്തിക അടച്ചുപൂട്ടലുകളും, മേഖലയിലെ പതിവ് ദുരന്തങ്ങളും കശ്മീരിലെ യുവാക്കള്‍ക്കിടയില്‍ മാനസിക ആഘാതം വര്‍ദ്ധിപ്പിച്ചുവെന്നും ക്ലബ് അധികൃതര്‍ പറയുന്നു.

ജമ്മു കശ്മീരിലെ 10 ലക്ഷത്തോളം ആളുകള്‍ ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിന് ഇരകളാണെന്ന് സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം, കശ്മീരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസില്‍ 44,000 പേര്‍ ലഹരിക്കടിപ്പെട്ട് ചികിത്സ തേടി. 2021-ല്‍ ഇത് 24,000 ആയി ഉയര്‍ന്നു. 2015-ല്‍ 500 പേര്‍ മാത്രമാണ് ഈ ചികിത്സ തേടാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയിരുന്നത്.

യുവ കശ്മീരികളെ ഈ അവസ്ഥയില്‍ നിന്ന് കരകയറ്റാന്‍ സ്‌പോര്‍ട്‌സ് സഹായിക്കുമെന്നാണ് ഡൗണ്‍ടൗണ്‍ ഹീറോസ് വിശ്വസിക്കുന്നത്.
കായിക പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനത്തിലൂടെയും ഗെയിമുകളിലൂടെയും അനുകൂലമായ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിലൂടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മാനസിക-സാമൂഹിക ക്ഷേമത്തിനുമുള്ള വഴികള്‍ തുറക്കാനാകുമെന്നും ഇതുവഴി മയക്കുമരുന്ന് ആസക്തി സമീപഭാവിയില്‍ കുറക്കാനാകുമെന്നുമാണ് ക്ലബ് വിശ്വസിക്കുന്നത്.

”ഔട്ട്ഡോര്‍ സ്പോര്‍ട്സ് ഒരാളുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിനുള്ള ഏറ്റവും ഫലപ്രദമായ രീതിയായാണ് കണക്കാക്കപ്പെടുന്നത്.
ഔട്ട്ഡോര്‍ സ്പോര്‍ട്സിനെ പ്രോത്സാഹിപ്പിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്, കശ്മീരി യുവാക്കളെ അഭിവൃദ്ധി പ്രാപിക്കാനും സമ്മര്‍ദ്ദരഹിതവും ആരോഗ്യകരമായ ജീവിതവും നയിക്കാനുള്ള ഇന്നത്തെ ഒരേയൊരു പ്രതിവിധിയുമാണിത്’ ക്ലബ് തങ്ങളുടെ വെബ്‌സൈറ്റില്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ സമൂഹം ഈ ആളുകളെ ഹീറോകളായി കാണണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചതിനാലാണ് ടീമിന് ഡൗണ്‍ടൗണ്‍ ഹീറോസ് എന്ന് പേരിട്ടതെന്ന് ക്ലബ്ബിന്റെ സിഇഒ കൂടിയായ മന്‍സൂര്‍ പറഞ്ഞു. ഈ പ്രയാസങ്ങള്‍ക്കെല്ലാം അപ്പുറത്ത് മെച്ചപ്പെട്ട ഒരു ജീവിതമുണ്ടെന്ന് അവരെ കാണിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ക്ലബിന് നിലവില്‍ വിവിധ പ്രായപരിധിയില്‍ 100-ഓളം കളിക്കാര്‍ ഉണ്ട്. പ്രൊഫഷണല്‍ ടീമില്‍ 32 പേരും അണ്ടര്‍-15, അണ്ടര്‍-17 അക്കാദമി ടീമുകളിലായി 70 പേരുമാണുള്ളത്. ഇതില്‍ പല കളിക്കാരും ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിന് അടിമകളായിരുന്ന കൗമാരപ്രായക്കാരാണ്, അവര്‍ ജീവിതത്തില്‍ രണ്ടാം ഇന്നിങ്‌സിനായാണ് ക്ലബ്ബിനെ സമീപിച്ചത്.

‘ഞങ്ങളുടെ അക്കാദമി ടീമുകളില്‍ നിരവധി കളിക്കാര്‍ ഉണ്ട്, ലഹരിവസ്തുക്കളുടെ ദുരുപയോഗത്തില്‍ നിന്ന് കരകയറാന്‍ അവര്‍ സ്വന്തമായോ അല്ലെങ്കില്‍ അവരുടെ കുടുംബത്തില്‍ നിന്നുള്ള ആരെങ്കിലുമോ ഞങ്ങളെ സമീപിക്കാറാണുള്ളത്. അവരെ പുനരധിവസിപ്പിക്കുന്നതിനും സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും മാത്രമല്ല, അവരുടെ വിദ്യാഭ്യാസമായും സാമ്പത്തികമായും അവരെ സഹായിക്കാനും ശ്രമിക്കുന്നു. ലഹരിക്കടിപ്പെട്ട കഴിവുള്ള യുവാക്കളെ നിരീക്ഷിക്കുകയും ഫുട്‌ബോള്‍ ഏറ്റെടുക്കാന്‍ അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ഒരു സമര്‍പ്പിത സ്‌കൗട്ടിംഗ് ടീം ഡൗണ്‍ടൗണ്‍ ഹീറോസിനുണ്ട്. ഈ യുവാക്കളെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്നതിന് ഹീറോസിന്റെ പ്രൊഫഷണല്‍ കളിക്കാരും സമയം കണ്ടെത്തുന്നു.’ ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.

ജീവിതത്തില്‍ ഒന്നുമില്ലാത്ത ഈ കുട്ടികള്‍ക്ക് രണ്ടാമതൊരു അവസരം നല്‍കി ടീം മാനേജ്മെന്റ് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും സമൂഹത്തിന് തിരികെ നല്‍കാനുള്ള ഞങ്ങളുടെ മാര്‍ഗമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നതെന്നും ഇവര്‍ക്ക് പരിശീലനം നല്‍കുന്നവരും പറയുന്നു.

നിലവില്‍ ശ്രീനഗറിലെ ടിആര്‍സി ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്ന ഡൗണ്‍ടൗണ്‍ ഹീറോസ് ഉടന്‍ തന്നെ ഒരു വനിതാ ടീം ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇപ്പോള്‍, ഞങ്ങളുടെ ശ്രദ്ധ ഞായറാഴ്ച ഡുറാന്‍ഡ് കപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന പുരുഷ ടീമിലാണ്. ഷില്ലോംഗ് ലജോംഗിനെതിരായ മത്സരത്തിന് ശേഷം, അവര്‍ ഓഗസ്റ്റ് 16 ന് എഫ്സി ഗോവയെയും തുടര്‍ന്ന് ഓഗസ്റ്റ് 20 ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയും കളിക്കുന്നുണ്ട്.

Related Articles