Current Date

Search
Close this search box.
Search
Close this search box.

‘മൊറോക്കന്‍ ഉമ്മമാരെ ആഘോഷിക്കുന്നത് ഫെമിനിസമാണ്’

ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് മൊറോക്കോ സെമിഫൈനലിലെത്തിയപ്പോള്‍, മൈതാനത്ത് നിന്നും പൊട്ടിപ്പുറപ്പെട്ട സന്തോഷവും ആഹ്ലാദവും സ്റ്റേഡിയവും കടന്ന് ആത്യന്തികമായി അറബ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അതിനും വളരെ അപ്പുറത്തും എത്തിയിരുന്നു. ഇതിനിടെ നടന്ന ഒരു പ്രത്യേക സംഭവം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

മൊറോക്കന്‍ ടീമിലെ പ്രധാന കളിക്കാരനായ സോഫിയാന്‍ ബൗഫല്‍ മൈതാനമധ്യത്തില്‍ തന്റെ ഉമ്മയോടൊപ്പം നൃത്തം ചെയ്തിരുന്നു. ഈ സ്വതസിദ്ധമായ സന്തോഷ പ്രകടനത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആയിരക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഷെയര്‍ ചെയ്തിരുന്നു. പലരും അമ്മമാരുമായുള്ള സ്വന്തം ബന്ധത്തിന്റെ പ്രതിനിധാനമാണ് അതില്‍ കണ്ടത്.

എന്നിരുന്നാലും, ചിലര്‍ അതിനെ വ്യത്യസ്തമായാണ് വ്യാഖ്യാനിച്ചത്. ‘നമ്മള്‍ അമ്മമാരെ മഹത്വവല്‍ക്കരിക്കുന്നത് നിര്‍ത്തണം’ എന്നാണ് ഒരു ഡച്ച് കോളമിസ്റ്റ് വാദിച്ചത്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, ‘മാതൃ-ആരാധന’ എന്ന സംഭവം മൊറോക്കോയിലെ സ്ത്രീകളുടെ അവസ്ഥയുടെ ‘അശുഭാപ്തി ചിത്രം’ മറച്ചുവക്കുകയാണ് ചെയ്യുന്നത്. മൊറോക്കോയിലെ സ്ത്രീകള്‍ക്കിടയിലെ കുറഞ്ഞ തൊഴില്‍ നിരക്ക് ഉദ്ധരിച്ചുകൊണ്ട്, ‘മൊറോക്കന്‍ സ്ത്രീ എല്ലാത്തിലുമുപരി വീട്ടമ്മയാണ്, മറ്റൊന്നുമല്ല’ എന്നാണവര്‍ പറയുന്നത്. മുഖ്യധാരാ ഫെമിനിസം പലപ്പോഴും അത് പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന ആളുകളെ എങ്ങനെയാണ് നിശബ്ദരാക്കുന്നത് എന്നാണ് ആ ലേഖനം അടിവരയിടുന്നത്.

ഇത്രയും കാലം, മൊറോക്കന്‍ സ്ത്രീകള്‍ക്ക് വേണ്ടി മറ്റുള്ളവര്‍ സംസാരിക്കുന്നു. ഒരു മൊറോക്കന്‍ സ്ത്രീ, ഒരു മകള്‍, ഒരു ഫെമിനിസ്റ്റ് എന്ന നിലയില്‍, ഞങ്ങള്‍ അഥവാ എന്റെ രാജ്യത്തെ സ്ത്രീകളും അമ്മമാരും – നമ്മുടെ സത്യാവസ്ഥ സംസാരിക്കുകയും അത് വീണ്ടെടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

നമ്മുടെ പ്രാദേശിക ഫെമിനിസത്തെ അടിസ്ഥാനമാക്കി മൊറോക്കോയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി എങ്ങനെ പോരാടണമെന്ന് തീരുമാനിക്കേണ്ടത് ഞങ്ങളല്ലാതെ മറ്റാരുമല്ല. മൊറോക്കന്‍ സ്ത്രീകളുടെയും അമ്മമാരുടെയും സങ്കീര്‍ണ്ണമായ സ്വത്വം നമ്മള്‍ മാത്രം നിര്‍വചിക്കേണ്ടതാണ്.

മൊറോക്കന്‍ അമ്മമാരെ അനിവാര്യമാക്കുന്നത്

വളര്‍ന്നുവന്നപ്പോള്‍ ഞങ്ങളുടെ കുടുംബത്തെ സ്വന്തം കാലില്‍ നില്‍ക്കാന്‍ അനുവദിച്ച നട്ടെല്ലായിരുന്നു ഞങ്ങളുടെ ഉമ്മ. അവള്‍ ഒരു ഡോക്ടറായി ജോലി ചെയ്യുകയും മികവ് പുലര്‍ത്തുകയും ചെയ്യുക മാത്രമല്ല, അവളുടെ വീട്ടുകാരെ ഒരുമിച്ച് നിര്‍ത്തുന്ന പശ കൂടിയായിരുന്നു. എല്ലാവരുടെയും ആവശ്യങ്ങള്‍ അവള്‍ക്കു മുന്നില്‍ വെക്കുന്നത് ഞാന്‍ കണ്ടു. ജോലി, കുട്ടികള്‍, വീട്ടുജോലികള്‍ തുടങ്ങി ഒരേസമയം ഒന്നിലധികം തൊപ്പികള്‍ അണിയുന്നുണ്ട് അവര്‍. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ഓടുന്ന, കൊടുക്കുന്ന, എല്ലാറ്റിനുമുപരിയായി ത്യാഗം ചെയ്യുന്ന പല മൊറോക്കന്‍ ഉമ്മമാര്‍ക്കും അവളുടെ ഇത്തരം കഥകള്‍ സര്‍വ സാധാരണമാണ്. ഇത്തരം വീട്ടുജോലിക്ക് ഉപ്പമാര്‍ അവര്‍ക്ക് പണം നല്‍കാറില്ല.

വീടിന് പുറത്ത് ജോലി ചെയ്യാത്ത മൊറോക്കന്‍ ഉമ്മമാര്‍ക്ക് പോലും മുഴുവന്‍ സമയ ജോലിയുണ്ട്: അവര്‍ പലചരക്ക് ഷോപ്പിംഗിന് പോകുന്നു, എല്ലാ നേരവും ഭക്ഷണവും ശ്രദ്ധയോടെ തയ്യാറാക്കുന്നു, വീട് വൃത്തിയായി സൂക്ഷിക്കുന്നു, കരയുന്ന കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നു, പിഞ്ചുകുഞ്ഞിനൊപ്പം കളിക്കുന്നു.

വാസ്തവത്തില്‍, ‘മൊറോക്കന്‍ ഉമ്മ’ എന്നൊന്നില്ല. മൊറോക്കന്‍ സ്ത്രീകളും ഉമ്മമാരും – ലോകമെമ്പാടുമുള്ള സ്ത്രീകളെയും ഉമ്മമാരെയും പോലെ – സമൂഹത്തില്‍ വ്യാപാരികള്‍, ഡോക്ടര്‍മാര്‍, വീട്ടിലിരുന്ന് പരിചരിക്കുന്നവര്‍ തുടങ്ങി ബിസിനസ്സ് ഉടമകളും കര്‍ഷകരും വരെയായി നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ്. അവരെ ഒരു ഐഡന്റിറ്റിയിലേക്ക് ചുരുക്കുന്നത് അവരുടെ അതുല്യവും ബഹുമുഖവുമായ വ്യക്തിത്വങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

ഫെമിനിസത്തിന്റെ ബൈനറി ലെന്‍സ് പൊളിച്ചെഴുതുന്നു

വീട്ടുജോലിക്ക് സാമ്പത്തികമായി പ്രതിഫലം ലഭിക്കാത്തതിനാല്‍ അത് അധ്വാനമായി കണക്കാക്കില്ല എന്നാണ് ഫെമിനിസത്തിന്റെ ചില ശാഖകളുടെ വാദം. വീട്ടില്‍ താമസിക്കുന്ന ഉമ്മമാരുടെ വീടിനുള്ളിലെ ജോലി മൂല്യത്തകര്‍ച്ചയും അവശ്യമല്ലാത്തതുമായി അവര്‍ കാണുന്നു. പകല്‍ മുഴുവനും ഒരു ഇടവേളയുമില്ലാതെ അവര്‍ കഷ്ട്‌പ്പെട്ടിട്ട് ജോലി ചെയ്തിട്ട് കാര്യമില്ല. അവര്‍ ചെയ്യുന്നത് നിസ്സാരമായാണ് കണക്കാക്കുന്നത്.

വീട്ടുജോലികളുടെ വിഭജനത്തിലെ ലിംഗ അസമത്വവും വീട്ടുജോലിയെ തൊഴിലായി അംഗീകരിക്കാത്തതിനെക്കുറിച്ചും സിവില്‍ സമൂഹത്തില്‍ പ്രധാന സംവാദമായി ഉയര്‍ന്നു വരേണ്ടതാണ്.

എന്നാല്‍ ചില ഫെമിനിസ്റ്റുകള്‍ കറുപ്പും വെളുപ്പും ലെന്‍സിലൂടെ സ്ത്രീകളെ കാണുകയും അവര്‍ ചെയ്യുന്നതിനെ അടിസ്ഥാനമാക്കി അവരെ ‘മൂല്യമുള്ളവര്‍’ അല്ലെങ്കില്‍ ‘അടിച്ചമര്‍ത്തപ്പെട്ടവര്‍’ എന്ന് തരംതിരിക്കുകയും ചെയ്യുന്നതിലൂടെ, അവര്‍ പോരാടുന്നതായി അവകാശപ്പെടുന്ന അതേ പുരുഷാധിപത്യ സംവിധാനങ്ങള്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്.

പ്രാദേശിക മൊറോക്കന്‍ ഫെമിനിസം

സമത്വത്തിലെത്തണമെങ്കില്‍ മാതൃത്വത്തില്‍ മൂല്യച്യുതി വരുത്തണമെന്ന് വിശ്വസിക്കുന്നവരുണ്ടെങ്കില്‍, മൊറോക്കന്‍ ഫെമിനിസ്റ്റുകള്‍ എന്ന നിലയില്‍ നമുക്ക് സ്വയം നിയമങ്ങള്‍ വ്യത്യസ്തമായി ക്രമീകരിക്കാം. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുമ്പോള്‍ തന്നെ നമ്മുടെ ഉയര്‍ച്ചയെ വ്യത്യസ്തമാക്കിയ ചില സാംസ്‌കാരിക സവിശേഷതകള്‍ സംരക്ഷിക്കാന്‍ കഴിയും.

നമ്മുടെ തനതായ, പ്രാദേശിക അനുഭവങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നമ്മുടെ സ്വന്തം ഫെമിനിസത്തെ നിര്‍വചിക്കുകയും അതിനെ രൂപപ്പെടുത്തുകയും ചെയ്യുന്ന ഓരോ മൊറോക്കന്‍ സ്ത്രീക്കനുസരിച്ചും അതിനെ അനുയോജ്യമാക്കേണ്ടത് നമ്മള്‍ തന്നെയാണ്.

മൊറോക്കന്‍ ഉമ്മമാരോടുള്ള ആദരവ്

മൊറോക്കന്‍ ഉമ്മമാര്‍ ആഘോഷിക്കപ്പെടാന്‍ അര്‍ഹര്‍ തന്നെയാണ്. ഇനി അവര്‍ വീട്ടിലിരിക്കുന്ന ഉമ്മമാരായാലും അല്ലെങ്കില്‍ വീടിന് പുറത്ത് ജോലി ചെയ്യുന്നവരായാലും, വീട്ടുജോലിയുടെ വിഭജനം നീതിപൂര്‍വമായാലും ഇല്ലെങ്കിലും, അവര്‍ ‘പെണ്‍കുട്ടികളുടെ മേലധികാരികള്‍’ അല്ലെങ്കില്‍ ‘വെറും അമ്മമാര്‍’ എന്ന് മറ്റുള്ളവര്‍ കരുതിയാലും ശരി.

തികഞ്ഞ അമ്മമാരാകണമെങ്കില്‍ ത്യാഗം സഹിക്കേണ്ടിവരുമെന്ന് പഠിപ്പിക്കുന്ന ഒരു സംവിധാനത്തിലൂടെയാണ് അവര്‍ സഞ്ചരിക്കുന്നത്.
അസമമായ കുടുംബ നിയമങ്ങളുടെ പിന്‍ബലമുള്ള, അന്യായമായ ഒരു സാമൂഹിക ക്രമത്തെ അതിജീവിച്ചതിന് അവര്‍ കൈയ്യടി അര്‍ഹിക്കുന്നുണ്ട്. അങ്ങനെ ചെയ്യുന്നത് ‘ഉമ്മമാരുടെ മഹത്വവല്‍ക്കരണം’ അല്ലെങ്കില്‍ ‘അമിതമായ മാതൃ ആരാധന’ അല്ല. അവര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കുമുള്ള അംഗീകാരവും ആദരവുമാണ്.

ബൗഫല്‍ തന്റെ അമ്മയുടെ ത്യാഗത്തെക്കുറിച്ച് പറയുന്നുണ്ട്. അവന്റെ മികച്ച ഭാവി കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നതിനായി അവര്‍ രാവിലെ 6 മണിക്ക് ജോലിക്ക് പോകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

മൊറോക്കോയുടെ എക്കാലത്തെയും വലിയ കായിക മുഹൂര്‍ത്തം തന്റെ ഉമ്മയോടൊപ്പം കളിക്കളത്തില്‍ നൃത്തം ചെയ്തുകൊണ്ട് പങ്കുവെക്കാനുള്ള ഫുട്‌ബോള്‍ കളിക്കാരന്റെ തീരുമാനം, എന്റെ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അവരുടെ അമ്മമാരുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ച് എന്ത് തോന്നുന്നു എന്നതിന്റെ സന്തോഷകരമായ പ്രതിനിധാനമായിരുന്നു. അതായത് സ്‌നേഹത്തിന്റെ ശുദ്ധമായ രൂപമായിരുന്നു അത്.

 

അവലംബം: അല്‍ജസീറ

Related Articles