Current Date

Search
Close this search box.
Search
Close this search box.

നിരാശയും പരാജയവും എന്തെന്നറിയാത്ത രാഷ്ട്രീയക്കാരൻ

അൻവർ ഇബ്‌റാഹീം എന്ന മലേഷ്യൻ രാഷ്ട്രീയക്കാരന്റെ കഥ ആവേശദായകമാണ്. സുഖ ദുഃഖസമ്മിശ്രമാണ്. ആ കഥയിൽ മികവിലേക്ക് ഉയർന്നു പോകൽ മാത്രമല്ല, ഒതുക്കപ്പെടലും ഉണ്ട്. 1973-ൽ അന്നത്തെ പ്രധാനമന്ത്രി അബ്ദുർറസാഖ് ആണ് അൻവറിന്റെ കഴിവുകൾ ആദ്യമായി തിരിച്ചറിയുന്നതും അദ്ദേഹത്തെ യുവപ്രതിനിധിയായി ഐക്യരാഷ്ട്ര സഭയിലേക്ക് അയക്കുന്നതും. പിന്നെ അൻവർ ഒരു മുസ്‌ലിം യുവജന പ്രസ്ഥാനത്തിന് രൂപം നൽകുന്നു. പാവപ്പെട്ടവർക്കു വേണ്ടി ശബ്ദമുയർത്തുന്നു. അപ്പോഴാണ് അദ്ദേഹം മഹാതീർ മുഹമ്മദിന്റെ ശ്രദ്ധയിൽ പെടുന്നതും 1972-ൽ അദ്ദേഹത്തെ ‘അംനോ’ പാർട്ടിയിൽ ചേർക്കുന്നതും. പിന്നെ മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ അൻവർ കൈകാര്യം ചെയ്യുന്നു. ഒടുവിൽ ഉപ പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും വരെ ആയിത്തീരുന്നു.

1997-ൽ ‘ഏഷ്യൻ പുലികൾ’ എന്നറിയപ്പെടുന്ന രാഷ്ട്രങ്ങളിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ ഇത് എങ്ങനെ കൈകാര്യം ചെയ്യാം, അഴിമതി എങ്ങനെ തടയാം തുടങ്ങിയ വിഷയങ്ങളിൽ, നേതൃത്വം കൈയേൽക്കാനിരിക്കുന്ന ‘വിദ്യാർഥി’ അൻവർ ഇബ്‌റാഹീമും രാഷ്ട്രീയത്തിൽനിന്ന് വിരമിക്കാനിരിക്കുന്ന ‘ഗുരു’ മഹാതീർ മുഹമ്മദും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നു. ആ ഭിന്നത അഴിമതി – ലൈംഗിക ആരോപണങ്ങളിൽ വരെ ചെന്നെത്തി. ഏകദേശം കാൽ നൂറ്റാണ്ട് കാലം രാഷ്ട്രീയ ജീവിതം വിലക്കപ്പെട്ടു. ഈ വരൾച്ചാ കാലത്ത് പലതവണ തടങ്കലിൽ കഴിഞ്ഞു. കോടതികളിൽ അദ്ദേഹത്തിനു വേണ്ടി വാദിക്കാൻ ഭാര്യ ഡോ. വാൻ അസീസ നേരിട്ടിറങ്ങി. ഭർത്താവിനെ ജനമനസ്സുകളിൽ മായാതെ, മങ്ങാതെ നിലനിർത്തിയത് അവർ നടത്തിയ രാഷ്ട്രീയ നീക്കങ്ങളായിരുന്നു. ഈ പരീക്ഷണ ഘട്ടങ്ങളൊക്കെയും കഴിഞ്ഞാണ് ഇപ്പോൾ പ്രധാനമന്ത്രി സ്ഥാനത്ത് അൻവർ എത്തിയിരിക്കുന്നത്.

അൻവറിന്റെ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് നമുക്ക് ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട്. അവ ഇങ്ങനെ സംഗ്രഹിക്കാം:

1. നിശ്ചയ ദാർഢ്യവും ഉറച്ചുനിൽപ്പുമാണ് ഏറ്റവും സുപ്രധാനമായ വിജയനിദാനം. അതു വഴിയാണ് ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാനാവുക. ആ നിശ്ചയദാർഢ്യമില്ലായിരുന്നുവെങ്കിൽ കടന്നുപോയ ഒരു ചരിത്ര സംഭവം മാത്രമായി അത് ഒടുങ്ങിയേനെ.

2. സവിശേഷ നൈപുണികൾ ആവശ്യമായ ഒരു കലയാണ് രാഷ്ട്രീയം. ഇന്നലത്തെ ശത്രുക്കൾ ഇന്നത്തെ സഖ്യകക്ഷികൾ ആയേക്കാം. നേരെ മറിച്ചും സംഭവിക്കാം. പലതരം കുഴമറിച്ചിലുകൾ ഉണ്ടായിക്കൊണ്ടിരിക്കും. അപ്പോഴെല്ലാം ജനമനസ്സിനെ തൃപ്തിപ്പെടുത്തുന്ന കരിസ്മ നിലനിർത്താൻ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം.

3. സ്വന്തം കുടുംബം വിജയനിദാനങ്ങളിൽ ഏറെ സുപ്രധാനമാണ്. അദ്ദേഹത്തിന്റെ ഭാര്യ ഡോ. അസീസ മലേഷ്യക്കാരുടെ ഓർമച്ചെപ്പിൽ അദ്ദേഹത്തെ നിതാന്തമായി നിലനിർത്താൻ ഒരു രാഷ്ട്രീയ പാർട്ടി തന്നെ കെട്ടിപ്പടുക്കുകയും അതിനെ നയിക്കുകയും ചെയ്യുന്നു. നിരന്തരം വന്നുകൊണ്ടിരുന്ന ആരോപണങ്ങളിൽ നിന്ന് അദ്ദേഹത്തെ കുറ്റമുക്തനാക്കാനും അവർ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.

4. രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ എതിരാളികളെക്കുറിച്ച് അതീവ ജാഗ്രത വേണം. തന്റെ പ്രതിയോഗികളെ ഗോദയിൽ നിന്ന് പുറന്തള്ളാൻ അവർ എന്തടവും പുറത്തെടുക്കുമെന്നും ബെൽറ്റിന് താഴെയുള്ള അടി ഏതു നിമിഷവും ഉണ്ടാവാമെന്നും നല്ല കരുതൽ വേണം.

5. മലേഷ്യയിൽ ജനാധിപത്യത്തിന്റെ വേരുകൾ ആഴത്തിൽ പടർന്നിരിക്കുന്നു എന്നതിന് തെളിവ് കൂടിയാണ് അൻവറിന്റെ തിരിച്ചു വരവ്. അവിടത്തെ ഭരണകൂടത്തെക്കുറിച്ച് എന്തൊക്കെ പറഞ്ഞാലും, ഒടുവിൽ ജനാധിപത്യ മാർഗത്തിലൂടെ തിരിച്ചെത്താനുള്ള സാധ്യത നിലനിൽക്കുന്നു. അറബ് ലോകത്ത് അത്തരമൊരു സാധ്യതയില്ല.

6. ഒരു പാർട്ടിക്കും എല്ലാ കാലത്തും അധികാരം കുത്തകയാക്കി വെക്കാനാവില്ല. മലയ് വംശജരെ ഒപ്പം നിർത്തി ആറ് പതിറ്റാണ്ട് അധികാരം കുത്തകയാക്കിവെച്ച ‘അംനോ’ പാർട്ടി, ഇത്രയധികം കാലം അധികാരത്തിലിരുന്നതിനാൽ അഴിമതിയിൽ മുങ്ങിക്കുളിച്ചു. അതിനാൽ, പാർട്ടി ഏതാകട്ടെ സ്വയം നവീകരിക്കാൻ തയാറാകാതിരുന്നാൽ ജനം അനുയോജ്യമായ ബദലുകൾ കണ്ടെത്തും.

7. പ്രശസ്തനായ ഒരു ഫുട്‌ബോൾ കളിക്കാരൻ സ്വയം വിരമിക്കാൻ പറ്റിയ ഒരു സമയം തെരഞ്ഞെടുക്കുന്നതു പോലെ രാഷ്ട്രീയക്കാരനും അതിന് തയാറാകണം. ഓരോ കാലത്തിനും അതിന്റേതായ രാഷ്ട്രീയ നേതൃത്വമുണ്ട്. നിങ്ങൾക്ക് സമർപ്പിക്കാനുള്ള രാഷ്ട്രീയ ചിന്തകളും പദ്ധതികളുമെല്ലാം സമർപ്പിച്ചു കഴിഞ്ഞ് ഇനിയൊന്നും ചെയ്യാനില്ലാത്ത ഘട്ടത്തിലും അവിടെത്തന്നെ അള്ളിപ്പിടിച്ചിരിക്കുകയാണെങ്കിൽ ജനം കഴുത്തിന് പിടിച്ച് പുറത്തേക്കെറിയും. അത് നിങ്ങൾക്കും നിങ്ങളുടെ ഇതു വരെയുള്ള ചരിത്രത്തിനും അപമാനകരമായിരിക്കും.

8. രാഷ്ട്രീയത്തിൽ സൈന്യത്തെ ഇടപെടീക്കാതിരിക്കുക എന്നത് ജനാധിപത്യ പ്രക്രിയ അതിന്റെ ജൈവികതയും ചടുലതയും നിലനിർത്താൻ വളരെ പ്രധാനമാണ്.

ഇങ്ങനെ അൻവർ ഇബ്‌റാഹീമിന്റെ രാഷ്ട്രീയ ജീവിതം പരിശോധിച്ചാൽ ഒരു പാട് പൊതു പാഠങ്ങൾ പഠിച്ചെടുക്കാനാകും. ഇത് നന്നായി പഠിക്കേണ്ടത് അറബ്-മുസ്‌ലിം രാജ്യങ്ങളാണ്. മാറ്റങ്ങൾ കൊണ്ടുവരാൻ അത്തരമൊരു പഠനവും അതിന്റെ പ്രയോഗവൽക്കരണവും അനിവാര്യമാണ്. വ്യക്തിത്വങ്ങളാകട്ടെ, പാർട്ടികളാവട്ടെ അവയൊന്നും എല്ലാ കാലത്തും നിലനിൽക്കാൻ പോകുന്നില്ല. അതിനാൽ, രാഷ്ട്രത്തെ പരിവർത്തനത്തിന്റെയും വികസനത്തിന്റെയും പാതയിലൂടെ നടത്തിക്കാൻ ജനാധിപത്യത്തിന്റെ ആന്തരാത്മാവിനെ ആവാഹിച്ചേ മതിയാകൂ.

ഇവിടെ ഒരു ചരിത്ര സന്ദർഭം ഓർമിക്കുന്നത് നന്നായിരിക്കും. കഴിഞ്ഞ നൂറ്റാണ്ടിന്റെ അറുപതുകളിൽ മലേഷ്യൻ നേതാവ് മഹാതീർ മുഹമ്മദ് സിറിയൻ തലസ്ഥാനമായ ദമസ്‌കസ് സന്ദർശിച്ചിരുന്നു. പിന്നാക്കം നിൽക്കുന്ന മലേഷ്യ സിറിയയെപ്പോലെ വികസിക്കും എന്ന് അദ്ദേഹം അന്ന് പ്രത്യാശ പ്രകടിപ്പിക്കുകയുണ്ടായി. ഇന്നെന്താ സ്ഥിതി? സിറിയയെ മുൻകടന്ന് മലേഷ്യ ബഹുദൂരം മുന്നോട്ടു പോയി. മലേഷ്യ വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് കടന്നു കയറിയപ്പോൾ സിറിയയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രക്തദാഹിയായ ഒരു ഭരണാധികാരി തകർത്തു തരിപ്പണമാക്കി.

അൻവർ ഇബ്‌റാഹീം തന്റെ ലക്ഷ്യത്തിലെത്തിയ ഈ സന്ദർഭത്തിൽ മലേഷ്യക്കാരുടെ മനസ്സിൽ നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. അദ്ദേഹത്തിന്റെ തിരിച്ചു വരവ്, മലേഷ്യയെ വീർപ്പുമുട്ടിക്കുന്ന പണപ്പെരുപ്പം കുറയ്ക്കാൻ കാരണമാകുമോ? തന്നെ പിന്തുണച്ച മലേഷ്യക്കാരെ- അവരിൽ മലയക്കാരും ഇന്ത്യൻ – ചൈനീസ് വംശജരുമൊക്കെയുണ്ട്- ഒരേ ദേശ ചിന്തയിലേക്ക് പരിവർത്തിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമോ? ഈയടുത്ത കാലത്തായി രാഷ്ട്ര ശരീരത്തെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്ന അഴിമതിയുടെ നീരാളിപ്പിടിത്തത്തിൽനിന്ന് രക്ഷപ്പെടുത്തി അതിനെ വികസന പാതയിൽ തിരിച്ചെത്തിക്കാൻ അദ്ദേഹത്തിന് കഴിയുമോ? മന്ത്രിസഭയുടെ രൂപവത്കരണ വേളയിലും തന്റെ ടീമിനെ തെരഞ്ഞെടുക്കുമ്പോഴും ഈ ചോദ്യങ്ങൾ അദ്ദേഹത്തിന്റെ മനസ്സിലുണ്ടാവും. അൻവർ ഇബ്‌റാഹീമിന് എഴുപത്തിയഞ്ച് വയസ്സായി. തന്റെ യുവത്വ കാലത്ത് മുന്നോട്ടു വെച്ച പദ്ധതികൾ നടപ്പാക്കാൻ അദ്ദേഹത്തിന് മുന്നിൽ ഇനിയധികം സമയമില്ല. മറ്റു കക്ഷികളും മുന്നണികളും അദ്ദേഹത്തിൽനിന്ന് വന്നേക്കാവുന്ന പിഴവുകൾ കാത്തിരിക്കുകയാണ്.

ആധുനിക മലേഷ്യയുടെ പിതാവ് എന്നറിയപ്പെടുന്ന മഹാതീർ മുഹമ്മദിനെപ്പോലെ വികസന പാതയിൽ ഒരു തിരുത്തിയെഴുത്ത് നടത്താൻ അൻവർ ഇബ്‌റാഹീമിന് കഴിയുമോ? അതോ, മലേഷ്യൻ ചരിത്രത്തിലെ കേവലം ഒരു പ്രധാനമന്ത്രിയായി അദ്ദേഹം ഒതുങ്ങുമോ? രാഷ്ട്രീയം കേവലം വാക്കുകളും ചിഹ്നങ്ങളുമല്ല. പദ്ധതി നടത്തിപ്പുകളുടെ വിജയഗാഥയാണ്. കർമപഥത്തിലെ സമൃദ്ധമായ കണക്കുകളാണ്. വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്നവർ ധാരാളമുണ്ടാകും, നടത്തിക്കാണിക്കുന്നവർ വളരെ വിരളമായേ ഉണ്ടാകൂ.

വിവ. അശ്റഫ് കീഴുപറമ്പ്

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles