Current Date

Search
Close this search box.
Search
Close this search box.

ആത്മഹത്യ; പ്രതിരോധം, രാഷ്ട്രീയം, നൈതികത

ആത്മഹത്യക്ക് നൈതികമായൊരു കർമമാവുക സാധ്യമാണോ? ഇത്തരമൊരു ചോദ്യം ആഗോളമായി തന്നെ ഉന്നയിക്കപ്പെട്ട അവസാനത്തെ സംഭവമായിരുന്നു യു.എസ് ഫോർസിലെ ഉദ്യോഗസ്ഥനായിരുന്ന ആരോൺ ബുഷ്നെലിൻ്റെ ആത്മഹത്യ. സാമൂഹിക നീതിയെ മുൻനിർത്തുമ്പോൾ വംശഹത്യാ വ്യവസ്ഥകൾക്കു നേരെയുള്ള പ്രതിരോധവും പ്രഹരവുമായി ആത്മഹത്യ എന്ന കർമം മാറുന്നൊരനുഭവത്തെ ഇവിടെ കാണാൻ കഴിയുന്നുണ്ട്.

വ്യത്യസ്തമായൊരു സന്ദർഭമായിരുന്നെങ്കിൽ പോലും അറബ് വസന്തത്തിൻ്റെ പെട്ടെന്നുള്ള കാരണമായി മനസ്സിലാക്കപ്പെടാറുള്ള തുനീഷ്യയിലെ മുഹമ്മദ് ബൂ അസീസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അല്ലാമ യൂസുഫുൽ ഖറദാവിയുടെ വാചകങ്ങൾ ഇവിടെ പ്രസ്താവ്യമാണെന്ന് തോന്നുന്നു: “ഈ ഏകാധിപതികൾ ബൂ അസീസിയെ പോലുള്ള ചെറുപ്പക്കാരെ മാനസികമായ പ്രതിസന്ധികളിൽ അകപ്പെടുത്തുകയാണ്. സ്വയം കത്തിയെരിയാൻ തീരുമാനിക്കുമ്പോൾ അദ്ദേഹം സ്വതന്ത്രനായിരുന്നില്ല എന്നാണ് ഞാൻ വിചിരിക്കുന്നത്. ബിരുദം നേടിയിരുന്നെങ്കിലും അദ്ദേഹത്തിന് ജോലി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിൻ്റെ ഉള്ളം എരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഉപജീവനം ആവശ്യമായിരിക്കെ അദ്ദേഹത്തിനത് കണ്ടെത്താൻ കഴിഞ്ഞില്ല. നമ്മുടെ നേതാവ് അബുദർറ് പറഞ്ഞത് പോലെ “തങ്ങളുടെ വീട്ടിലേക്ക് ഉപജീവനം കണ്ടെത്താൻ കഴിയാത്തവർ വാളേന്തുന്നവർക്കെതിരിൽ ഉയർന്ന് വരാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു”. അദ്ദേഹം സ്വയം നിയന്ത്രണത്തിലായിരുന്നില്ല. ഞാൻ ഇന്നലെ ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു. അദ്ദേഹത്തിന് വേണ്ടി നാം അല്ലാഹുവോട് പ്രാർത്ഥിക്കുന്നു, അദ്ദേഹത്തിന് പൊറുത്തുനൽകാനും കരുണ കാണിക്കാനും താഴ്മയോടെ തേടുന്നു. അദ്ദേഹം വിട്ടുവീഴ്ച നൽകപ്പെടാൻ അർഹനാണ്. തുനീഷ്യൻ ജനതയോടും പൊതുവെ മുസ്‌ലിംകളോടും ഈ യുവാവിന് വിട്ടുവീഴ്ച നൽകാനായി അല്ലാഹുവോട് അപേക്ഷിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. കാരണം അവൻ ഈ നന്മയുടെ കാരണക്കാരനായിരുന്നു, ഈ ഉമ്മത്തിനെ ഉണർത്തുന്നതിലും ഈ വിപ്ലവത്തിന് തിരികൊളുത്തിയതിലും അദ്ദേഹം കാരണക്കാരനായിരിക്കുന്നു. അതിനാൽ, ഉന്നതനായ അല്ലാഹുവോട് മാപ്പേകാൻ നാം പ്രാർത്ഥിക്കുന്നു”.

അടിച്ചമർത്തപ്പെടുന്നവരോടുള്ള ഐക്യദാർഢ്യമായും അക്രമികളായ ഭരണാധികാരികളോടുള്ള നിരാശ പൂണ്ടതും തീവ്രവുമായ പ്രതിരോധമായും നിർവചനങ്ങൾക്കപ്പുറത്ത് നിൽക്കുന്നതുമായ ഒന്നായി ആരോൺ ബുഷ്നെലിൻ്റെ ആത്മഹത്യയെ നമുക്ക് കാണാമെന്ന് തോന്നുന്നു. അപ്പോൾ ആത്മഹത്യ നിഷിദ്ധമായൊരു ദൈവശാസ്ത്രത്തിനകത്ത് നിന്ന് അദ്ദേഹത്തിൻ്റെ അത്തരമൊരു കർമത്തെ എങ്ങനെയാണ് വിശദീകരിക്കാൻ കഴിയുക? അദ്ദേഹത്തിൻ്റെ അവസാന വാക്കുകൾ നോക്കൂ: “ഞാൻ ആരോൺ ബുഷ്നെൽ, അമേരിക്കൻ എയർ ഫോഴ്സിൻ്റെ ആക്റ്റീവ് ഡ്യൂട്ടി മെമ്പറാണ്. എനിക്കിനിയും ഈ വംശഹത്യയിൽ പങ്കാളിയാവാൻ സാധ്യമല്ല. ഞാൻ തീവ്രമായൊരു പ്രതിഷേധത്തിൽ ഏർപ്പെടുകയാണ്. പക്ഷേ ഫലസ്തീൻ ജനത അധിനിവേശകരിൽ നിന്നും അനുഭവിക്കുന്നത് വെച്ച് നോക്കുമ്പോൾ ഇതത്ര തീവ്രമല്ല. ഭരണവർഗ്ഗമാണല്ലോ ഇവിടെ എന്താണ് നോർമൽ എന്ന് തീരുമാനിക്കുന്നത്”. ശരീരത്തിലേക്ക് തീ കത്തിപ്പടരുമ്പോൾ ‘ഫ്രീ ഫലസ്തീൻ’ ‘ഫ്രീ ഫലസ്തീൻ’ എന്ന് ഉച്ചത്തിൽ വിളിച്ച് പറയുന്നതായും നമുക്ക് കേൾക്കാം.

വംശഹത്യ നടത്തിക്കൊണ്ടേയിരിക്കുന്ന ഒരു രാജ്യത്തിരുന്ന് അതിൻ്റെ ഭാഗമായുള്ള ഭരണക്രമത്തിൻ്റെ സൈന്യത്തിൻ്റെ ഭാഗമായി ജീവിക്കേണ്ടി വന്ന ഒരു മനുഷ്യന് ജീവിതമാണോ മരണമാണോ കൂടുതൽ നല്ല തെരഞ്ഞെടുപ്പ് എന്ന മനസ്സാക്ഷിയുടെ ചോദ്യത്തിൻ്റെ ഉത്തരമായിരിക്കുമോ കത്തിപ്പടർന്ന സ്വന്തം ശരീരത്തെ കാണിച്ച് ആരോൺ ബുഷ്നെൽ നൽകിയിരിക്കുക? വിശ്വാസി അല്ലാതിരിക്കുക എന്ന നൈതികമായ വൈഷമ്യത്തിലേറെ (Dilemma) അമ്പതിനപ്പുറം വരുന്ന മുസ്‌ലിം രാജ്യങ്ങളുടെ ജഡത്വമാണ് വലിയ ചോദ്യമായും അപമാന ഭാരമായും മുസ്‌ലിം സമൂഹത്തിൻ്റെ മുമ്പിൽ അവശേഷിക്കുന്നത്. അതോടൊപ്പം നീതിയുടെ ചോദ്യങ്ങളെ സമ്പൂർണമായി അഭിമുഖീകരിക്കുന്ന അല്ലാഹുവിൻ്റെ സവിധത്തിൽ ആത്മഹത്യയാണോ അതല്ല, അമർഷമായി പോലും അനീതിയോട് പ്രതികരിക്കാതിരുന്നതാണോ കൂടുതൽ അനൈതികമായിരിക്കുക എന്ന ചോദ്യവും ബാക്കിയാവുന്നുണ്ട്.

അക്രമങ്ങളോടും അനീതിയോടും പ്രതിരോധിക്കാനും എതിരിടാനും ഹലാലായ മാർഗങ്ങളേറെയുണ്ടെന്നും കത്തിയെരിയേണ്ടത് അധർമികളാണ് എന്നും തൻ്റെ വാചകങ്ങളെ വിശദീകരിക്കുന്ന അല്ലാമ യൂസുഫുൽ ഖറദാവി സൂചിപ്പിക്കുന്ന മറ്റൊരു കാര്യമുണ്ട്. ഒരു കാര്യം സംഭവിക്കുന്നതിന് മുമ്പും അത് സംഭവിച്ചതിന് ശേഷവുമുള്ള വിധിയിൽ വ്യത്യാസമുണ്ട് എന്നതാണത്. സംഭവിക്കുന്നതിന് മുമ്പ് അത് തടയാനായി കഠിനമായി പരിശ്രമിക്കുകയാണ് വേണ്ടതെങ്കിൽ സംഭവിച്ചതിന് ശേഷം സംഭവിച്ച് പോയതിൽ പരമാവധി ലഘൂകരണം തേടുക എന്നതാണത്. അതാണ് താൻ പറഞ്ഞതെന്നും പറഞ്ഞ് കൊണ്ടേയിരിക്കുന്നതെന്നും ശേഷം അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

Related Articles