Current Date

Search
Close this search box.
Search
Close this search box.

വനിതാ ദിനാചരണവും മുസ്‌ലിം സ്‌ത്രീയും

സ്‌ത്രീകളുടെ സാമൂഹിക ജീവിതം മെച്ചപ്പെടുത്താൻ വേണ്ടി നടത്തിയ ചരിത്രപരമായ യാത്രകളുടെ ഓർമ്മ പുതുക്കലായിട്ടാണ് ഓരോ വനിതാദിനവും ആഘോഷിക്കപ്പെടുന്നത്. വിപുലമായ പരിപാടികളോടെ ഗംഭീരമായി ആഘോഷിക്കുക എന്നതാണ് ഈ ദിനാചരത്തിന്റെ ഉദ്ദേശമെന്നാണ് ചിലരെങ്കിലും ധരിച്ചുവശായിട്ടുള്ളത്. സമൂഹം ഏറെ പുരോഗമിച്ചു എന്ന് കരുതുന്ന ഈ കാലഘട്ടത്തിലും വനിതകൾ എല്ലാ മേഖലയിലും ആവശ്യമായ പുരോഗതിയും വളർച്ചയും കൈവരിച്ചിട്ടില്ല എന്നതും നമുക്ക് കാണാതിരുന്നു കൂടാ. സ്‌ത്രീകളുടെ ഉന്നമനത്തിനും സമഗ്രമേഖലയിലുള്ള വികസനത്തിനും അവരുടെ അവകാശങ്ങൾ നേടിക്കൊടുക്കുന്നതിനും എന്നും മുന്നിൽ നിന്ന പ്രത്യയശാസ്ത്രമാണ് ഇസ്‌ലാം. എങ്കിലും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്നും ധാരാളം പഴി കേട്ടുകൊണ്ടിരിക്കുന്നതും ഇസ്‌ലാം തന്നെയാണ്. നവലിബറലിസ്റ്റുകളും, ഫാഷിസ്റ്റുകളും, നിരീശ്വരവാദികളും, ചില കൃസ്ത്യൻ വിഭാഗവുമൊക്കെ ഈ വിഷയത്തിൽ ഒരേ സ്വരത്തിലാണ് പ്രതികരിച്ചു കൊണ്ടിരിക്കുന്നത്.

സ്‌ത്രീകളെ ഏറ്റവും ആദരിക്കുകയും പരിഗണിക്കുകയും അവരുടെ അവകാശങ്ങൾ നേടിക്കൊടുക്കുന്നതിൽ ഏറ്റവും കൂടുതൽ പരിശ്രമിക്കുകയും ചെയ്‌തത്‌ ഇസ്‌ലാമാണ്. വിശുദ്ധ ഖുർആനും പ്രവാചക ജീവിതവും തന്നെയാണ് അതിന്റെ ഏറ്റവും വലിയ തെളിവ്. നിരവധി മഹിളാ രത്നങ്ങളെ ഖുർആനിൽ പ്രത്യക്ഷമായും പരോക്ഷമായും പരാമർശിക്കുന്നതായി കാണാം. മുസ്‌ലിംകളും കൃസ്ത്യാനികളും ഒരു പോലെ ആദരിക്കുന്ന മറിയം ബീവിയുടെ പേരിൽ ഒരു അധ്യായം തന്നെ കാണാൻ സാധിക്കും. ഇതിനു പുറമെ ഇസ്‌ലാമിലെ എല്ലാ കർമ്മശാസ്ത്ര സരണികളും, ഇജ്തിഹാദുമെല്ലാം സ്‌ത്രീകളുടെ അവകാശങ്ങളും, അധികാരങ്ങളും നിർണയിച്ചു കൊടുക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചു കൊണ്ടിരിക്കുന്നത്.

” അല്ലയോ മനുഷ്യരേ, നിങ്ങളുടെ റബ്ബിനെ ഭയപ്പെടുവിന്‍. ഒരൊറ്റ ആത്മാവില്‍ നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവ രണ്ടില്‍ നിന്നുമായി പെരുത്തു സ്ത്രീപുരുഷന്മാരെ ലോകത്തു പരത്തുകയും ചെയ്തവനത്രെ അവന്‍ ” (അന്നിസാഅ്-1) പുരുഷനും സ്ത്രീയും സൃഷിടിക്കപ്പെട്ടിരിക്കുന്നത് ഒരൊറ്റ മൂലത്തിൽ നിന്നുമാണ്. അത് കൊണ്ട് തന്നെ അവർക്കിടയിലെ ജൈവികമായ വിത്യാസമല്ലാതെ മറ്റൊരു കാര്യത്തിലും വേർതിരിവോ വിവേചനമോ ഇസ്‌ലാം പഠിപ്പിക്കുന്നില്ല. അവരുടെ കർമ്മങ്ങൾക്കുള്ള പ്രതിഫലത്തിലും ഒരു വ്യത്യാസവും ഉണ്ടാവുകയില്ല. ആദമിന്റെ സൃഷ്ടിപ്പ് അർത്ഥവത്താവുന്നതും ഹവ്വയുടെ വരവോടെയാണല്ലോ. ” ആദിമ പിതാവായ ആ ഒന്നാമത്തെ മനുഷ്യന്‍ ആദമാണെന്നും അദ്ദേഹത്തില്‍നിന്നാണ് ഭൂലോകത്ത് മനുഷ്യപരമ്പര വ്യാപിച്ചതെന്നും വിശുദ്ധ ഖുര്‍ആന്‍തന്നെ അന്യത്ര വ്യക്തമാക്കിയിട്ടുണ്ട്. ‘അതേ ആത്മാവില്‍ നിന്നുതന്നെ അതിന്റെ ഇണയേയും സൃഷ്ടിച്ചു’- ഈ സൃഷ്ടിയുടെ വിശദരൂപം നമുക്കറിയാന്‍ കഴിഞ്ഞിട്ടില്ല. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവെ വിവരിച്ചിട്ടുള്ളതും ബൈബിളില്‍ പറഞ്ഞിട്ടുള്ളതും ആദമിന്റെ വാരിയെല്ലുകൊണ്ടാണ് ഹവ്വായെ പടച്ചതെന്നാകുന്നു. തല്‍മൂദില്‍ വന്നിട്ടുള്ള കൂടുതല്‍ വിശദീകരണത്തില്‍ വലതു ഭാഗത്തെ പതിമൂന്നാം വാരിയെല്ലുകൊണ്ടാണ് സൃഷ്ടിക്കപ്പെട്ടതെന്നും പറഞ്ഞിരിക്കുന്നു”. (സയ്യിദ് മൗദൂദി, തഫ്ഹീമുൽ ഖുർആൻ – വാല്യം 1) സ്‌ത്രീ ഉണ്ടെങ്കിൽ മാത്രമേ പുരുഷനും ഈ ലോകവും ഉണ്ടാവുകയുള്ളൂ എന്നാണു ഇത് പറഞ്ഞു വെക്കുന്നത്. എന്നാൽ പുരുഷകേന്ദ്രീകൃതമായ പുതുലോകഘടനയിൽ സ്‌ത്രീകളെയും അവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നവരെയും ലോകം വിസ്‌മരിക്കുകയോ മുഖ്യധാരയിൽ ഇടം നൽകാതെ മാറ്റിനിർത്തുകയോ ആണ് ചെയ്തുകൊണ്ടിരിക്കുന്നത്. “പ്രവാചകന്‍ ഈ ജനത്തിനു പറഞ്ഞുകൊടുക്കുക: ‘നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുവിന്‍. നിങ്ങളുടെ പ്രവര്‍ത്തനം ഇനി എങ്ങനെയിരിക്കുമെന്ന് അല്ലാഹുവും അവന്റെ ദൂതനും വിശ്വാസികളൊക്കെയും കാണുന്നതാകുന്നു”. (തൗബ – 105).

വനിതകളെ മറ്റെല്ലാവരേക്കാളുമധികം ആദരിച്ചതും അവരുടെ സർവ്വ അവകാശങ്ങളും വകവെച്ചു കൊടുത്തതും, അവരെ സംരക്ഷിക്കാനുള്ള ഒട്ടനവധി നിയമങ്ങൾ ഉണ്ടാക്കിയതും ഇസ്‌ലാമാണ്. സ്ത്രീകളുടെ വിഷയത്തിൽ ഇന്ന് ചർച്ച ചെയ്യുന്ന പല കാര്യങ്ങളും നൂറ്റാണ്ടുകൾക്കു മുമ്പേ ഇസ്‌ലാമിക പ്രമാണങ്ങളിൽ സ്ഥാനം പിടിച്ചവയാണ് എന്ന് സ്ത്രീയെ ഇസ്ലാം പരിഗണിച്ചില്ല എന്ന അജ്ഞത വിളിച്ച് പറയുന്നവർക്ക് അറിയാത്തതോ അല്ലെങ്കിൽ അവർ കണ്ടില്ലെന്നു നടിക്കുന്നതോ ആണ്.

സ്‌ത്രീകൾക്ക് വിവിധ പദവികളും വിശേഷണങ്ങളും ആണ് അവരുടെ ജൈവിക ഘടനയിലും കുടുംബഘടനയിലും ഉള്ളത്. മാതാവ്, ഇണ, മകൾ, സഹോദരി തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ഇതിൽ ഓരോന്നിനും എത്ര മാത്രം മഹത്വവും പ്രാധാന്യവുമാണ് ഇസ്‌ലാം നൽകിയിരിക്കുന്നത് എന്ന് കാണുമ്പോൾ അത്ഭുതപ്പെട്ടുപോവും. “നിങ്ങള്‍ അവരോട് മാന്യമായി സഹവര്‍ത്തിക്കേണ്ടതാകുന്നു.” (അന്നിസാഅ്- 19).

സ്ത്രീകള്ക്ക് ഇസ്‌ലാമിൽ സ്വാതന്ത്ര്യം ഇല്ല എന്നതാണ് വലിയൊരു ആരോപണമായി ഇസ്‌ലാം വിരുദ്ധർ ഉന്നയിക്കുന്നത്. അവരെ മനുഷ്യരായിപോലും കാണാൻ കൂട്ടാക്കാത്ത ഒരു സാമൂഹിക ഘടനയായിരുന്നു ഇസ്‌ലാമിന് മുമ്പ് ലോകത്തെല്ലായിടത്തുമുണ്ടായിരുന്നത് എന്നാണു ചരിത്രവസ്‌തുത. അവർക്ക് സ്വപ്നങ്ങൾ കാണാൻ പോലും കഴിയാത്ത ഒരിരുണ്ട കാലം ചരിത്രത്തിൽ കടന്നുപോയിട്ടുണ്ട്. കുടുംബജീവിതമോ സാമൂഹികപദവികളോ ലഭ്യമല്ലാതിരുന്ന പതിതകാലം. അസമത്വത്തിന്റെയും കടുത്ത നീതിനിഷേധത്തിന്റെയും അഗാധ ഗർത്തങ്ങളിൽ നിന്നുമാണ് ഇസ്‌ലാം അവരെ മഹിതമായ പദവിയിലേക്ക് കൈ പിടിച്ചാനയിച്ചത്. ആദം സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ടത് ഹവ്വയുടെ കുൽസിത പ്രവർത്തനം മൂലമാണെന്നും ലോകത്തുള്ള സകല പാപത്തിന്റെയും മൂലകാരണം അവരാണെന്നുമാണ് ജൂത – ക്രൈസ്‌തവ വിശ്വാസം. അങ്ങേയറ്റം സ്ത്രീ വിരുദ്ധ ആശയങ്ങൾ നിറഞ്ഞു നിൽക്കുന്ന മനുസ്‌മൃതിയുടെ അടിസ്ഥാനത്തിലുള്ള ബ്രാഹ്മണിക്കൽ ചിന്താഗതി വെച്ച് പുലർത്തുന്നവരാണ് ഇന്നും സമൂഹത്തിൽ നല്ലൊരു വിഭാഗവും.

“പിതാ രക്ഷതി കൗമാരേ
ഭര്‍ത്താ രക്ഷതി യൗവനേ
രക്ഷതി സ്ഥാവിരേ പുത്രാ
നാ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി”.
(കൗമാരത്തില്‍ പിതാവിന്‍റെ സംരക്ഷണത്തിലും യൗവനത്തില്‍ ഭര്‍ത്താവിന്‍റെ സംരക്ഷണത്തിലും വാര്‍ദ്ധക്യത്തില്‍ പുത്രന്‍റെ സംരക്ഷണത്തിലും സ്ത്രീ കഴിയണം. ഏതവസ്ഥയിലും സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണ്.അവള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല.)

സ്ത്രീ പൂജിക്കപ്പെടേണ്ടവളാണെന്ന് മനുസ്‌മൃതിയിൽ പറയുന്നുവെങ്കിലും വസ്ത്രം, ആഭരണം, ഭക്ഷണം എന്നിവ കൊണ്ടാണ് അവള്‍ പൂജിക്കപ്പെടുന്നത്. അവരുടെ സ്വത്വത്തിന് യാതൊരു വിലയും കല്പിക്കപ്പെടുന്നില്ല. ഭര്‍ത്താവ് തന്റെ ഭാര്യയെ കുറിച്ച് യാതൊരു ചിന്തയില്ലാത്തവനോ, പരസ്ത്രീ ബന്ധമുള്ളവനോ, നിര്‍ഗുണനോ ആയാലും പതിവ്രതയായ ഭാര്യ അവനെ ദേവനെപ്പോലെ പൂജിക്കണം. പുനര്‍വിവാഹത്തിന് സ്ത്രീക്ക് അര്‍ഹതയില്ലെന്ന് എഴുതുമ്പോഴും തന്നേക്കാള്‍ മുന്‍പ് മരിച്ച ഭാര്യയെ ദഹിപ്പിച്ചതിന് ശേഷം പുരുഷന്‍ വീണ്ടും വിവാഹിതനാകണം എന്ന് നിഷ്കര്‍ഷിക്കുന്ന നിലപാടും മനുസ്മൃതിയില്‍ നമുക്ക് കാണാൻ കഴിയും. സ്‌ത്രീകളെ കേവലം പുരുഷകാമനകൾ തീർക്കാനുള്ള ഒരു ചരക്കായിട്ടാണ് അതിൽ വിശേഷിപ്പിക്കപ്പെടുന്നത്. പാപത്തെ കുറിച്ചും ശിക്ഷയെ കുറിച്ചുമാണ് മനു സ്ത്രീകളെ പഠിപ്പിക്കുന്നത്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന സതി, ശിശുവിവാഹം, ദേവദാസി സമ്പ്രദായം തുടങ്ങിയവയിലൂടെയൊക്കെ ഇത്തരം മതദർശനങ്ങൾ എത്രമാത്രം സ്‌ത്രീവിരുദ്ധമാണെന്ന് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. പൗരാണിക ഗ്രീക്ക് നിയമപ്രകാരവും ഈജിപ്ഷ്യൻ ചട്ടപ്രകാരവും സ്‌ത്രീകൾ സാമൂഹികഘടനയിലെ ഏറ്റവും താഴെ തട്ടിലായിരുന്നു. മുഹമ്മദ് നബിയുടെ ആഗമനത്തിനു മുമ്പ് അറേബ്യൻ ജാഹിലിയാ കാലത്തും സ്ഥിതി മറിച്ചായിരുന്നില്ല. ജനിക്കാനുള്ള അവകാശം പോലും ആ കാലത്ത് സ്‌ത്രീകൾക്ക് സമൂഹം അനുവദിച്ചുകൊടുത്തിരുന്നില്ല. “അവരിലൊരാള്‍ക്ക് പെണ്‍കുട്ടി ജനിച്ചതായി സുവാര്‍ത്ത ലഭിച്ചാല്‍, കഠിന ദുഃഖം കടിച്ചിറക്കി അവന്റെ മുഖം കറുത്തുപോകുന്നു. തനിക്കു ലഭിച്ച സന്ദേശത്തിന്റെ ഹീനതയാല്‍ അവന്‍ ജനത്തില്‍നിന്ന് ഒളിച്ചുനടക്കുന്നു. അപമാനിതനായിക്കൊണ്ട് പുത്രിയെ വളര്‍ത്തേണമോ, അതല്ല, അവളെ മണ്ണില്‍ കുഴിച്ചുമൂടിയാലോ എന്നവന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു–നോക്കുക! എത്ര ദുഷിച്ച വിധിയാണിവര്‍ അല്ലാഹുവിന്റെ കാര്യത്തില്‍ എടുക്കുന്നത്.” (അന്നഹ്ൽ :58 – 59). തന്റെ സ്വന്തം ബീജത്തിൽ നിന്നും ജനിച്ചു വീഴുന്ന കുരുന്നു പൈതങ്ങളെ ജീവനോടെ മണ്ണിൽ കുഴിച്ചുമൂടാൻ മാത്രം കഠിനഹൃദയരായിരുന്നു ആ ജനത. ഒരാൾക്ക് എത്ര സ്‌ത്രീകളെ വേണമെങ്കിലും നിർബാധം വിവാഹം കഴിക്കാനും വെപ്പാട്ടികളാക്കി വെക്കാനും ആ കാലത്ത് സാധിക്കുമായിരുന്നു. സ്ത്രീകൾക്ക് അനന്തരസ്വത്തിൽ അവകാശമുണ്ടായിരുന്നില്ല എന്ന് മാത്രമല്ല, ഒരാൾ മരണപ്പെട്ടാൽ അയാളുടെ അനന്തരസ്വത്ത് ഭാഗിക്കുന്നതിന്റെ കൂട്ടത്തിൽ അയാളുടെ ഭാര്യമാരെയും അനന്തരാവകാശികൾക്ക് വീതം വെക്കുന്ന അത്യന്തം ഹീനമായ ആചാരങ്ങളാണ് അന്ന് നിലവിലുണ്ടായിരുന്നത്. ഇതിലൂടെ അവരുടെ സ്ത്രീ വിരുദ്ധ നിലപാടുകൾ എത്ര മാത്രം ക്രൂരമാണെന്ന് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും.

ഈയൊരു ഭൂതകാലം ഓർമ്മിച്ചു കൊണ്ട് വേണം ഇസ്‌ലാം സ്‌ത്രീകൾക്ക്‌ നേടിക്കൊടുത്ത അവകാശങ്ങളുടെയും പദവികളുടെയും വ്യാപ്തി മനസിലാക്കിയെടുക്കാൻ. “സ്‌ത്രീകൾ” എന്ന പേരിൽ ഖുർആനിൽ ഒരു അദ്ധ്യായം തന്നെ ഉൾപ്പെടുത്തിയത് കേവലം യാദൃശ്ചികമായി സംഭവിച്ചതല്ല. ഇസ്‌ലാമിലെ സ്‌ത്രീ – പുരുഷ സമത്വത്തിന്റെ ഏറ്റവും ഉദാത്തമായ തെളിവാണ് ഈ ആയത്ത്. “അവരുടെ നാഥന്‍ അവര്‍ക്ക് ഉത്തരമരുളി: സ്ത്രീയാവട്ടെ പുരുഷനാവട്ടെ, നിങ്ങളില്‍ ആരുടെയും കര്‍മത്തെ ഞാന്‍ നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍പെട്ടവരാണല്ലോ.” (ആലു ഇമ്രാൻ – 195). പുരുഷന് സ്‌ത്രീയെക്കാൾ യാതൊരു പദവിയും ഇസ്‌ലാമിൽ കല്പിച്ചു കൊടുക്കുന്നില്ല എന്ന് ഈ സൂക്തം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ടുകൊണ്ട് ഖുർആനിലും ഹദീസിലും വന്നിട്ടുള്ള നിയമങ്ങളെല്ലാം തന്നെ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് മനസിലാക്കാൻ സാധിക്കും. സ്‌ത്രീ വീട്ടിൽ ഒതുങ്ങിക്കൂടേണ്ടവളല്ല എന്നും അവൾ സമൂഹത്തിന്റെ എല്ലാ മേഖലയിലും നിറഞ്ഞു നിൽക്കേണ്ടവളാണെന്നും ഇസ്‌ലാം നിഷ്‌കർഷിക്കുന്നു.

സ്‌ത്രീകൾ പൊതുയിടങ്ങളിലും സ്റ്റേജുകളിലും പ്രത്യക്ഷപ്പെടുന്നത് വിലക്കുന്ന ചില പൗരോഹിത്യവാദികളും മുസ്‌ലിം നാമധാരികളും കണ്ണടച്ച് ഇരുട്ടാക്കുന്നവരാണ്. ഉമ്മു അമ്മാറ, ഫാത്തിമ, ആയിഷ എന്നീ മഹതികൾ ഉഹ്‌ദ്‌ യുദ്ധവേളയിൽ നടത്തിയ ശ്രദ്ധേയമായ സേവനങ്ങൾ ചരിത്രത്തിലെ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഉമ്മു അമ്മാറ എന്ന നുസൈബ ബിൻത് കഅബ് വാളെടുത്ത് ശത്രുക്കളെ അരിഞ്ഞു വീഴ്‌ത്തുന്ന രംഗം ഉഹദ് രണാങ്കണത്തിലെ ഏറെ വീറുറ്റ ഒരു ഏട് ആണ്. യുദ്ധമൈതാനിയിൽ ശത്രുക്കളുടെ വെട്ടേറ്റ് വീണെങ്കിലും അവർക്ക് ഉമ്മു അമ്മാറിനെ വധിക്കാൻ സാധിച്ചില്ല. ആ മുറിവ് ഉണങ്ങാൻ ഒരു വർഷം സമയമെടുത്തിട്ടുണ്ട്. ഉമയ്യ ബിൻത് ഖൈസ്, ഉമ്മു സിനാൻ, റുബയ്യ ബിൻത് അൽ മുഅവ്വദ്, ഉമ്മു അതിയ്യ തുടങ്ങിയവരുടെ പൊതുരംഗത്തെ ഇടപെടലുകളും സാമൂഹിക പ്രവർത്തനവും ചരിത്രത്തിന്റെ ഏടുകളിൽ നിന്നും വായിച്ചെടുക്കാൻ സാധിക്കും. രണ്ടാം അഖബാ ഉടമ്പടിയിൽ ഒപ്പു വെച്ചവരിൽ രണ്ടു പേർ വനിതകളായിരുന്നു. മഹാനായ ഖലീഫ ഉസ്‌മാൻ (റ) കലാപകാരികളാൽ വധിക്കപ്പെടുമ്പോൾ പ്രതിരോധിക്കാൻ ഉണ്ടായിരുന്നതും അദ്ദേഹത്തിന്റെ ഭാര്യമാരായ നാഇലയും ഉമ്മുഹബീബയും സ്ത്രീ പരിചാരകകളുമായിരുന്നു. പക്ഷെ അവരുടെ പ്രതിരോധ ശ്രമങ്ങൾ വിഫലമാക്കി കൊണ്ട് കലാപകാരികൾ ഖലീഫയെ നിഷ്ഠൂരമായി വധിച്ചു കളയുകയായിരുന്നു.

വൈജ്ഞാനിക മേഖലയിലും മുസ്‌ലിം വനിതകൾ വലിയ സംഭാവനകൾ ആണ് ലോകത്തിനു നൽകിയത്. 700ൽ പരം വനിതകൾ മുഹമ്മദ് നബിയിൽ നിന്നും ഹദീസുകൾ റിപ്പോർട്ട് ചെയ്‌തതായി കാണാൻ സാധിക്കും. മറ്റു പല മേഖലകളിലുമെന്നപോലെ വൈജ്ഞാനിക രംഗത്തും അതുല്യമായ ഇടപെടലുകൾ ആണ് ആയിശ ബീവി നടത്തിയത്. സാധാരണ നമ്മൾ അധികവും കേൾക്കാറുള്ളത് അവരുടെ ഹദീസ് റിപ്പോർട്ടിങ്ങിനെ കുറിച്ച് മാത്രമാണ്. എന്നാൽ അവരിൽ നിന്നും കവിതയും വൈദ്യശാസ്ത്രവും പഠിച്ച പുരുഷന്മാരും ആ കാലത്തുണ്ടായിരുന്നു. ആയിഷ ബീവിയുടെ ശിഷ്യയായ അംറ ബിൻത് അബ്‌ദുറഹ്‌മാനും വലിയ പണ്ഡിതയായിരുന്നു. താബിഈ പണ്ഡിതയായ ഉമ്മു ദർദാഇന്റെ ക്ലാസുകളിൽ ധാരാളം പുരുഷന്മാരും പങ്കെടുക്കാറുണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.

നിക്കാഹിന്റെ സദസിൽ സ്ത്രീകളെ ഇരുത്തിയ സംഭവം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത് നമ്മൾ കേരളത്തിൽ കുറച്ചു മുമ്പ് കണ്ടിരുന്നു. അതെ കേരളത്തിൽ തന്നെയാണ് ഈയിടെ നിക്കാഹിന്റെ സദസിൽ നിന്നും സ്ത്രീകൾ ഇറങ്ങിപോവണമെന്ന ഒരു പണ്ഡിതന്റെ ലൈവും കേരളത്തിൽ വൈറൽ ആയത്. അതിനും കുറച്ചു മുമ്പ്, സമ്മാനം വാങ്ങാൻ വേണ്ടി ഏറെ സന്തോഷത്തോടെ സ്റ്റേജിലേക്ക് എത്തിയ നിഷ്കളങ്കയായ കൊച്ചു ബാലികയോട് നീരസം പ്രകടിപ്പിച്ച മതപണ്ഡിതനെയും കേരളത്തിലെ സോഷ്യൽ മീഡിയ വൈറൽ ആക്കിയിരുന്നു. സ്ത്രീകളോട് ഏറ്റവും മാന്യമായിട്ട് പെരുമാറുന്നവൻ ആണ് നിങ്ങളിൽ ഏറ്റവും ഉത്തമൻ എന്നാണു പ്രവാചകൻ പഠിപ്പിച്ചത്. വിവാഹ മോചനം ചെയ്യുന്ന അവസരത്തിൽ പോലും അവരെ ഏറ്റവും ഉത്തമമായ രീതിയിൽ ആണ് പറഞ്ഞയക്കേണ്ടതെന്നും ഖുർആൻ പഠിപ്പിക്കുന്നുണ്ട്. “അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ സ്ത്രീകളെ ബലാല്‍ക്കാരം അനന്തരമെടുക്കുന്നത് അഹിതമാകുന്നു. നിങ്ങള്‍ നല്‍കിയ വിവാഹമൂല്യത്തില്‍നിന്നൊരു ഭാഗം തട്ടിയെടുക്കുന്നതിനായി അവരെ ഞെരുക്കുന്നതും ഹിതമല്ല- അവര്‍ സ്പഷ്ടമായ ദുര്‍നടപ്പിലേര്‍പ്പെട്ടാലൊഴിച്ച്. നിങ്ങള്‍ അവരോട് മാന്യമായി സഹവര്‍ത്തിക്കേണ്ടതാകുന്നു. ഇനി അവരെ വെറുക്കുന്നുവെങ്കില്‍, ഒരു കാര്യം നിങ്ങള്‍ വെറുക്കുന്നുവെന്നും അതേയവസരം അല്ലാഹു അതില്‍ ധാരാളം നന്മകള്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും വരാം. നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്തു മറ്റൊരു ഭാര്യയെ സ്വീകരിക്കാന്‍തന്നെ നിശ്ചയിച്ചാല്‍, ആദ്യഭാര്യക്ക് സമ്പത്തിന്റെ ഒരു കൂമ്പാരംതന്നെ നല്‍കിയിട്ടുണ്ടെങ്കിലും അതില്‍നിന്ന് ഒന്നും തിരിച്ചുവാങ്ങാവുന്നതല്ല. ദുര്‍ന്യായങ്ങളുന്നയിച്ചും വ്യക്തമായ അക്രമമായും നിങ്ങളതു തിരിച്ചുവാങ്ങുകയോ? പരസ്പരം സുഖം പകരുകയും അവര്‍ നിങ്ങളില്‍നിന്ന് ബലിഷ്ഠമായ പ്രതിജ്ഞ വാങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കെ നിങ്ങളതു തിരിച്ചുവാങ്ങിക്കുന്നതിനെന്തു ന്യായം?” (അന്നിസാഅ് – 19 -21).

പല കാരണങ്ങളുടെയും പേരിലും വ്യക്തിവൈരാഗ്യത്തിന്റെ പേരിലുമൊക്കെ സ്ത്രീകളെ സമൂഹമധ്യത്തിൽ താറടിക്കുന്ന പ്രവണത കൂടി വരുന്ന കാലഘട്ടം കൂടിയാണിത്. സ്ത്രീകൾക്കെതിരെ വ്യാജാരോപണങ്ങൾ ഉന്നയിക്കുന്നത് വൻപാപങ്ങളിൽ ആണ് ഇസ്‌ലാം എണ്ണിയിരിക്കുന്നത്.

കല, സാഹിത്യം, വിവിധ വൈജ്ഞാനികശാഖകൾ, ആയോധനാ രംഗം തുടങ്ങിയ മേഖലകളിലെല്ലാം മുസ്‌ലിം സ്ത്രീകൾ അസൂയാവഹമായ നേട്ടങ്ങളാണ് കരസ്ഥമാക്കിയത്. പ്രവാചകൻ മുഹമ്മദ് നബി, ഖുലഫാഉ റാഷിദകൾ, താബിഉകൾ , അബ്ബാസീ – അമവീ കാലം, മുഗൾ ഭരണകാലം തുടങ്ങിയ സന്ദർഭങ്ങളിലൊക്കെ ഇതിന്റെ നിരവധി മനോഹരമായ ആവിഷ്‌കാരങ്ങൾ നമുക്ക് കാണാൻ സാധിക്കും. ആധുനിക കാലത്തെ ഇസ്‌ലാമിക പരിസരം പരിശോധിക്കുകയാണെങ്കിൽ സ്ത്രീകളുടെ മുന്നേറ്റത്തിന് വേണ്ടി മുന്നിൽ നിന്നതും നിലവിൽ ഈ രംഗത്ത് സ്‌തുത്യർഹമായ സേവനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതും ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ ആണെന്ന് കാണാൻ കഴിയും. ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിൽ കേരളമുൾപ്പെടെ ഇന്ത്യയിൽ പലയിടത്തും വലിയ തോതിലുള്ള വനിതാ മുന്നേറ്റം ആണ് നടന്നുകൊണ്ടിരിക്കുന്നത്.

സ്ത്രീകളുടെ സാന്നിദ്ധ്യം തീരെ അദൃശ്യവും അപ്രസക്തവുമായ ഒരു സാമൂഹികാവസ്ഥയെയാണ് ജമാഅത്തെ ഇസ്‌ലാമിയുൾപ്പെടെയുള്ള പരിഷ്‌കരണ പ്രസ്ഥാനങ്ങൾ അഭിമുഖീകരിച്ചത്. അവർ തങ്ങളുടെ നവോത്ഥാന പ്രവർത്തനങ്ങളുടെ പ്രഥമമായ ഊന്നല്‍, വിദ്യാഭ്യാസത്തിനും സ്ത്രീകളുടെ അവകാശാധികാരങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനുമാണ് നൽകിയത്. എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമായിരുന്നു ഇത്തരം ബോധവല്‍ക്കരണം അവര്‍ നേടിയെടുത്തത്. സമ്മേളനങ്ങളിലും മറ്റുള്ള പരിപാടികളിലുമൊക്കെ വനിതകളുടെ വർധിച്ചു വരുന്ന പങ്കാളിത്തം ഈ പ്രവർത്തങ്ങളുടെ വിജയമായിട്ടാണ് നമ്മൾ മനസിലാക്കേണ്ടത്. മീഡിയ, വിദ്യാഭ്യാസം, നിയമം, വൈദ്യം, പൊതു പ്രവർത്തനം, മനുഷ്യാവകാശം, സാഹിത്യം, കല, സിനിമ, നാടകം, സംഗീതം, ചിത്ര രചന, രാഷ്ട്രീയം, വ്യാപാരം, വ്യവസായം, കൃഷി തുടങ്ങിയ സകല മേഖലകളിലും കാണുന്ന വനിതാ മുന്നേറ്റങ്ങളുടെ പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയുൾപ്പെടെയുള്ള പരിഷ്‌കരണപ്രസ്ഥാനങ്ങളുടെ പങ്ക് ചെറുതല്ല എന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും.

ഈ രംഗത്ത് ഇനിയും ഏറെ ദൂരം സഞ്ചരിച്ചെത്താനുണ്ട്. പഴമയുടെ പ്രൗഢിയിൽ മേനി നടിച്ചുകൊണ്ടത് മാത്രം ആവുകയില്ല. വേണ്ടിടത്ത് തിരുത്തിയും വീഴ്ചകളിൽ നിന്നും പാഠമുൾക്കൊണ്ടും ഇനിയും മുന്നേറാൻ സാധിക്കണം. ഈ വനിതാ ദിനം കേവല ആഘോഷങ്ങൾക്കപ്പുറം അത്തരം ആലോചനകൾക്കും കൂടി നിമിത്തമാവട്ടെ.

Related Articles