Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ടാണ് കുട്ടികള്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നത് ?

ജുവനൈല്‍ ജസ്റ്റിസുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നമ്മള്‍ ഓരോരുത്തരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് CICL [child in conflict with the law] കുറ്റകൃത്യവുമായി ബന്ധപ്പെട്ട കുട്ടിയോടും ഇരയോടും സന്തുലിതാവസ്ഥയോടെ നീതി പുലര്‍ത്തുക എന്നത്. ക്രൂരമായ കൊലപാതകത്തിന്റെയോ ക്രൂരമായ ലൈംഗികാതിക്രമത്തിന്റെയോ ചില അപൂര്‍വ കേസുകള്‍ ഇവിടെയുണ്ടാവാറുണ്ട്. അവ ശ്രദ്ധയോടെയും സംവേദനക്ഷമതയോടെയും കൈകാര്യം ചെയ്യണം.

‘നിയമവുമായി ഏറ്റുമുട്ടുന്ന കുട്ടിയോട് സംസാരിക്കുമ്പോള്‍, പരസ്പരവിരുദ്ധമായ വികാരങ്ങള്‍ എന്നില്‍ രോഷാകുലമാക്കാറുണ്ട്. കുറ്റവാളികളെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ തടങ്കലില്‍ വയ്ക്കുന്നതിനും അതേ സമയം അവരുടെ ഭയവും ആശങ്കകളും ലഘൂകരിക്കാന്‍ അവരോട് സൗമ്യമായി സംസാരിക്കുകയും ചെയ്യേണ്ടതിനായി ഞാന്‍ വിഷമിക്കും-തന്റെ ഉള്ളിലെ അസ്വസ്ഥതകളെ പ്രതിഫലിപ്പിച്ചുകൊണ്ട് കൊല്‍ക്കത്തയിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍ അംഗം ബിപാഷ റോയ് പറയുന്നു. കുട്ടിയുടെ പരാധീനതയും നിസ്സഹായതയും എന്റെ നിലപാടിനെ മയപ്പെടുത്തുമെന്നതിനാല്‍ അനുഭവപരിചയം കൊണ്ട് എനിക്ക് എന്റെ വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയും.

പല കുട്ടികളുടെയും വളര്‍ന്നു വന്ന പശ്ചാത്തലത്തിലേക്ക് വര്‍ഷങ്ങളോളം പിറകോട്ട് സഞ്ചരിച്ചപ്പോള്‍, അവരില്‍ മിക്കവര്‍ക്കും കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും നല്ല മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള അവസരം ലഭിച്ചിട്ടില്ലെന്ന് ഞാന്‍ മനസ്സിലാക്കി. അതിജീവിക്കാനുള്ള വലിയ പോരാട്ടമായിരുന്നു അവരുടെ ജീവിതം.

അവരുടെ തലയ്ക്ക് മുകളില്‍ മേല്‍ക്കൂരയില്ല, അല്ലെങ്കില്‍ ഒരു ദിവസം രണ്ട് നേരത്തെ ഭക്ഷണം പോലും അവര്‍ക്ക് ലഭിച്ചില്ല. പലപ്പോഴും അവരെ പരിപാലിക്കാന്‍ മാതാപിതാക്കളോ രക്ഷിതാക്കളോ ഇല്ല… അതിനാല്‍ തന്നെ നല്ല പെരുമാറ്റമുള്ള, പക്വതയുള്ള മുതിര്‍ന്ന പൗരന്മാരായി വളര്‍ന്നു വരിക എന്നത് ബുദ്ധിമുട്ടായിരുന്നു, മിക്കവാറും അസാധ്യമായിരുന്നു അത്.

സമപ്രായക്കാരില്‍ നിന്നും വ്യത്യസ്തമായി ദാരിദ്ര്യത്തിന്റെ പ്രത്യാഘാതങ്ങള്‍ പലപ്പോഴും സ്വാധീനം ചെലുത്തിയതായി കുട്ടികളുമായി ഇടപഴകുമ്പോള്‍ ഒരാള്‍ക്ക് കണ്ടെത്താനാവും. വാസ്തവത്തില്‍ ക്രിമിനല്‍ സ്വഭാവത്തിലേക്ക് കുട്ടികളെ നയിക്കുന്ന ഒരു പ്രധാന ഘടകമായി നിരവധി പഠനങ്ങള്‍ ഇത് പരാമര്‍ശിക്കുന്നുണ്ട്.

ഇത്തരം വ്യവസ്ഥിതിയില്‍ ജീവിക്കുന്ന കുട്ടികളില്‍ പലരും കടുത്ത നിരാശയിലായത് കാരണം അവരെ അതൊരു ഗ്യാങ് രൂപീകരണത്തിന് പ്രേരിപ്പിക്കുന്നു. കുട്ടികള്‍ ക്രിമിനല്‍ സ്വഭാവം കൈവരിക്കുന്നത് ഈ സംഘങ്ങളിലൂടെയാണ്. ഗ്യാങില്‍ ഇല്ലാത്ത യുവാക്കളെക്കാള്‍ ഒരു സംഘത്തില്‍പ്പെട്ട യുവാക്കള്‍ക്കിടയില്‍ കുറ്റകൃത്യം ചെയ്യാന്‍ ഉയര്‍ന്ന സാധ്യതയുള്ളത് എന്തുകൊണ്ടാണെന്ന് ഊഹിക്കാന്‍ പ്രയാസമില്ല.

സോനു എന്ന് പേരുള്ള ഏകദേശം 8-10 വയസ്സ് പ്രായമുള്ള ഒരു ആണ്‍കുട്ടിയുണ്ടായിരുന്നു. അവന്റെ കൂടെ 14-15 വയസ്സുള്ള മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു. അവരെ പോലീസ് പിടികൂടുന്നതുവരെ അവര്‍ ഒരുമിച്ച് സന്തോഷത്തെയാണ് കഴിഞ്ഞിരുന്നത്.
സോനുവിന്റെ അമ്മ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടില്‍ വേലക്കാരിയായും പിതാവ് സ്വകാര്യ കമ്പനിയിലെ ജോലിക്കാരനുമായിരുന്നു.

അയല്‍വാസികളായ സോനുവും സുഹൃത്തും എല്ലാ ദിവസവും രാവിലെ ബാഗുകള്‍ നിറയെ പുസ്തകങ്ങളുമായി വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പുറപ്പെടും, പ്രത്യക്ഷത്തില്‍ സ്‌കൂളിലേക്കാണ് പോക്കെങ്കിലും അവര്‍ സ്‌കൂളിലെത്താറില്ല. പകരം വീട് പൂട്ടി എല്ലാവരും പുറത്തു പോയ വീടുകള്‍ അന്വേഷിച്ച് അവര്‍ ചുറ്റിക്കറങ്ങി. തന്റെ സുഹൃത്തിന്റെ തോളില്‍ കയറി സോനു ജനാലകളിലൂടെയോ ബാല്‍ക്കണിയിലൂടെയോ വീടുകളുടെ അകത്തേക്ക് പ്രവേശിക്കും. ബാഗില്‍ നിറച്ച് കൊണ്ടുപോകാവുന്ന ചെറിയ സാധനങ്ങള്‍ മോഷ്ടിച്ച ശേഷം അവര്‍ ഏതെങ്കിലും ആക്രി കടക്കാരന്റെ അടുത്ത് പോയി അത് വിറ്റ് പേരക്ക, ഐസ്‌ക്രീം, ചോക്ലേറ്റ് മുതലായവ വാങ്ങി കഴിച്ച് വീട്ടിലേക്ക് മടങ്ങും.

്അവരുടെ രക്ഷിതാക്കള്‍ നിരക്ഷരരും അവരുടെ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കാന്‍ കഴിയാത്തവരുമായിരുന്നു. പതിയെ പതിയെ ഇരുവര്‍ക്കും മോഷണത്തിന് കൂടുതല്‍ ധൈര്യം തോന്നി, പിന്നാലെ അവര്‍ വിലകൂടിയ സാധനങ്ങളും മോഷ്ടിക്കാന്‍ തുടങ്ങി. മോഷണം നടക്കുന്നതായി അയല്‍പക്കത്തെ വീടുകളില്‍ നിന്നും പരാതി ഉയര്‍ന്നതോടെ പോലീസില്‍ വിവരമറിയിച്ചു.

ഒരു ദിവസം, സുഹൃത്തിന്റെ തോളില്‍ ഇരുന്ന് അടുക്കളയിലെ ജനലിലൂടെ സോനു ഒരു വീട്ടിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ പോലീസ് എത്തി ഇരുവരെയും പിടികൂടി. വീട്ടുടുമസ്ഥര്‍ ഇരുവരെയും ‘ശിക്ഷിക്കണം’ എന്ന് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ കേസിന്റെ വിശദാംശങ്ങള്‍ കേട്ട ശേഷം ജെ.ജെ.ബി മജിസ്ട്രേറ്റ് ആണ്‍കുട്ടികളുമായി സംസാരിക്കാന്‍ തീരുമാനിച്ചു. ഇരുവരും കുറ്റം സമ്മതിക്കുകയും തിരികെ സ്‌കൂളില്‍ പോകാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് ഇരുവരെയും മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്തു.

മുതിര്‍ന്ന ആണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന സുരക്ഷിത സ്ഥലത്തേക്ക് (PoS) അടുത്തിടെ നടത്തിയ ഒരു സന്ദര്‍ശനത്തിലും സമാനമായ അനുഭവം ഉണ്ടായി. ഇത് കേട്ട് ഞങ്ങള്‍ക്കും രഞ്ജനും (പേര് മാറ്റി) കണ്ണുനീര്‍ അടക്കാന്‍ കഴിഞ്ഞില്ല. രഞ്ജന്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്നു, സാമാന്യം നന്നായി തന്നെ പഠനവുമായി മുന്നോട്ട് പോകുകയായിരുന്നു. ആയിടക്കാണ് പോക്കറ്റടി നടത്തുന്ന കുനാലുമായി അവന്‍ സൗഹൃദം സ്ഥാപിക്കുന്നത്. ഒരിക്കല്‍ അവര്‍ ഒരാളുടെ പോക്കറ്റില്‍ നിന്ന് ഒരു ഫാന്‍സി സെല്‍ഫോണ്‍ മോഷ്ടിച്ചു. എന്നാല്‍, അതൊരു പൊലിസുകാരന്റേതായിരുന്നു.

രഞ്ജനെ പൊലിസ് പിടികൂടുകയും തന്നെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചെന്നും രഞ്ജന്‍ പറഞ്ഞു. എന്നാല്‍ കുനാലിന്റെ പേര് താന്‍ വെളിപ്പെടുത്തിയില്ലെന്നും അവന്‍ പറഞ്ഞു. കാരണം? കുനാല്‍ പഠിക്കാന്‍ അത്ര പോരായിരുന്നു. ക്ലാസില്‍ നേരത്തെ തന്നെ അവന്‍ പിന്നിലായിരുന്നു. അവന് 18 വയസ്സിന് മുകളിലായിരുന്നു പ്രായം, പിടിക്കപ്പെട്ടാല്‍ മുതിര്‍ന്നവര്‍ക്കുള്ള ജയിലിലേക്ക് അവനെ അയയ്ക്കും. രഞ്ജന്‍ അത് ആഗ്രഹിച്ചില്ല, അതിനാല്‍ കുറ്റം അവന്‍ ഒറ്റയ്ക്ക് ഏറ്റെടുത്തു.

സുഹൃത്തിനോടുള്ള അവന്റെ വിശ്വാസമാണ് ഇവിടെ കണ്ടത്. അത് അവന്റെ സ്വഭാവ മഹിമയും കാണിച്ചു. എന്നാല്‍, കുട്ടികള്‍ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടക്കുന്നതിനുള്ള നിരവധി കാരണങ്ങളില്‍ ഒന്നായി സമപ്രായക്കാരുടെ സമ്മര്‍ദ്ദം അല്ലെങ്കില്‍ ‘സൗഹൃദം’ നിലനില്‍ക്കുന്നതെങ്ങനെയെന്ന് രഞ്ജന്റെ കഥ കാണിച്ചുതരുന്നു.

റിച്ച അറോറ ‘ടിസ്സി’ന് വേണ്ടി എഴുതിയ ഡല്‍ഹിയിലെ ‘സ്റ്റഡി ഓഫ് ചില്‍ഡ്രന്‍ ഇന്‍ കോണ്‍ഫ്‌ലിക്ട് വിത്ത് ലോ’ എന്ന റിപ്പോര്‍ട്ടില്‍, കുട്ടികളുടെ കുറ്റകൃത്യങ്ങളുടെ പ്രധാന ഘടകമായി അവരുടെ താമസസ്ഥലങ്ങളെ എടുത്തുകാട്ടുന്നുണ്ട്. ചുറ്റുപാടുകളിലും അയല്‍പക്കങ്ങളിലും നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു കുട്ടി അത്തരം പ്രവൃത്തികള്‍ ശീലിക്കുകയും അവയില്‍ നിന്ന് പഠിക്കുകയും ചെയ്യുന്നു.

കുട്ടി താമസിക്കുന്ന പ്രദേശം, ചുറ്റുപാടുകള്‍, ചുറ്റുമുള്ള ആളുകളുടെ സാമൂഹിക-സാമ്പത്തിക നില എന്നിവയെല്ലാം കുട്ടി എന്തെല്ലാം തുറന്നുകാട്ടപ്പെടുന്നുവെന്നും അവന്റെ/അവളുടെ ഭാവി പ്രവൃത്തികള്‍ എന്തായിരിക്കുമെന്നും നിര്‍ണ്ണയിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ജഗ്ദീപ് വളരെക്കാലമായി ഈ സിസ്റ്റത്തിനകത്തും പുറത്തുമാണ്. ചെറിയ കുറ്റകൃത്യങ്ങളില്‍ തുടങ്ങി, ഇത്തവണ അയാള്‍ കൊലപാതകത്തില്‍ ഏര്‍പ്പെട്ടു. അത് തന്റെ ‘കുടുംബ ബഹുമതി’യാണ് സംരക്ഷിക്കേണ്ടതാണെന്നാണ് അദ്ദേഹം പറഞ്ഞത്. സ്വത്ത് തര്‍ക്കത്തില്‍ തന്റെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ അദ്ദേഹം നടത്തിയ ഒന്നല്ല, നിരവധി കൊലപാതകങ്ങള്‍ക്ക് അദ്ദേഹം യഥാര്‍ത്ഥത്തില്‍ ശിക്ഷിക്കപ്പെട്ടു.

ഞാന്‍ അവനെ കാണുമ്പോള്‍, അവന്റെ ജ്യേഷ്ഠനും അച്ഛനും ജയിലിലായിരുന്നു, ജഗ്ദീപ് ഒരു പി.ഒ.എസിലായിരുന്നു. താന്‍ എന്തെങ്കിലും തെറ്റ് ചെയ്തതായി അദ്ദേഹം കരുതുന്നില്ലെന്നും തന്റെ പിതാവും സഹോദരന്മാരും തെറ്റുകാരാണെന്നും അവന്‍ കരുതുന്നില്ലെന്നും വ്യക്തമാണ്. വാസ്തവത്തില്‍, അവന്റെ കുടുംബം അവനെക്കുറിച്ച് അഭിമാനിക്കുന്നു. അക്രമം ചുറ്റുപാടില്‍ മാത്രമല്ല, പ്രത്യേകിച്ച് കുട്ടിക്ക് നേരെയുള്ളതാകുമ്പോള്‍ അത് എത്രത്തോളം മോശമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

 

അവലംബം: ദി വയര്‍
വിവ: സഹീര്‍ വാഴക്കാട്

Related Articles