Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യൻ വംശഹത്യ: മ്യാൻമർ സൈനികരുടെ കുറ്റസമ്മതം

കൊലപാതകങ്ങൾ, കൂട്ടകുഴിമാടങ്ങൾ, അഗ്നിക്കിരയാക്കപെട്ട ഗ്രാമങ്ങൾ, ബലാൽസംഗങ്ങൾ: ചെയ്തുകൂട്ടിയ അതിക്രൂരമായ കുറ്റകൃത്യങ്ങൾ ആ രണ്ടു സൈനികരും ഒറ്റശ്വാസത്തിൽ ഏറ്റുപറഞ്ഞു.

2017 ആഗസ്റ്റിൽ തന്റെ മേലുദ്യോഗസ്ഥനിൽ നിന്ന് ലഭിച്ച ഉത്തരവ് വളരെ വ്യക്തമായിരുന്നു. പ്രൈവറ്റ് മയോ വിൻ തുൻ കുറ്റസമ്മത വീഡിയോയിൽ പറഞ്ഞു. “കൺമുന്നിൽ വന്നുപെടുന്നവരെയെല്ലാം വെടിവെക്കുക”.

30 റോഹിങ്ക്യൻ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിൽ ഭാഗഭാക്കാകുകയും ഒരു സൈനിക ക്യാമ്പിനു അടുത്തുള്ള കൂട്ട കുഴിമാടത്തിൽ അവരെ മറമാടുകയും ചെയ്തു കൊണ്ട്, പ്രസ്തുത ഉത്തരവ് താൻ അനുസരിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

ഏകദേശം അതേ സമയത്തു തന്നെ മറ്റൊരു പട്ടണത്തിൽ പ്രൈവറ്റ് സോ നായിങ്ങ് തുൻ എന്ന സൈനികനും ഉണ്ടായിരുന്നു. സമാനമായ കൽപ്പന തന്നെയാണ് മേലുദ്യോഗസ്ഥരിൽ നിന്ന് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും ലഭിച്ചത്: ” കാണുന്നവരെയെല്ലാം വെടിവെച്ചു കൊല്ലുക, കുട്ടികൾ ആയാലും മുതിർന്നവർ ആയാലും ശരി “.

Also read: സമാധാനം നമ്മുടെ പതാകയിൽ പാറിയാൽ മതിയോ ?!

“ഏകദേശം 20 ഓളം ഗ്രാമങ്ങൾ ഞങ്ങൾ തുടച്ചുനീക്കി”, സോ നായിങ്ങ് തുൻ പറഞ്ഞു. മൃതദേഹങ്ങൾ കൂട്ടകുഴിമാടത്തിൽ കൊണ്ടുപോയി തള്ളാൻ താനും കൂടി എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മ്യാൻമറിലെ റോഹിൻഗ്യൻ മുസ്ലിം ന്യൂനപക്ഷത്തിന് എതിരെ വംശഹത്യയാണ് നടക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭാ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു, ഇതാദ്യമായാണ് മ്യാൻമാർ സൈന്യത്തിലെ അംഗങ്ങൾ തങ്ങൾ കൂട്ടക്കൊലയിൽ പങ്കെടുത്തു എന്ന് കുറ്റസമ്മതം നടത്തുന്നത്. മ്യാൻമറിലെ സായുധ വിമത സംഘങ്ങളിൽ ഒന്നാണ് പ്രസ്തുത കുറ്റസമ്മത വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്.

കഴിഞ്ഞമാസം മ്യാൻമറിൽ നിന്നും രക്ഷപ്പെട്ട ഈ രണ്ടു സൈനികരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി സ്ഥിതിചെയ്യുന്ന ഹേഗിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച എത്തിച്ചിരുന്നു. അതിനെ തുടർന്ന് മ്യാന്മാർ സൈനിക നേതാക്കൾ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്ന അന്വേഷണം അന്താരാഷ്ട്ര ക്രിമിനൽ കോടതി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ബംഗ്ലാദേശിൽ അഭയം തേടിയിരിക്കുന്ന പത്തു ലക്ഷത്തിലധികം വരുന്ന റോഹിങ്ക്യൻ അഭയാർഥികൾ നേരിട്ട കടുത്ത മനുഷ്യാവകാശ ധ്വംസന പീഡന വിവരണങ്ങളെ ശരിവെക്കുന്നതായിരുന്നു അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കു മുമ്പാകെയുള്ള ആ രണ്ടുപേരുടെ സാക്ഷിമൊഴികൾ. ഇരകളുടെതല്ല, മറിച്ച് വേട്ടക്കാരുടെതാണ് എന്നതാണ് പ്രസ്തുത സാക്ഷിമൊഴികളെ വ്യത്യസ്തമാക്കുന്നത്.

” നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന റോഹിങ്ക്യൻ മ്യാൻമാർ ജനതയെ സംബന്ധിച്ചിടത്തോളം ഇത് ഒരു അവിസ്മരണീയ മുഹൂർത്തമാണ്.” മനുഷ്യാവകാശ സംഘടനകളിൽ ഒന്നായ ഫോർട്ടിഫൈ റൈറ്റ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാത്യു സ്മിത്ത് പറഞ്ഞു. “അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യപ്പെടുന്ന മ്യാൻമാറിൽ നിന്നുള്ള ആദ്യത്തെ യുദ്ധ കുറ്റവാളികളും, ദൃക്സാക്ഷികളുമാണ് ആ രണ്ടുപേർ”.

സൈനികർ തങ്ങളുടെ കുറ്റസമ്മത മൊഴിയിൽ പറയുന്ന കൂട്ടകുഴിമാടങ്ങൾ ഏതാനും ഗ്രാമീണർ കണ്ടെത്തിയിരുന്നു. ഇത് അന്താരാഷ്ട്ര കോടതി തെളിവായി എടുക്കുന്നതാണ്. അതേസമയം ഈ ആരോപണങ്ങൾ മ്യാൻമാർ ഭരണകൂടം ആവർത്തിച്ചു നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

Also read: ഇരുളിനെ കീറിമുറിക്കുന്ന ജ്വലിക്കുന്ന വാക്കുകൾ

സൈനികർ കുറ്റസമ്മത മൊഴിയിൽ പറയുന്ന കുറ്റകൃത്യങ്ങൾ മ്യാൻമർ സൈന്യത്തിന്റെ ഇൻഫന്ററി ബറ്റാലിയനുകളും മറ്റു സുരക്ഷാ സൈനികരും ചേർന്നാണ് നടത്തിയത് – 150ഓളം സിവിലിയൻമാരെ കൊന്നൊടുക്കുകയും ഡസൻ കണക്കിന് ഗ്രാമങ്ങൾ നശിപ്പിക്കുകയും ചെയ്തു – റോഹിങ്ക്യകൾക്കെതിരെയുള്ള മ്യാൻമറിന്റെ നീണ്ട അതിക്രമങ്ങളുടെ ഒരു ഭാഗം മാത്രമാണിത്.

ഒരു ന്യൂനപക്ഷ വിഭാഗത്തിനെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കാൻ വേണ്ടിയുള്ള ആസൂത്രിതവും ഏകീകൃതവുമായ നീക്കമാണ് അവ വെളിവാക്കുന്നത്.

2017 ൽ പാരമ്യത്തിലെത്തിയ റോഹിങ്ക്യൻ വംശഹത്യ ലോകം കണ്ടതിൽ വെച്ചേറ്റവും വലുതും വേഗത്തിലുമുള്ള അഭയാർഥി പ്രവാഹങ്ങളിൽ ഒന്നിന് കാരണമായി. ആഴ്ചകൾക്കുള്ളിൽ, മ്യാൻ‌മറിന്റെ പടിഞ്ഞാറൻ റാഖൈൻ സ്റ്റേറ്റിലെ ഏഴു ലക്ഷത്തോളം ആളുകൾ വീടുകളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടു, സുരക്ഷാ സേന അവരുടെ ഗ്രാമങ്ങളെ റൈഫിളുകൾ, വാളുകൾ, തീ എന്നിവ ഉപയോഗിച്ച് ആക്രമിച്ചു. വൃദ്ധരുടെ തലയറുക്കപ്പെട്ടു, പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ടു.

730 കുട്ടികളടക്കം 6,700 റോഹിംഗ്യകൾ 2017 ഓഗസ്റ്റ് അവസാനം മുതൽ സെപ്റ്റംബർ അവസാനം വരെ അതിക്രൂരമായി കൊലചെയ്യപ്പെട്ടതായി ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡർ എന്ന സംഘടന കണക്കാക്കുന്നു. 2017 മുതൽ 2019 വരെ ഏകദേശം 200 റോഹിംഗ്യൻ വാസസ്ഥലങ്ങൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു.

റോഹിങ്ക്യകൾക്കെതിരെ ആസൂത്രിതമായ ഉന്മൂലന കാമ്പയിൻ നടക്കുന്നു എന്ന വസ്തുത മ്യാൻമർ സർക്കാർ നിഷേധിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ,ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ വെച്ച് തന്നെ, മ്യാൻമർ സിവിലിയൻ നേതാവായ ഓംഗ് സാൻ സൂകി , മറ്റൊരു കേസിൽ, വംശഹത്യ ആരോപണത്തിനെതിരെ മ്യാൻമറിനെ ന്യായീകരിച്ചു കൊണ്ട് രംഗത്തു വന്നിരുന്നു. സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ ഓംഗ് സാൻ സൂകി സൈന്യത്തെ പിന്തുണച്ചതും റോഹിംഗ്യകൾക്കെതിരായ ഉന്മൂലന നടപടികളെ അപലപിക്കാൻ വിസമ്മതിച്ചതും അവരുടെ പ്രതിച്ഛായക്ക് കളങ്കമേൽപ്പിച്ചിരുന്നു.

റോഹിംഗ്യകൾ മ്യാൻമറിലെ റാഖൈൻ സ്റ്റേറ്റിൽ നിന്നുള്ളവരാണെങ്കിലും, അവർ വിദേശ നുഴഞ്ഞുകയറ്റക്കാരാണെന്നാണ് രാജ്യത്തെ സർക്കാർ അവകാശപ്പെടുന്നത്. അന്താരാഷ്ട്ര അനുഭാവം നേടുന്നതിനായി റോഹിംഗ്യകൾ സ്വന്തം ഗ്രാമങ്ങൾ കത്തിച്ചു എന്നാണ് മ്യാൻമർ അധികൃതരുടെ വാദം.

Also read: ‘ഇത് ഡിജിറ്റല്‍ അയിത്തം’

എന്നാൽ പ്രസ്തുത ഭരണകൂട ഭാഷ്യങ്ങളെ പൊളിക്കുന്നതായിരുന്നു ആ രണ്ടു സൈനികരുടെ ഏറ്റുപറച്ചിൽ. ഇത് അന്താരാഷ്ട്ര കോടതിയിൽ മ്യാൻമർ ഭരണകൂടത്തിനെതിരായ കേസിന് കൂടുതൽ ബലം നൽകും.

നിലവിൽ, ബംഗ്ലാദേശിനെ പ്രതിനിധീകരിച്ചു കൊണ്ട് കനേഡിയൻ അഭിഭാഷകൻ പായം അഖവാൻ നൽകിയ കേസും, 57 രാഷ്ട്രങ്ങൾ ചേർന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷന്റെ പേരിൽ ഗാംബിയ നൽകിയ കേസും അന്താരാഷ്ട്ര കോടതിയിൽ മ്യാൻമറിനെതിരെ നടക്കുന്നുണ്ട്. കേസിന് എല്ലാവിധ നിയമ സഹായവും നൽകുമെന്ന് കഴിഞ്ഞാഴ്ച നെതർലാൻഡും കാനഡയും പ്രഖ്യാപിച്ചിരുന്നു.

റോഹിംഗ്യകളെ കൊന്നൊടുക്കിയതായി സമ്മതിച്ച രണ്ടു സൈനികരും മ്യാൻമറിലെ അടിച്ചമർത്തപ്പെടുന്ന വംശീയ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടവരാണ്. ഈ വർഷം ആദ്യത്തിലാണ്, മ്യാൻമർ സൈന്യത്തിനെതിരെ പോരാടുന്ന അറഖാൻ വിമത പോരാളികളുടെ പിടിയിൽ ഈ രണ്ടു പേരും അകപ്പെട്ടത്. അവരാണ് രണ്ടു പേരുടെയും കുറ്റസമ്മതം വീഡിയോയിൽ പകർത്തിയത്.

Related Articles