Your Voice

സമാധാനം നമ്മുടെ പതാകയിൽ പാറിയാൽ മതിയോ ?!

മലയാളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വീരാൻ കുട്ടിയുടെ ഒരുക്കം എന്ന കവിതയിലെ നാട്ടിലെ കൊണ്ടാടപ്പെടുന്ന സമാധാന സങ്കല്പത്തെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന ഒരു വരിയാണ് തലവാചകം.എളിയിൽ തിരുകിയ കഠാര സമാധാനത്തോടെ പുറത്തെടുക്കുന്ന മത- രാഷ്ട്രീയ-സാമൂഹിക ക്രമത്തിലെ മാറുന്ന സമാധാന വിവക്ഷയെ വളരെ സർകാസ്റ്റിക്കായി ചിത്രീകരിക്കുന്ന മറ്റൊരു കവിതാശകലം ഈയടുത്തൊന്നും വായിച്ചതായി ഓർക്കുന്നില്ല.

ശാന്തി പ്രസരിക്കുന്നതും അക്രമമില്ലാത്തതുമായ അവസ്ഥാന്തരമാണ് സമാധാനം. എല്ലാ മതങ്ങളുടേയും അധ്യാപനങ്ങളുടെ സാരാംശവുമതു തന്നെ. പൊതുവെ ശത്രുത ഇല്ലായ്മയെ സൂചിപ്പിക്കുന്ന സമാധാന സങ്കല്പം ആരോഗ്യപരമായ വ്യക്തിബന്ധം, രാജ്യാന്തര ബന്ധം, സാമൂഹിക സാമ്പത്തിക മേഖലകളിലുള്ള അഭിവൃദ്ധി, സമത്വ സ്ഥാപനം, ഏവരുടെയും യഥാർത്ഥ ആവശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയ വ്യവസ്ഥ തുടങ്ങിയവയുടെ നിലനിൽപ്പ് എന്ന അർത്ഥമാണ് പ്രഘോഷിക്കുന്നത് . അന്താരാഷ്ട്രബന്ധങ്ങളിൽ സാമാധാനകാലം എന്നത് യുദ്ധമില്ലായ്മ മാത്രമല്ല സാംസ്കാരികവും സാമ്പത്തികവുമായ പരസ്പരം മനസ്സിലാക്കലും ഐക്യവുമുള്ള അവസ്ഥകൂടിയാണ് എന്ന് യു എൻ പരിചയപ്പെടുത്തുന്നു. മനശാസ്ത്രപരമായി സമാധാനം എന്നത് ശാന്തവും ക്ലേശങ്ങളില്ലാത്തതുമായ അത്യുന്നത മാനസികാവസ്ഥയാണ്.

ലോകത്ത് സമാധാനകാംക്ഷികൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതി സമാധാനത്തിനുള്ള നോബൽ സമ്മാനമാണ് എന്ന് നമുക്കറിയാം. 1901 മുതൽ നോർവീജിയൻ നൊബേൽ കമ്മിറ്റി ഈ അവാർഡ് സഗൗരവം നൽകിപ്പോരുന്നു. എന്നാൽ 1988 മുതലാണ് ഈ അവാർഡിന് അന്തർ ദേശീയ പ്രാധാന്യം കൈവരുന്നത്. ആൽഫ്രഡ് നോബേലിന്റെ താല്പര്യപ്രകാരം അന്തർദേശീയ പ്രശസ്തരായ സമാധാന കാംക്ഷികൾക്ക് നല്കി വരുന്ന അവാർഡിന് 2020 ൽ അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് നിർദ്ദേശിക്കപ്പെട്ടത് ഏറെ വിവാദങ്ങൾക്ക് കാരണമായത് നാമറിഞ്ഞു കാണും. രാഷ്ട്രങ്ങൾ തമ്മിലുള്ള സാഹോദര്യത്തിനും, നിലകൊള്ളുന്ന സൈന്യങ്ങളെ ലഘൂകരിക്കുന്നതിനും രാഷ്ട്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങളിൽ സമാധാന സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഏറ്റവും കൂടുതൽ മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾക്കായിരുന്നു ഇതുവരേക്കും ആ പ്രൈസ് നിർദ്ദേശിക്കപ്പെട്ടിരുന്നത് എന്നാണ് നൊബേൽ സമ്മാന ജേതാക്കളുടെ ഇതപര്യന്തമുള്ള ലിസ്റ്റിൽ നിന്നു നമുക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നത്.

Also read: ഇരുളിനെ കീറിമുറിക്കുന്ന ജ്വലിക്കുന്ന വാക്കുകൾ

ആഗോള തലത്തിൽ സമാധാനത്തെ കുറിച്ചുള്ള മതാധ്യാപനങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമാധാന സങ്കല്പത്തെ തിരിച്ചു പിടിക്കാൻ ഉപകാരപ്പെട്ടേക്കും. ആകാശത്തും അന്തരീക്ഷത്തിലും ഭൂമിയിലും സമാധാനം ഉണ്ടാകട്ടെ. വെള്ളത്തിൽ തണുപ്പും ഔഷധ സസ്യങ്ങളിൽ രോഗശാന്തിയും മരങ്ങളിൽ നിന്ന് പുറപ്പെടുന്ന തണലുപോലും സമാധാന ഹേതുവാകട്ടെ. ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും ഐക്യവും നിത്യവിജ്ഞാനത്തിൽ പരിപൂർണ്ണതയും ഉണ്ടാകട്ടെ. പ്രപഞ്ചത്തിലെ എല്ലാം സമാധാനമായിരിക്കട്ടെ. എല്ലായിടത്തും എല്ലായിടത്തും സമാധാനം വ്യാപിക്കട്ടെ. ആ സമാധാനം എന്റെ ഹൃദയത്തിൽ അനുഭവിക്കട്ടെ എന്നാണ് യജുർവേദം (36.17) സമാധാനത്തെ പരിചയപ്പെടുത്തുന്നതെങ്കിൽ
ആത്മാവിന്റെ ഫലങ്ങളായാണ് ബൈബിൾ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്‍മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവയെ പരിചയപ്പെടുത്തുന്നത്.
(ഗലാത്തി 5: 22,23).

99 ദിവ്യനാമങ്ങളിലൊന്നായും ( 59:23) വിധി നിർണയ രാവിന്റെ സാന്നിധ്യമായും (97:5) സ്വർഗക്കാരുടെ അഭിവാദ്യ രീതിയായും (10:10, 56:26, 7:46 ) സ്വർഗത്തിന്റെ പര്യായമായും ( 10:25) വിവരമില്ലാത്തവരിൽ നിന്നുമുള്ള വിമുക്തി (25:63 ) പ്രഖ്യാപനമായുമെല്ലാം ഈ സമാധാനമെന്ന സലാമാണ് ഖുർആൻ പഠിപ്പിച്ചിട്ടുള്ള സമാധാനം.

ഇസ്ലാമെന്നാൽ സമാധാന (സലാം)ത്തിലേക്കുള്ള പ്രവേശവും ഈമാനെന്നാൽ ശാന്തി (അംൻ )
യുടെ പ്രസരണവുമാണെന്നാണ് ആഗോള ചിന്തകൻ ഇസ്സുദ്ദീൻ ബലീഖ് അഭിപ്രായപ്പെടുന്നത്. അതിനാൽ തന്റെ കാര്യം അത്യുന്നതന്ന് സമർപ്പിക്കുകയും അവന്റെ കൽപ്പനകൾക്ക് കീഴടങ്ങുകയും അവന്റെ വിധികൾക്കും വ്യവസ്ഥക്കും വിധേയരാകുകയും ചെയ്യുന്ന വ്യക്തിക്ക് ലഭ്യമാവുന്ന മനസ്സമാധാനം അതിനാൽ തന്നെ അനിർവചനീയമാണ്. സർവ്വശക്തൻ മനുഷ്യന് നല്കുന്ന ശാന്തി പ്രസ്തുത വിശ്വാസിയുടെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ആളുകളുമായുള്ള ഇടപാടുകളിലും പ്രകടമാവും. അവർക്കിടയിൽ സമാധാനം വ്യാപിപ്പിക്കാൻ പ്രവാചകൻ പഠിപ്പിച്ച സലാമെന്ന അഭിവാദ്യ രീതി സമാധാനത്തിന്റെ അമ്പാസിഡർമാരാവണം നാമോരുത്തരും എന്നാണ് സദാ അവനെ ഓർമിപ്പിക്കേണ്ടത്. അറിയുന്നവർക്കും അറിയാത്തവർക്കും സലാമോതുക എന്ന പ്രവാചകാധ്യാപനം യാന്ത്രികമല്ലെങ്കിൽ ജാതി – മത – ഭാഷാ- സംസ്കാര ഭേദമന്യേ ജനങ്ങൾക്കിടയിൽ സൗഹൃദം, സ്നേഹം, അടുപ്പം എന്നിവയുടെ ചൈതന്യം പകരുന്നതിൽ അത്ഭുതകരമായ ഫലങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കേണ്ടതാണ് .

ഈ അഭിവാദന രീതി ഇസ്ലാമിക സമൂഹത്തിന്റെ മാത്രമല്ല, ആഗോള തലത്തിൽ തന്നെ വ്യത്യസ്ത സമൂഹങ്ങൾക്കിടയിൽ സമാധാനം വ്യാപിപ്പിക്കുന്നതിലേക്ക് നയിക്കണം. ഒരു വ്യക്തിയ്‌ക്കെതിരായ എല്ലാത്തരം ആക്രമണങ്ങളെയും നിരോധിക്കുകയും പ്രശ്നം തുടങ്ങുന്നവനെ കുറ്റവാളിയായി കാണുകയും ചെയ്യുന്ന നിയമ വ്യവസ്ഥിതി പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഇസ്‌ലാമിക നിയമം സമാധാനത്തിന്റെ ആശയം കൂടുതൽ ഗ്രാഹ്യവും ലളിതവുമാക്കുകയാണ് ചെയ്യുന്നത്. മനുഷ്യന്റെ ആത്മാവിനെ സമാധാനത്തിൽ നിലനിർത്തുകയും നിയമത്തിന്റെ സംരക്ഷണം ഉറപ്പു വരുത്തുകയും ചെയ്യുന്നു. സമഗ്രമായ നിയമനിർമ്മാണത്തിലൂടെ മനുഷ്യാത്മാവിനെ ധാർമ്മികമോ ഭൗതികമോ ആയ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിന് പടച്ചവൻ നിശ്ചയിച്ചിരിക്കുന്ന പരിമിതികൾ ഉറപ്പുനൽകുന്നു. മനുഷ്യരക്തത്തിന്റെ ലംഘനത്തെയും അതിനുള്ള പ്രതികാരത്തിന്റെ ആവശ്യകതയെയും സ്ഥിരീകരിക്കുന്ന പ്രതികാര / ഖിസാസ് നടപടികളും മുസ്‌ലിംകൾക്കിടയിൽ ജീവിക്കുന്ന ദിമ്മികളുടെ വിധികളും അവരുടെ അവകാശങ്ങളിലും മുസ്ലിം -അമുസ്ലിം പരിഗണനയേതുമില്ലാതെ സമാധാനപരമായി ജീവിക്കുന്നതും അവരുടെ പണം, അഭിമാനം എന്നിവ സംരക്ഷിക്കുന്നതും അവരുടെ ജീവൻ സംരക്ഷിക്കുന്നതും ഉൾപ്പെടുന്നു.

Also read: ‘ഇത് ഡിജിറ്റല്‍ അയിത്തം’

ലോകത്തിലെ ജനങ്ങൾക്കിടയിൽ സമാധാനം ആവശ്യപ്പെടുന്ന എല്ലാ അന്താരാഷ്ട്ര ഉടമ്പടികൾക്കും അന്താരാഷ്ട്ര സംഘടനകൾക്കും മാതൃകയാണ് ഇസ്ലാമിന്റെ സമാധാന പാഠങ്ങൾ . മുസ്ലീങ്ങൾ തമ്മിലുള്ള സാഹോദര്യത്തിന്റെ അടിത്തറയും മറ്റുള്ളവരുമായുള്ള ഉടമ്പടികളുടെ സംരക്ഷണവും സംബന്ധിച്ച് പ്രവാചകൻ മദീനയിൽ തന്റെ സമാധാന രാഷ്ട്രം സ്ഥാപിച്ചു കാണിച്ചു തന്നു . അങ്ങനെ സമൂഹത്തിലെ എല്ലാ ഘടകങ്ങളും അതിന്റെ അവകാശങ്ങളും കടമകളും അറിയുന്ന വിധത്തിൽ പരസ്പര സഹകരത്തിന്റേയും ഉൾകൊള്ളലിന്റേയും വിതാനത്തിലേക്ക് വളർന്നത് ആ രാഷ്ട്രത്തിന്റെ ചരിത്രത്തിൽ നമുക്ക് വായിക്കാനാവും.

എല്ലാവരും സുരക്ഷിതത്വത്തിലും സമാധാനത്തിലും ജീവിക്കുന്ന സാഹചര്യം നിലവിൽ വരുന്ന ,സമാധാനത്തിലും യുദ്ധത്തിലും ധാർമ്മികതയുള്ള സാമൂഹിക ക്രമം ഇസ്ലാം നിർബന്ധമാക്കുന്നു. യുദ്ധത്തിൽ പോലും വൃദ്ധരേയും സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുകയോ വീടുകൾ തകർക്കുകയോ പുരോഹിതരെ ഭയപ്പെടുത്തുകയോ മരങ്ങൾ വെട്ടിമാറ്റുകയോ ചെയ്യുന്നത് അനുവദനീയമല്ല എന്ന അധ്യാപനം അതിനുദാഹരണമാണ്. അഥവാ അടിയന്തരാവസ്ഥയിലും ഭീതിയല്ല, പ്രത്യുത ശാന്തതയാണ് സമാജങ്ങളെ സജീവമാക്കേണ്ടതെന്നാണ് പ്രസ്തുത പാഠങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത്. ഇന്നത്തെ ലോകത്തിന് നല്കേണ്ട സന്ദേശവും അത് തന്നെ.

(സെപ്റ്റം : 21 അന്താരാഷ്ട്ര സമാധാന ദിനം)

Facebook Comments

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

1975 മാര്‍ച്ച് 22 ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനനം. പിതാവ്: മല്ലികത്തൊടിയിൽ ഉസ്മാൻ. മാതാവ്: സനീറ എ.എ. മദ്‌റസത്തുൽ മുജാഹിദീൻ ഓറിയന്റൽ ഹൈ സ്‌കൂള്‍, കൊച്ചിൻ കോളേജ്, അസ്ഹറുൽ ഉലൂം കോളേജ്, നദ് വത്തുൽ ഉലമാ ലഖ്നോ, ദഅവാ കോളേജ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം (ആലിമിയ്യ) വാടാനപ്പളി ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ , അധ്യാപകൻ , സർക്കാർ കരിക്കുലം കമ്മിറ്റി , LPSA ആയിരുന്നു. നിലവിൽ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ സീനിയർ ലക്ചറർ, HCI ചെയർമാൻ, വിക്ടറി എഡ്യുക്കേഷൻ ട്രസ്റ്റ് മെമ്പർ ,SCERT കരിക്കുലം കമ്മറ്റി അംഗം, അത്തദാമുൻ/ഇസ്ലാം പാഠശാല എഡിറ്റർ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മലയാളം, അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. IPH പ്രസിദ്ധീകരിച്ച ബുഖാരി, തിർമുദി , വിജ്ഞാനകോശം, അറബി നിഘണ്ടു എന്നിവയുടെ പരിഭാഷ , എഡിറ്റിങ് , പ്രൂഫ് റീഡിങ് എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. ഭാര്യ: അൻസ, മക്കള്‍: അസ്വാല അൽഫിയ്യ, അസ്വീൽ അൽഫൈൻ, അമാൻ അസ്ലം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker