Current Date

Search
Close this search box.
Search
Close this search box.

പിന്നെയെങ്ങനെയാണ് നമസ്‌കരിക്കുന്നവരെ അറസ്റ്റ് ചെയ്യുക ?

ലഖ്‌നൗ ലുലുമാളില്‍ നമസ്‌കാരം നിര്‍വഹിച്ചതിന് ഏഴു പേരെയാണ് കഴിഞ്ഞയാഴ്ച ലഖ്‌നൗ പൊലിസ് അറസ്റ്റ് ചെയ്തത്.
ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, പൊതുശല്യം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് വ്യക്തികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

മാളില്‍ വെച്ച് പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചിരുന്നുവെന്നാണ് അറസ്റ്റിലായവരുടെ കുടുംബത്തിന്റെ വാദം. എന്നാല്‍, മാളിലും പരിസരത്തും ഒരുവിധത്തിലുള്ള മതപ്രാര്‍ത്ഥനകളും അനുവദിക്കില്ലെന്നാണ് മാള്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചത്. അതേസമയം, പൊതുസ്ഥലത്ത് പ്രാര്‍ത്ഥിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുക എന്ന ഒരു പ്രത്യേക ഉദ്ദേശ്യം ഉണ്ടായിരിക്കണം, അത് ഈ വിഷയത്തില്‍ പ്രകടമല്ല. മാത്രവുമല്ല, എല്ലാ ദിവസവും നിരവധി പൊതു ആരാധനകള്‍ രാജ്യത്ത് നടക്കുന്നുണ്ട്. സംസ്ഥാന അധികാരികള്‍ അവ തടയുന്നില്ല. അതിനാല്‍, ചില മതപരമായ പ്രവര്‍ത്തനങ്ങള്‍ മാത്രം ലക്ഷ്യമിടുന്നത് വിവേചനമാണ്.

ശിക്ഷാര്‍ഹമായ പ്രാര്‍ത്ഥന

കഴിഞ്ഞ കുറച്ച് മാസങ്ങളായി, പൊതുസ്ഥലത്ത് പ്രാര്‍ത്ഥന നടത്തിയതിന് മുസ്ലിംകള്‍ക്കെതിരെ കേസെടുത്ത നിരവധി സംഭവങ്ങളുണ്ട്. കഴിഞ്ഞ ശനിയാഴ്ച ഹരിദ്വാറില്‍ പരസ്യമായി നമസ്‌കരിച്ചതിന് എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അവര്‍ക്ക് ജാമ്യം ലഭിച്ചു. അതിനു മുന്‍പ്, വെള്ളിയാഴ്ച, പ്രയാഗ്രാജ് റെയില്‍വേ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ വെച്ച് ആളുകള്‍ നമസ്‌കരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. വീഡിയോ പ്രചരിപ്പിച്ചതോടെ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണ ഫലത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

ഇതിലെ രാഷ്ട്രീയം പുതിയതല്ല. കഴിഞ്ഞ ജൂണില്‍ അലിഗഢിലെ ഒരു പ്രൊഫസറെ കോളേജിലെ പുല്‍ത്തകിടിയില്‍ വെച്ച് നമസ്‌കാരം നിര്‍വഹിച്ചതിന് ഒരു മാസത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രൊഫസറിനെതിരെ കോളേജും പോലീസും അന്വേഷണം ആരംഭിച്ചു. മെയില്‍ താജ്മഹലിനുള്ളിലെ പള്ളിയില്‍ നമസ്‌കാരം നടത്തിയതിന് നാല് വിനോദസഞ്ചാരികളെ അറസ്റ്റ് ചെയ്തിരുന്നു.
നേരത്തെ ജനുവരിയില്‍ ബംഗളൂരുവിലെ റെയില്‍വേ സ്റ്റേഷനില്‍ നമസ്‌കാരം നടക്കുന്ന വെയ്റ്റിംഗ് റൂമിലേക്ക് ഒരു ഹിന്ദുത്വ സംഘടന അതിക്രമിച്ചു കയറുകയും നമസ്‌കാരം ‘ദേശീയ സുരക്ഷയ്ക്ക്’ ഭീഷണിയാണെന്ന് പരാതിപ്പെടുകയും ചെയ്തിരുന്നു. അധികൃതര്‍ ഇടപെട്ട് നമസ്‌കാരം നിര്‍ത്തിയില്ലെങ്കില്‍ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന് ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി’ അത്തരം പ്രാര്‍ത്ഥനകള്‍ അവിടെ നിര്‍വഹിക്കപ്പെടാറുണ്ടെന്ന് മാത്രമല്ല, റെയില്‍വേ സ്റ്റേഷനില്‍ ഒരു ക്ഷേത്രവും ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഹാളും ഉണ്ട്.

ഇത്തരം പ്രവൃത്തികള്‍ക്കെതിരെ ശിക്ഷിക്കാന്‍ ഉപയോഗിക്കുന്ന നിയമങ്ങള്‍ ?

ലുലു മാള്‍ സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ നാല് വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ പൊലിസ് കേസെടുത്തിരിക്കുന്നത്.
സംഘങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ (സെക്ഷന്‍ 153 എ), ഒരു വിഭാഗത്തിന്റെ മതവികാരങ്ങളെ പ്രകോപിപ്പിക്കല്‍ (സെക്ഷന്‍ 295 എ), ഒരു വ്യക്തിയെ തെറ്റായി തടയല്‍ (സെക്ഷന്‍ 341), പൊതു കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകള്‍ (സെക്ഷന്‍ 505). ഈ വകുപ്പുകളില്‍ ചിലതിന് കീഴില്‍,
അറസ്റ്റ് വാറന്റില്ലാതെയും ജാമ്യം ലഭ്യമാക്കാതെയും പോലീസിന് ഒരാളെ അറസ്റ്റ് ചെയ്യാമെന്നതാണ് പ്രത്യേകത.

ഹരിദ്വാറില്‍, പ്രതികള്‍ക്കെതിരെ ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 151 പ്രകാരമാണ് കേസെടുത്തത്. ഒരു കുറ്റകൃത്യം ചെയ്യുന്നത് തടയാന്‍ ഒരാളെ അറസ്റ്റ് ചെയ്യാന്‍ പോലീസുകാരെ അനുവദിക്കുന്നുണ്ട്. കൂടാതെ, ആഗ്രയില്‍, അറസ്റ്റിലായ നാല് പേര്‍ക്കെതിരെയും ഐ.പി.സി സെക്ഷന്‍ 153 പ്രകാരം കേസെടുത്തു, കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രകോപനത്തിനാണ് ഈ വകുപ്പില്‍ ശിക്ഷിക്കുക.

കുറ്റമല്ല

പൊതുസ്ഥലത്ത് നമസ്‌കരിച്ചതിന് ആളുകളെ അറസ്റ്റ് ചെയ്യുന്നത് ഇന്ത്യന്‍ നിയമത്തിന്റെ പിന്തുണയില്ലാത്ത പ്രവൃത്തിയാണെന്ന് നിരവധി നിയമവിദഗ്ധര്‍ പറയുന്നുത്. ‘എനിക്കറിയാവുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍, പൊതുസ്ഥലത്ത് നമസ്‌കരിക്കുന്നത് എങ്ങനെ ക്രിമിനല്‍ ബാധ്യതയാകുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല,’ ഡല്‍ഹി ആസ്ഥാനമായുള്ള മുതിര്‍ന്ന അഭിഭാഷക നിത്യ രാമകൃഷ്ണന്‍ ചോദിക്കുന്നു.

ശത്രുത പ്രോത്സാഹിപ്പിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമായ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രയോഗിക്കുന്നതിന്, ‘അശാന്തിക്ക് കാരണമാകുന്ന പ്രവൃത്തികള്‍ ചെയ്യുന്നതില്‍ ഒരു പ്രത്യേക ക്രിമിനല്‍ ഉദ്ദേശ്യം ഉണ്ടായിരിക്കണം, അത് ഞാന്‍ ഇവിടെ കാണുന്നില്ല,’ ഡല്‍ഹി ആസ്ഥാനമായുള്ള മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ പറഞ്ഞു.

‘മുസ്ലീം ജീവനക്കാര്‍ക്ക് അവരുടെ മതത്തില്‍ ഉറച്ചുനില്‍ക്കാനും ദിവസവും അഞ്ച് നേരം നമസ്‌കരിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, അത് ഒരു ക്രിമിനല്‍ നടപടിയും ക്ഷണിച്ചു വരുത്തുന്നതാവരുത്. കൂടാതെ, ആരെയെങ്കിലും ദ്രോഹിച്ചാല്‍ മാത്രമേ ഒരു പ്രവൃത്തി കുറ്റകൃത്യമായി കാണാന്‍ കഴിയൂ. ‘ഒരു ദോഷവും സംഭവിച്ചില്ലെങ്കില്‍, ക്രിമിനല്‍ നടപടിയുണ്ടാകില്ല,’ ഡല്‍ഹി ആസ്ഥാനമായുള്ള അഭിഭാഷകന്‍ തല്‍ഹ അബ്ദുള്‍ റഹ്‌മാന്‍ പറഞ്ഞു.

നിയമത്തിന്റെ തെറ്റായ പ്രയോഗം

പൊതുസ്ഥലത്ത് പ്രാര്‍ത്ഥിക്കുന്നത് നിരോധിക്കാന്‍ പരിമിതമായ കാരണങ്ങളുണ്ട്. എന്നിരുന്നാലും, അവ പോലും മേല്‍പറഞ്ഞ സാഹചര്യത്തില്‍ ബാധകമല്ല. പൊതുസ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് മാത്രമാണ് നിയമം നിരോധിക്കുന്നതെന്നും തല്‍ഹ റഹ്‌മാന്‍ ചൂണ്ടിക്കാട്ടി. ‘എന്നാല്‍ പ്രാര്‍ത്ഥിക്കുക എന്നത് നിങ്ങളുടെ മനസ്സാക്ഷി പ്രകടിപ്പിക്കുന്നതിന് തുല്യമാണ്. അത് ആളുകള്‍ക്ക് എവിടെ വെച്ചും ചെയ്യാന്‍ കഴിയും. ‘
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 (1) പ്രകാരം, സ്വതന്ത്രമായി ‘മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം രാജ്യം പൗരന് ഉറപ്പുനല്‍കുന്നുണ്ട്. പൊതുക്രമം, ധാര്‍മ്മികത, ആരോഗ്യം, ഭരണഘടനയുടെ മൗലികാവകാശ അധ്യായത്തിലെ മറ്റ് വ്യവസ്ഥകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഈ അവകാശം നിയന്ത്രിക്കാന്‍ കഴിയൂ. അതിനാല്‍, ഞാന്‍ പൊതുക്രമസമാധാന പ്രശ്നമുണ്ടാക്കുകയോ മറ്റൊരാളുടെ അവകാശങ്ങളെ തടസ്സപ്പെടുത്തുകയോ ചെയ്യുകയാണെങ്കിലോ പറയൂ, അപ്പോള്‍ എന്റെ അവകാശം നിങ്ങള്‍ക്ക് വെട്ടിക്കുറയ്ക്കാം,” സുപ്രീം കോടതി അഭിഭാഷകനായ നിസാം പാഷ പറഞ്ഞു. ‘എന്നാല്‍ ഇവിടെ അങ്ങനെയല്ല.’

ആരാധന നിരോധിക്കുന്ന ചില നിയമങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരിക്കാം. ഒരു സിനിമാ ഹാളില്‍ പ്രാര്‍ത്ഥന നിരോധിക്കുന്നതിന് നിങ്ങള്‍ക്ക് ഒരു നിയമം ഉണ്ടായിരിക്കാം,” അഭിഭാഷകനായ ഹെഗ്ഡെ പറഞ്ഞു. ”എന്നാല്‍ അത് ലംഘിച്ചാല്‍ മാത്രമേ സിവില്‍ നടപടിയെ ആകര്‍ഷിക്കാന്‍ കഴിയൂ, അതിന് ജയില്‍ ശിക്ഷയില്ല. അതിനാല്‍, ലുലു മാള്‍ പ്രാര്‍ത്ഥന നിരോധിച്ചാലും നടപടിക്ക് ക്രിമിനല്‍ ബാധ്യത വരുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മതപരമായ വിവേചനം

ഇന്ത്യയില്‍ പൊതുസ്ഥലത്ത് പ്രാര്‍ത്ഥനകള്‍ പതിവായി നടക്കുന്നുണ്ടെന്നും പൊതുസ്ഥലങ്ങളില്‍ ആരാധന നടത്തുന്നവര്‍ക്കെതിരെ സംസ്ഥാനം ചട്ടം പോലെ പ്രവര്‍ത്തിക്കാറില്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. മതപരമായ പ്രകടനം ഇന്ത്യയില്‍ ഒരു സാധാരണ സംഭവമാണ്,’ രാമകൃഷ്ണന്‍ പറഞ്ഞു. ‘പൊതു റോഡുകളിലും പാര്‍ക്കുകളിലും ഭജനകള്‍ പോലെ’ നിരവധി മതപരമായ പരിപാടികള്‍ നടക്കാറുണ്ട്്. എന്നിരുന്നാലും, ചില പ്രത്യേക മത പ്രാര്‍ത്ഥനകളെ മാത്രം ലക്ഷ്യം വയ്ക്കുന്നത് ‘അതിനെതിരെയുള്ള മുന്‍വിധിയുടെ ഭാഗമായാകും’ ”ഇപ്പോള്‍ നടക്കുന്നത് ഒരു മതത്തോടുള്ള സ്വേച്ഛാപരമായ വിവേചനമാണ്,”പൊതുസ്ഥലത്ത് പ്രാര്‍ത്ഥിക്കുന്നത് നിരോധിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സംസ്ഥാനം ഭജനകളും സമാനമായ ആരാധനകളും നിരോധിക്കുമോ ?

 

അവലംബം: scroll.in
വിവ: സഹീര്‍ വാഴക്കാട്

 

 

 

Related Articles