Current Date

Search
Close this search box.
Search
Close this search box.

ബെഹ്‌റയെന്ന സംഘ്പരിവാറുകാരൻ

കേരള പോലിസിലെ കാവിവൽകരണം കേവലം ആരോപണമല്ലെന്നും വ്യക്തമായ തെളിവുകളുടെ പിൻബലമുള്ളതാണെന്നും ലോകനാഥ് ബെഹ്‌റ ഡി.ജി.പിയായി സ്ഥാനമേറ്റ ആദ്യ നാളുകളിൽ തന്നെ ഉയർന്നുകേട്ടിരുന്നു. ബെഹ്‌റയെന്ന സംഘ്പരിവാറുകാരൻ ആരുടെ നോമിനിയാണെന്ന് ഊട്ടിയുറപ്പിക്കുന്നതായിരുന്നു അദ്ദേഹം ഇടപെട്ട ഓരോ സംഭവങ്ങളും.

സംഘ്പരിവാർ നേതാക്കളും പ്രവർത്തകരും നടത്തുന്ന മതസ്പർധ ഉണ്ടാക്കുന്നതും പ്രകോപനപരപവുമായ പ്രസംഗങ്ങൾ, പ്രസ്താവനകൾ തുടങ്ങിയവ കണ്ടില്ലെന്ന് നടിക്കുക, ന്യൂനപക്ഷ വിഭാഗങ്ങൾ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവർക്കെതിരെ നിസ്സാര കാര്യങ്ങൾക്ക് മുൻപിൻ നോക്കാതെ കേസ് ചാർജ് ചെയ്യുക തുടങ്ങി സംഘ് പരിവാറിന്റെ ഏജന്റായാണ് ബെഹ്‌റ പ്രവർത്തിച്ചിരുന്നത് എന്നത് ഡി. ജി. പി എന്ന നിലയിൽ രണ്ടു ഘട്ടങ്ങളിലായുള്ള അഞ്ചു കൊല്ലത്തെ അദ്ദേഹത്തിന്റെ സർവീസ് പരിശോധിച്ചാൽ മനസ്സിലാകും.

വിരമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ബി.ജെ.പിയോടുള്ള തന്റെ കൂറ് തെളിയിക്കാൻ ശ്രമിക്കുന്ന ബെഹ്‌റയെ കേരളം കണ്ടതിൽ ഒട്ടും അത്ഭുതമില്ല. കേരള പോലീസ് സംവിധാനത്തിന്റെ തലപ്പത്തിരുന്ന് സംഘ്പരിവാറിന്റെ വംശീയ ഉന്മൂലന രാഷ്ട്രീയത്തെ പ്രതിനിധീകരിക്കാൻ ഒരു ഇടതുപക്ഷ സർക്കാറിന്റെ കീഴിലുള്ള പോലിസ് ഉദ്യോഗസ്ഥൻ ധൈര്യപ്പെട്ടുവെന്നത് നിസ്സാരമായ കാര്യമല്ല. വ്യാജ ഏറ്റുമുട്ടലുകളിലൂടെ ഒമ്പതു പേരെ വധിച്ചതിനെയും നിരപരാധികളെ യു.എ.പി.എ ചാർത്തി പീഡിപ്പിച്ചതിനെയും ന്യായീകരിക്കുക വഴി ഭരണകൂട ഭീകരതയെ ശരിവെക്കുകയാണ് അദ്ദേഹം.

കാസർഗോട്ട് റിയാസ് മൗലവിയെയും പിഞ്ചു ബാലനെയും കഴുത്തറത്തു കൊന്ന സംഭവങ്ങൾ, ഇസ്ലാം ആശ്ലേഷിച്ചതിന്റെ പേരിൽ
കൊടിഞ്ഞിയിലെ ഫൈസലിനെ വധിച്ച കേസ് എന്നിവയിൽ പ്രതികൾ ആർ എസ് എസുകാരായിരുന്നു. ബോംബ്, കള്ളത്തോക്ക് നിർമാണങ്ങൾ, രാജ്യ ദ്രോഹ കുറ്റങ്ങളായ കള്ളനോട്ട്, കുഴൽപ്പണ ഇടപാടുകൾ, മലപ്പുറത്തെ ക്ഷേത്രത്തിൽ വിഗ്രഹങ്ങളെ മലിനമാക്കി വർഗീയ കലാപം അഴിച്ചുവിടാൻ നടത്തിയ ഗൂഡാലോചന തുടങ്ങിയ കേസുകളിലൊക്കെ പിടിക്കപ്പെട്ടത് സംഘ് പരിവാരങ്ങളാണ്. വർഗീയ, വിദ്വേഷ പ്രസംഗങ്ങളുടെ കാളകൂടങ്ങളായ ശശികല, ഡോ. എൻ. ഗോപാലകൃഷ്ണൻ മുതൽ ചാനൽ ചർച്ചകളിൽ വിദ്വേഷ പ്രചരണങ്ങൾ മുഖ്യ തൊഴിലാക്കിയവരൊക്കെയും സംഘ് പരിവാരുകാരാണ്. അവരെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ ഇല്ലാത്ത സ്ലീപ്പർ സെല്ലുകളെപ്പറ്റി ചിലക്കുന്ന ബെഹ്റയെ നമുക്ക് മനസ്സിലാക്കാം. അയാളെക്കൂടി നിയന്ത്രിക്കാൻ അധികാരമുള്ള ആഭ്യന്തര മന്ത്രി ഇത്ര ഗുരുതരമായ ആരോപണത്തെ പറ്റി മിണ്ടാത്തത് എന്തുകൊണ്ട്?

കോളേജ് വിദ്യാർഥിയായിരുന്ന ഇശ്‌റത് ജഹാനെയും മറ്റു മൂന്നുപേരെയും 2004 ജൂണിൽ വ്യാജ ഏറ്റുമുട്ടലിൽ ഗുജറാത്ത് പോലിസ് വധിച്ച കേസിൽ അന്നത്തെ സംസ്ഥാന ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ക്ലീൻ ചിറ്റ് നൽകിയ എൻ.ഐ.എയുടെ നാലംഗ അന്വേഷണ സംഘത്തിൽ പ്രമുഖനായിരുന്നു ബെഹ്‌റ. ഇതേ ബെഹ്‌റയെ കേരള പോലീസിന്റെ തലപ്പത്ത് വാഴിക്കുക മാത്രമല്ല, വിശുദ്ധനായി പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. ബെഹ്‌റയുടെ നിയമനവും ലാവ്‌ലിൻ കേസും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നത് അന്വേഷിക്കേണ്ട കാര്യമാണ്.

സംഘ്പരിവാറിന്റെ തോഴനായ ഒരാൾ കമ്മ്യൂണിസ്റ്റ് സർക്കാറിനു കീഴിൽ പോലീസ് മേധാവിയായി വാണരുളുന്ന ഘട്ടത്തിലാണ് അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ വിജിലൻസ് അഴിമതി വിരുദ്ധ വിഭാഗം മേധാവിയായി പ്രശസ്ത ഐ.പി.എസ് ഉദ്യോഗസ്ഥൻ പി. കന്തസ്വാമിയെ ഡി.ജി.പി റാങ്കോടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമിക്കുന്നത്. ആരാണീ കന്തസ്വാമി? 2010ൽ സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ ഗുജറാത്ത് ആഭ്യന്ത മന്ത്രിയായിരുന്ന അമിത് ഷായെ അറസ്റ്റ് ചെയ്യാൻ ധൈര്യം കാണിച്ച സി.ബി.ഐ അന്വേഷണ സംഘത്തിന്റെ തലവൻ. തമിഴ്നാട് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന കന്തസ്വാമി സി.ബി.ഐയിൽ ഐ.ജി ആയിരുന്നപ്പോഴാണ് ഡെപ്യൂട്ടി ആയിരുന്ന ഡിഐജി അമിതാഭ് ഠാക്കൂറുമൊത്ത് അമിത് ഷായെ അറസ്റ്റ് ചെയ്തത്. കേസിൽ അമിത് ഷായെ കോടതി പിന്നീട് കുറ്റമുക്തനാക്കിയെന്നത് മറ്റൊരു കാര്യം.

ബെഹ്റയുമായി വല്ലാത്ത ആത്മ ബന്ധമായിരുന്നു പിണറായി വിജയന്. പോലീസിനെതിരെ ചില കേന്ദ്രങ്ങൾ കുപ്രചാരണം നടത്തുവെന്നും ഡി ജി പി ലോക്നാഥ് ബെഹ്റക്ക് ബി ജെ പി ബന്ധമുള്ളതായി പ്രചരിപ്പിക്കുന്നുവെന്നും അവരെ കണ്ടെത്താൻ ശ്രീലേഖ ഐ പി എസ്സിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുമെന്നും പ്രഖ്യാപിച്ചയാളായിരുന്നല്ലോ പിണറായി. അദ്ദേഹത്തിന്റെ അനുയായികളും അതേറ്റു പിടിക്കാൻ മുന്നിലുണ്ടായിരുന്നു.

എന്നാൽ, കേരളത്തിലെ പോലീസ് സംഘ് പരിവാർ നയമാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത് എന്നത് ഒരു ആരോപണമോ ദുഷ്പ്രചാരണമോ അല്ലെന്നും മറിച്ച് അതൊരു വസ്തുത മാത്രമാണെന്നെും അതിനുള്ള തെളിവുകൾ ബോധ്യപ്പെടുത്താമെന്നും വ്യക്തമാക്കി ന്യൂദൽഹിയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഓപ്പൺ മാഗസിന്റെ സീനിയർ അസിസ്റ്റന്റ് എഡിറ്റർ ഷാഹിന ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്ക് 2016 ഡിസംബറിൽ ഫെയ്‌സ്ബുക്കിലൂടെ തുറന്ന കത്ത് എഴുതുകയുണ്ടായി. പ്രസ്തുത കത്തിൽ ചൂണ്ടിക്കാട്ടിയ വിഷയങ്ങൾ ഈയവസരത്തിൽ പ്രസക്തമാണ്.
ഷാഹിനയുടെ കത്തിൽ പറഞ്ഞ കാര്യങ്ങൾ:

ബി ജെ പിയും ആർ എസ് എസ്സും പ്രതിസ്ഥാനത്തു വരുന്ന സംഭവങ്ങളിൽ പരാതി ഉണ്ടായിട്ടു പോലും കേസെടുക്കാൻ പോലീസ് തയ്യാറാവുന്നില്ല. എന്നാൽ മനുഷ്യാവകാശ പ്രവർത്തകർക്കും എഴുത്തുകാർക്കും, ഇടതു പക്ഷ പ്രവർത്തകർക്കുമെതിരെ ബി ജെപി യും യുവ മോർച്ചയുമൊക്ക കൊടുക്കുന്ന ഒറ്റ പരാതി പോലും നടപടി ഉണ്ടാകാതെ പോകുന്നില്ല. പലപ്പോഴും പരാതി ഇല്ലാതെ തന്നെ പോലീസ് സ്വമേധയാ കേസെടുക്കുക പോലും ചെയ്യുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത് . സമീപകാലത്തെ ചില സംഭവങ്ങളിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

1 . താങ്കൾ പേരെടുത്തു പറഞ്ഞു പിന്തുണച്ച ചലച്ചിത്ര സംവിധായകൻ കമലിന്റെ വീടിനു മുന്നിൽ യുവമോർച്ചപ്രവർത്തകർ ദേശീയ ഗാനം പാടി പ്രതിഷേധിച്ച സംഭവത്തിൽ തളിക്കുളം സ്വദേശിയായ ഒരാൾ 14/12/2016 ൽ ഒരു പരാതി കൊടുത്തിരുന്നു . ദേശീയഗാനത്തെ അവഹേളിച്ചു എന്നായിരുന്നു പരാതി. എന്നാൽ അനുവാദം വാങ്ങിക്കാതെ റോഡ് ഉപരോധിച്ചു എന്ന കുറ്റം മാത്രം ചുമത്തിയാണ് എഫ് ഐ ആർ ഇട്ടിട്ടുള്ളത്. ഇതേക്കുറിച്ചു അന്വേഷിച്ചപ്പോൾ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്, അവർ വിശദമായി അന്വേഷിച്ചു എന്നും പരാതിയിൽ കഴമ്പില്ല എന്ന് കണ്ടെത്തി എന്നുമാണ്. ഇരുന്നിട്ടല്ല, മറിച്ചു നിന്ന് കൊണ്ട് തന്നെയാണ് അവർ ദേശീയ ഗാനം പാടിയത് എന്നാണ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞത്. മാത്രമല്ല പോലീസ് ഈ വിഷയത്തിൽ നിയമോപ്രദേശം തേടിയെന്നും അദ്ദേഹം പറഞ്ഞു. 1971 ലെ പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് സെക്ഷൻ 3 മാത്രമാണ്, ദേശീയ ഗാനത്തെ അവഹേളിച്ചാൽ കേസെടുക്കാൻ കഴിയുന്ന ഒരേയൊരു വകുപ്പ് എന്നും സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. ഈ വകുപ്പിന്റെ പരിധിയിൽ വരുന്ന തരത്തിലുള്ള കുറ്റ കൃത്യം നടന്നിട്ടില്ല എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു . ഒരു എഫ് ഐ ആർ ഇടാൻ പോലും വിശദമായ അന്വേഷണം നടത്തുകയും നിയമോപദേശം തേടുകയും ചെയ്യുന്ന ഈ രീതി പ്രശംസനീയം തന്നെ. പക്ഷേ , നിർഭാഗ്യവശാൽ, സംഘ്പരിവാർ പ്രതിസ്ഥാനത്തു വരുമ്പോൾ മാത്രമാണ് പോലീസ് ഈ അവധാനത പ്രകടിപ്പിക്കുന്നത് . കമൽ സി ചവറയുടെ കാര്യത്തിൽ ഇതേ സ്വഭാവമുള്ള പരാതിയിന്മേൽ പോലീസ് എടുത്ത നടപടി അങ്ങേയറ്റം നിയമ വിരുദ്ധമായിരുന്നു . താങ്കൾക്ക് ഇടപെട്ടു അത് തിരുത്തേണ്ടി വന്ന ഒരു സാഹചര്യം ആണുണ്ടായത് . ചലച്ചിത്ര മേളക്കിടെ ഡെലിഗേറ്റുകൾ ദേശീയ ഗാനത്തെ അവഹേളിച്ചു എന്ന യുവമോർച്ചയുടെ പരാതിയിന്മേൽ പോലീസ് കാട്ടിയ അതുൽസാഹം താങ്കളുടെ ശ്രദ്ധയിൽ പെട്ടിരിക്കും എന്ന് കരുതുന്നു . സിനിമ കാണാൻ വന്ന പന്ത്രണ്ടു പേരെ അറസ്റ്റു ചെയ്തു കൊണ്ട് പോകുകയും അവർക്കെതിരെ ഐ പി സി സെക്ഷൻ 188 പ്രകാരം കേസെടുക്കുകയും ചെയ്തു . ആ സെക്ഷൻ ഈ വിഷയത്തിൽ എങ്ങനെ ബാധകമാവുമെന്നു വിശദീകരിക്കാനുള്ള ബാധ്യത പോലീസിനുണ്ട് .അവർ അതിൽ പരാജയപ്പെട്ടിരിക്കുന്നു.

കമലിന്റെ വീടിനു മുന്നിൽ ദേശീയഗാനം പാടി പ്രതിഷേധിച്ച സംഭവത്തിൽ പൊലീസിനു കിട്ടി എന്ന് പറയപ്പെടുന്ന നിയമോപദേശവും സംഘ് പരിവാർ കേന്ദ്രങ്ങളിൽ നിന്ന് തന്നെയാണ് എന്ന് അനുമാനിക്കേണ്ടി വരും. കാരണം തെറ്റായ നിയമോപദേശമാണ് അത് . 2016 ജനുവരി 5 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം പ്രതിഷേധ പ്രകടനത്തിനായി ദേശീയ ഗാനം ആലപിച്ചത് നിയമ ലംഘനമാണ് . ഏതൊക്കെ സന്ദർഭങ്ങളിൽ ദേശീയ ഗാനം ആലപിക്കാമെന്നു ആ ഉത്തരവിൽ പറയുന്നുണ്ട് . അങ്ങനെ നോക്കുമ്പോൾ അവർക്കെതിരെ കേസെടുക്കേണ്ടി വരും . ദേശീയ ഗാനത്തിന്റെ പേരിൽ ആർക്കുമെതിരെയും കേസ് എടുക്കരുത് എന്ന് തന്നെയാണ് വ്യക്തിപരമായി എന്റെ നിലപാട് . പക്ഷേ ഈ വിഷയത്തിൽ പോലീസ് വ്യക്തമായും സംഘ് അനുകൂല നിലപാടാണ് എടുക്കുന്നത് എന്ന് താങ്കളെ ബോധ്യപ്പെടുത്താനാണ് ഇത്രയും പറഞ്ഞത് .

2 . നിലമ്പൂരിലെ വ്യാജ ഏറ്റുമുട്ടൽ കൊല ഡി ജി പി ലോക്നാഥ് ബെഹ്റ നേരിട്ട് ആസൂത്രണം ചെയ്തു നടപ്പിലാക്കിയതല്ല എന്ന് കരുതാവുന്ന ഒരു സാഹചര്യവും നിലവിലില്ല . ആ സംഭവത്തിൽ വ്യക്തമായും സംഘ് പരിവാർ താത്പര്യം പ്രവർത്തിച്ചിട്ടുണ്ടെന്നു പിന്നീട് നടന്ന സംഭവങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ കാണാൻ കഴിയും . ഡിസംബർ 3 നു പടുക്ക ഫോറസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സംഭവങ്ങൾ ഇത്തരത്തിൽ വ്യക്തമായ സൂചന നൽകുന്നതാണ് . തണ്ടർ ബോൾട്ടിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് ആർ എസ് എസ് / ബി ജെ പി പ്രവർത്തകർ അവിടെ ഫ്ലെക്സ് കെട്ടി . മാധ്യമപ്രവർത്തകരടക്കമുള്ള നാട്ടുകാർ ഇതിനെല്ലാം സാക്ഷികളാണ് . ഫ്ലെക്സ് എവിടെ വെക്കണമെന്ന കാര്യത്തിൽ നിർദേശം നൽകിയതും അതിനവരെ സഹായിച്ചതുമെല്ലാം പോലീസായിരുന്നുവെന്ന് അപ്പോൾ അവിടെ ഉണ്ടായിരുന്ന മാധ്യമപ്രവർത്തകർ പറയുന്നു . ഒരു സംഘം മനുഷ്യാവകാശ പ്രവർത്തകർ ഒരു ഫാക്ട് ഫൈൻഡിങ് മിഷനുമായി അന്നേ ദിവസം അവിടെ എത്തിയിരുന്നു . അവരെ പടുക്ക ഫോറസ്റ്റ് ഓഫീസിനു മുന്നിൽ വെച്ച് ആർ എസ് എസ് /ബി ജെ പി പ്രവർത്തകർ തടഞ്ഞു . നാട്ടുകാരെ കണ്ടു സംസാരിക്കാനോ വിവരങ്ങൾ ശേഖരിക്കാനോ സമ്മതിക്കില്ല എന്നായിരുന്നു ആ ആൾക്കൂട്ടത്തിന്റെ നിലപാട് .ബി ജെ പി യുടെ പ്രാദേശിക നേതാവ് അറുമുഖന്റെയും മറ്റും നേതൃത്വത്തിലാണ് ഈ തടയലും ബഹളവുമൊക്കെ ഉണ്ടായതു . അവർ ഒരു വലിയ ആൾക്കൂട്ടം തന്നെയുണ്ടായിരുന്നു .സംഘർഷാവസ്ഥയുണ്ടാക്കാനാണ് അവർ ശ്രമിച്ചത് .മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങൾ അതിനു തെളിവാണ് . നിഷ്പക്ഷമായി നിയമം നടപ്പിലാക്കുന്ന പോലീസായിരുന്നുവെങ്കിൽ ഇവർക്കെതിരെ ഐ പി സി സെക്ഷൻ 143 ,147 പ്രകാരം കേസെടുക്കേണ്ടതാണ് . പക്ഷേ സംഘ്പരിവാറിന്റെ പക്ഷം ചേർന്ന പോലീസ് വസ്തുതാന്വേഷണത്തിനു എത്തിയ സംഘത്തെ തിരിച്ചയക്കുകയാണ് ഉണ്ടായതു . നാട്ടുകാരെ കണ്ടു സംസാരിച്ചു വിവരങ്ങൾ ശേഖരിക്കാൻ ഏതൊരു പൗരനുമുള്ള ന്യായമായ അവകാശം നിഷേധിച്ച പോലീസ് സംഘ് പരിവാറിന്റെ അജണ്ടയാണ് അവിടെ നടപ്പിലാക്കിയത് . അതേ സമയം ഏറ്റുമുട്ടൽ കൊലയിൽ പ്രതിഷേധിച്ചു പ്രകടനം നടത്തിയ എ ഐ വൈ എഫ് പ്രവർത്തകർക്കെതിരെ നിയമവിരുദ്ധമായി സംഘം ചേരൽ , കലാപമുണ്ടാക്കാനുള്ള ശ്രമം , പൊതു വഴി തടസ്സപ്പെടുത്തൽ (ഐ പി സി 143, 148 ,283 ) തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്തു . നിലമ്പുർ നഗരസഭാ കൗൺസിലർ പി എം ബഷീർ ഉൾപ്പെടെ 68 എ വൈ എഫ് പ്രവർത്തകർക്ക് എതിരെയാണ് കേസെടുത്തിട്ടുള്ളത് .

3 .കുപ്പു ദേവരാജന്റെ മൃതദേഹം സംസ്‌കരിക്കാൻ കൊണ്ട് പോകുമ്പോൾ പൊറ്റമ്മലിൽ വെച്ച് ഒരു സംഘം ബി ജെ പി പ്രവർത്തകർ റോഡ് ഉപരോധിച്ചു . സംഘർഷ സാധ്യത കണക്കിലെടുത്ത്, കൊല്ലപ്പെട്ടവരുടെ അടുത്ത സുഹൃത്തുക്കളെ പോലും നിയന്ത്രിച്ച പോലീസ്, റോഡ് തടഞ്ഞ ബി ജെ പി ക്കാർക്കെതിരെ യാതൊരു നടപടിയും എടുത്തില്ല . കൊല്ലപ്പെട്ട ഒരാളുടെ മൃതദേഹം വഹിച്ചുള്ള വാഹനമാണ് അവർ തടഞ്ഞത് . അങ്ങേയറ്റം സംഘർഷം ഉണ്ടാകാനിടയുള്ള ഒരു സാഹചര്യമാണ് അവിടെ ഉണ്ടായത് . കുപ്പു ദേവരാജന്റെ മൃതദേഹത്തെ അനുഗമിച്ചിരുന്നവർ വലിയ അപകടകാരികളെന്നു പോലീസ് വിലയിരുത്തുന്ന മാവോയിസ്റ്റ് അനുഭാവികളുടെ ഏക പക്ഷീയമായ സംയമനം കൊണ്ട് മാത്രമാണ് അന്നവിടെ സംഘർഷം ഒഴിവായത് . നിലമ്പൂരിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയും നിയമം കയ്യിലെടുക്കുകയോ മൃതദേഹത്തെ പോലും അപമാനിക്കുന്ന തരത്തിൽ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ഇടതു ഭരണത്തിൻ കീഴിൽ സംഘ് പരിവാറിന് ഇത്രയും ധാർഷ്ട്യം ഉണ്ടാകുന്നത് എന്ത് കൊണ്ടാണ് എന്ന് താങ്കൾ ആലോചിക്കേണ്ടതാണ് . പോലീസിന്റെ അകമഴിഞ്ഞ പിന്തുണ തന്നെയാണ് കാരണം എന്നതിന് ഇവിടെ പറയുന്ന സംഭവങ്ങൾ തെളിവാണ് .

4 .മൃതദേഹം വഹിച്ചു കൊണ്ടുള്ള വാഹനം തടഞ്ഞു സംഘർഷമുണ്ടാക്കാൻ ശ്രമിച്ച ബി ജെ പി ക്കാർക്കെതിരെ ചെറു വിരലനക്കാൻ തയ്യാറാവാതിരുന്ന പോലീസ്, നവംബർ 26 നു പ്രതിഷേധ പ്രകടനം നടത്തിയ ഗ്രോ വാസു അടക്കമുള്ളവർക്കെതിരെ കേസെടുത്തു. അതിലും പരാതിക്കാരില്ല, പോലീസ് സ്വമേധയാ എടുത്ത കേസാണ്. നിയമവിരുദ്ധമായ സംഘം ചേരൽ, കലാപമുണ്ടാക്കാൻ ശ്രമം, പൊതു വഴി തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഒക്കെ തന്നെയാണ് ചുമത്തിയിട്ടുള്ളത്. രാഷ്ട്രീയമായി വിയോജിപ്പുള്ളവരടക്കം ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് വാസുവേട്ടൻ എന്ന് വിളിക്കുന്ന ഗ്രോ വാസു. അദ്ദേഹത്തെപ്പോലും ഭീകരവാദിയെപ്പോലെ കൈകാര്യം ചെയ്യുകയാണ് പോലീസ് ചെയ്തത്. മാവോയിസ്റ്റ് അനുഭാവികൾ മാത്രമല്ല ആ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്. സോളിഡാരിറ്റി പോലുള്ള സംഘടനകളുടെ പ്രവർത്തകരും പങ്കെടുത്തിരുന്നു .മാവോയിസ്റ്റുകളോ സോളിഡാരിറ്റിയോ ഉയർത്തുന്ന രാഷ്ട്രീയത്തോട് വിയോജിക്കുമ്പോൾ തന്നെ അവർക്ക് കൂടി രാഷ്ട്രീയം പറയാനുള്ള ഇടം ഉണ്ടാകണം ജനാധിപത്യത്തിൽ.

ഒരു പരിധി വരെയെങ്കിലും വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളെ അംഗീകരിച്ചു പോന്ന ഒരു ചരിത്രം തന്നെയാണ് കേരളത്തിനുള്ളത്. അതിൽ നിന്നും വ്യത്യസ്തമായി എല്ലാ എതിർ ശബ്ദങ്ങളെയും അടിച്ചമർത്തുന്ന രീതിയിലേക്ക് കേരളം മാറുകയാണ്. ആ മാറ്റത്തിന്റെ ചാലക ശക്തി ഹൈന്ദവ വലതു പക്ഷവൽക്കരണമാണ്. മാവോയിസ്റ്റ് അനുഭാവിയാകുന്നത് ഒരു കുറ്റമല്ല എന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി ഒന്നിലധികം വിധിന്യായങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്. ദേശീയ ഗാനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ഓടി നടക്കുന്ന കേരളാപ്പോലീസ് മേൽപറഞ്ഞ വിധികളെ എന്ത് കൊണ്ട് മാനിക്കുന്നില്ല? കാരണം വ്യക്തമാണ്. സംഘ് പരിവാറിന്റെ രാഷ്ട്രീയത്തിന് വിരുദ്ധമാണ് പ്രസ്തുത കോടതി വിധികൾ.

5 . കുപ്പു ദേവരാജിന്റ മൃതദേഹം പൊതു ദർശനത്തിനു വെക്കരുതെന്ന് ആവശ്യപ്പെട്ട് 09 / 12 / 2016 ൽ കോഴിക്കോട് ജില്ലാ പോലീസ് മേധാവി കുപ്പു ദേവരാജന്റെ സഹോദരന് നൽകിയ കത്തിൽ പറയുന്നത് ഇങ്ങനെയാണ് . ‘We got reliable information that there is a plan to exhibit the dead body publicly at some places in Kozhikkodu ctiy.The same will lead to serious law and order issues as the general public are opposing the move..’. മൃത ദേഹം പൊതു ദർശനത്തിന് വെക്കുന്നതിനെ പരസ്യമായി എതിർത്തിട്ടുള്ളത് ബി ജെ പി മാത്രമാണ്. അവരാണോ, അഥവാ അവർ മാത്രമാണോ ഇവിടത്തെ ജനറൽ പബ്ലിക് ? ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സി പി ഐ യുടെ നേതാക്കൾ കുപ്പു ദേവരാജന്റെ മൃതദേഹത്തിൽ അഭിവാദ്യമർപ്പിച്ചിരുന്നു. പൊതു ദർശനത്തിനു വെക്കരുതെന്നോ ക്രമസമാധാന പ്രശ്നമുണ്ടാവുമെന്നോ മുഖ്യ പ്രതിപക്ഷ കക്ഷികളായ കോൺഗ്രസോ ലീഗോ ആവശ്യപ്പെട്ടിരുന്നില്ല. എന്നിട്ടും പോലീസ് പറയുന്നു പൊതു ജനം എതിരാണെന്ന്. സംഘ് പരിവാർ മാത്രമാണ് കേരള പോലീസിന്റെ പൊതു ജനം എന്നതിന് മറ്റെന്തു തെളിവ് വേണം? ഇനി , ക്രമ സമാധാന പ്രശ്നം ഉണ്ടാകാതെ നോക്കലായിരുന്നു പോലീസിന്റെ ഉദ്ദേശമെങ്കിൽ മൃതദേഹം റോഡിൽ തടഞ്ഞ ബി ജെ പി ക്കാർക്കെതിരെ എന്ത് കൊണ്ട് കേസെടുത്തില്ല?

6 .14.11.2016ൽ സമസ്ത കോഡിനേഷൻ കമ്മിറ്റി നടത്തിയ ശരിഅത്ത് സംരക്ഷണ റാലിക്കെതിരെ പോലീസ് കേസെടുത്തതാണ് പൊലീസിലെ സംഘിവൽക്കരണത്തിന്റെ മറ്റൊരു തെളിവ്. 1156/2016 ക്രൈം മ്പറിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ ,പോലീസ് ആരോപിച്ചിരിക്കുന്ന കുറ്റം പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു എന്നതാണ് . ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143 ,147 ,145 ,153 ,283 തുടങ്ങിയ വകുപ്പുകളാണ് എഫ് ഐ ആറിൽ ഇട്ടിട്ടുള്ളത്. ഇതിൽ ഏതു വകുപ്പ് പ്രകാരമാണ് പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത് ഒരു കുറ്റമായി മാറുന്നത് ? സാമുദായിക കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘം ചേർന്നു തുടങ്ങിയ കുറ്റങ്ങൾ എങ്ങനെയാണ് ശരിഅത്ത് സംരക്ഷണ റാലിക്കെതിരെ ചുമത്താൻ കഴിയുക ? ശരിഅത്ത് സംരക്ഷിക്കാനുള്ള ഇവരുടെ പ്രവർത്തനം ആരുടെയെങ്കിലും താല്പര്യം ഹനിക്കുന്നുണ്ടെങ്കിൽ അത് മുസ്ലിം സ്ത്രീകളുടെ താല്പര്യമാണ്. അത് കേസെടുത്തു പരിഹരിക്കാൻ കഴിയുന്ന കാര്യവുമല്ല . ഈ കേസിലും പരാതിക്കാരില്ല . പോലീസ് സ്വമേധയാ എടുത്ത കേസാണിത് .ഹൊസ്ദുർഗ് എസ് ഐ യെ ആണ് എഫ് ഐ ആറിൽ പരാതിക്കാരനായി ചേർത്തിരിക്കുന്നത് . പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു എന്നതിൽ കേരളാ പൊലീസിന് പരാതി ഉണ്ടാകുന്നതിന്റെ അടിസ്ഥാനമെന്താണ്? പൊലീസിലെ കാവിവൽക്കരണത്തിന് ഇനിയും തെളിവുകൾ ആവശ്യമുണ്ടോ ?

7 . പൊലീസിലെ കാവിവത്കരണം ഈ സർക്കാർ വന്നതിനു ശേഷമുള്ള പ്രതിഭാസമല്ല . അതിന് വർഷങ്ങളുടെ പഴക്കമുണ്ട് . എന്നാൽ മനുഷ്യാവകാശ പ്രവർത്തകരെ തിരഞ്ഞു പിടിച്ചു കരിനിയമങ്ങൾ ചുമത്തി ജയിലിൽ അടക്കുന്ന പ്രവണത ശക്തമായത് സമീപകാലത്താണ്. പോരാട്ടം ഒരു മാവോയിസ്റ്റ് അനുകൂല സംഘടനയാണ് എന്ന് അറിയാത്തവർ ആരും ഉണ്ടാകും എന്ന് തോന്നുന്നില്ല . പോരാട്ടത്തിന്റെ നേതാവായ 78 വയസ്സുള്ള എം എൻ രാവുണ്ണി ഇത്രകാലവും രാഷ്ട്രീയപ്രവർത്തനം നടത്തി സ്വതന്ത്രനായി നമുക്കിടയിൽ ജീവിച്ചിരുന്നു . ഇതിനു മുൻപ് ഭരിച്ച യു ഡി എഫ് /എൽ ഡി എഫ് സർക്കാരുകളുടെ കാലത്തു അദ്ദേഹം ജയിലിൽ അടക്കപ്പെട്ടിരുന്നില്ല. കേരളത്തിലെമ്പാടും പൊതു പരിപാടികളിൽ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന അദ്ദേഹം ഒരിക്കലും ഒളിവ് ജീവിതമല്ല നയിച്ചിരുന്നത് . സി പി ഐ എമ്മിന്റെയും സി പി ഐ യുടെയും കോൺഗ്രസ്സിന്റെയുമൊക്ക സമുന്നത നേതാക്കൾ പങ്കെടുത്ത മനുഷ്യ സംഗമത്തിൽ അദ്ദേഹവും പ്രസംഗികനായിരുന്നു . അദ്ദേഹത്തെ പൊടുന്നനെ , തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ പോസ്റ്റർ ഒട്ടിച്ചു എന്ന കുറ്റം ചുമത്തി ജയിലിൽ അടച്ചിരിക്കുകയാണ്. ഇതേ കേസിലാണ് ഗൗരി എന്ന ആദിവാസി യുവതിയെ ജയിലിൽ അടച്ചത് .തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു പോസ്റ്റർ ഒട്ടിച്ചു എന്ന ഒറ്റക്കുറ്റത്തിന് ഒരു ആദിവാസി യുവതിയെ കരിനിയമം ചുമത്തി ജയിലിൽ അടച്ചത് കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമാകും .

8. കേരളാ പോലീസിന്റെ സംഘ് പരിവാർ അജണ്ടയുടെ ഒടുവിലത്തെ ഇരകളാണ് നദീറും എഴുത്തുകാരനായ കമൽ സി ചവറയും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം എന്ന സംഘടനയുടെ പ്രവർത്തകരായ ഷാന്റോ ലാൽ, രജീഷ് കൊല്ലങ്കണ്ടി എന്നിവരും . നദീറിനും കമൽ സി ചവറക്കും താത്കാലികമായെങ്കിലും നീതി കിട്ടി .എന്നാൽ രജീഷ് എന്ന യുവാവ് പോലീസ് ഭീകരതയുടെ ഇരയായി പീഡനം അനുഭവിക്കുകയാണ്.രജീഷ് കൊല്ലങ്കണ്ടി എന്നയാൾ എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടോ എന്നെനിക്കറിയില്ല . അത് തെളിയിക്കപ്പെടും വരെ അയാളെ നിരപരാധിയായി കണക്കാക്കണമെന്നാണല്ലോ നിയമവാഴ്ചയെ ബഹുമാനിക്കുന്നവരെന്ന നിലയിൽ നാം കരുതേണ്ടത് . പക്ഷേ അദ്ദേഹത്തിന്റെ കേസിൽ പോലീസ് അടിമുടി നിയമലംഘനമാണ് നടത്തിയത് എന്ന സത്യം താങ്കളെ ബോധ്യപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു .

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന പോസ്റ്റർ ഒട്ടിച്ചു എന്ന കുറ്റത്തിന് യു എ പി എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത എം എൻ രാവുണ്ണിക്കു കോഴിക്കോട് നളന്ദ ഹോട്ടലിൽ മുറിയെടുത്തു കൊടുത്തു എന്നതാണ് രജീഷിന്റെ മേൽ ചുമത്തിയിട്ടുള്ള കുറ്റം . പ്രസ്തുത കേസിൽ രജീഷിനെ അഞ്ചാം പ്രതിയായി ചേർത്ത് കൊണ്ട് (ക്രൈം നമ്പർ 211 / 16 ) വയനാട് സെഷൻസ് കോടതി മുൻപാകെ 15 / 12 / 2016 നു സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് പരാമർശിക്കുന്നത് .കോഴിക്കോട് നഗര മധ്യത്തിലെ നളന്ദ ഹോട്ടലിൽ മുറിയെടുത്തു ഒളിവിൽ താമസിക്കാൻ സഹായിച്ചു എന്ന് കോടതിയിൽ ബോധിപ്പിക്കുന്ന പോലീസ് എത്രമേൽ പരിഹാസ്യമായാണ് പ്രവർത്തിക്കുന്നതെന്ന് അങ്ങയോടു ഞാൻ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ . മാത്രമല്ല , രജീഷിന്റെ കാര്യത്തിൽ പോലീസ് ഗുരുതരമായ നിയമലംഘനം നടത്തിയിട്ടുണ്ട് . ഡിസംബർ 15 വരെ ,രജീഷിന്റെ പേരിൽ ഒരു ്രൈകമും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല . സർക്കാർ ജീവനക്കാരനായ അദ്ദേഹത്തെ ,ഒരു എഫ് ഐ ആർ പോലും ഇടുന്നതിനു മുൻപ് തന്നെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മേലധികാരിക്ക് കത്തയക്കുകയാണ് പോലീസ് ചെയ്തത് .കോഴിക്കോട് വെസ്റ്റ് ഹിൽ ഗവൺമെന്റ് പോളിടെക്നിക്കിലെ ജീവനക്കാരനാണ് രജീഷ് . രജീഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു കൊണ്ടുള്ള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നത് കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ കത്ത് പ്രകാരമാണ് നടപടി എന്നാണു . 29 / 11 / 2016 ന് ആണ് കോഴിക്കോട് ജില്ലാ പോലീസ് മേധാവി ഈ കത്തയക്കുന്നത് . അതായതു രജീഷിനെതിരെ ്രൈകം രജിസ്റ്റർ ചെയ്യുന്നതിന് 15 ദിവസം മുൻപ് ! യു എ പി എ ബാധകമാകുന്ന തരത്തിലുള്ള ഗുരുതരമായ കുറ്റങ്ങളിൽ അയാൾ ഏർപ്പെട്ടിട്ടുണ്ട് എന്നാണ് പോലീസ് മേധാവി അയച്ച കത്തിൽ പറയുന്നത് . ഒരു എഫ് ആർ പോലും ഇടുന്നതിനു മുൻപേ ഒരു സർക്കാർ ജീവനക്കാരനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മേധാവി കത്തയക്കുന്നതിന് നിയമത്തിന്റെ എന്തെങ്കിലും പിൻബലമുണ്ടോ ? കേരളത്തിലെ ഏതെങ്കിലും മുൻ സർക്കാരുകൾ രാഷ്ട്രീയ എതിരാളികളെ ഒതുക്കാനായി പോലും ഇത്ര വലിയ നിയമ ലംഘനം നടത്തിയിട്ടുണ്ടോ ? ഇല്ലെന്നാണ് എന്റെ അറിവ്.

തീവ്രവാദക്കേസുകളിൽ മാത്രമേ യു എ പി എ ചുമത്തുകയുള്ളൂ എന്ന് കഴിഞ്ഞ ദിവസം സഖാവ് കോടിയേരി വ്യക്തമാക്കിയിരുന്നല്ലോ . എന്താണ് തീവ്രവാദം എന്നത് കൂടി നിർവചിക്കേണ്ടതായിട്ടുണ്ട് . പൊലീസിന് ആരെയും തീവ്രവാദിയാക്കി കേസ് ചുമത്താം എന്നിരിക്കെ ഇത് യുക്തി സഹമായ നിലപാടാണോ എന്ന് ഗവണ്മെന്റ് പരിശോധിക്കണം . ഇനി വാദത്തിനു വേണ്ടി അത് അംഗീകരിച്ചാൽ തന്നെ , ഒരാൾക്ക് മുറിയെടുത്തു കൊടുത്തു എന്നത് എങ്ങനെയാണ് തീവ്രവാദമാവുക ?

നേരത്തെ പറഞ്ഞല്ലോ , പൊലീസിലെ ആർ എസ് എസ് വൽക്കരണം ഈ സർക്കാരിന്റെ കാലത്തു തുടങ്ങിയ പുതിയ പ്രതിഭാസമല്ല .അതിന് മറ്റൊരു തെളിവാണ് സി പി എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ എം എൽ എയുമായ സഖാവ് പി ജയരാജനെതിരെ യു എ പി എ ചുമത്തിയ നടപടി. ആർ എസ് എസ് നേതാവ് കതിരൂർ മനോജിനെ കൊലപ്പെടുത്തിയ കേസിൽ അദ്ദേഹത്തിനെതിരെ പ്രത്യക്ഷ തെളിവുകൾ ഇല്ലാതിരുന്നിട്ടും യു എ പി എ ചുമത്തുകയായിരുന്നു.ഗൂഢാലോചന മാത്രമാണ് ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം . അതേ സമയം ഇസ്ലാമിലേക്ക് മതം മാറിയതിനു ഫൈസൽ എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊന്ന ആർ എസ് എസുകാർക്കെതിരെ യു എ പി എ ചുമത്തിയിട്ടില്ല . വീണ്ടും പറയട്ടെ .യു എ പി എ റദ്ദാക്കണം എന്ന് തന്നെയാണ് എന്റെ നിലപാട് .പക്ഷേ . ഇക്കാര്യത്തിൽ പോലീസ് പുലർത്തുന്ന പക്ഷപാതിത്വം താങ്കളുടെ ശ്രദ്ധയിൽ കൊണ്ട് വരാനാണ് ഈ വാദങ്ങൾ ഉന്നയിക്കുന്നത് . ജോസഫ് മാഷിന്റെ കൈ വെട്ടിയ കേസിൽ യു എ പി എ ചുമത്തിയിരുന്നു . സമൂഹത്തിൽ ഛിദ്രമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ഒരാളെ കൊല്ലുകയോ മാരകമായി മുറിവേൽപ്പിക്കുകയോ ചെയ്യുക എന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത് (യു എ പി എ ലെരശേീി െ15 ,16 ). നിയമപരമായി നോക്കിയാൽ അതേ കുറ്റങ്ങൾ ഫൈസൽ വധക്കേസിലും ബാധകമാണ്. അടക്കാനാവാത്ത അന്യമത വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ഫലമായുണ്ടായ കൊലപാതകമാണ് അത് . അതിൽ എന്ത് കൊണ്ട് യു എ പി എ ചുമത്തിയില്ല? സംഘ് പരിവാറിനോടുള്ള പോലീസിന്റെ വിധേയത്വമല്ലാതെ മറ്റൊരു കാരണവും അതിലില്ല .

ഹിന്ദു ഐക്യ വേദി നേതാവ് പി കെ ശശികലയോട് കേരളാപോലീസ് വെച്ച് പുലർത്തുന്ന മൃദുസമീപനം ഏറെ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞതാണ് . സമാന സ്വഭാവമുള്ള പരാതിയിൽ ഷംസുദ്ദീൻ പാലത്തിനെതിരെ യു എ പി എ ചുമത്തിയ പോലീസ്, ശശികലക്കെതിരെ ഐ പി സിയിലെ വകുപ്പുകൾ മാത്രം ചേർത്താണ് എഫ് ഐ ആർ ഇട്ടത് . റിപ്പോർട്ടർ ചാനലിലെ അഭിമുഖത്തിൽ അവർ ദേശീയപതാകയെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിരുന്നു . ഈ കേസിലെ ,പരാതിക്കാരൻ അഭിഭാഷകനും മുൻ ഗവണ്മെന്റ് പ്ലീഡറുമായ ഷുക്കൂർ ഈ പ്രോഗ്രാമിന്റെ സി ഡി അന്വേഷണഉദ്യോഗസ്ഥന് കൈമാറിയിരുന്നു. പക്ഷേ ആ വസ്തുതകൾ പോലീസ് പരിഗണിച്ചിട്ടേയില്ല .അവർക്കെതിരെ ദേശീയ ഗാനത്തെ അവഹേളിച്ചതിനു കേസെടുക്കാൻ തയ്യാറായിട്ടില്ല . ഒരു നഴ്സറികവിതയുടെ രൂപത്തിൽ ദേശീയ ഗാനത്തെ പരാമർശിച്ചതിനു എഴുത്തുകാരന്റെ മേൽ രാജ്യ ദ്രോഹ കുറ്റം ചുമത്തിയ അതേ പോലീസ് , അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സിനിമ കാണാൻ വന്ന 12 പേരെ അറസ്റ്റ് ചെയ്ത അതേ പോലീസ് , ഹിന്ദു ഐക്യ വേദി നേതാവ് ദേശീയ ഗാനത്തെ അവഹേളിച്ചത് കണ്ടില്ലെന്നു നടിച്ചു ൾ. പോലീസിനെ നിയന്ത്രിക്കുന്നത് സംഘ് പരിവരാണ് എന്നതിനും പോലീസ് തലപ്പത്തുള്ളവർ സംഘ് അനുഭാവികളാണ് എന്നതിനും ഇനിയും തെളിവ് ആവശ്യമുണ്ടോ ?

വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന വ്യവസ്ഥാപിതമായ സമരങ്ങളിൽ പങ്കെടുക്കുന്നവരെയൊഴിച്ചു ബാക്കിയുള്ള മുഴുവൻ മനുഷ്യരെയും സംശയത്തോടെ കാണുന്ന പോലീസ് അങ്ങേയറ്റം ജനവിരുദ്ധമാണ് .(അവരെ പോലും , ഇടതു പക്ഷത്താണെങ്കിൽ പോലീസ് വെറുതെ വിടില്ല എന്നതിന്റെ തെളിവാണ് നിലമ്പൂരിൽ എ ഐ വൈ എഫ് പ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവം )

ഒരു രാഷ്ട്രീയപാർട്ടിയുടെയും നിയന്ത്രണത്തിലല്ലാതെ നിരവധി ജനാധിപത്യ സമരങ്ങൾ ഈ അടുത്ത കാലത്തായി കേരളത്തിൽ നടന്നിട്ടുണ്ട് . വിദ്യാർത്ഥികളുടെയും ചെറുപ്പക്കാരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായവ . അതിലൊക്കെ പങ്കെടുക്കുന്ന മുഴുവൻ ആളുകളെയും ടാർഗറ്റ് ചെയ്യുന്നത് സി പി എമ്മിന്റെ നയമാണോ ? അല്ലെങ്കിൽ പിന്നെ പോലീസ് നടപ്പിലാക്കുന്നത് സംഘ് പരിവാറിന്റെ നയമല്ലാതെ മറ്റെന്താണ് ?

ഇത് പോലുള്ള നിരവധി തെളിവുകൾ ഇനിയും ഹാജരാക്കാൻ കഴിയും. എനിക്ക് എന്റേതായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടെങ്കിലും പ്രാഥമികമായി ഞാൻ ഒരു മാധ്യമപ്രവർത്തകയാണ് .അത് കൊണ്ട് തന്നെ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ മാത്രമേ ഒരു വാദം ഉന്നയിക്കാവൂ എന്ന് ഞാൻ കരുതുന്നു .മാധ്യമപ്രവർത്തക എന്ന നിലയിൽ ഞാൻ ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് മേൽപറഞ്ഞവ. പോലീസിനെ വിമർശിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു കൊണ്ട് സർക്കാർ തീരുമാനമെടുത്തിട്ടുണ്ടോ എന്നറിയില്ല .ആ വാർത്ത ശരിയാണെങ്കിൽ ഇടതുപക്ഷത്തിനു ക്യാൻസർ ബാധിച്ചു എന്ന് കരുതേണ്ടി വരും . ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ഒരു കാര്യം ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു . പോലീസിനെ പരസ്യമായി വിമർശിക്കാൻ തയ്യാറുള്ളവർ ഏറെയുണ്ട് എന്നത് ആരോഗ്യമുള്ള ഒരു സിവിൽ സമൂഹത്തിന്റെ സൂചികയാണ് . അവരെ മുഴുവൻ കേസിൽ കുടുക്കിയും ഭയപ്പെടുത്തിയും നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത് സംഘ് പരിവാറിന്റെ രീതിയാണ് . അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലീസിന്റെ ശൈലി അതാണ് . വിമത ശബ്ദങ്ങളെ അടിച്ചൊതുക്കുകയും കൊന്നു തീർക്കുകയുമാണ് അവരുടെ രീതി .പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് അത്തരം സംസ്ഥാനങ്ങളിൽ പ്രവര്ത്തിച്ചാണ് പരിചയമുള്ളത് .അത് കൊണ്ട് ആ ശൈലി തന്നെ ഇവിടെയും നടപ്പിലാക്കാൻ അദ്ദേഹം ശ്രമിക്കുകയാണ് .സോഷ്യൽ മീഡിയയെ നിയന്ത്രിക്കുകയായിരിക്കും അടുത്തപടി . മാധ്യമപ്രവർത്തകരെയും വിവരാവകാശ പ്രവർത്തകരെയുമായിരിക്കും ഇനി പോലീസ് നോട്ടമിടുക. കാര്യങ്ങൾ അങ്ങോട്ടെത്തുന്നതിന് മുൻപേ താങ്കളുടെയും സി പി എം നേതൃത്വത്തിന്റെയും അടിയന്തരമായ ഇടപെടൽ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇത് ഗുജറാത്തോ ഛത്തീസ്ഗഡോ അല്ലെന്നും കേരളമാണെന്നും ഇവിടത്തെ രാഷ്ട്രീയവും സിവിൽ സമൂഹവും വ്യത്യസ്തമാണെന്നും താങ്കൾ ഡി ജി പി യെ പറഞ്ഞു മനസ്സിലാക്കണം. ഇല്ലെങ്കിൽ വലിയ നഷ്ടം ഇടത് പക്ഷത്തിനാണ്.

Related Articles