Current Date

Search
Close this search box.
Search
Close this search box.

തിരിച്ചറിവിന്റെ പാഠങ്ങൾ പകർന്നു നൽകുന്ന ബലിപെരുന്നാൾ

മഹാനായ പ്രവാചകൻ ഇബ്രാഹിം നബി അതുല്യമായ ദൈവിക സമർപ്പണത്തിലൂടെയും ആത്മത്യാഗത്തിലൂടെയും നേടിയെടുത്ത വിശ്വാസദാർഢ്യത്തിന്റെ ഓർമ്മകൾ പുതുക്കി വീണ്ടുമൊരു ബലി പെരുന്നാൾ സമാഗതമാവുകയാണ്. ലോകത്തെങ്ങുമുള്ള വിശ്വാസി സമൂഹം പ്രവാചകൻ ഇബ്രാഹീമീ കുടുംബത്തിന്റെ ആവേശോജ്വലമായ സ്മരണകൾ അയവിറക്കുന്ന സുമോഹന സന്ദർഭം. ആ മാതൃകാ കുടുംബത്തിന്റെ ഓർമ്മകൾ വിശ്വാസത്തിന്റെ കരുത്തിനു മൂർച്ച കൂട്ടാൻ ഏറെ പര്യാപ്തമാണ്. അരൂപിയും അദൃശ്യനുമായ ദൈവത്തിന്റെ സാമീപ്യം അനുഭവവേദ്യമാവുന്ന നിരവധി ചിഹ്നങ്ങളും പ്രതീകങ്ങളും നിറഞ്ഞു നിൽക്കുന്ന ആഘോഷാവസരം കൂടിയാണ് ബലിപെരുന്നാൾ.

സെമിറ്റിക് മതങ്ങളിൽ സുപരിചിതനാണ് പ്രവാചകൻ ഇബ്രാഹിമും അദ്ദേഹത്തിന്റെ കുടുംബവും. ഇദ്ദേഹത്തെ ഒരു പോലെ ഈ മതങ്ങളൊക്കെയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ജീവിതത്തിലുടനീളം ദൈവത്തെയും ദൈവ വചനങ്ങളെയും കൊണ്ടുനടക്കാൻ അവർ നടത്തിയ പോരാട്ടങ്ങൾ ചരിത്രമാണ്. പ്രതിസന്ധികളിൽ തളരാതെ അത്തരം സന്ദർഭങ്ങളെ അനായാസേന തരണം ചെയ്തത് കൊണ്ടാണ് അവർ ചരിത്രത്തിൽ ഇടം പിടിച്ചത്. ഇബ്രാഹിമിന് ദൈവഹിതങ്ങളും കൽപനകളും സാക്ഷാൽക്കരിക്കാൻ കൂടുതൽ ആലോചനയുടെ ആവശ്യമുണ്ടായിരുന്നില്ല. കാരണം അവർ തമ്മിലുള്ള ബന്ധം അത്രയും സുദൃഢവും ഹൃദ്യവുമായിരുന്നു. കേവലയാന്ത്രികതയുടെയും വരണ്ട തത്വങ്ങളുടെയും അടിസ്ഥാനത്തിലുള്ളതായിരുന്നില്ല ആ ബന്ധം. ഇലാഹീ പ്രണയത്തിലൂടെ നേടിയെടുത്ത ദിവ്യാനുരാഗത്തിന്റെ വേണുഗാനമായിരുന്നു അവർ തമ്മിലുള്ള ബന്ധം. ഒന്ന് മറ്റൊന്നിലേക്ക് അലിഞ്ഞു ചേരുകയും രണ്ടും ഒന്നാവുകയും ചെയ്യുന്ന ഉദാത്തമായ പ്രണയമായിരുന്നു ആ ബന്ധത്തിന്റെ അടിസ്ഥാനം. ഏറെ മനോഹരവും ശ്രേഷ്ഠവുമായ ആ ബന്ധത്തിന്റെ കരുത്തിനു മുന്നിൽ എല്ലാ പ്രതിബന്ധങ്ങളും പരീക്ഷണങ്ങളും അദ്ദേഹത്തിനും കുടുംബത്തിനും നിഷ്‌പ്രയാസം മറികടക്കാൻ സാധിച്ചു. ഒരു മനുഷ്യജീവിതത്തിൽ ഏറെ പ്രിയപ്പെട്ടതും അവിഭാജ്യവുമായ സകലതിനെയും തന്റെ ഇഷ്ടഭാജനത്തിനു വേണ്ടി വലിച്ചെറിയാൻ അദ്ദേഹത്തിന് യാതൊരു സങ്കോചവും മനഃപ്രയാസവും ഉണ്ടായിരുന്നില്ല. ദൈവപ്രേമം ലഹരിയായി അദ്ദേഹത്തിന്റെ സിരകളിലൂടെ വഴിഞ്ഞു ഒഴുകുകയായിരുന്നു. ഏറെകാലത്തെ പ്രാർത്ഥനകളുടെയും അർത്ഥനകളുടെയും ഫലമായി ജീവിതസായാഹ്നത്തിൽ തനിക്ക് ലഭിച്ച പൊന്നിളം പൈതലിനെ ബലിക്കല്ലിൽ കിടത്തുമ്പോൾ കൈ വിറക്കാതിരുന്നതിന്റെ കാരണവും മറ്റൊന്നുമല്ല. ലോകത്താദ്യമായി അനുസരണത്തിന്റെയും സമർപ്പണത്തിന്റെയും പുതിയ ചരിത്രം രചിക്കപ്പെടുകയായിരുന്നു അദ്ദേഹത്തിലൂടെ.

മതാതീതമായ ദൈവവിശ്വാസവും ആത്മീയതയും മുന്നോട്ട് വെക്കുന്ന “ദൈവവാദികൾ” ചിലയിടങ്ങളിലൊക്കെ തല പൊക്കുകയും ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന കാലം കൂടിയാണിത്. എന്നാൽ ദൈവവിശ്വാസത്തിന്റെ പൂർണത മതഘടനയിലൂടെ മാത്രമേ സാധിക്കൂ എന്ന് പ്രായോഗികമായി സാക്ഷാൽക്കരിച്ചു തന്നതും കൂടിയാണ് പ്രവാചകൻ ഇബ്രാഹിമിന്റെ ജീവിതം. അതുകൊണ്ടാണല്ലോ ദൈവം അദ്ദേഹത്തെ കുറിച്ച് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. ” ഇബ്‌റാഹീം സ്വയംതന്നെ ഒരു പൂര്‍ണസമുദായമായിരുന്നു; അല്ലാഹുവിനോട് വണക്കമുള്ളവനും ഏകാഗ്രചിത്തനും.” (വി.ഖുർആൻ 16 / 120). ലോകം മുഴുവൻ അസത്യത്തിന്റെ കൊടിവാഹകർ അരങ്ങുവാണിരുന്ന കാലത്ത് ദൈവികമതത്തിന്റെ പ്രണേതാവും പ്രചാരകനുമാവാൻ അദ്ദേഹത്തിന് സാധിച്ചതും അത് കൊണ്ട് തന്നെയാണ്. അരാജകത്വത്തിലും, ദൈവനിരാസത്തിലും, ലിബറലിസത്തിലും പെട്ട് മുഖ്യധാരയിൽ നിന്നും മാറി നടക്കാൻ വെമ്പൽ കൊള്ളുന്നവരുടെ ആധിക്യം ഇന്നിന്റെ പ്രത്യേകതയാണ്. വ്യക്തിസ്വാതന്ത്രത്തിന്റെയും ആവിഷ്കാരസ്വാതന്ത്രത്തിന്റെയും പേര് പറഞ്ഞു എന്ത് ആഭാസങ്ങളും വൃത്തികേടുകളും പറയാനും പ്രചരിപ്പിക്കാനും ധാർഷ്ട്യം കാണിക്കുന്ന തലമുറയാണ് വളർന്നു വരുന്നത്. നമ്മുടെ രാജ്യവും സമൂഹവും പാവനമായി കാത്തുസൂക്ഷിച്ചിരുന്ന പല മൂല്യസങ്കല്പങ്ങളും കയ്യേറ്റത്തിന് വിധേയമാവുന്നു. സദാചാരനിഷ്ഠയെ അവഹേളിച്ചുകൊണ്ടുള്ള ഫാഷൻ സങ്കൽപ്പങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. ഇവിടെയാണ് ഇബ്രഹിമീ ജീവിതത്തിന്റെ ഏടുകൾ പുതിയ തലമുറക്ക് മാതൃകയാവുന്നത്. യുക്തിഭദ്രമായ ദൈവസങ്കൽപവും ധാർമ്മികതയിലൂന്നിയ മതസങ്കൽപവും ലോകത്തിനു മുന്നിൽ സമർപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

ദൈവത്തിന്റെ ഏകത്വം ഉച്ചൈസ്തരം പ്രഘോഷണം ചെയ്യപ്പെടുന്ന മഹത്തായ സന്ദർഭം കൂടിയാണ് ബലിപെരുന്നാൾ. ബഹുദൈവത്വ സങ്കല്പത്തിന്റെ അയുക്തികതയും നിരർത്ഥകതയും ഏറ്റവും ലളിതമായും സുന്ദരമായും തന്റെ സമൂഹത്തിനുമുന്നിൽ അനാവരണം ചെയ്തു അദ്ദേഹം. ഭരണവർഗവും പുരോഹിതന്മാരും ചേർന്ന് പൗരന്മാരെ തങ്ങളുടെ ചൂഷണത്തിന് വിധേയമാക്കിയത് വ്യാജദൈവങ്ങളുടെ പേര് പറഞ്ഞു കൊണ്ടായിരുന്നു. തങ്ങളുടെ ഉദരപൂർത്തീകരണത്തിനുള്ള ഉപാധിയായിരുന്നു അവർക്ക് ഈ കള്ളദൈവങ്ങൾ. ജനങ്ങളെ ചൂഷണം ചെയ്യുന്നതിൽ പൗരോഹിത്യവും ഭരണകൂടവും എന്നും ഒറ്റക്കെട്ടായിരുന്നു. സ്വന്തം പിതാവ് തന്നെയായിയിരുന്നു പൗരോഹിത്യത്തിന്റെ നേതൃത്വത്തിൽ എന്നത് ഇബ്രാഹിമിന്റെ ദൗത്യനിർവഹണത്തിനു ഏറെ പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. വീട്ടിൽ നിന്നും നാട്ടിൽ നിന്നും അദ്ദേഹം നിഷ്‌കാസനം ചെയ്യപ്പെടുന്നുണ്ടെങ്കിലും ദൈവികപാതയിലെ തന്റെ പ്രയാണത്തിന് അതൊന്നും തന്നെ യാതൊരു തടസവും ഉണ്ടാക്കിയിട്ടില്ല. മറിച്ച് പ്രതിസന്ധികളും പരീക്ഷണങ്ങളും അദ്ദേഹത്തെ കൂടുതൽ കരുതനാക്കുകയാണ് ചെയ്തത്. സത്യപാതയിൽ തുടരാൻ വേണ്ടി തിളച്ചുയരുന്ന അഗ്നികുണ്ഡത്തിൽ പോലും അദ്ദേഹത്തിന് കിടക്കേണ്ടി വരുന്നുണ്ട്. പൗരോഹിത്യത്തെയും ഉദ്യോഗസ്ഥരെയും കൂട്ടുപിടിച്ചുകൊണ്ടുള്ള ഭരണവർഗത്തിന്റെ ചൂഷണം ഇന്നും എല്ലായിടത്തും അഭംഗുരം നടന്നു കൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടിലെ സ്ഥിതിയും വ്യത്യസ്തമല്ല. നികുതിപ്പണം ചെലവഴിച്ചു കൊണ്ട് നടത്തപ്പെടുന്ന പൊതുസ്ഥാപനങ്ങളിലും ഭരണസിരാകേന്ദ്രങ്ങളിലുമൊക്കെ പുരോഹിതന്മാരും പൗരോഹിത്യത്തിന്റെ അടയാളങ്ങളും നിറഞ്ഞു നിൽക്കുന്ന കാഴ്ചകളാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. പൗരോഹിത്യന്റെ കെട്ടുകാഴ്ചകൾക്കപ്പുറം യഥാർത്ഥ ദൈവികസത്തയുടെ തിരിച്ചറിവാണ് ബലിപെരുന്നാൾ മുന്നോട്ട് വെക്കുന്ന പ്രധാന സന്ദേശം. ഏകദൈവത്തിലേക്ക് പ്രബോധനം നടത്തിയ മുഴുവൻ പ്രവാചകന്മാർക്കും ഇവരിൽ നിന്നും കൊടിയ പീഡനങ്ങളും മർദ്ദനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അതിന്നും അഭംഗുരം തുടരുന്നു. ലോകത്ത് ഇന്ന് നിലനിൽക്കുന്ന പല സംവിധാനങ്ങളും വ്യവസ്ഥകളും ബഹുദൈവാധിഷ്ഠിതമാണ്. ഈ ഒരു ആശയത്തിന്റെയും പൗരോഹിത്യത്തെയും കൂട്ടുപിടിച്ചു കൊണ്ട് തന്നെയാണ് സഹജീവികളെ അപരവൽക്കരിക്കുന്നതും അവർക്കെതിരിൽ ക്രൂരമായ മർദനമുറകൾ അഴിച്ചുവിടുന്നതും. ബുൾഡോസറിങ്ങും കൊള്ളയും കൊലയും നടപ്പിലാക്കുന്നതും. പിറന്ന നാട്ടിൽ നിന്നും സഹജീവിയെ അന്യനാക്കുന്നതും ഈ പ്രത്യയശാസ്ത്ര പരിസരത്ത് നിന്ന് കൊണ്ട് തന്നെയാണ്. ഫാഷിസം മുൻപെങ്ങുമില്ലാത്ത വിധത്തിൽ അതിന്റെ ഭീകരമായ അവസ്ഥയിലേക്ക് കടന്നിട്ടുണ്ട്. ഭരണവർഗ്ഗത്തിന്റെയും പിണിയാളുകളുകളുടെയും താല്പര്യങ്ങൾക്ക് ഓശാന പാടുന്നവർക്ക് മാത്രം സന്തോഷദായകമായ ജീവിതം സാധ്യമാവുന്ന കാലത്താണ് നാം ബലിപെരുന്നാൾ ആഘോഷിക്കുന്നത്.

മഹാനായ പ്രവാചകൻ ഇബ്രാഹിമിനോട് അന്നത്തെ ഭരണാധികാരിയായിരുന്ന നംറൂദ് പറഞ്ഞതും ഈ ധിക്കാരം തന്നെയാണ്. “ഇബ്‌റാഹീമിനോട് തര്‍ക്കിച്ചവനെക്കുറിച്ച് നീ ആലോചിച്ചിട്ടില്ലേ? ഇബ്‌റാഹീമിന്റെ നാഥൻ ആരാണ് എന്നതിലായിരുന്നു തര്‍ക്കം. അല്ലാഹു ആ മനുഷ്യന് രാജാധികാരം നല്‍കിയതാണ് അതിനു നിമിത്തമായത്. ഇബ്‌റാഹീം പറഞ്ഞു: ‘ജീവിതവും മരണവും ആരുടെ അധികാരത്തിലാണോ അവനാകുന്നു എന്റെ നാഥൻ’ അയാള്‍ പറഞ്ഞു: ‘ജീവിപ്പിക്കാനും മരിപ്പിക്കാനും എനിക്ക് അധികാരമുണ്ട്.’ ഇബ്‌റാഹീം പറഞ്ഞു: ‘ശരി, എന്നാല്‍ ദൈവം സൂര്യനെ കിഴക്കുനിന്ന് നയിച്ചുകൊണ്ടിരിക്കുന്നു. നീ അതിനെ പടിഞ്ഞാറുനിന്നു നയിക്കുക.’ ഇതുകേട്ട് ആ സത്യനിഷേധി ഉത്തരം മുട്ടി. എന്നാല്‍, അക്രമികള്‍ക്ക് അല്ലാഹു സന്മാര്‍ഗം കാണിക്കുന്നില്ല.” (വിശുദ്ധ ഖുർആൻ : 2/258). തങ്ങളുടെ ഇഗിതത്തിനു വഴങ്ങാത്തവരെ ഇല്ലായ്മ ചെയ്യാനും ജയിലിലടക്കാനും അവർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിരപരാധികളായ നിരവധി മനുഷ്യർ ഇന്നും പലയിടത്തും അഴികൾക്കുള്ളിൽ തങ്ങളുടെ ജീവിതം നരകിച്ചു തീർക്കുകയാണ്. ചെറുത്തുനില്പിന്റെയും പ്രതിഷേധത്തിന്റെയും ചെറുശബ്ദങ്ങളെ പോലും അവർക്ക് ഭയമാണ്. ജുഡീഷ്യറിയെ പോലും തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ചു നിയന്ത്രിക്കാൻ ഇവർക്ക് സാധിക്കുന്നു. നമ്മുടെ മഹിതമായ പാരമ്പര്യത്തെയും ജനാധിപത്യത്തെയും മതേതരത്വത്തെയും തകർക്കാനുള്ള ബോധപൂർവമായ ആസൂത്രിത നീക്കങ്ങൾ പല കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. തിന്മകൾക്ക് മേൽകൈ ലഭിക്കുന്ന പുതിയ കാലത്ത് ഇതിനെതിരെയുള്ള പ്രതിഷേധത്തിനും ചെറുത്തുനില്പിനും നമ്മെ പ്രാപ്‌തരാക്കാനും പ്രചോദിപ്പിക്കാനും ബലിപെരുന്നാളിന് സാധിക്കണം.

സാർവലൗകികതയും വിശ്വമാനവൈകതയുമാണ് ഇബ്രാഹിം നബി ലോകത്തിനു നൽകിയ മറ്റൊരു പാഠം. ഹജ്ജിൽ ഈ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും അതുല്യമായ കാഴ്ചകളാണ് ലോകം വീക്ഷിക്കുന്നത്. എല്ലാ തരത്തിലുള്ള ഉന്മാദദേശീയതയെയും നിരാകരിക്കുന്ന മനോഹരമായ കാഴ്ചയാണത്. ദേശങ്ങൾക്കപ്പുറം മനുഷ്യരെ സ്നേഹിക്കാൻ ഈ പെരുന്നാൾ നമ്മെ പഠിപ്പിക്കുന്നു. തീവ്രദേശീയതയുടെ പേരിൽ ലോകത്ത് ക്രൂരമായ അക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ദേശത്തിനകത്ത് തന്നെ ഉപദേശീയതകളും രൂപപ്പെടുകയും അത് അപരനെ ആക്രമിക്കാനുള്ള ലൈസൻസായി മാറുകയും ചെയ്യുന്നു. തന്റെ രാജ്യത്തെ പവിത്രവൽക്കരിക്കാനും തന്റെ രാജ്യത്തിന്റെ അതിരുകൾക്കപ്പുറത്തുള്ളവനെ ശത്രുവായി കാണാനും മനുഷ്യരെ ഈ ഭ്രാന്തൻ ദേശീയത പരിശീലിപ്പിക്കുന്നു. ഇതിലൂടെ അനീതിയിലധിഷ്ഠിതമായ നിരവധി നിയമങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത്തരം ഉന്മാദദേശീയതയോടും ഇബ്‌റാഹീമീ മില്ലത്ത് നിരന്തരണം കലഹിക്കുന്നുണ്ട്. ദേശത്തോടുള്ള കൂറ് എന്നത് ദേശത്ത് നീതിയും ന്യായവും നിലനിർത്താനുള്ള ശ്രമങ്ങൾ കൂടിയാണ്.

മുമ്പെങ്ങുമില്ലാത്ത വിധത്തിൽ കുടുംബശൈഥില്യം വർധിച്ചുവരുന്ന ഒരു കാലം കൂടിയാണിത്. ആധുനിക സമൂഹം നേരിടുന്ന പ്രധാനവെല്ലുവിളികളിലൊന്ന് കൂടിയാണിത്. ഭീകരമായ രീതിയിൽ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകള്‍ക്കും കൊലപാതകങ്ങള്‍ക്കും മുഖ്യഹേതുവാകുന്നതും പലപ്പോഴും ഈ കുടുംബകലഹങ്ങൾ തന്നെയാണ്. അശാന്തമായ കുടുംബാന്തരീക്ഷത്തിൽ വളർന്നു വരുന്ന കുട്ടികൾ പിന്നീട് കൊടും ക്രിമിനലുകളും ലഹരിയുടെ അടിമകളുമായി മാറുന്ന എത്രയോ സംഭവങ്ങൾ നമുക്ക് ചുറ്റും നിരന്തരമുണ്ടായിക്കൊണ്ടിരിക്കുന്നു. ഇണകൾ, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയവരുമായുള്ള ബന്ധം യാന്ത്രികമോ താല്പര്യങ്ങൾക്ക് വേണ്ടിയുള്ളതോ ആയി മാറിയിരിക്കുന്നു. തുമ്മിയാൽ തെറിക്കുന്ന ബന്ധങ്ങളാണ് ഇന്ന് പലതും. പരസ്പരം കേൾക്കാനും മനസിലാക്കാനും ഉൾക്കൊള്ളാനും ഇന്ന് കുടുംബത്തിലുള്ളവർക്ക് സാധിക്കുന്നില്ല. ഒരേ വീട്ടിലാണ് താമസമെങ്കിലും മനസുകൾ കൊണ്ട് ഏറെ അകന്നുപോയിരിക്കുന്നു പലരും. അവരുടെ സന്തോഷങ്ങളും സൗഹൃദങ്ങളും വീടകങ്ങൾക്ക് പുറത്ത് മാത്രമായി മാറുന്നു. ഇവിടെയാണ് ഇബ്രാഹിം നബിയുടെ കുടുംബം നമുക്ക് മാതൃകയായി മാറുന്നത്. പരസ്‌പരം അളവറ്റു സ്നേഹിക്കുകയും ഉൾക്കൊള്ളുകയും മനസിലാക്കുകയും ചെയ്യുന്ന ഇബ്രാഹിമിനെയും ഇണയായ ഹാജറയെയും അവരുടെ മക്കൾ ഇസ്മായിലിനെയും ഇസ്ഹാഖിനെയുമൊക്കെ നമുക്ക് ദർശിക്കാൻ സാധിക്കുന്നു. ദൈവിക നിർദ്ദേശപ്രകാരം സാമൂഹികസേവനത്തിനായി പുറപ്പെടുന്ന ഇബ്രാഹിമിന് മുന്നിൽ ഹാജറ തടസങ്ങൾ സൃഷ്ടിക്കുന്നില്ല. ഹാജറക്ക് താനും തന്റെ പിഞ്ചുപൈതൽ ഇസ്മായിലും ജനവാസമില്ലാത്ത ഊഷരമായ മരുഭൂമിയിൽ ഒറ്റപ്പെട്ടുപോവുമെന്ന ചിന്ത പോലും ഉണ്ടാവാത്തത് തന്റെ ഇണയെ അവർ അത്രമാത്രം ഇഷ്ടപ്പെട്ടത് കൊണ്ടും മനസിലാക്കിയത് കൊണ്ടുമാണ്. ദൈവകൽപന പ്രകാരം തന്നെ ബലിക്കല്ലിൽ കിടത്തി കഴുത്തിൽ കത്തി വെക്കുമ്പോൾ മുഖത്ത് ഒരു കഷ്ണം തുണി ഇടണമെന്ന് ഇസ്മായിലിനെ കൊണ്ട് പറയിപ്പിക്കുന്നത് തന്റെ പിതാവിന്റെ സ്നേഹത്തിന്റെ ആഴം മനസിലാക്കിയത് കൊണ്ടാണ്. കടുബത്തിലെ ഓരോ അംഗങ്ങളും തമ്മിലുള്ള പരസ്‌പരമുള്ള മനസിലാക്കലാണ് ബലിപെരുന്നാൾ നൽകുന്ന മറ്റൊരു മഹത്തായ പാഠം.

സഹജീവികളെ സ്നേഹിക്കാനും അവർക്ക് ആശ്വാസത്തിന്റെ തണൽ വിരിച്ചുകൊടുക്കാനും ഓരോ പെരുന്നാളും നമ്മെ പ്രചോദിപ്പിക്കണം. ഈദുൽ അദ്ഹയോട് അനുബന്ധിച്ച് നടത്തുന്ന “ഉദ്ഹിയത്” എന്നത് പരസ്പരമുള്ള ചേർത്ത് നിർത്തലിന്റെ പ്രതീകമാണ്. വിശപ്പും ദാരിദ്ര്യവും നീക്കാനുള്ള ഒരു സമരം കൂടിയാണത്. ദൈവിക സമർപ്പണവും സഹജീവികളെ ചേർത്ത് പിടിക്കലുമാണത്. ഭക്ഷണം എന്നത് ആർഭാടത്തിന്റെയും ആഢ്യത്തത്തിന്റെയും കെട്ടുകാഴ്ചകളായി മാറിയ ഈ കാലത്ത് നമ്മിൽ പലർക്കും വിശപ്പ് അപരിചിതമായ അനുഭവമാണ്. എന്നാൽ നമ്മുടെ ചുറ്റിലുമുള്ള ചിലർക്കൊക്കെ മാംസം കൂട്ടി അൽപം ഭക്ഷണം കഴിക്കാൻ സാധിക്കുന്നത് വർഷത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഈ ഉദ്ഹിയത്തിലൂടെയാണ്. ജീവിതത്തിലേക്കു പകർത്തേണ്ടുന്ന ഇത്തരം നിരവധി പാഠങ്ങൾ കൂടി നമ്മെ ഓർമ്മപ്പെടുത്തുന്ന ഒരാഘോഷം കൂടിയാണ് ഈദുൽ അദ്ഹ എന്ന് പറയുന്നത്.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles