Current Date

Search
Close this search box.
Search
Close this search box.

തൂവെള്ള ഹൃദയങ്ങളുടെ ആഘോഷം

ഒഴുക്കുള്ള പുഴയിൽ പലപ്രാവശ്യം മുങ്ങിനിവരുമ്പോൾ ശരീരത്തിലും സ്വത്വത്തിലും ഒട്ടിപ്പിടിച്ചിരിക്കുന്ന മുഴുവൻ അഴുക്കുകളും അലിഞ്ഞലിഞ്ഞ് മാഞ്ഞുപോയിരിക്കും. പിന്നീട്, കൂടുതൽ ഊർജസ്വലമായ അനുഭൂതിയായിരിക്കും അനുഭവപ്പെടുക. അടുത്ത മുങ്ങിനിവരൽവരെ പ്രസ്തുത അനുഭൂതി നിലനിൽക്കും. സമാനമായ അവസ്ഥയാണ് റമദാനെന്ന സംസ്കരണ പാഠശാലയിൽ പലപ്രാവശ്യം മുങ്ങിനിവർന്നപ്പോൾ ഓരോ മുസ്ലിമിനും ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

തുവെള്ള ഹൃദയങ്ങളുടെ നിർമിതിയാണ് വ്രതമെന്ന ഉലയിൽനിന്ന് ഉയിർകൊണ്ടിരിക്കുന്നത്. മനുഷ്യസത്തക്ക് മാലാഖയുടെ പ്രകൃതമല്ലാത്തതിനാൽ, ചെറിയ തെറ്റുകൾമുതൽ വലിയ തെറ്റുകൾവരെ സംഭവിക്കുക സ്വാഭാവികമാണ്. തെറ്റുകൾ ചെയ്തുപോയും തപിക്കുന്ന ഹൃദയത്തോടെ പശ്ചാത്തപിച്ചും തുടർന്ന്, ധ്യാനനിരതമായ ജീവിതം നയിച്ചുമായിരുന്നു ഇതപര്യന്തം മനുഷ്യൻ്റെ ദൈവത്തിലേക്കുള്ള സഞ്ചാരം. തെറ്റുകൾ ചെയ്യാൻ വാസനയുള്ള മനുഷ്യപ്രകൃതത്തിന് ആശ്വാസമായി ലഭിക്കുന്ന കുളിർമയാണ് റമദാൻ.

റമദാനെന്ന തെളിഞ്ഞ പുഴയിൽ പലപ്രാവശ്യം മുങ്ങിനിവർന്നപ്പോൾ മുസ്ലിമിൻ്റെ മുഴുവൻ ദുഷിപ്പുകളും അലിഞ്ഞലിഞ്ഞ് ഇല്ലാതായിരിക്കുന്നു. ഇന്നവൻ്റെ ഹൃദയത്തിൻ്റെ വർണം തൂവെള്ള വർണമാണ്. ആലിപ്പഴത്തിൻ്റെ വിശുദ്ധിയും മഞ്ഞിൻകണത്തിൻ്റെ സ്നിഗ്ധദയും അതിനുണ്ട്. അതിനാൽതന്നെ, തൂവെള്ള ഹൃദയങ്ങളുടെ ആഘോഷമാണ് ഈദുൽഫിത്റെന്ന് നിസ്സംശയം പറയാം.

Also read: ഈസാർചരിത്രംസൃഷ്ടിക്കും

പൂർണതയുടെ ആഘോഷം

പൂർണതയിൽ വിലയിക്കാനുള്ള ഒടുങ്ങാത്ത അഭിവാജ്ഞയാണ് ഓരോ മുസ്ലിമിൻ്റെയും ഉള്ളിൽ നടക്കുന്നത്. മാലാഖമാരുടെ വിശുദ്ധസത്തക്ക് സമാനമോ, അതിനപ്പുറമോയുള്ള അവസ്ഥ പ്രാപിക്കുമ്പോഴേ പൂർണതയോടുള്ള ജിജ്ഞാസക്ക് ശമനം ലഭിക്കുന്നുള്ളൂ. തെറ്റുകൾ ചെയ്യുക, തുടർന്ന് പശ്ചാത്തപിക്കുക, വീണ്ടും തെറ്റുകൾ ചെയ്യുക……. എന്ന ചാക്രികസ്വഭാവം അതിനാൽതന്നെ, പൂർണതയെന്ന വിശുദ്ധസങ്കൽപത്തിന് വിരുദ്ധമാണ്. ഓരോ റമദാനും മുസ്ലിമിൻ്റെ പൂർണതയിലേക്കുള്ള ഒരു ഉയിർപ്പാണ്. ജീവിതത്തിൽ പല റമദാനുകളിലൂടെ കടന്നുപോവുന്ന മുസ്ലിമിന് ധാരാളം ഉയിർപ്പുകളാണ് സംഭവിക്കുന്നത്.

സ്വത്വത്തിൽ കുമിഞ്ഞുക്കൂടിയ ദുഷിപ്പിൻ്റെ വല്ല ശേഷിപ്പും ഉണ്ടെങ്കിൽ അതിനെ കരിച്ചും സ്നേഹത്തിൻ്റെ ചിറകുകൾകൊണ്ട് ചുറ്റുമുള്ളവർക്ക് തണൽവിരിച്ചും ദൈവത്തിലേക്ക് ആത്മാവിനെ ചേർത്തുവെച്ച് അവൻ്റെ ഉറ്റ മിത്രമായുമാണ് ഈദുൽ ഫിത്റിൽ മുസ്ലിം പൂർണത കൈവരിക്കുന്നത്. അതിനാൽതന്നെ, പൂർണതയുടെ ആഘോഷമാണ് ഈദുൽഫിത്റെന്ന് നിസ്സംശയം പറയാം.

Also read: ആനന്ദത്തിന്റെ രസതന്ത്രം

മുറിവുകളുടെ ആഘോഷം

മുമ്പില്ലാത്തവിധം മഹാമാരിയുടെ പിടിയിൽ ലോകം പിടയുമ്പോഴാണ് ഇപ്രാവശ്യത്തെ റമദാനിൻ്റെ വരവും ഈദുൽഫിത്റും. കൊറോണ വൈറസ് ലോകശരീരത്തിൽ മാരകമായ മുറിവാണ് ഏൽപിച്ചിരിക്കുന്നത്. മുറിവിന് എപ്പോൾ ശമനമുണ്ടാവുമെന്ന് ആർക്കും നിശ്ചയമില്ല. ഈ കുറിപ്പെഴുതുമ്പോൾ കൊറോണ ബാധിച്ച് മരണം പുൽകിയവരുടെ എണ്ണം രണ്ടുലക്ഷം പിന്നിട്ടിരിക്കുന്നു. രോഗികളുടെ എണ്ണമാകട്ടെ മുപ്പത്തൊന്ന് ലക്ഷവും. ഇന്ത്യയിലവ യഥാക്രമം ആയിരത്തിലധികവും മുപ്പത്തിമൂന്നായിരത്തിലധികവുമാണ്. കേരളത്തിൽ പ്രത്യാശയുടെ കിരണങ്ങൾ പ്രത്യക്ഷമാവുന്നുവെങ്കിലും, പൂർണമുക്തകൊറോണാ കേരളം എപ്പോൾ സാധ്യമാവുമെന്നതിന് ഒരു നിശ്ചയവുമില്ല.
അതിനാൽതന്നെ, ഇപ്രാവശ്യത്തെ ഈദുൽഫിത്റിനെ മുറിവുകളുടെ ആഘോഷമെന്നും നിസ്സംശയം പറയാം.

ഈ സന്ദർഭത്തിൽ മുസ്ലിം സമുദായത്തിൻ്റെ ഉത്തരവാദിത്തം വർദ്ധിക്കുകയാണ്. സഹജർ ദുരിതക്കയത്തിൽ മുങ്ങുമ്പോൾ, അവർക്ക് താങ്ങും തണലുമായി മാറണം മുസ്ലിംകൾ. അതോടൊപ്പം, തനിക്കും തൻ്റെ ചുറ്റുപാടിനും ഏൽക്കുന്ന ഓരോ മുറിവിനെയും സാധ്യതകളായി പരിവർത്തിപ്പിക്കുകയാണ് വേണ്ടത്. പൂക്കളോടു മാത്രമല്ല, മുള്ളുകളോടും കൃതജ്ഞത വേണമെന്ന ഒരു ചൊല്ലുണ്ട്. പൂക്കളും മുള്ളുകളും ചേരുമ്പോഴാണല്ലോ ചെടിയുടെ പൂർണത ഇതൾവിരിയുന്നത്. പൂക്കൾ പകരുന്ന കൺകുളിർമയും മുള്ളുകൾ ഏൽപിക്കുന്ന മുറിവും ഒരുപോലെ ജീവിതത്തിൻ്റെ ഭാഗങ്ങളാണ്. മുള്ളുകളേൽപ്പിക്കുന്ന ക്ഷതങ്ങളുടെ കവാടം തുറന്നാണ് ദൈവം വരുന്നതെന്ന യാഥാർഥ്യം തിരിച്ചറിയുമ്പോൾ ഓരോ മുറിവും സർഗാത്മകതയുടെ ഉറവിടമായിത്തീരുകയാണ് ചെയ്യുന്നത്. കൊറോണ ഒരു നവലോക നിർമിതിയുടെ നിമിത്തമായി മാറുന്നത് അപ്പോഴാണ്.

Also read: വധശിക്ഷ വിധിച്ച് ഹജ്ജാജ്; ഹൃദയം കീഴടക്കി ഹസന്‍ബസ്വരി

അതേസമയം, ദൈവത്തിലുള്ള അഗാധമായ വിശ്വാസത്തിലൂടെ മാത്രമേ, ഓരോ മുറിവിനെയും ആത്യന്തികമായി അതിജീവിക്കാനാവുള്ളൂവെന്ന യാഥാർഥ്യം തിരിച്ചറിയണം. ഭൗതികജീവിതത്തിൻ്റെ കാര്യകാരണബന്ധത്തിൽ വിശ്വസിക്കുന്നതോടൊപ്പംതന്നെ, അവയെ അവസാന പ്രമാണമായി കരുതാവതല്ല. ശാസ്ത്രത്തിനും മനുഷ്യൻ്റെ സാധ്യതകൾക്കും പരിധിയും പരിമിതിയുമുണ്ടെന്ന് തിരിച്ചറിയലാണ് വിവേകം. ദൈവത്തിലേക്കുള്ള മടക്കമാണ് മുസ്ലിമിൻ്റെ അവസാന പ്രമാണം. മുസ്ലിമിൻ്റെ ഈ പ്രമാണത്തിന് ഈദ് സുദിനത്തിൽ കൂടുതൽ തിളക്കവും തെളിമയുമുണ്ട്.

വേദനയുടെ ആഘോഷം

ഓരോ മുസ്ലിമും കനംതൂങ്ങുന്ന കദനഭാരത്തിലൂടെയാണ് ഈ റമദാനിൽ കടന്നുപോയത്. കൊറോണ വൈറസ് ഏൽപ്പിച്ച ആഘാതമാണ് അതിൻ്റെ പ്രധാനപ്പെട്ട ഒരു കാരണം. മറ്റൊരു കാരണം, കൊറോണയെ തുടർന്നുണ്ടായ ലോക്ഡൗണും.

ആത്മീയമായും സാമൂഹികമായും മുസ്ലിംസമുദായം കൂടുതൽ ചടുലമാവുന്ന മാസമാണ് റമദാൻ മാസം. ദൈവഭവനത്തോട് പതിവിൽ കവിഞ്ഞ അടുപ്പമുണ്ടാക്കി സ്വത്വത്തിൻ്റെ വിശുദ്ധി റമദാനിൽ സാധിക്കുന്നു. ജമാത്തത്ത് നമസ്കാരം, തറാവീഹ് നമസ്കാരം, ഭജനമിരിക്കൽ, വിധി നിർണയ രാവിനെ പ്രതീക്ഷക്കൽ, വേദപാരായണം……. തുടങ്ങിയവ കൂടുതൽ പ്രശോഭിതമാവുന്നത് ദൈവഭവനത്തിൻ്റെ അകത്തളത്തിൽ ആവുമ്പോഴാണ്. അതുപോലെ, പരസ്പരമുള്ള നോമ്പുതുറകൾ, സമുദായങ്ങളുടെ ഇഴയടുപ്പം വർധിപ്പിക്കാൻ സഹായിക്കുന്ന ഇഫ്താറുകൾ, കുടുംബസന്ദർശനങ്ങൾ എന്നിവയും ഇല്ലാത്ത റമദാനാണ് കടന്നു പോയത്. ലോക്ഡൗൺ എല്ലാറ്റിനെയും നിയന്ത്രണവിധേയമാക്കിയിരിക്കുന്നു. അതിനാൽ, ഈദുൽഫിത്ർ വേദനയുടെ ആഘോഷമാണെന്നും നിസ്സംശയം പറയാം. എങ്കിലും, സൃഷ്ടികളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുംവേണ്ടിയാണ് ലോക്ഡൗണെന്ന തിരിച്ചറിവിലൂടെ ദൈവഭവനത്തിൽ നിർവഹിക്കുന്ന കർമങ്ങൾക്ക് ലഭിക്കുന്ന അതേ പ്രതിഫലം ഒട്ടുംകുറയാതെ സ്വഭവനത്തിലെ കർമങ്ങൾക്കും ലഭിക്കുമെന്ന് മുസ്ലിം മനസിലാക്കുന്നു.

Also read: കത്തി പിടിച്ചവരാണോ യഥാത്ഥ കുറ്റവാളി?

സംഭവിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ പ്രതികൂലാവസ്ഥകളെയും നന്മകളായി മനസിലാക്കി, കൊറോണ വൈറസ് ബാധിതരോടൊപ്പം ചേർന്നുനിന്ന് ഈദുൽഫിത്റിനെ നമുക്ക് ലളിതമായി ആഘോഷിക്കാം.

Related Articles