Current Date

Search
Close this search box.
Search
Close this search box.

കത്തി പിടിച്ചവരാണോ യഥാത്ഥ കുറ്റവാളി?

അടുപ്പിലെ പാത്രത്തിൽ വെള്ളം തിളച്ചുമറിയുന്നു. അതിലിട്ട് വേവിക്കാൻ ഒന്നുമില്ലാത്ത മാതാവ്, നൊന്തുപെറ്റ മക്കളെ നോക്കി നെടുവീർപ്പിടുന്നു. അവരെ പറ്റിക്കാൻ വെള്ളത്തിൽ തവിയിട്ട് ഇളക്കിക്കൊണ്ടിരുന്നു. വിശന്ന്, കരഞ്ഞ്, തളർന്ന് അവസാനം ആ പൈതങ്ങൾ ഉറങ്ങിപ്പോകുന്നു. പ്രസിദ്ധമാണ് ഈ കഥ. പക്ഷേ, ഇത് വെറും കഥയല്ലെന്ന് നാമിപ്പോൾ കൺമുമ്പിൽ കാണുന്നുണ്ട്.

തെലങ്കാനയിൽനിന്ന് വന്ന നടുക്കുന്ന ആ വാർത്ത വായിച്ചില്ലേ? മൂന്ന് മക്കളുള്ള ഒരു പിതാവ്. അവർക്ക് കൊടുക്കാൻ ഭക്ഷണം തികയുന്നതേയില്ല. കഷ്ടപ്പാടുകൾ മാത്രം കൂട്ടിനുള്ള ആ അഛൻ ചെയ്തത് എന്തെന്നോ? മൂന്ന് മക്കളിൽ ഒരാളെ, നാല് വയസ്സുള്ള പൊന്നുമോളെ കഴുത്തറുത്ത് കൊന്നുകളഞ്ഞു. ഉള്ള ഭക്ഷണം ബാക്കി രണ്ട് മക്കൾക്ക് വീതിച്ച് കൊടുക്കാമല്ലോ. ജീവ എന്ന് പേരുള്ള, മുപ്പത് വയസ്സുകാരനായ ആ പാവം പിതാവ് ചിന്തിച്ചത് ഇങ്ങനെയാണ്! തെലങ്കാനയിലെ ഗോംഗ്ലൂരിൽ നിന്ന്, 2020 മെയ് രണ്ടിന് വന്ന ഈ വാർത്ത വായിച്ച് നിശ്ചലനായിപ്പോയി! സ്വന്തം മകളെ കൊല്ലുമ്പോൾ എന്തായിരിക്കും ആ അച്ചൻ്റെ മാനസികാവസ്ഥ? രണ്ടു മക്കളോടുള്ള കാരുണ്യമാണോ, കൊല്ലപ്പെട്ടവളോടുള്ള ക്രൂരതയാണോ അയാളെക്കൊണ്ട് ഇത് ചെയ്യിച്ചത്? പുറത്തു വരാത്ത വാർത്തകൾ വേറെയുമുണ്ടാകാം, ഇനിയും നടക്കാനിരിക്കുന്ന ദാരുണ സംഭവങ്ങളും!

Also read: റമദാൻ നോമ്പും രോഗപ്രതിരോധ ശേഷിയും

ദാരിദ്ര്യം ഭയന്ന് സ്വന്തം മക്കളെ കൊല്ലുന്ന മാതാപിതാക്കൾ! നാം ജീവിക്കുന്ന കാലത്താണ് ഇത് സംഭവിക്കുന്നതെന്ന് ഓർക്കണം. പക്ഷേ, സത്യവേദം ആയിരത്തി നാനൂറ് വർഷങ്ങൾക്കു മുമ്പ് ഇതേ വിഷയം താക്കീതു ചെയ്തിട്ടുണ്ട്. “ദാരിദ്ര്യം ഭയന്ന് സ്വസന്തതികളെ കൊന്നുകളയരുത്. അവര്‍ക്ക് അന്നം നല്‍കുന്നത് നാമാകുന്നു; നിങ്ങള്‍ക്കും.” പതിനേഴാം അധ്യായം, മുപ്പത്തിയൊന്നാം വചനം. അന്ന് അറേബ്യയിൽ ചിലർ അനുവർത്തിച്ച രീതിയാണിത്; പോറ്റാൻ പണമുണ്ടാകില്ലെന്ന് കരുതി, വരുമാനങ്ങളൊന്നും ഉണ്ടാക്കിത്തരില്ലെന്ന് വിചാരിച്ച് അവർ സ്വന്തം മക്കളെ കൊല്ലുമായിരുന്നു. കാലം ‘പുരോഗമിച്ചപ്പോൾ’ സാമ്പത്തിക ഇടുക്കത്തെക്കുറിച്ച പേടി കൂടി. സന്താന വർധനവ് തന്നെ വേണ്ടെന്ന് വെച്ചു ചിലർ. അതിനെ ആസൂത്രണമെന്ന് പേർ വിളിച്ചു. ജനിക്കാനുള്ള അവകാശം തന്നെ നിഷേധിച്ചു. വിഭവങ്ങൾ പങ്കുവെക്കാനുള്ള മനസ്സിലായ്മ, സ്വാർത്ഥമായൊരു ഭൗതികാസക്തി, വരുമാനം ഉണ്ടാകില്ലെന്ന ഭീതി. കാരണം ഇതെല്ലാമാണ്. ചിന്തിച്ചു നോക്കൂ, പതിനാല് നൂറ്റാണ്ട് മുമ്പ് നടന്ന ഒരു തിന്മ. ഇപ്പോഴും അത് നടമാടുന്നു. അപ്പോൾ, മനുഷ്യ ലോകം നടന്നത് മുന്നോട്ടാണോ, അതോ 1400 വർഷം പുറകോട്ടോ? നാം യഥാർത്ഥത്തിൽ പുരോഗമിച്ചതാണോ, അതോ അധ:പതിച്ചതോ?

മറ്റു ചിലർ ജീവയെപ്പോലെ സ്വന്തം കുഞ്ഞുങ്ങളുടെ കഴുത്തിൽ കത്തിയാഴ്ത്തുന്നു. ഗതികേടിൻ്റെ പരകോടിയിൽ, മുന്നോട്ടു പോകാൻ വഴി കാണാതെ അവർ ചെയ്തു പോകുന്നതാണിത്! രണ്ടാണെങ്കിലും മഹാപാപം. പക്ഷേ, രണ്ടും തമ്മിൽ ചെറിയൊരു വ്യത്യാസമില്ലേ? അത്യാവശ്യത്തിന് പണമുള്ളവർ, ഭാവിയെക്കുറിച്ച ഭീതി കാരണം നടത്തുന്ന സന്താനഹത്യ, അവർ സ്വയം ചെയ്യുന്ന നരഹത്യയാണ്! അന്നത്തിനുള്ള വഴികളെല്ലാം അടയുമ്പോൾ, മക്കളുടെ പട്ടിണി കണ്ട് മരവിച്ച മനസ്സ് അവരെ കൊന്നുപോകുന്നു! സമൂഹം, സമ്പന്നർ, ഭരണകൂടം നിസ്സഹായരെക്കൊണ്ട് ചെയ്യിക്കുന്നതാണ് ഈ നരഹത്യ! ചെയ്യുന്നതും ചെയ്യിക്കുന്നതും തമ്മിൽ അന്തരമില്ലേ? “അവരെ കൊന്നുകളയുന്നത് തീര്‍ച്ചയായും മഹാപാപം തന്നെ”. അതേ മുപ്പത്തിയൊന്നാം വചനത്തിൻ്റെ അവസാന ഭാഗം. ഇവിടെയൊരു ചോദ്യമുണ്ട്; സത്യത്തിൽ ആരാണവരെ കൊന്നുകളഞ്ഞത്? ആരാണാ മഹാപാപി? കത്തി പിടിച്ചത് പിതാവാണെങ്കിലും, യഥാർത്ഥ കുറ്റവാളി ആരാണ്? അത് സമൂഹവും ഭരണകൂടവുമല്ലാതെ മറ്റാര്!

Also read: ആനന്ദത്തിന്റെ രസതന്ത്രം

‘അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറയെ ഭക്ഷണം കഴിക്കുന്നവൻ എൻ്റെ സമുദായത്തിൽ പെട്ടവനല്ല’ എന്ന് പഠിപ്പിച്ച പ്രവാചകനുണ്ട് ചരിത്രത്തിൽ. ‘നീ കറി പാകം ചെയ്താൽ, അതിൽ വെള്ളം വർധിപ്പിച്ച്, അയൽവാസിയെക്കൂടി പരിഗണിക്കണം’ എന്ന് പഠിപ്പിച്ചതും ഇതേ ലോകഗുരു തന്നെ. നമുക്ക് ചുറ്റുമുള്ളവരുടെ വിശപ്പ്, നമ്മുടെ കൂടി വിശപ്പായി മാറുന്ന ഈ തന്മയീഭാവമുണ്ടല്ലോ! അത് ആത്മീയതയുടെ ഉജജ്വല പ്രകാശനമാണ്. സാമൂഹിക ബോധമുള്ള ആത്മീയത! അപരൻ്റെ വീടിന് തീവെക്കുന്ന വംശീയതയല്ല, അയൽവാസിയുടെ അടുപ്പിലും തീ കത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്ന വിശാലത! സാമൂഹിക സഹകരണത്തിൻ്റെ ഈ നന്മയുള്ള സംസ്കാരം വിളയുന്നേടത്ത് ഇത്തരം പ്രശ്നങ്ങൾക്ക് ഇടമുണ്ടാകില്ല.

എന്നാൽ മറുഭാഗത്തോ? ദാരിദ്ര്യത്തിൻ്റെ എരിതീയിലേക്ക് എടുത്തെറിയപ്പെടുന്ന അനേക ലക്ഷം മനുഷ്യർ. അവരുടെ തൊണ്ടയിൽ കുരുങ്ങിയ വിശപ്പിൻ്റെ വിളി. അപ്പോഴും എലി തിന്നും പുഴയിലൊഴുക്കിയും കളയുന്ന ടൺകണക്കിന് ഭക്ഷ്യധാന്യങ്ങൾ! കുത്തക കമ്പനികളുടെ ചൂഷണത്തിന് തീറെഴുതപ്പെടുന്ന രാജ്യവും സമൂഹവും. കോടികൾ ചെലവിട്ട് പണിതുയർത്തുന്ന പ്രതിമകൾ. സമ്പന്നരെ മാത്രം കെട്ടിപ്പിടിക്കുന്ന വിരിഞ്ഞ നെഞ്ചുകൾ!  മനുഷ്യരുടെ വിശപ്പിൻ്റെ വേദനയറിയാത്ത ഭരണാധിപൻമാർ. ചിന്തിച്ചിട്ടുണ്ടോ? അവരാണ് ആ കൊലപാതങ്ങൾ ചെയ്യിച്ചത്! അവരാണ് ആ ആത്മഹത്യകൾക്ക് കുരുക്ക് മുറുക്കിയത്! പാവങ്ങളെ പട്ടിണിക്കിട്ട ഈ ‘തമ്പുരാക്കൻമാരെയാണ് ‘ കൊലക്കുറ്റത്തിന് ശിക്ഷിക്കേണ്ടത്.

ഇതെല്ലാം കാണുമ്പോഴാണ് നാം ഒരു ചരിത്ര പുരുഷനെ ഓർത്തു പോകുന്നത്. മനുഷ്യപ്പറ്റുള്ള, മഹാനായ ആ ഭരണാധികാരിയുടെ വാക്കുകൾ ആവർത്തിക്കുന്നത്; ‘യൂഫ്രട്ടീസ് നദിയുടെ തീരത്ത് ഒരു ആട്ടിൻകുട്ടി വിശന്ന് മരിച്ചാലും, അതിൻ്റെ പേരിൽ ഞാൻ ദൈവത്തോട് മറുപടി പറയേണ്ടി വരും’! ഭൂമി ആകാശത്ത് കൊത്തിവെച്ച വാക്കുകളാണിത്. കാരണം, ആകാശം നമുക്ക് തന്ന, സത്യവേദമാണ് ആ മനുഷ്യനെ മാറ്റിമറിച്ചത്. നീതി കാമ്പും കാതലുമായ ആ സത്യവേദത്തിൽനിന്നാണ് നീതിമാനായ ആ ഭരണാധികാരി പിറവി കൊണ്ടത്. ദാരിദ്ര്യം കാരണം കുഞ്ഞുങ്ങളെ കൊല്ലാത്ത, ആരും പട്ടിണി കിടക്കാത്ത അത്തരമൊരു ക്ഷേമലോകം പുലരാനാണ്, നാം ഭൂമിയിൽ കാലൂന്നി ആകാശത്തേക്ക് കൈകളുയർത്തുന്നത്. ഓർക്കുക, ഭൂമിയിൽ കാലൂന്നി മാത്രമേ, ആകാശത്തേക്ക് കൈകളുയർത്താവൂ!

ആരായിരുന്നു നീതിമാനായ ആ ഭരണാധികാരി?

Related Articles