Current Date

Search
Close this search box.
Search
Close this search box.

ചെങ്കടലിലെ ഹൂതി ഇടപെടലുകൾ അമേരിക്കയെ അസ്വസ്ഥപ്പെടുത്തുന്നതെങ്ങനെയാണ്?

ചെങ്കടലിലെ ചരക്ക് കപ്പലുകൾക്ക് നേരെ വർദ്ധിച്ചുവരുന്ന ഹൂതീ ആക്രമണങ്ങൾ അന്താരാഷ്ട്രതലത്തിൽ തന്നെ പരിഹാരം കാണേണ്ട പ്രശ്നമാണെന്നും അതിനായി ഒരു ആഗോള നാവികസഖ്യം രൂപീകരിക്കേണ്ടതിനെ കുറിച്ചും യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ തന്റെ ഇസ്രായേൽ സന്ദർശത്തിനിടെ പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. ഏറെ അപകടം നിറഞ്ഞ ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അതിനാൽ ഈ ഭീഷണി നേരിടാൻ സഖ്യ രൂപീകരണത്തിന് തങ്ങൾ നടപടിയെടുക്കുകയാണെന്നും ഓസ്റ്റിൻ കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ഒക്ടോബർ ഏഴിനു ശേഷം ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന നരമേധത്തിന് പ്രതികരണമെന്നോണം ഇസ്രായേലുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ചരക്ക് കപ്പലുകൾക്ക് നേരെ 12 ഓളം ആക്രമങ്ങളാണ് ഹൂതീ സായുധസംഘം നടത്തിയതായി പറയപ്പെടുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചെങ്കടലിലെ ബാബുൽ മന്ദബ് കടലിടുക്കിൽ പ്രവേശിക്കരുതെന്ന് തങ്ങളുടെ കപ്പലുകളെ അറിയിച്ചതായി നിരവധി അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികൾ പറയുന്നു. ആഗോള കണ്ടെയ്നർ വ്യാപാരത്തിന്റെ 53% വരുന്ന ലോകത്തിലെ ഏറ്റവും വലിയ അഞ്ച് കണ്ടെയ്നർ കമ്പനികളിൽ നാലെണ്ണം തങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. ഇത് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആഘാതം സൃഷ്ടിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

വൈറ്റ് ഹൗസിലെ മുൻ ഉദ്യോഗസ്ഥനും വാഷിംഗ്ടണിലെ അറബ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധനുമായ ചാൾസ് ഡൺ അൽ ജസീറ വെബ്സൈറ്റുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞത് ഇങ്ങനെയാണ്: ”ഗസ്സയിലെ യുദ്ധത്തിന് ഇനി അന്താരാഷ്ട്ര സമൂഹം വലിയ വില തന്നെ ഒടുക്കേണ്ടി വരും. അതാണ് ചെങ്കടലിലെ കപ്പലാക്രമണം സൂചിപ്പിക്കുന്നത് ”. 

ചെങ്കടലിലും ഏദൻ ഉൾക്കടലിലുമുള്ള ഹൂതികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് വാണിജ്യ കപ്പലുകളെ സംരക്ഷിക്കുന്നതിന് ബഹുരാഷ്ട്രസഖ്യം രൂപീകരിക്കാനുള്ള പെൺടഗൺ തീരുമാനം അമേരിക്കൻ നിരീക്ഷകരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ‘പ്രൊട്ടക്റ്റ് പ്രോസ്പിരിറ്റി ഓപറേഷൻ’ എന്നപേരിൽ അറിയപ്പെടുന്ന അമേരിക്കയുടെ പുതിയ സഖ്യത്തിൽ ബ്രിട്ടൻ, ബഹ്റൈൻ, കാനഡ, ഫ്രാൻസ്, ഇറ്റലി, ഹോളണ്ട്, നോർവേ, സീശെൽ എന്നീ രാഷ്ട്രങ്ങളാണ് ഉണ്ടാവുകയെന്ന് അധികൃതർ അറിയിച്ചു.

വാഷിംഗ്ടണിലെ ജോർജ്ടൗൺ യൂണിവേഴ്സിറ്റി പ്രൊഫസർ ട്രീറ്റ പാർസി ‘എക്സി’ ൽ നടത്തിയ ഒരു ട്വീറ്റ് ഇങ്ങനെയാണ്: ” അമേരിക്കയുടെ പുതിയ സഖ്യത്തിൽ ചെങ്കടൽ തീരത്തെ ഒരു രാഷ്ട്രം പോലും ചേർന്നിട്ടില്ല. മാത്രമല്ല ബഹ്റൈൻ മാത്രമാണ് അതിലുള്ള ഒരേയൊരു അറബ് രാഷ്ട്രം. പ്രസിഡണ്ട് ജോബൈടൻറെ നയതന്ത്ര മികവിന്റെ അവസ്ഥയാണ് ഇത് സൂചിപ്പിക്കുന്നത്. ഗസ്സയിൽ വെടി നിർത്തലിനെ പിന്തുണയ്ക്കുകയായിരുന്നു ചെയ്തിരുന്നെങ്കിൽ മറിച്ചാകുമായിരുന്നു കാര്യങ്ങൾ. ചെങ്കടലിൽ അതിർത്തി പങ്കിടുന്ന സൗദി, ഈജിപ്ത്, സുഡാൻ, ജിബൂട്ടി,എരിത്രിയ, ഇസ്രയേൽ എന്നീ രാജ്യങ്ങളിൽ ആരും സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമായിരിക്കുകയാണ്.

2019 ൽ ഇറാൻ ആക്രമണങ്ങളിൽ നിന്നും കപ്പലുകളെ സംരക്ഷിക്കുന്നതിനായി അമേരിക്ക രൂപീകരിച്ച ‘ടാസ്ക് ഫോഴ്സ് 153’ എന്ന പേരിലുള്ള 34 രാഷ്ട്രങ്ങളുടെ നാവികസഖ്യത്തിന്റെ നേതൃത്വം കഴിഞ്ഞ ഡിസംബറിൽ ഈജിപ്ത് ഏറ്റെടുത്തിരുന്നു. സമുദ്ര നിരീക്ഷണങ്ങൾ കാര്യക്ഷമമാക്കി ആയുധങ്ങളും മയക്കുമരുന്നുകളും കൈമാറ്റം ചെയ്യുന്നത് തടയാനും ചെങ്കടലിൽ ഈജിപ്ത് പെട്രോളിങ്ങിന് നേതൃത്വം നൽകി വരികയാണ്. അതുവഴി ഇറാനും സഖ്യകക്ഷികൾക്കുമെതിരിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള കൂട്ടായ നീക്കത്തിന് ഈജിപ്തിന് നിർണായക പങ്കുവഹിക്കാനാകുമെന്നും പെന്റഗൺ കണക്കുകൂട്ടുന്നു. 

എണ്ണ, ഗ്യാസ്, ഉപഭോക്ത്യ ചരക്കുകൾ എന്നിവയ്ക്കുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിൽ ഒന്നായാണ് ചെങ്കടൽ പരിഗണിക്കപ്പെടുന്നത്. ഒടുവിലത്തെ ആക്രമണ സംഭവങ്ങളെ തുടർന്ന് പ്രമുഖ എണ്ണ കമ്പനിയായ ബ്രിട്ടീഷ് പെട്രോളിയം ചെങ്കടലിലൂടെയുള്ള തങ്ങളുടെ മുഴുവൻ ചരക്ക് ഗതാഗതവും നിർത്തിവച്ചിരിക്കുകയാണ്. സുരക്ഷാഭംഗം സംഭവിച്ചതിനാൽ മറ്റു പല കമ്പനികളും തങ്ങളുടെ കപ്പൽ നീക്കവും നിർത്തിയിട്ടുണ്ട്. 

സുരക്ഷാ ഭീഷണി കാരണം ചെങ്കടൽ വഴിയുള്ള ചരക്ക് കൈമാറ്റം നിർത്തിവച്ചിരിക്കുകയാണെന്നും ഇസ്രയേലിന്റെ ചരക്കുകൾ ഉടൻ സ്വീകരിക്കുന്നില്ലെന്നും മറ്റൊരു പ്രമുഖ കമ്പനിയായ എവർഗ്രീൻ ലൈൻ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചെങ്കടലിലൂടെയുള്ള മുഴുവൻ യാത്രയും അവസാനിപ്പിക്കാൻ തങ്ങളുടെ കപ്പലുകൾക്ക് നിർദ്ദേശം നൽകിയതായും അവർ പറയുന്നു. 

ചെങ്കടൽ പാത അല്ലെങ്കിൽ ചരക്കുനീക്കത്തിന് ആഫ്രിക്ക ചുറ്റിയുള്ള ദീർഘമായ പാതയാണ് കപ്പലുകൾക്ക് സ്വീകരിക്കേണ്ടി വരിക. അതാകട്ടെ ചരക്ക് കൈമാറ്റത്തിന് പത്തുദിവസത്തോളം കൂടുതൽ എടുക്കുകയും ദശലക്ഷക്കണക്കിന് ഡോളറിന്റെ അധിക ചെലവ് വരികയും ചെയ്യുന്നു. ആഗോള കണ്ടെയ്നർ വ്യവസായത്തിന്റെ 30% സൂയസ് കനാൽ വഴിയാണ് കടന്നു പോകുന്നതെന്ന് വിദഗ്ധർ പറയുന്നു. 

എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും വില കഴിഞ്ഞ തിങ്കളാഴ്ച കുത്തനെ ഉയർന്നിരിക്കുകയാണ്. ഏറ്റവും പ്രധാനപ്പെട്ട ആഗോളസൂചികയായ ബ്രെൻ്റ് ക്രൂഡ് ബാരലിന് 2.7 ശതമാനം ഉയർന്ന് 78.64 ഡോളറിൽ എത്തി. യു.എസ് എണ്ണ വിലയും ബാരലിന് 2.8% ഉയർന്ന് 73.44 ഡോളറിൽ എത്തി നിൽക്കുന്നു. 

പാകിസ്ഥാൻ മുതൽ ഈജിപ്ത് വരെ വ്യാപിച്ചുകിടക്കുന്ന ‘യു.എസ് സെൻട്രൽ കമാൻഡ്’ (CENTCOM)  കഴിഞ്ഞദിവസം ചെങ്കടലിലെ കപ്പലുകളിൽ ആക്രമണം നടന്നതായി തങ്ങളുടെ ‘എക്സ്’ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു. അവർ പറയുന്നു: ”ഡിസംബർ 18ന് രാവിലെ ഏതാണ്ട് 9 മണി സമയത്ത് തെക്കൻ ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്കു നേരെ 2 ഹൂതീ ആക്രമണങ്ങൾ നടന്നു. യെമനിലെ ഹൂതീ നിയന്ത്രിത പ്രദേശങ്ങളിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ എന്നിവ ഉപയോഗിച്ചാണ് ‘സ്വാൻ അറ്റ്ലാൻഡിക്’ (SWAN ATLANTIC ) എന്ന എണ്ണ കപ്പലിനെ അവർ ആക്രമിച്ചത്. 

ആക്രമിക്കപ്പെട്ട സ്വാൻ അറ്റ്ലാൻറിക് കപ്പൽ തങ്ങളുടെ നാശനഷ്ടങ്ങൾ വിലയിരുത്താൻ അടുത്തുള്ള അമേരിക്കൻ യുദ്ധക്കപ്പലിനോട് സഹായം അഭ്യർത്ഥിച്ചതായും ട്വീറ്റിൽ പറയുന്നു. അവർ തുടരുന്നു. ”ഏകദേശം അതേ സമയത്ത് തന്നെ ചരക്കു കപ്പലായ എം.എഫ് ക്ലാരയുടെ സമീപ സ്ഥാനത്ത് സ്ഫോടനം റിപ്പോർട്ട് ചെയ്തു. ‘സ്വാൻ അറ്റ്ലാൻഡിക്’ സംഭവത്തിൽ നിന്നും വ്യത്യസ്തമായി അവിടെ നിന്നും സഹായ അഭ്യർത്ഥനയോ നാശനഷ്ട റിപ്പോർട്ടിംഗോ ഉണ്ടായിട്ടില്ല. രണ്ട് സംഭവങ്ങളിലും പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല” 

ചെങ്കടലിലെ ഹൂതി ആക്രമണങ്ങളോട് പ്രതികരിക്കാൻ ബൈഡൻ ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് നിരവധി മാധ്യമങ്ങളിലൂടെ ബൈഡൻ ഭരണകൂടം ഹൂതികളെ അറിയിച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ആക്സിയോസ്’ സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

വ്യക്തമായ ‘ഭീഷണി’

വാഷിംഗ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നിയർ ഈസ്റ്റ് സ്റ്റഡീസ് ഗവേഷകനായ മൈക്കൽ നൈറ്റ്സ് പറയുന്നു: ”യുദ്ധത്തിൽ ഇറാൻ പ്രതിരോധ പക്ഷത്തെ ഏറ്റവും അപകടകരമായ സാന്നിധ്യമായി ഹൂതികൾ മാറിയിരിക്കുകയാണ്. പ്രത്യേകിച്ചും അന്താരാഷ്ട്ര സമുദ്ര സഞ്ചാര സ്വാതന്ത്ര്യത്തിന് വ്യക്തമായ ഭീഷണിയായി അവർ മാറിയിരിക്കുന്നു. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനായ ചാൾസ് ഡണ്ണും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. തെഹ്റാനും ഹൂതികളും തന്ത്രപരമായ യോജിപ്പിലെത്തിയിരിക്കുകയാണെന്നും അത്തരം സ്ട്രാറ്റജിക് ധാരണകൾ തങ്ങളുടെ കേവല ആരോപണങ്ങൾ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

ഗസ്സയിലെ ഇസ്രയേൽ യുദ്ധം ആരംഭിച്ചത് മുതൽ സാധ്യമാകുന്ന വഴികളിലെല്ലാം ഫലസ്തീൻ പോരാട്ടത്തിന് പിന്തുണയുമായി ഹൂതികൾ രംഗത്തുണ്ട്. അതിൻറെ ഭാഗമായി ഇസ്രായേലിലേക്ക് നിരവധി മിസൈലുകളും അവർ വിക്ഷേപിക്കുകയുണ്ടായി. ഈ ഡിസംബർ 9 നാണ് തെൽ അവീവിലേക്ക് പോകുന്ന എല്ലാ കപ്പലുകളെയും -അവ ഏത് രാജ്യത്ത് നിന്നായാലും-  തങ്ങൾ ലക്ഷ്യമിടുമെന്ന് ഹൂതികൾ ഭീഷണി മുഴക്കിയത്. 

ഇസ്രായേൽ തുറമുഖങ്ങളുമായി ബന്ധം പുലർത്തുന്ന മുഴുവൻ ചരക്ക് കമ്പനികൾക്കും അവർ മുന്നറിയിപ്പ് നൽകിയിരുന്നു. ആഴ്ചകൾക്ക് മുമ്പ് ഒരു അമേരിക്കൻ MQ- 9 റീപ്പർ ഡ്രോൺ ഹൂതികൾ വെടിവെച്ച് വീഴ്ത്തിയിരുന്നു. അതേ തുടർന്നാണ് ചെങ്കടലിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാൻ അമേരിക്കക്കൊപ്പം ഇതര രാഷ്ട്രങ്ങളുടെ ഒരു സഖ്യം രൂപീകരിക്കാനുള്ള ചർച്ച നടന്നു വരികയാണെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ കഴിഞ്ഞ ഡിസംബർ നാലിന് പ്രസ്താവന ഇറക്കിയത്. 

ഹൂതികളെ ഒരു വിദേശ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് അമേരിക്കൻ കോൺഗ്രസിലെ ചില അംഗങ്ങൾ ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫോറിൻ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ മൈക്കൽ മക്കോൾ പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെയാണ്: ”രാഷ്ട്രീയ നേട്ടത്തിനായി ഹൂതികളെ ഈ രീതിയിൽ വളർത്തിയെടുത്തത് ഈ ഭരണകൂടമാണ്. സുരക്ഷയ്ക്ക് മുൻഗണന നൽകാതെ നൂതനമായ ആയുധങ്ങൾ നിർമ്മിക്കാൻ പ്രാപ്തരാക്കുകയും ഇറാനുമായുള്ള അവരുടെ ബന്ധം ആഴത്തിലാക്കുകയും ലക്ഷക്കണക്കിന് നിരപരാധികളായ യമനികൾക്കുമേൽ അവർക്ക് നിയന്ത്രണം നൽകുകയും ചെയ്തതും ഇവർ തന്നെയാണ്”. 

മാക്കോൾ തുടരുന്നു. ”യമനികൾക്ക് മാത്രമല്ല മിഡിലീസ്റ്റിലെ നമ്മുടെ കൂട്ടാളികൾക്കും അവിടെയുള്ള അമേരിക്കൻ സൈനികർക്കും പൗരന്മാർക്കും ഒരേപോലെ ഭീഷണിയാണ് ഹൂതികൾ. പ്രീണനത്തിന്റെ രാഷ്ട്രീയം നിർത്തി ഹൂതി ഭീഷണിയോട് ഗൗരവത്തിൽ പ്രതികരിക്കേണ്ട സമയമാണിത്. അവരെ ശക്തിപ്പെടുത്തുന്നതിന് പകരം തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയാണ് വേണ്ടത്”. 

ഹൂതികളെ സാമ്പത്തികമായി പിന്തുണയ്ക്കുന്ന ആളുകൾക്കെതിരെ വാഷിംഗ്ടൺ അടുത്തിടെ പുതിയ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഹൂതി വിമതർക്ക് ആയുധം നൽകി പരിശീലിപ്പിക്കുന്നത് ഇറാനാണെന്ന് ആരോപണവും വൈറ്റ് ഹൗസിനുണ്ട്.

വിവ: ബിലാൽ നജീബ്

Related Articles