Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ യുദ്ധം; പ്രതിരോധത്തിനും ഭീകരതക്കും മധ്യേ

2001 സെപ്റ്റംബര്‍ 11 ആക്രമണങ്ങള്‍ക്ക് ശേഷം ദാര്‍ശനിക ചര്‍ച്ചകള്‍ നടക്കുന്ന വിഷയങ്ങളിലൊന്നാണ് ‘ഭീകരവാദം’. പരസ്പര ബന്ധിതവും അടിസ്ഥാനപരവുമായ രണ്ട് ചോദ്യങ്ങളെയാണത് കൈകാര്യം ചെയ്യുന്നത്. ഭീകരതയുടെ അടയാളങ്ങളും ഘടകങ്ങളും കൈകാര്യം ചെയ്യുന്ന ആശയപരമായ ചോദ്യമാണ് അതില്‍ ഒന്നാമത്തേത്. രണ്ടാമത്തേത് ധാര്‍മികമാണ്. ഭീകരതയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രവൃത്തിയെ വിലയിരുത്തുകയാണത് ചെയ്യുന്നത്. ശ്രദ്ധേയമായ ധാര്‍മിക സിദ്ധാന്തങ്ങളുടെ (പരിണിതവാദം അല്ലെങ്കില്‍ പ്രയോജനവാദം പോലുള്ള) അടിസ്ഥാനത്തില്‍ അതിന്  ന്യായം കണ്ടെത്താനാവുമോ, പ്രത്യേകിച്ചും എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന സമൂഹത്തിന്റെ നിര്‍മിതി പോലുള്ള പൊതു താല്‍പര്യങ്ങള്‍ സാക്ഷാല്‍കരിക്കാനുള്ള ഏകമാര്‍ഗം ഭീകരതയുടെ പരിമിതമായ ഉപയോഗമായി വരുന്ന വേറിട്ട സാഹചര്യങ്ങളില്‍ ഈ ചോദ്യത്തിന് പ്രസക്തിയുണ്ട്.

ഭീകരത പലതരത്തിലുണ്ടെങ്കിലും നിലവില്‍ വളരെയേറെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ് ഭരണകൂട ഭീകരത (State terrorism). ഏറ്റവും അക്രമണോത്സുകവും അപകടകരവുമാണെന്ന കാരണത്താല്‍ ഏകാധിപത്യ ഭരണകൂടങ്ങളുടെ ഭീകരതയെ കൈകാര്യം ചെയ്ത ചിന്തകന്മാരുണ്ട്. സ്വേച്ഛാധിപത്യത്തിന്റെ സത്തയെന്നാണ് ഹന്ന ആരന്‍റ് ഭീകരതയെ വിശേഷിപ്പിച്ചിട്ടുള്ളത്. 2011ല്‍ ജനകീയ വിപ്ലവം ആരംഭിച്ചതിന് ശേഷം, കഴിഞ്ഞ ദശകത്തില്‍ സിറിയയില്‍ നാം കണ്ടത് ഏകാധിപത്യ ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. അസദ് ഭരണകൂടം തങ്ങള്‍ക്കെതിരെ വിപ്ലവമുണ്ടായ പട്ടണങ്ങളെയെല്ലാം ഒന്നടങ്കം തകര്‍ത്തു കളയുകയാണ് ചെയ്തത്. സിറിയക്കാരായ ലക്ഷക്കണക്കിന് രക്തസാക്ഷികളെയും അഭയാര്‍ഥികളെയും അത് സൃഷ്ടിച്ചു. ഒരു രാഷ്ട്രം സ്വന്തം ജനതക്കെതിരെ നടത്തിയ ഭീകരതയാണിത്.

എന്നാല്‍ ഭരണകൂട ഭീകരത ഏകാധിപത്യ ഭരണകൂടങ്ങളില്‍ പരിമിതപ്പെടുന്നില്ല. ജനാധിപത്യ ഭരണകൂടങ്ങളും മറ്റു ജനതക്ക് മേല്‍ അത് നടപ്പാക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സിന്റെയും അമേരിക്കന്‍ എയര്‍ഫോഴ്‌സിന്റെയും വിമാനങ്ങള്‍ ജര്‍മ്മന്‍, ജാപ്പനീസ് നഗരങ്ങളില്‍ ബോംബെറിഞ്ഞപ്പോള്‍ അതാണ് സംഭവിച്ചത്. സായുധ സംഘങ്ങളെ ഭീകരപട്ടികയിലുള്‍പ്പെടുത്തുന്നത് പോലെ രാഷ്ട്രങ്ങളെ ഭീകരപ്പട്ടികയിലുള്‍പ്പെടുത്തുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. പലപ്പോഴും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കുമനുസരിച്ചാണ് ഈ സംഘങ്ങളെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും അതില്‍ നിന്ന് ഒഴിവാക്കുന്നതും. ഹൂഥി ഗ്രൂപ്പുകള്‍ അതിനുദാഹരണമാണ്. അതേസമയം ‘ഭീകരതയെ പിന്തുണക്കുന്ന രാഷ്ട്രം’ അല്ലെങ്കില്‍ ‘മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന രാഷ്ട്രം’ എന്നീ ബദല്‍ പ്രയോഗങ്ങളാണ് ഭരണകൂട ഭീകരതയെ കുറിക്കാന്‍ ഉപയോഗിക്കാറുള്ളത്.

ഭരണകൂട ഭീകരത ഇല്ലാതായിരിക്കുന്നു എന്ന് അതിന് അര്‍ത്ഥമില്ല. അധിനിവേശ ഇസ്രയേല്‍ ഗസ്സയില്‍ നടമാടുന്നത് അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. 2006 മുതല്‍ ഇരുപത് ലക്ഷത്തിലേറെ ആളുകളെ പാര്‍പ്പിച്ചിരിക്കുന്ന ‘തടങ്കല്‍ പാളയ’മാക്കി ഗസ്സയെ അവര്‍ മാറ്റിയിരിക്കുകയാണ്. ഹന്ന ആരന്‍റ്  പറയുന്നത് പ്രകാരം, ഒരു ഏകാധിപത്യ-സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ സംവിധാനമാണ് ‘തടങ്കല്‍ പാളയം’. ഭരണകൂട ഭീകരതയുടെ വ്യാപ്തി കുറക്കാന്‍ ജനാധിപത്യം മാത്രം മതിയെന്ന തരത്തിലുള്ള ആശയക്കുഴപ്പമുണ്ടാക്കുന്ന വിശകലനങ്ങളാണ് ഇസ്രായേല്‍ മുന്നോട്ടുവെക്കുന്നത്. ജനാധിപത്യ ഇസ്രായേല്‍ അധിനിവേശത്തിനിരയാക്കപ്പെട്ട ജനതക്ക് മേല്‍ നടപ്പാക്കുന്ന ഭീകരതയുടെ അടിസ്ഥാനം വംശീയ വിവേചനമാണ്. വംശപരമായോ മതപരമായോ തരംതാഴ്ന്നവരായി ഇസ്രയേല്‍ കണക്കാക്കുന്ന, അവര്‍ക്ക് മനുഷ്യരെന്ന പരിഗണന പോലും വകവെച്ച് നല്‍കാതെയാണ് അവര്‍ക്കുള്ളതെല്ലാം കവര്‍ന്നെടുക്കുന്നത്. ജര്‍മനിയിലെ നാസികളിലും ഇത് തന്നെയാണ് നാം കണ്ടത്.

‘ഭീകരത’ക്ക് രാഷ്ട്രീയമോ നിയമപരമോ ആയ ഒരു ഏകോപിത നിര്‍വചനമില്ല. ഭീകരതയുമായി ബന്ധപ്പെട്ട ഈ അവ്യക്തത ബോധപൂര്‍വമായ ഒരു തന്ത്രമാണ്. വന്‍ശക്തികള്‍ക്ക് തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സാധുത നല്‍കുന്നതിനും, തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായവയെ നീക്കം ചെയ്യുന്നതിനുമുള്ള സൗകര്യത്തിന് വേണ്ടിയാണത്. അതുകൊണ്ടു തന്നെ അന്താരാഷ്ട്ര നിയമങ്ങളുടെയോ ധാര്‍മികതയുടെയോ മാനദണ്ഡങ്ങള്‍ക്ക് വിധേയമല്ലാത്ത സവിശേഷമായ രാഷ്ട്രീയ സാങ്കേതിക പദമാണ് ‘ഭീകരത’. എന്നാല്‍ ഭീകരതയെ കുറിച്ച കാഴ്ച്ചപ്പാടില്‍ വിശദീകരിക്കേണ്ട രണ്ട് പ്രധാന ഘടകങ്ങളുണ്ട്. സിവിലിയന്‍മാരെ ആക്രമിക്കാന്‍ ‘ശത്രുക്കള്‍’ എന്ന് മുദ്രകുത്തി യുദ്ധമുറകളെല്ലാം ആസൂത്രിതമായി ഉപയോഗപ്പെടുത്തലാണ് അതില്‍ ഒന്നാമത്തേത്. രാഷ്ട്രീയമോ മതപരമോ ആയ ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കാന്‍ അക്രമത്തിന്റെയും ഭീഷണിയുടെയും മാര്‍ഗ്ഗം അവലംബിക്കലാണ് രണ്ടാമത്തേത്.

മേല്‍പറഞ്ഞ രണ്ട് ഘടകങ്ങളും ഇസ്രയേല്‍ എന്ന രാഷ്ട്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നമുക്ക് കാണാം, വിശിഷ്യാ ഗസ്സയിലെ അവരുടെ ഇടപെടലുകളില്‍. ഗസ്സക്ക് നേരെ നടത്തുന്ന യുദ്ധത്തിലെ മൂന്ന് കാര്യങ്ങള്‍ പരിഗണിച്ച് ഇസ്രയേലിന്റേത് ഭരണകൂട ഭീകരതയാണെന്ന് സംശയമില്ലാതെ പറയാം:

1) ഗസ്സയില്‍ സിവിലിയന്‍ – സൈനികന്‍ വേര്‍തിരിവില്ലാതെ സ്ത്രീകളും കുട്ടികളുമടക്കമുള്ള സാധാരണക്കാരെയാണവര്‍ കൊലപ്പെടുത്തുന്നത്. നിരവധി ഇസ്രായേല്‍ ഉദ്യോഗസ്ഥരും മുന്‍ ഉദ്യോഗസ്ഥരും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
2) ജനവാസ കേന്ദ്രങ്ങളും ആശുപത്രികള്‍ പോലുള്ള സ്ഥാപനങ്ങളും അവരുടെ ആക്രമണ ലക്ഷ്യങ്ങളാവുകയും അവ ഒഴിയണമെന്നും തകര്‍ക്കുമെന്നും മുന്നറിയിപ്പുകള്‍ നല്‍കി ബോംബിട്ട് തകര്‍ക്കുകയും ചെയ്യുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള 500ല്‍ പരം ആളുകളെ കൊലപ്പെടുത്തിയ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിന് നേരെയുള്ള ആക്രമണം അതിനൊരു ഉദാഹരണം മാത്രമാണ്.
3) വെള്ളം, ഭക്ഷണം, ആശുപത്രി, മരുന്നുകള്‍, വൈദ്യുതി പോലുള്ള ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിച്ച് കൂട്ടശിക്ഷ നടപ്പാക്കുകയാണവര്‍.

സൈദ്ധാന്തിക വിശകലനങ്ങളും യുദ്ധമുറകളിലൂടെ ഭരണകൂട ഭീകരതയുടെ ഘടകങ്ങള്‍ പ്രയോഗവല്‍കരിക്കുന്ന പ്രവര്‍ത്തനങ്ങളും നമുക്ക് മുമ്പിലുണ്ട്. അധിനിവേശത്തിനെതിരെയുള്ള പ്രതിരോധ സംഘടനകളുടെ കഥ കഴിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം സാക്ഷാല്‍കരിക്കുകയെന്ന മറുവശവും ഇതിന്നുണ്ട്. ഒരു അധിനിവേശ രാഷ്ട്രമെന്ന നിലയില്‍ സിവിലിയന്മാര്‍ക്ക് അവശ്യവസ്തുക്കള്‍ ഉറപ്പുവരുത്തേണ്ട ബാധ്യത ഇസ്രായേലിനുണ്ട്. യുദ്ധത്തിലെ ഒരു കക്ഷിയെന്ന നിലയില്‍ നിര്‍ബന്ധമായും അവര്‍ സഹായങ്ങള്‍ എത്തിക്കുന്നതിന് തടസ്സം നില്‍ക്കാതെ മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിന് സൗകര്യമേര്‍പ്പെടുത്തേണ്ടതുണ്ട്. അതിലുപരിയായി കഴിഞ്ഞ 16 വര്‍ഷമായി ഗസ്സക്ക് മേല്‍ ഒന്നടങ്കം നടപ്പാക്കുന്ന ശിക്ഷാനടപടി അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധകുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണ്. എന്നാല്‍ തങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങളെ സാധൂകരിക്കാന്‍ ശ്രമിക്കുന്ന ന്യായീകരണങ്ങളാണ് ഇസ്രയേല്‍ നടത്തുന്നത്. പ്രധാനമായും രണ്ടെണ്ണമാണ് അവ.

തങ്ങള്‍ സിവിലിയന്‍മാരെ ലക്ഷ്യം വെക്കുന്നില്ലെന്നതാണ് അതില്‍ ഒന്നാമത്തേത്. എന്നാല്‍ യഥാര്‍ത്ഥ സംഭവങ്ങളും ഇരകളുടെ എണ്ണവും അതിനെ നിരാകരിക്കുന്നു. ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ ഏഴായിരം പേര്‍ രക്തസാക്ഷികളാവുകയും 12000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു. അതില്‍ ബഹുഭൂരിപക്ഷവും കുട്ടികളും സ്ത്രീകളുമാണ്. അപ്രകാരം സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും ആശുപത്രികള്‍ക്കും നേരെ അവര്‍ നടത്തുന്ന ബോംബാക്രമണങ്ങള്‍ വളരെ ബോധപൂര്‍വം ആസൂത്രിതമായി സിവിലിയന്മാരെ ലക്ഷ്യം വെക്കുന്നുവെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല, അവര്‍ക്ക് സഹായം ലഭിക്കാനുള്ള എല്ലാ വഴികളും അടക്കുകയും ചെയ്യുന്നു.
രണ്ടാമത്തേത് ഇരുപത് ലക്ഷത്തോളം ജനങ്ങളെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന ആരോപണമാണ്. ഇത്തരത്തില്‍ തങ്ങളുടെ ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്തത്തില്‍ നിന്നും തെന്നിമാറി സിവിലിയന്മാര്‍ കൊല്ലപ്പെടുന്നതിന്റെ ഉത്തരവാദിത്വം ഹമാസിന്റെ തലയില്‍ കെട്ടിവെക്കാനാണവര്‍ ശ്രമിക്കുന്നത്. ഇസ്രയേലിന്റെ ആരോപണം ശരിയെന്ന് സങ്കല്‍പിച്ചാല്‍ തന്നെ എണ്ണത്തില്‍ വളരെ പരിമിതമായ ഒരു സംഘത്തിന് ഇരുപത് ലക്ഷം പേരെ മനുഷ്യകവചമാക്കാന്‍ സാധിക്കുന്നുവെന്നത് എത്ര ബാലിശമായ വാദമാണ്. രാഷ്ട്രീയമോ സൈനികമോ ആയ ലക്ഷ്യത്തിന് വേണ്ടി ഇത്രത്തോളം ആളുകളെ കൊലപ്പെടുത്തുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഭീകരതയെന്ന് തന്നെയാണതിനെ വിശേഷിപ്പിക്കേണ്ടത്.

അതേസമയം ഫലസ്തീനികള്‍ മനുഷ്യരെന്ന വിശേഷണത്തിന് അര്‍ഹരല്ലെന്ന തരത്തില്‍ സമാന്തരമായി നടക്കുന്ന വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളുടെ ഇത്തരം ന്യായീകരണങ്ങളുടെ പൊള്ളത്തരമാണ് വെളിപ്പെടുന്നത്. ഹമാസ് പോരാളികളെയും അവര്‍ക്ക് പിന്നിലുള്ള ഗസ്സയിലെ ജനങ്ങളെയും ‘മനുഷ്യമൃഗങ്ങള്‍’ എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. ഫലസ്തീനികളെ മനുഷ്യമൃഗങ്ങളെന്ന് പറയുന്നത് മൃഗങ്ങളെ അപമാനിക്കുന്ന പ്രസ്ഥാവനയാണെന്നാണ് ബര്‍-ഇലാന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ മോര്‍ദെഗായ് കെഡാര്‍ വിവരിക്കുന്നത്. മുഅമ്മര്‍ എസ്‌റ യാഷീന്‍ പറയുന്നത് “ഞങ്ങളുടെ ശത്രുക്കള്‍ക്ക് ജീവിക്കാനുള്ള അവകാശമില്ല” എന്നാണ്.

സിവിലിയൻ സൈനിക വേർതിരിവിനെ നിരാകരിക്കുന്ന ഇസ്രായേൽ പ്രസിഡന്റിന്റെയും മറ്റു നേതാക്കളുടെയും പ്രസ്താവനകൾക്ക് പുറമേയാണിത് . ഈ സമീകരണം മുഴുവൻ ഫലസ്തീനികളുടെയും രക്തം അനുവദനീയമാക്കുന്നതിനും അവരെ കൊല്ലുന്നതിനുള്ള സൈദ്ധാന്തിക അടിത്തറയാണ് ഒരുക്കുന്നത്. ഇസ്രായേലിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുന്നതിലൂടെ അവരുടെ അതിക്രമങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ തന്നെ ഒരു രാഷ്ട്രീയ മറയാണ് ലഭിക്കുന്നത്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള രാഷ്ട്ര നേതാക്കൾ ഇസ്രായേൽ സന്ദർശിച്ച് ഗസ്സക്കെതിരെയുള്ള യുദ്ധത്തിൽ തങ്ങളുടെ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചും, ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ അംബാസഡർ ഗിലാദ് എർദാൻ ഫലസ്തീനികൾക്ക് നേരെയുള്ള ഇസ്രായേൽ അതിക്രമങ്ങളെ വിമർശിക്കുന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് വലിച്ചുകീറിയും അതാണ് ചെയ്തത്. എല്ലാ നിയമങ്ങൾക്കും ധാർമിക മാനദണ്ഡങ്ങൾക്കുമെല്ലാം മുകളിലാണ് ഇസ്രായേൽ എന്നാണിത് വ്യക്തമാക്കുന്നത്.

ഗസ്സക്കെതിരെയുള്ള യുദ്ധത്തിലെ ഇസ്രയേൽ തന്ത്രങ്ങൾ രണ്ട് കാര്യങ്ങളിലൂന്നിയാണ്. ഹമാസിനും ഇതര പ്രതിരോധ ഗ്രൂപ്പുകൾക്കും മേൽ ഭീകരത ആരോപിക്കലാണ് ഒന്നാമത്തേത്. ഫലസ്തീനികൾക്ക് നേരെയുളള എല്ലാ തരം രാഷ്ട്രീയ ബാധ്യതകളിൽ നിന്നും ഒഴിഞ്ഞുമാറുന്നതിനാണത്. ഇസ്രയേലിലെ തീവ്ര വലതുപക്ഷ ഭരണകൂടം ഫലസ്തീനുമായുള്ള യാതൊരു പരിഹാരവും അംഗീകരിക്കുന്നില്ല. ഇതിലെ ഭീകരാരോപണം ഏതെങ്കിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ളതല്ല. മറിച്ച് ഒരു സംഘത്തിന് നേരെയുള്ള രാഷ്ട്രീയ ആരോപണം മാത്രമാണ്.

മറ്റു പേരുകൾ നൽകി ഇസ്രയേൽ ഭീകരതയെ ന്യായീകരിക്കലാണ് രണ്ടാമത്തേത്. കാരണം ഭീകരവാദം എന്നത് അപകീർത്തികരവും പാശ്ചാത്യരുടെയോ അധിനിവേശകരുടെയോ സജാതിപതികളുടെയോ താൽപര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളുടെ നിയമപരവും ധാർമികവുമായ സാധുത ഇല്ലാതാക്കാൻ ഉപയോഗിക്കുന്നതുമായ ഒന്നാണ്. ഗസ്സക്ക് എതിരായ യുദ്ധത്തിൽ ഇസ്രായേൽ നടത്തുന്ന ഭീകരതയെ മൂന്നു കാര്യങ്ങളിലൂടെയാണ് വിശേഷിപ്പിക്കുന്നത്. ഇസ്രായേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ട്, ഇസ്രായേൽ സിവിലിയന്മാരെ കൊലപ്പെടുത്തുന്നില്ല, ഹവാസിനെ ഉന്മൂലനം ചെയ്യലാണ് ഇസ്രായേലിന്റെ ലക്ഷ്യം എന്നിവയാണത്. അതിലൂടെ എല്ലാ ചര്‍ച്ചയും അവര്‍ ഭീകരതയാരോപിച്ചിരിക്കുന്ന ഹമാസിന്റെ കഥകഴിക്കലില്‍ കേന്ദ്രീകരിക്കുന്നു. അതുകൊണ്ടു തന്നെ എത്ര മനുഷ്യജീവനുകള്‍ ഹനിക്കപ്പെട്ടാലും ആ യുദ്ധം ന്യായീകരിക്കപ്പെടുന്നു. ഹമാസിനുള്ള മാനുഷിക സഹായങ്ങള്‍ തടയുക എന്ന ന്യായമുയര്‍ത്തി ഇരുപത് ലക്ഷത്തോളം വരുന്ന സിവിലിയന്മാരെ ഒന്നടങ്കം ശിക്ഷിക്കാനും അവര്‍ക്ക് കഴിയുന്നു. കുട്ടികളും സ്ത്രീകളുമടക്കമുള്ള സിവിലിയന്മാരെ കൊലപ്പെടുത്താനും ഒരു ജനതയെ മൊത്തത്തില്‍ അടിസ്ഥാന ആവശ്യങ്ങള്‍ പോലും തടഞ്ഞ് ശിക്ഷിക്കാനും അവര്‍ക്ക് സാധിക്കുന്നു എന്നതാണ് അതിന്റെ ഫലം.

ധാര്‍മികവും നിയമപരവുമായ കാര്യങ്ങളെയെല്ലാം മാറ്റിവെച്ച് രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ‘ഭീകരത’ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നാണിതെല്ലാം വ്യക്തമാക്കുന്നത്. അതോടൊപ്പം പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പും ഇത് വ്യക്തമാക്കുന്നു. ഇസ്രായേല്‍ അജണ്ടകള്‍ പ്രകാരം ഹമാസിനെയവര്‍ താരതമ്യപ്പെടുത്തുന്നത് ഐ.എസ്.ഐ.എസിനോടാണ്. അക്രമങ്ങളുടെ തീവ്രതയുടെ പേരിലല്ല അവര്‍ ശ്രദ്ധിക്കപ്പെട്ടത്, മറിച്ച അവരുടെ പ്രാകൃത രീതികളുടെ പേരിലായിരുന്നു. അതേസമയം അത്യാധുനിക അമേരിക്കന്‍ ആയുധങ്ങളുപയോഗിച്ച് ഇസ്രായേല്‍ നടത്തുന്ന കടുത്ത ആക്രമണങ്ങള്‍ ‘സ്വയം പ്രതിരോധ’ത്തിന്റെ പേരില്‍ ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. അപരിഷ്കൃതമായ ഭീകരതയെ ഇല്ലാതാക്കുന്നതിന് ഒരു ജനാധിപത്യ രാജ്യം നടത്തുന്ന കേവലം ആക്രമണങ്ങളാണവ എന്ന വാദമാണ് അവരുന്നയിക്കുന്നത്. സായുധ രാഷ്ട്രങ്ങള്‍ ഏറ്റവും ആധുനികമായ സംവിധാനങ്ങളുപയോഗിച്ച് നടത്തുന്ന ഇത്തരം ആക്രമണങ്ങളും അവയുടെ അനന്തരഫലങ്ങളും അവഗണിക്കപ്പെടുകയാണ്. ഫലസ്തീനികളില്‍ നിന്ന് ‘മനുഷ്യത്വം’ എന്ന വിശേഷണം ഇല്ലാതാക്കുക എന്നതിന്റെ ഉദ്ദേശ്യം തന്റെ നിലനില്‍പിന് വേണ്ടി ശത്രുവിനോട് പ്രതികാരം ചെയ്യാന്‍ ഏത് വഴിയും സ്വീകരിക്കുന്ന ‘ആദിമ’ അവസ്ഥയിലേക്ക് മടങ്ങാന്‍ അവരെ നിര്‍ബന്ധിതരാക്കുക എന്നതാണ്. നിയമങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും അവരെ സംരക്ഷിക്കാന്‍ സാധിക്കാത്തിടത്തോളം കാലം അവര്‍ ‘അപരിഷ്കൃതരോ’’ ‘അക്രമണമകാരികളോ’ ആയി വിശേഷിപ്പിക്കപ്പെടുന്നത് തുടരുക തന്നെ ചെയ്യും.

 

വിവ: നസീഫ്

Related Articles