Onlive Talk

ആരാണ് രക്ഷപ്പെട്ട സമൂഹം

ഐക്യവും സാഹോദര്യവും ആയുധമാക്കിയ ഒരു സമൂദായത്തിന് അവക്കിടയില്‍ നശീകരണ സ്വഭാവമുള്ള അനേകം ആയുധങ്ങള്‍ വ്യാപിപ്പിച്ചാലും അവിരില്‍ നിന്നൊരിക്കലും അതിക്രമങ്ങള്‍ ഉണ്ടാവുകയില്ല. വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതാപരമായ തര്‍ക്കത്തിലും അനൈക്യത്തിലും പരസ്പരം പോരടിക്കുന്ന സമൂദായത്തന് സ്വന്തത്തെത്തന്നെ നശിപ്പിച്ച് കളയുന്ന മാരക ആയുധങ്ങളില്‍ നിന്ന് ഒരിക്കലും രക്ഷ നേടാനുമാകില്ല. അല്ലാഹുവും മുന്‍കാല ചരിത്രങ്ങളും സമീപകാല സംഭവങ്ങളും അതാണ് പറഞ്ഞ് തരുന്നത്. ഇത് വാസ്തവമല്ലായെങ്കില്‍ സാഹോദര്യത്തിലേക്കും ഐക്യത്തിലേക്കും നിരന്തരം പ്രേരിപ്പക്കുന്ന അനൈക്യത്തെ ഉപേക്ഷിക്കാന്‍ കല്‍പിക്കുന്ന ആയത്തുകള്‍ നാം ഒരിക്കലും ഖുര്‍ആനില്‍ കാണുകയില്ല. നരന്തരമായ ഇത്തരം പ്രേരണകള്‍ പല ശൈലികളിലും ഓതുന്നവര്ാണ് നാം. അല്ലാഹു അരുളി: ‘അല്ലാഹുവിന്റെ പാശത്തെ നിങ്ങള്‍ മുറുകെപ്പിടിക്കുക, നിങ്ങള്‍ ഭിന്നിച്ച് പോകരുത്, നിങ്ങളുടെ മേല്‍ അവന്‍ ചൊരിഞ്ഞു തന്ന അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുക, പരസ്പരം ശത്രുതയിലായിരുന്ന നിങ്ങളുടെ ഹൃദയങ്ങള്‍ക്കിടയില്‍ അവന്‍ ഇണക്കം നല്‍കി, അവന്റെ അനുഗ്രഹത്താല്‍ അങ്ങനെ നിങ്ങള്‍ സഹോദരന്മാരായി. നരകത്തിന്റെ വക്കിലായിരുന്നു നിങ്ങള്‍, അതില്‍ നിന്ന് അവന്‍ നിങ്ങളെ രക്ഷിച്ചു’. ‘നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും വഴിപ്പെടുക, നിങ്ങള്‍ പരസ്പരം തര്‍ക്കത്തിലേര്‍പ്പെടരുത്, അങ്ങനെ നിങ്ങള്‍ പരാജിതരാവുകയും നശിക്കുകയും ചെയ്യും. ക്ഷമിക്കുക, അല്ലാഹു ക്ഷമാശീലരുടെ കൂടെയാണ്’. ‘ദൃഷ്ടാന്തങ്ങള്‍ വന്നിട്ടും അഭിപ്രായ വ്യത്യാസത്തിലാകുകയും ഭിന്നച്ച് പോവുകയും ചെയ്തവരെപ്പോലെ നിങ്ങളാവരുത്, അവര്‍ക്ക് ഭയാനകമായ ശിക്ഷയുണ്ട്’. ‘ഇതാണെന്റെ ഋജുവായ പാത, അത് നിങ്ങള്‍ പിന്തുടരുക. ഒരുപാട് വഴികള്‍ നിങ്ങള്‍ പിന്തുടരരുത്. അവന്റെ മാര്‍ഗത്തെത്തൊട്ട് അത് നിങ്ങളെ വേര്‍പ്പെടുത്തിക്കളയും. അതാണ് അവന്‍ നിങ്ങളോട് വസിയ്യത്ത് ചെയ്തത്, നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം’. പലരീതിയിലുമുള്ള വിഭാഗീയതകളും വിഭിന്നതകളുമുണ്ട്. അതിലേറ്റവും അപകടകരമായത് ദീനിന്റെ പേരില്‍ തന്നെ സംഭവിക്കുന്ന ഭിന്നതകളാണ്. നിരീശ്വരവാദത്തിന്റെ പതാകവാഹകനായ ഒരുത്തന്‍ എന്റെ സമൂദായത്തിന്റെ ഐക്യത്തില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അവനെ എതിരിടാനും അവന്റെ പ്രബോധനത്തെ പിഴുതെറിയാനും വളരെ സുഗമാണ്. എന്നാല്‍ ഇസ്ലാമിന്റെ അടയാളങ്ങളെല്ലാം കൊണ്ട് നടക്കുന്ന ഒരുത്തന്‍ ഈ സമുദായത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതെത്ര ഭയാനകമാണ്. എത്രയെത്ര ആളുകളാണ് അവരുടെ കപടപ്രബോധനങ്ങളില്‍ വഞ്ചിതരാകുന്നത്. എത്രയെത്ര ആളുകളാണ് അല്ലാഹു സൂക്ഷിക്കാന്‍ പറഞ്ഞ ഭിന്നതയില്‍ അകപ്പെട്ട് പോകുന്നത്. ദീനിന്റെ പേരില്‍ ഇത്തരം അപകടം ഉണ്ടാക്കിത്തീര്‍ക്കുന്നവരാണവര്‍.

തിരുനബി അരുളി: എഴുപത്തിയൊന്ന് വിഭാഗങ്ങളായി യഹൂദികള്‍ വേര്‍പിരഞ്ഞു. എഴുപത്തിരണ്ട് വിഭാഗമായി ക്രിസ്ത്യാനികള്‍ ഭിന്നതയിലായി. എന്റെ സമുദായം എഴുപത്തിമൂന്ന് വിഭാഗമായി വേര്‍പിരിയും(സ്വഹീഹുല്‍ ബുഖാരി). ഇമാം തിര്‍മുദിയുടെ റിപ്പോര്‍ട്ടില്‍ ഇത് കൂടി പറയുന്നു, നബി പറഞ്ഞു: ഒരു സമൂഹമൊഴികെ അവരെല്ലാവരും നരകത്തിലാണ്. നബിയോട് ചോദിക്കപ്പെട്ടു: റസൂലെ, ആരാണ് ആ സമൂഹം?. നബി പറഞ്ഞു: ഞാനും എന്റെ സ്വഹാബത്തും നിലകൊള്ളുന്ന ഒരു സമൂഹം. സ്വഹീഹായ ഈ ഹദീസിന് ഉമ്മത്തിനെ ഐക്യത്തിലേക്കും പരസ്പര ഇണക്കത്തിലേക്കും കൊണ്ടെത്തിക്കുന്ന ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. പക്ഷെ, പലരുമിതിന് തെറ്റായ വ്യാഖ്യാനങ്ങളാണ് നല്‍കിയിട്ടുള്ളത്. മുസ്ലിം സമൂഹത്തെ ഭിന്നതയെന്ന ഭയാനകമായ അപകടത്തിലേക്ക് കൊണ്ടെത്തിക്കാനുതകുന്ന രീതിയില്‍ ഈ ഹദീസിനെ മാറ്റിമറിക്കാന്‍ അവര്‍ ശ്രമിച്ചു. അധികപേരേയും അവരുടെ കൂട്ടുകാരന്‍ തെറ്റായി മനസ്സിലാക്കപ്പെട്ട ഈ വിഭാഗത്തിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിക്കുന്നു. അങ്ങനെ അവനോട് അവന്റെ കൂട്ടുകാരന്‍ ചോദിക്കുന്നു: ഏത് രാജ്യത്തില്‍ നിന്നാണ് നീ? അവന്റെ നിലപാടുകളെക്കുറിച്ച് ആരായുന്നു. നാടിനെക്കുറിച്ച് ചോദിക്കുന്നു. എന്നിട്ട് അവന്‍ പറയുന്നു: ഞാന്‍ രക്ഷപ്പെട്ട വിഭാഗത്തില്‍ പെട്ടവനാണ്. ഇത് അര്‍ത്ഥമാക്കുന്നത് അവന്‍ സ്വീകരിച്ച മാര്‍ഗം മാത്രമാണ് ശരിയായ മാര്‍ഗമെന്നും അതാണ് അല്ലാഹുവിങ്കല്‍ രക്ഷപ്പെട്ട സമൂഹമെന്നും അതല്ലാത്തവരെല്ലാം നബി പറഞ്ഞ നരഗത്തില്‍ പെട്ടവരാണ്. ഇവിടന്നാണ് കാഫിറും ബിദഇയും വഴിപിഴച്ചവനുമായി ജനങ്ങളെ തെറ്റായി തരം തിരിക്കുന്ന അസംബന്ധത്തിലേക്ക് എത്തിച്ചേരുന്നത്. ഇവിടെയാണ് ഞാന്‍ നബിയുടെ ഈ ഹദീസിന്റെ ഉദ്ദേശ്യത്തെ മനസ്സിലാക്കുന്നത്. ഇതിലെ എന്റെ നിരീക്ഷണങ്ങള്‍ തീര്‍ത്തും അക്കാദമികമാണെങ്കിലും അതില്‍ ഗാഢമായ ചിന്തയുടെ ആവിശ്യമൊന്നുമില്ല.

നാമിപ്പോള്‍ നിലകൊള്ളുന്നത് മതപ്രഭാഷണങ്ങളിലും ഉപദേശ ഭാഷണങ്ങളിലുമെല്ലാം വാക്കുകളെ സൂക്ഷിച്ച് ഉപയോഗിക്കേണ്ട കാലത്താണ്. ശഹാദത്ത് കലിമ ചൊല്ലി മരണപ്പെട്ട ഏതൊരുത്തനും സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന് ഒരുപാട് ഹദീസുകളില്‍ വന്നതാണ്. അതില്‍പെട്ടതാണ് അബീ ഹുറൈറ(റ) ഉദ്ധരിക്കുന്ന ഹദീസ്: അല്ലാഹുവിനോട് മറ്റൊരുത്തനെ പങ്ക് ചേര്‍ക്കാത്ത അവസ്ഥയില്‍ ആര് മരണപ്പെടുന്നുവോ അവന്റെ മേല്‍ അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹൂല്‍ മുസ്ലിം). അബു ഉമറത്തുല്‍ അന്‍സാരി(റ) ഉദ്ധരിക്കുന്നു, തിരുനബി പറയുന്നു: അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ലെന്നും ഞാന്‍ അവന്റെ അടിമയും ദൂതനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിലും റസൂലിലും വിശ്വസിച്ച ഒരുത്തനും അന്ത്യനാളില്‍ നരഗത്തില്‍ നിന്ന് സംരക്ഷിക്കപ്പെട്ടവനായിട്ടല്ലാതെ അല്ലാഹുവിനെ കണ്ടുമുട്ടുകയില്ല(ഇമാം നസാഈ). മുആദ് ഇബ്‌നു ജബല്‍(റ) ഉദ്ധരിക്കുന്നു: ആരുടെയെങ്കിലും അവസാന വാക്ക് ലാ ഇലാഹ ഇല്ലല്ലാഹ് എന്നാണെങ്കില്‍ അവനെ നരകം സ്പര്‍ശിക്കുകയില്ല. മറ്റൊരു ഹദീസില്‍, പ്രവാചകര്‍ പറഞ്ഞു: ആത്മാര്‍ത്ഥമായി ആരെങ്കിലും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു(ഇമാം അബു ദാവൂദ്, ഇമാം ഹാകിം). ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വിശ്വാസത്തിന്മേല്‍ മരണമടയുന്ന ഇവര്‍ പല വിഭാഗങ്ങളിലുമുള്ളവരായിരിക്കും, പല മദ്ഹബും സ്വീകരിച്ചവരായിരിക്കും. എന്നാലും അവരെക്കുറിച്ച് അല്ലാഹുവിന്റെ റസൂല്‍ പറയുന്നത് അവരെല്ലാം നരകത്തില്‍ നിന്ന് രക്ഷപ്പെട്ടവരും അല്ലാഹു സ്വര്‍ഗം കൊണ്ട് ബഹുമാനിച്ചവരുമാണെന്നാണ്.

എന്താണ് ഈ ഹദീസിന്റെ ഉദ്ദേശ്യം? ഞാന്‍ പറയുന്ന കാര്യങ്ങളില്‍ ഒന്ന് ചിന്തിച്ച് നോക്കുക. തിരുനബി പറയുന്നു: എഴുപത്തിയൊന്ന് വിഭാഗങ്ങളായി യഹൂദികള്‍ വേര്‍പിരഞ്ഞു. എഴുപത്തിരണ്ട് വിഭാഗമായി ക്രിസ്ത്യാനികള്‍ ഭിന്നതയിലായി. ചെറിയ വാചകങ്ങളില്‍ തന്നെ ഒരുപാട് അര്‍ത്ഥങ്ങള്‍ ഉള്‍കൊളളിക്കാനാകുന്ന അറബികളില്‍ വെച്ച് എറ്റവും വലിയ സാഹിത്യകാരനായ തിരുനബി യഹൂദിയെന്നും ക്രിസ്ത്യാനിയെന്നും ഉപയോഗിച്ചത് പോലെ മുസ്ലിംകള്‍ എന്ന് ഉപയോഗിക്കണമായിരുന്നു. അവരെപ്പോലെ മുസ്ലിംകളും എഴുപത്തിമൂന്ന് വിഭാഗമാകൂമെന്ന് പറയണമായിരുന്നു. പക്ഷെ, മുസ്ലിംകങ്ങള്‍ എന്നതിന് പകരം എന്റെ ഉമ്മത്ത് എന്ന പദമാണ് നബി സ്വീകരിച്ചത്. ഇവിടെ ‘ഉമ്മത്ത്’ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ‘ഉമ്മത്തുല്‍ മുസ്തജാബ’യല്ല(തിരുനബിയുടെ പ്രബോധനത്തിന് ഉത്തരം നല്‍കിയവര്‍ അഥവാ മുസ്ലിംകളാണ് ഇതിനുദ്ദേശ്യം) മറിച്ച് ‘ഉമ്മത്തുദ്ദഅവ’യാണ്(തിരുനബിയുടെ കാലത്തിന് സാക്ഷിയായവരും അന്ത്യനാള്‍ വരെ ഇനി വരാനിരിക്കുന്നവരുമാണ് ഇത് കൊണ്ടുള്ള ഉദ്ദേശ്യം അഥവാ മുസ്ലിങ്ങംകളല്ലാത്തവരും ഇതിന്റെ പരിധിയില്‍ വരുമെന്നര്‍ത്ഥം).

മേലുദ്ധരിക്കപ്പട്ട ഹദീസില്‍, എന്റെ ഉമ്മത്ത് ഭിന്നതയിലാകുമെന്നതില്‍ ‘ഉമ്മത്ത്’ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഉമ്മത്തുദ്ദഅ്‌വയാണ്. എഴുപത്തിമൂന്ന് ഫിര്‍ഖത്ത്(വിഭാഗം) എന്നതില്‍ വിഭാഗം വിഭിന്നങ്ങളായ മതങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതിന്നുപോല്‍ബലമാകുന്ന തെളിവ് ശേഷം തന്നെ നബി പറയുന്നുണ്ട്, ഒരു മില്ലത്തൊഴികെ(സമൂഹം) അവരെല്ലാവരും നരഗത്തിലാണ്. ഇവിടെ ഫിര്‍ഖത്ത്(വിഭാഗം) എന്നതിനുപകരം നബി മില്ലത്ത്(സമൂഹം) എന്നാണ് ഉപയോഗിച്ചത്. ആ മില്ലത്ത് എല്ലാ ആന്തരിക വിഭാഗങ്ങളും മദ്ഹബുകളും ഉള്ളടങ്ങിയിട്ടുള്ള ഇസ്ലാമാണ്. അവരെയെല്ലാം തന്നെ ഏകോപിപ്പിക്കുന്ന ഘടകം എന്ന് പറയുന്നത് അല്ലെങ്കില്‍ അവരെയെല്ലാം അല്ലാഹുവിന്റെ വിശാലമായ കാരുണ്യത്തിന്റെ പടിവാതിലിലെത്തിക്കുന്ന ഘടകമെന്ന് പറയുന്നത് ശഹാദത്ത് കലിമയിലുള്ള സമ്പൂര്‍ണ്ണമായ വിശ്വാസത്തോടെ പരലോകത്ത് അല്ലാഹുവിനെ കണ്ടുമുട്ടുകയെന്നുള്ളതാണ്. ഇതാണ് പ്രവാചകര്‍ ഈയൊരു ഹദീസുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. എത്ര മോശമായാണ് നാം വര്‍ഗീയ സ്വഭാവം കല്‍പ്പിക്കപ്പെടുന്ന വിഘടിത വിഭാവങ്ങളിലേക്കും ഞങ്ങളല്ലാത്തവരെല്ലാം നരഗകത്തിലേക്കുള്ളവരാണെന്ന രീതികളിലേക്കും ഈ ഹദീസിന്റെ ആശയത്തെ കൊണ്ടുപോകുന്നത്. സ്വന്തം വാക്കുകളില്‍ വൈരൂദ്ധ്യം സംഭവിക്കുന്ന രീതിയില്‍ തിരുനബി ഇത്തരത്തില്‍ പറയുന്നത് അസംഭവ്യമാണ്. ഞാന്‍ മുമ്പ് ഉദ്ധരിച്ചത് പോലെയുള്ള ഒരുപാട് ഹദീസുകളെ(അവയെല്ലാം തന്നെ ഹദീസിന്റെ ഉദ്ദാരണ രീതികളിലൊന്നായ തവാതുറിന്റെ രൂപത്തില്‍ വന്നതാണ്) എതിര്‍ക്കേണ്ട ഗൗരവകരമായ അവസ്ഥയിലേക്ക് അത് നമ്മെ കൊണ്ടെത്തിക്കും.

ഈ പറഞ്ഞ കാര്യങ്ങളൊക്കെത്തന്നെയും മനസ്സിലാക്കായാല്‍ വ്യത്യസ്ത മദ്ഹബുകളോടും അനേകം ആന്തരിക വിഭാഗങ്ങളോടും കൂടിയ (അവരുടെയെല്ലാം പേരുകള്‍ ഇവിടെ പരാമര്‍ശിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല) മുസ്ലിങ്ങള്‍ ഇന്ന് അല്ലാഹുവിലുള്ള വിശ്വാസത്തിന് പുറത്താണ് നിലകൊളളുന്നതെന്ന് നമുക്ക് വ്യക്തമാകും. എല്ലാവര്‍ക്കും തന്നെ നാളെ അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രവേശിക്കാന്‍ തക്കതായ ഐഡന്റിറ്റിയുണ്ട്. അതാണ് അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും മുഹമ്മദ് നബി അവന്റെ ദൂതനാണെന്നുമുള്ള സത്യവാചകം. അതുകൊണ്ട് തന്നെ ഞാനൊറ്റക്ക് രക്ഷപ്പെട്ടവരുടെ വിഭാഗത്തിലാണ്, മറ്റുള്ളവരെല്ലാം സത്യനിഷേധികളാണെന്ന് എനിക്ക് പറയാനാകില്ല (തിരുനബിയുടെ കാലത്തെ ബഹുഭൂരിപക്ഷമുണ്ടായിരുന്ന അഹ് ലുസുന്നത്തി വല്‍ജമാഅത്തിനെത്തന്നെയാണ് ഞാന്‍ പിന്തുടരുന്നത്). പരസ്പരം ശഹാദത്ത് കലിമയുടെ ബന്ധമുണ്ടായിരിക്കെ എനിക്കെങ്ങനെ എന്റെ സഹോദരനെ കാഫിറാക്കാനാകും? ‘സത്യവിശ്വാസികള്‍ പരസ്പരം സഹോദരന്മാരാണ്, അതിനാല്‍ തന്നെ നിങ്ങള്‍ നിങ്ങള്‍ക്കിടയിലെ സാഹോദര്യത്തെ നന്നാക്കുക’ എന്ന് അല്ലാഹു തന്നെ പറഞ്ഞിരിക്കെ എനിക്കെങ്ങനെയാണ് എന്റെയും അവന്റെയുമിടയിലുള്ള ബന്ധത്തെ മുറിച്ചുകളയാനാവുക?

തിരുനബി പറഞ്ഞ ഈയൊരു ഹദീസിനെ ദുര്‍വ്യാഖ്യാനിക്കുന്നതില്‍ നിന്ന് വിട്ടുനിന്ന് ഞാന്‍ പറഞ്ഞ ഈയൊരു വ്യഖ്യാനത്തെ എല്ലാവരും ഉള്‍കൊള്ളുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ ഈ ഉമ്മത്തിനെ നശിപ്പിച്ച് കളയുന്ന ഇത്തരം ഹീനവൃത്തികളില്‍ നിന്നെല്ലാം വിട്ട് നില്‍ക്കുമെന്നും കരുതുന്നു. നമുക്കിടയിലുള്ള ഇത്തരം വര്‍ഗീയതയുടെ ഭാഷ്യങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. മരണം നാളെ നമ്മെ തേടിയെത്തിയാല്‍ ഈ വര്‍ഗീയാരോപണങ്ങളെല്ലാം നമുക്ക് ഉപകാരപ്പെടുമോ? ഞാന്‍ രക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിലാണെന്നും ബാക്കിയുള്ളവരെല്ലാം നരഗകത്തിലാണെന്ന ബാലിശവാദങ്ങളെല്ലാം നമുക്ക് ഉപകാരപ്പെടുമോ? ഒരിക്കലുമില്ല, നിസ്സംശയം ഞാന്‍ അല്ലാഹുവിങ്കലേക്ക് മടങ്ങും. അല്ലാഹുവിലേക്ക് വിശ്വാസികളായി മടങ്ങിയ എല്ലാവരും അവന്റെ കാരുണ്യത്തിന്റെയും സൗമ്യതയുടെയും സംരക്ഷണവലയത്തിലായിരിക്കുമെന്നാണ് എന്റെ അഭിപ്രായം.

അല്ലാഹുവിന്റെ അടിമകളെ, ഒരു മനുഷ്യന്‍ തന്റെ സ്വാര്‍ത്ഥമായ ലക്ഷ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ഉത്തരം നല്‍കപ്പെടുകയും മുസ്ലിംകളുടെ പൊതുവായുള്ള കാര്യത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഉത്തരം ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഒരു കാലം സമാഗതമാകാനുണ്ടെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. അതിനൊരുപാട് അര്‍ത്ഥങ്ങള്‍ നല്‍കപ്പെടുന്നുണ്ട്. നമ്മുടെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കണമെങ്കില്‍ നാം ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അത്താഴ സമയങ്ങളിലോ ഉത്തരം ലഭിക്കുന്ന മറ്റു ഏതു സമയങ്ങളിലും ഒരാള്‍ പ്രാര്‍ത്ഥന നടത്തുമ്പോള്‍ അവനതിന് ഉത്തരം ലഭിക്കണമെങ്കില്‍ അവന്‍ മോശത്തരത്തില്‍ നിന്നെല്ലാം വിട്ട് നില്‍ക്കുകയും ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ കൊടുത്തുവീട്ടി അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങണം. അപ്പോള്‍ അവന്‍ ഉത്തരം നല്‍കപ്പെടാന്‍ അര്‍ഹതയുള്ളവനാകും. എന്നാല്‍ ഒരാള്‍ പൊതുജനത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമ്പോള്‍ ഒരു മലക്ക് അവനോട് ചോദിക്കുമത്രെ: നിനക്കുറപ്പുണ്ടോ ഇവരെല്ലാം പ്രാര്‍ത്ഥനയുടെ നിബന്ധനകളെല്ലാം പാലിക്കുന്നവരാണെന്ന്. നീ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു, അവര്‍ തിന്മകളെ തടഞ്ഞുവോ, തെമ്മാടിത്തരം അവര്‍ ഉപേക്ഷിച്ചുവോ, അവരുടെ കുറവുകളെ അവര്‍ പരിഹരിച്ചുവോ, അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങിയോ? അതിനാല്‍ നീ നിനക്കു വേണ്ടി പ്രാര്‍ത്ഥിക്കുക. അവര്‍ സ്വയം ഉത്തമരാവുകയും പ്രാര്‍ത്ഥനക്കുള്ള നിബന്ധനകളെല്ലാം പാലിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്കും ഉത്തരം നല്‍കപ്പെടും.

 

(വിവ. മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍, ദാറുല്‍ ഹുദ ചെമ്മാട്‌)

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker