Onlive Talk

ഖത്തറിന്റെ ഏഷ്യന്‍ കപ്പ് വിജയം എന്താണ് അര്‍ത്ഥമാക്കുന്നത് ?

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ടൂര്‍ണമെന്റിലെ ഖത്തറിന്റെ വിജയം കേവലം ഒരു ഫുട്‌ബോള്‍ മത്സര വിജയമല്ല. അത് ഖത്തറിന്റെ സ്വാതന്ത്ര്യത്തിന്റെയും ഇഛാശക്തിയുടെയും പരമാധികാരത്തിന്റെയും വിജയമാണ്. സൗദിയുടെയും യു.എ.ഇയുടെയും മുന്നില്‍ വണങ്ങാന്‍ വിസമ്മതിക്കുക കൂടിയായിരുന്നു ഇതിലൂടെ ഖത്തര്‍.

മുഹമ്മദ് ബിന്‍ സല്‍മാന്റെയും മുഹമ്മദ് ബിന്‍ സായിദിന്റെയും ഉപരോധത്തിന് കീഴടങ്ങാന്‍ ഖത്തര്‍ തയാറായിരുന്നില്ല. ഖത്തര്‍ അമീറിന്റെ ശക്തമായ നേതൃത്വത്തിലുള്ള ഭരണകൂടത്തിനു കീഴില്‍ ജനങ്ങള്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്കെതിരെ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനി ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

മാധ്യമ മേഖലയില്‍ പാശ്ചാത്യന്‍ കാഴ്ചപ്പാടില്‍ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിച്ചു കൊണ്ട് വാര്‍ത്തകളും വീക്ഷണങ്ങളും പ്രസിദ്ധീകരിക്കുന്ന ദോഹ ആസ്ഥാനമായുള്ള അല്‍ ജസീറയും ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്തി. യു.എ.ഇയുടെയും സൗദിയുടെയും കീഴില്‍ ഡസന്‍ കണക്കിന് വാര്‍ത്ത ചാനലുകള്‍ ഉണ്ടായിട്ടും അല്‍ജസീറയുടെ കവറേജിനോടോ വിശ്വാസ്യതയോടോ പ്രൊഫഷണലിസത്തോടെ മത്സരിക്കാന്‍ കഴിയുന്നില്ല.

ഏഷ്യന്‍ കപ്പില്‍ ഫൈനലിലേക്കുള്ള വഴിയില്‍ ഖത്തര്‍ സൗദിയെയും യു.എ.ഇയെയും പരാജയപ്പെടുത്തിയിരുന്നു. ഇതു കൊണ്ടാണ് മറ്റു അറബ് രാഷ്ട്രങ്ങള്‍ ഫൈനലില്‍ ഖത്തര്‍ ജപ്പാനെ പരാജയപ്പെടുത്തിയപ്പോള്‍ സന്തോഷം പ്രകടിപ്പിച്ചത്. അതിനാലാണ് നിയമപരമല്ലാതിരുന്നിട്ടും മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ ഖത്തര്‍ പതാകയുമേന്തി തെരുവുകളില്‍ റാലി നടത്തിയത്. മറ്റു രാജ്യങ്ങളിലെ സാധാരണക്കാരായ ജനത യു.എ.ഇയോട് വിദ്വേഷമുള്ളവരും അടിച്ചമര്‍ത്തപ്പെട്ടവരുടെ കൂടെ നിലകൊള്ളുന്നവരുമാണ്. എന്നാല്‍ യു.എ.ഇ ഇസ്രായേലുമായി സഹകരിച്ച് ഖത്തറിനെതിരെ വിദ്വേഷവും കുടിപ്പകയും പ്രതികാരവും വച്ചുപുലര്‍ത്തുകയാണ്.

അതുകൊണ്ടാണ്, ഖത്തര്‍ ഫുടബോള്‍ കളിക്കാര്‍ക്കു നേരെ എമിറാത്തികള്‍ ചെരുപ്പുകളും ഷൂവും വലിച്ചെറിഞ്ഞപ്പോള്‍ ഇസ്രായേല്‍ അതിനെ അഭിനന്ദിച്ചതും മറ്റു അറബ് രാജ്യങ്ങള്‍ അപലപനം രേഖപ്പെടുത്തിയതും. ഖത്തറില്‍ നിന്നും നേരിട്ടുള്ള വിമാനങ്ങള്‍ക്ക് യു.എ.ഇയില്‍ ഇറങ്ങാന്‍ അനുമതി നല്‍കാത്തതിനാല്‍ ഒമാനില്‍ വന്നിറങ്ങി അവിടെ നിന്നും റോഡ് മാര്‍ഗം ഏറെ പ്രയാസപ്പെട്ടാണ് ഖത്തര്‍ ടീം യു.എ.ഇയിലെത്തിയത്. മാത്രമല്ല, ഖത്തര്‍ പൗരന്മാര്‍ക്ക് തങ്ങളുടെ ടീമിന്റെ കളി കാണാനും പിന്തുണക്കാനും സ്റ്റേഡിയത്തിലേക്ക് പ്രവേശനം നല്‍കാനും യു.എ.ഇ തയാറായില്ല. അന്താരാഷ്ട്ര ഫുട്‌ബോള്‍ നിയമങ്ങളുടെ ലംഘനമായിരുന്നു ഇത്. ഇതിനെല്ലാം പുറമെ അബൂദാബിയില്‍ ഖത്തറിന്റെ പതാക വീശികാണിച്ച ഒരു ആരാധകനെ യു.എ.ഇ പൊലിസ് പിന്തുടര്‍ന്ന് പിടികൂടുകയും ചെയ്തു.

ഇതിലും തീര്‍ന്നില്ല യു.എ.ഇയുടെ വൈരാഗ്യം. ഖത്തറിന്റെ വിജയ വാര്‍ത്ത കൊടുക്കാതിരിക്കുന്നതിലും യു.എ.ഇ മാധ്യമങ്ങള്‍ ഏകോപിച്ചു. ‘ജപ്പാന് ഏഷ്യന്‍ കപ്പ് നഷ്ടമായി’ എന്നായിരുന്നു ‘അല്‍ ബയാന്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറിന്റെ കിരീട നേട്ടവും ഖത്തര്‍ താരങ്ങളുടെ പ്രകടനവും മിക്ക യു.എ.ഇ മാധ്യമങ്ങളും കണ്ടതായി നടിച്ചില്ല. അല്ലെങ്കില്‍ ചെറുതായി ഒരു വാര്‍ത്ത മാത്രം നല്‍കി ഒതുക്കി.

സാധാരണ നിയമപ്രകാരം ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ ഭരണാധികാരിയാണ് ജേതാക്കള്‍ക്കുളള കിരീടം സമ്മാനിക്കേണ്ടത്. എന്നാല്‍ അബൂദാബിയില്‍ അതുണ്ടായില്ല. അബൂദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് സ്റ്റേഡിയത്തിലേക്ക് തന്നെ എത്തിയില്ല. ഭരണാധികാരികളെല്ലാം അവരുടെ കൊട്ടാരത്തിലിരുന്നു. ഇതെല്ലാം ഖത്തറിനോടുള്ള വിദ്വേഷം തന്നെയാണ് സൂചിപ്പിക്കുന്നത്.

അറബ് രാജ്യത്തെ ഫുട്‌ബോള്‍ ആരാധകര്‍ സാധരണ രീതിയില്‍ തങ്ങള്‍ക്കിടയിലെ രാജ്യത്തിനാണ് പിന്തുണ നല്‍കാറുള്ളത്. അപൂര്‍വമായി പോലും അവര്‍ അറബ് ഇതര രാജ്യത്തിന് പിന്തുണ നല്‍കാറില്ല. എന്നാല്‍ ഏഷ്യന്‍ കപ്പില്‍ നേര്‍വിപരീതമായിരുന്നു കാണാന്‍ സാധിച്ചത്. ഖത്തറിനെതിരെയുള്ള വിരോധം മൂലം യു.എ.ഇ ജനതയും മാധ്യമങ്ങളും ഫൈനലില്‍ ജപ്പാനെയാണ് പിന്തുണച്ചത്. ഇതുകൊണ്ടെല്ലാമാണ് ഭൂരിഭാഗം അറബ് ജനതയും ഖത്തറിന്റെ വിജയത്തില്‍ ആഹ്ലാദഭരിതരായത്. അതുകൊണ്ടാണ് പ്രമുഖ അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ഒരു അറബ് രാജ്യത്തിന്റെ വിജയം മാത്രമല്ല ഇത് എന്നു പറയേണ്ടി വരുന്നതും മറിച്ച് നമ്മില്‍ നിന്നും തിരിച്ചെടുക്കാന്‍ ശ്രമിക്കുന്ന അറബ് സംസ്‌കാരത്തിന്റെ വിജയം കൂടിയാണിതെന്ന് പറയുന്നതും.

അവലംബം: middleeastmonitor.com
മൊഴിമാറ്റം: സഹീര്‍ വാഴക്കാട്

Facebook Comments
Show More

Related Articles

Close
Close