Onlive Talk

ബി ജെ പി ഇതര പാർട്ടികള്‍; എന്നതിലേക്ക് ഇന്ത്യൻ രാഷ്ട്രീയം മാറുകയാണോ?

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഭരണഘടനയെ ഗളഹസ്തം ചെയ്ത് മഹാരാഷ്ട്രയില്‍ ഭരണം നിലനിര്‍ത്താന്‍ പാര്‍ട്ടി നടത്തിയ വൃത്തികെട്ട രാഷ്ട്രീയക്കളി ഏറ്റവും വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണല്ലോ. ഭരണഘടന സംരക്ഷിക്കാൻ ഒന്നാമതായി രംഗത്തുണ്ടാവേണ്ട രാഷ്‌ട്രപതി തന്നെ പാതിരാത്രിയിൽ അതിനെ അട്ടിമറിച്ചു. ഇതൊക്ക അതിജീവിച്ചാണ് ആദര്‍ശ ബന്ധുക്കളായിരുന്ന ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ച് എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ ശിവസേന മഹാരാഷ്ട്രയിൽ അധികാരത്തിലേറിയിരിക്കുന്നത്. അമിത് ഷായുടെ ഗൂഢ തന്ത്രങ്ങള്‍ പണ്ടേപോലെ ഏശുന്നില്ല എന്നു മാത്രമല്ല, ശരത് പവാറിന്റെ ചാണക്യ തന്ത്രങ്ങള്‍ വിജയം കാണുകയും ചെയ്തിരിക്കുന്നു.

കഴിഞ്ഞ ഡിസംബര്‍ മുതലിങ്ങോട്ട് സംസ്ഥാനങ്ങള്‍ ബി.ജെ.പിയോട് പുറംതിരിഞ്ഞുനില്‍ക്കുകയാണ്. ഛത്തീസ്ഗഢിലാണ് തുടക്കം. ബി.ജെ.പിയുടെ 15 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് 90 അംഗ അസംബ്ലിയില്‍ 68 സീറ്റുകള്‍ നേടി നാലില്‍ മൂന്ന് ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് അവിടെ അധികാരത്തിലെത്തി. അജിത് ജോഗിയുടെ ജനത കോണ്‍ഗ്രസ് ഛത്തിസ്ഗഢ് (ജെ.സി.സി), മായാവതിയുടെ ബി.എസ്.പി എന്നീ പാര്‍ട്ടികളുടെ സാന്നിധ്യം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന ബി.ജെ.പി.യുടെ കണക്കുകൂട്ടലുകള്‍ അമ്പേ തകരുന്നതാണ് കണ്ടത്. വെറും 15 സീറ്റുകളാണ് ബി ജെ പിക്ക് ലഭിച്ചത്. 2013ല്‍ 49 സീറ്റുകള്‍ ജയിച്ച പാര്‍ട്ടിയാണെന്ന് ഓര്‍ക്കണം.

2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളും തൂത്തുവാരിയ രാജസ്ഥാനില്‍ 2019ലെ അസംബ്ലി തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. 200 സീറ്റുകളില്‍ 107 എണ്ണത്തില്‍ വിജയിച്ച് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തു. ഛത്തീസ്ഗഢിലേതു പോലെ 15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് മധ്യപ്രദേശിലും അന്ത്യം കുറിക്കപ്പെട്ടു. അകാലികളുമായുള്ള സഖ്യത്തിലൂടെ തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തിലേറിയ പഞ്ചാബും കോണ്‍ഗ്രസ് പിടിച്ചെടുത്തു. 117 അംഗ അസംബ്ലിയില്‍ ബി.ജെ.പിയുടെ അംഗസംഖ്യ വെറും രണ്ടില്‍ ഒതുങ്ങി. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ പാര്‍ട്ടി ശരിക്കും ഒലിച്ചുപോയി. മുന്‍ തെരഞ്ഞെടുപ്പിലെ 32ല്‍നിന്ന് മൂന്നിലേക്കാണ് പാര്‍ട്ടി കൂപ്പുകുത്തിയത്. പഞ്ചാബിനേക്കാള്‍ ഒരു സീറ്റ് കൂടുതല്‍ കിട്ടിയത് ഭാഗ്യം!

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി ബംഗാളിൽ നേട്ടം കൊയ്തത് 2021ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ കൊടും വിഷവുമായി അമിത് ഷായും കൂട്ടരും ഇറങ്ങുമെന്നുറപ്പാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയാലും മാറിയ സാഹചര്യത്തിൽ ഭരണം കൈപ്പിടിയിലൊതുക്കുക ബി.ജെ.പിക്ക് എളുപ്പമാവില്ല. ഹരിയാനയില്‍ തങ്ങള്‍ക്കെതിരെ പ്രചാരണം നടത്തി ജയിച്ച ജെ.ജെ.പിയുമായി കൂട്ടുകൂടി ഭരണത്തിലേറിയ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ ഭാവി അറിയാനിരിക്കുന്നു.

എന്‍.ഡി.എയിലെ ഘടകകക്ഷികള്‍ പലതും സംഘ്പരിവാരത്തോട് പുറംതിരിഞ്ഞുനില്‍ക്കുകയാണ്. ബിഹാറില്‍ ബി.ജെ.പിയുമൊത്ത് ഭരണം പങ്കിടുന്ന നിതീഷ് കുമാറിന്റെ ജെ.ഡി.യു നവംബര്‍ 30ന് ആരംഭിക്കുന്ന ജാര്‍ക്കണ്ഡ് അസംബ്ലി തെരഞ്ഞെടുപ്പില്‍ തനിച്ചാണ് മല്‍സരിക്കുന്നത്. വടക്കു-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ മിക്കയിടങ്ങളിലും ബി.ജെ.പിയല്ല, നോര്‍ത് ഈസ്‌റ്റേണ്‍ ഡെമോക്രാറ്റിക് സഖ്യത്തിലെ (NEDA) ചെറുപാര്‍ട്ടികളാണ് ശക്തന്മാര്‍. ഈ സഖ്യം അധികകാലം തുടരാനിടയില്ല.

2014ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉയര്‍ത്തിയ ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്ന മുദ്രാവാക്യം ഏറ്റെടുക്കാന്‍ ആളില്ല. ‘കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളില്‍നിന്ന് മുക്തമായ ഭാരത’മെന്നാണ് അതിലൂടെ തങ്ങള്‍ ഉദ്ദേശിച്ചതെന്നാണ് ബി.ജെ.പിക്കാരുടെ പുതിയ ഭാഷ്യം. അവരുടെ നേതാവ് അമിത് മാളവ്യ കഴിഞ്ഞ ദിവസം ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞതും ഇതാണ്.

ബി ജെ പി നേതൃത്വം നൽകുന്ന ഹിന്ദുത്വ സംഘ് പരിവാരവും മതേതര പാർട്ടികളും തമ്മിലുള്ള ഏറ്റുമുട്ടലിൽനിന്ന് ബി ജെ പിയും ബി ജെ പി ഇതര പാർട്ടികളും തമ്മിലുള്ള മത്സരത്തിലേക്ക് ഇന്ത്യൻ രാഷ്ട്രീയം മാറുകയാണോ?

Facebook Comments
Related Articles

പി.കെ. നിയാസ്

Senior journalist @The Peninsula, Qatar, author and writer. India
Close
Close