Current Date

Search
Close this search box.
Search
Close this search box.

ബ്രിട്ടന്റെ മദ്രസാ നിയന്ത്രണ പദ്ധതി

madrasa1.jpg

ചില പദങ്ങള്‍ ലഘുവായ അര്‍ഥമുള്ളവയാണെങ്കിലും ചരിത്രപരവും സാമൂഹ്യപരവുമായി സങ്കീര്‍ണമായ ആശയങ്ങള്‍ ഉള്‍കൊള്ളുന്നവയായിരിക്കും. ‘മദ്രസ’ അത്തരമൊരു പദമാണ്. ഭാഷാപരമായി, ‘പഠിക്കുന്ന സ്ഥലം’ എന്നാണ് അതിന്റെ വിവക്ഷ. എന്നാല്‍ മദ്രസയുടെ ചരിത്രം തിരഞ്ഞ് പോയാല്‍ വൈജ്ഞാനികവും മതപരവുമായി അത് നല്‍കിയ സംഭാവനകളുടെ വിസ്മയിപ്പിക്കുന്ന കലവറ നമുക്ക് മുന്നില്‍ അനാവൃതമാകും. ബ്രിട്ടീഷ് ഭരണകൂടം മദ്രസയേയും മറ്റ് ഇസ്‌ലാമിക സമാന്തര വിദ്യാഭ്യാസ രീതികളെയും സംശയക്കണ്ണോടെ വീക്ഷിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടനില്‍ ‘മദ്രസ’ വീണ്ടും ചര്‍ച്ചയാവുന്നു.

ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന 2000-ത്തോളം മദ്രസകളില്‍ 2,50,000 കുട്ടികള്‍ തങ്ങളുടെ മതത്തിന്റെ അടിസ്ഥാനങ്ങളും സംസ്‌കാരവും പഠിച്ചുകൊണ്ടിരിക്കുന്നു. ‘മക്തബ്’ എന്ന പേരിലും ബ്രിട്ടനില്‍ മദ്രസകള്‍ അറിയപ്പെടുന്നു. ഇന്ന് അനുബന്ധ വിദ്യാഭ്യാസ സംവിധാനമായി കരുതപ്പെടുന്ന മദ്രസകള്‍ ഒരു കാലത്ത് മുസ്‌ലിംകളുടെ മുഖ്യധാരാ പഠന-വിദ്യാഭ്യാസ സംവിധാനമായിരുന്നു. മസ്ജിദുകള്‍, മദ്രസകള്‍, ഗ്രന്ഥശാലകള്‍, കൊട്ടാരങ്ങള്‍, വിവര്‍ത്തനശാലകള്‍ എന്നിവയൊക്കെ മുസ്‌ലിം വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു. ഇത്തരം വിദ്യാഭ്യാസ വ്യാപനത്തിന് പിന്നില്‍ പല ഘടകങ്ങളുണ്ടായിരുന്നു. ദൈവിക കല്‍പനകള്‍ അറിയാനുള്ള ആഗ്രഹം, രാജ്യതന്ത്രജ്ഞത കരസ്ഥമാക്കുക, ഗ്രീക്ക്, പേര്‍ഷ്യന്‍, ഇന്ത്യന്‍ വൈജ്ഞാനിക പാരമ്പര്യങ്ങളോടുള്ള താല്‍പര്യം എന്നിവയെല്ലാം അതിന്റെ പിന്നില്‍ കാണാം. മനുഷ്യസംസ്‌കാരങ്ങള്‍ തമ്മിലെ ആശയ കൈമാറ്റങ്ങളുടെ മകുടോദാഹരണമായി അവ നിലകൊള്ളുന്നു.  

പത്താം നൂറ്റാണ്ടിലാണ് മുസ്‌ലിം നാടുകളില്‍ മദ്രസാ സംവിധാനം ആരംഭിക്കുന്നത്. അവ പെട്ടെന്ന് വേരോട്ടം നേടി, പ്രത്യേകിച്ച് സെല്‍ജൂഖി ഭരണാധികാരികളുടെ കീഴില്‍ ഇന്നത്തെ ഇറാഖിലും ഇറാനിലും സിറിയയിലും. വളര്‍ന്നു വരുന്ന ശിആ സ്വാധീനത്തിനെതിരെയുള്ള സുന്നി ഉയിര്‍ത്തെഴുന്നേല്‍പ്പ് കൂടിയായിരുന്നു ഇത്. ഖുര്‍ആനിന്റെ പാരായണം, വ്യാഖ്യാനം, അറബി ഭാഷാ വ്യാകരണം, കര്‍മ്മശാസ്ത്രം, ദൈവശാസ്ത്രം എന്നിവയായിരുന്നു അന്നത്തെ മദ്രസകളിലെ പ്രധാന പാഠ്യവിഷയങ്ങള്‍. അതിനുപുറമേ ബീജഗണിതം, ജ്യോതിശ്ശാസ്ത്രം, വൈദ്യശാസ്ത്രം, കവിതാശാസ്ത്രം, തത്വശാസ്ത്രം എന്നിവയും പഠിപ്പിച്ചിരുന്നു. ഇത്തരം മദ്രസകളിലുണ്ടായിരുന്ന പ്രസിദ്ധരായ പണ്ഡിതന്മാരുടെ സാന്നിധ്യം അന്നത്തെ സാമൂഹ്യ ചലനാത്മകതയെയാണ് കുറിക്കുന്നത്. ഇന്ന് സുന്നി സമൂഹത്തിനിടയില്‍ നിലനില്‍്ക്കുന്ന പല ആശയധാരകളുടെയും ചിന്താപ്രസ്ഥാനങ്ങളുടെയും ഉയര്‍ച്ചക്ക് മദ്രസാ സംവിധാനങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ‘ഹവാസ്’ എന്ന പേരിലറിയപ്പെട്ടിരുന്ന മത പാഠശാലകള്‍ ശിആ ധാരയില്‍ ഉണ്ടാക്കിയ സ്വാധീനവും സമാനമായിരുന്നു. അക്കാലത്തെ പ്രധാന മദ്രസകള്‍ ഇന്ത്യയിലെ ദയൂബന്ധ്, ഈജിപ്തിലെ അല്‍-അസ്ഹര്‍, ഇറാനിലെ ഹൗസാസ്, തുനീഷ്യയിലെ സെയ്തൂനിയ എന്നിവയായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ മുസ്‌ലിം നാടുകളിലേക്കുള്ള യൂറോപ്യന്‍ അധിനിവേശ ശക്തികളുടെ കടന്നുവരവ് മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ ചിന്തകളെ പുതിയ തരത്തില്‍ നിര്‍വചിച്ചു. ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകള്‍ പഠിപ്പിക്കപ്പെടുന്ന ആധുനിക സ്‌കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പുതിയ ഔദ്യോഗിക ഭാഷകള്‍ എന്നിവയൊക്കെ നിലവില്‍ വന്നു. എല്ലാത്തിലും ഉപരിയായി പുതിയ ജ്ഞാനശാസ്ത്രവും രൂപംകൊണ്ടു. മദ്രസകള്‍ മതവിദ്യാഭ്യാസ കേന്ദ്രങ്ങളായി ചുരുങ്ങാന്‍ തുടങ്ങി. ഇന്നത്തെ പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന വിദ്യാഭ്യാസ രീതിയിലേക്കുള്ള ഒരു മാറ്റമായിരുന്നു അധിനിവേശത്തിലൂടെ ഉണ്ടായിത്തീര്‍ന്നത്. അഥവാ, പാശ്ചാത്യന്‍ മതേതര വിദ്യാഭ്യാസവും സാമ്പ്രദായിക മതവിദ്യാഭ്യാസവും. വിദ്യാര്‍ഥികള്‍ രണ്ട് തരം വിദ്യാഭ്യാസരീതികള്‍ പിന്തുടരുന്ന അവസ്ഥ സംജാതമായി. ബ്രിടന്‍ പോലുളള രാഷ്ട്രങ്ങളില്‍ ഈ മദ്രസാ സംവിധാനങ്ങള്‍ അനുബന്ധ വിദ്യാഭ്യാസ സംവിധാനമായി അറിയപ്പെട്ടു തുടങ്ങി.

എന്നാല്‍ സമീപകാലത്ത് ‘സ്‌കൂളിതര വിദ്യാഭ്യാസ സംവിധാന’ങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച അന്വേഷണ ഉത്തരവില്‍ മദ്രസ എന്ന പദം പ്രയോഗിക്കുന്നില്ല. തീവ്രവാദത്തെ പ്രതിരോധിക്കുക എന്ന ഉദ്ദേശ്യത്തോടെ സര്‍ക്കാര്‍ നടത്തുന്ന ഈ നീക്കം മുസ്‌ലിം അനുബന്ധ വിദ്യാഭ്യാസ സംവിധാനങ്ങളെ ലക്ഷമാക്കിയുള്ളതാണെന്ന് വ്യക്തമാണ്.  ടോറി പാര്‍ട്ടി കോണ്‍ഫറന്‍സില്‍ മദ്രസകളെ സംബന്ധിച്ച് ഡേവിഡ് കാമറൂണ്‍ നടത്തിയ പ്രസ്താവനകള്‍ വളരെ വ്യക്തമായിരുന്നു. രാജ്യത്തെ മുസ്‌ലിം സംഘടനകള്‍ക്കിടയിലും ഇത് ചര്‍ച്ചാവിഷയമായി. 1990-ല്‍ അഫ്ഗാന്‍ പ്രദേശങ്ങള്‍ താലിബാന്റെ നിയന്ത്രണത്തിലായതിന് ശേഷം ലോകത്തുള്ള മദ്രസകളെ കുറിച്ച് ഒരു മോശം ചിത്രമാണ് പ്രദാനം ചെയ്യപ്പെട്ടത്. ബ്രിട്ടനിലെ ചില മദ്രസകളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കപ്പെടണമെന്നത് വാസ്തവമാണ്. അധ്യാപന രീതിയിലും ഭൗതിക സൗകര്യങ്ങളിലും മാറ്റം വരേണ്ടതുണ്ട്. തദ്ദേശീയരായ മുസ്‌ലിംകള്‍ തന്നെ അതംഗീകരിക്കുകയും ചെയ്യുന്നു. ബ്രാഡ്‌ഫോര്‍ഡ് പോലുള്ള സ്ഥലങ്ങളില്‍ മദ്രസാ നവീകരണ പദ്ധതികളും മറ്റും നിലവിലുണ്ട്. എന്നാല്‍ ഇനിയും ഈ മേഖലകളില്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. സാമൂഹ്യ ഐക്യത്തിന് വിഘാതം സൃഷ്ടിക്കുന്ന തരത്തില്‍ ഈ മദ്രസകള്‍ യാതൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് മുസ്‌ലിം സംഘടനകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ അനുബന്ധ വിദ്യാഭ്യാസ സംവിധാനങ്ങളെ പരിപോഷിപ്പിക്കുന്നതിനായി നടത്തിയ ശ്രമങ്ങളെ സര്‍ക്കാര്‍ ഉത്തരവില്‍ എടുത്തുപറയുന്നു. ഇത്തരം നിയന്ത്രണങ്ങളിലൂടെ രാജ്യം തങ്ങളെ പാര്‍ശ്വവല്‍ക്കരിച്ചു എന്നു കരുതുന്നവര്‍ക്കിടയില്‍ പരസ്പരവിശ്വാസം വളര്‍ത്താന്‍ കഴിയും. എന്നാല്‍ ഇത്തരം പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി അതിനൊരു രൂപരേഖ തയ്യാറാക്കുകയാണ് വേണ്ടത്. ആദ്യമായി, മത-വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കപ്പെടണം, അതിനുള്ള അവകാശം വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ നല്‍കപ്പെടുക. രണ്ടാമതായി, മത-വിദ്യാഭ്യാസ രീതികളെ കുറിച്ച് അന്വേഷണം നടത്തുന്നവര്‍ മദ്രസകളുടെ ഉത്ഭവ ചരിത്രത്തെ കുറിച്ചും അവയുടെ യഥാര്‍ത്ഥ ധര്‍മ്മത്തെ കുറിച്ചും പഠിക്കുക. മൂന്നാമതായി, നിലവില്‍ മുസ്‌ലിം സമൂഹത്തിനിടയില്‍ പ്രചാരത്തിലുള്ള മദ്രസാ നവീകരണ പദ്ധതികളെ കുറിച്ചും അന്വേഷകന് അറിവുണ്ടായിരിക്കുക. നാലാമതായി, അതില്‍ അപാകതകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവ പരിഹരിക്കാനുള്ള കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുക. അവസാനമായി, മദ്രസ മാത്രമല്ലാതെ മറ്റെല്ലാ സ്‌കൂളിതര വിദ്യാഭ്യാസ സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നിടത്ത് സുതാര്യതയും വ്യക്തതയും ദൃശ്യമാക്കുക.

ഇങ്ങനെയുള്ള മുന്‍കരുതലുകള്‍ തീര്‍ച്ചയായും രാജ്യത്തെ കുട്ടികള്‍ സുരക്ഷിതവും ഉല്‍പാദനക്ഷമതയുള്ളതുമായ മതവിദ്യാഭ്യാസമാണ് നേടുന്നതെന്ന് ഉറപ്പുവരുത്താന്‍ സഹായിക്കും. ഇന്നത്തെ സമൂഹത്തില്‍ മദ്രസാ സംവിധാനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനുള്ള ഒരു പശ്ചാത്തലം കൂടിയായി ഇവ മാറും.

വിവ: അനസ് പടന്ന

Related Articles