Current Date

Search
Close this search box.
Search
Close this search box.

പുതിയ തുടക്കത്തിന് സന്നദ്ധമായി ഫലസ്തീനികള്‍

gazza.jpg

അമേരിക്കന്‍ മുഖംപൂടി ഇപ്പോള്‍ പൂര്‍ണമായും അഴിഞ്ഞുവീണിരിക്കുന്നു. ഫലസ്തീനികള്‍ തങ്ങളുടെ രാഷ്ട്രീയ ബന്ധങ്ങളിലും വിമോചന സമരത്തിലും അടിയന്തിര പുനര്‍വിചിന്തനം നടത്തേണ്ട സമയമാണിത്. ട്രംപ് ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതോടെ ഫലസ്തീന്‍ പതിവു പോലെയല്ല ഇടപെടേണ്ടത്.

1994 മുതല്‍ ഫലസ്തീന്‍ അതോറിറ്റി നിയന്ത്രിക്കുന്ന ഫതഹ് ജനങ്ങളുടെ വികാരം മനസ്സിലാക്കി ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ‘രോഷത്തിന്റെ ദിനം’ എന്ന പേരില്‍ റാലി നടത്തി ജനങ്ങളുടെ സ്വീകാര്യത നേടിയെടുത്തിരുന്നു. പ്രക്ഷോഭത്തിന്റെ ഫലമായി ധാരാളം ഫലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഫലസ്തീനികളുടെ വികാരങ്ങള്‍ ഉള്‍കൊള്ളാന്‍  നേതൃത്വം കുറഞ്ഞ പക്ഷം ഇതെങ്കിലും ചെയ്യേണ്ടതു തന്നെയാണ്.

‘രോഷത്തിന്റെ രാഷ്ട്രീയം’ എന്നത് ഫലസ്തീന്‍ നേതൃത്വം നേരത്തെയും ഉപയോഗിച്ച ഒന്നാണ്. ജനങ്ങളുടെ അസംതൃപിതയും വിമര്‍ശനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ അവര്‍ ശ്രദ്ധിക്കാറുണ്ട്. ഫലസ്തീന്‍ ജനതയെ കീഴടക്കാന്‍ ഇരു രാജ്യങ്ങളും സൈനികമായും സാമ്പത്തികമായും കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ, ഇസ്രായേലും അമേരിക്കയും തീര്‍ച്ചയായും ഈ എതിര്‍പ്പ് അര്‍ഹിക്കുന്നുണ്ട്.

നിഷ്ഫലമായ സമാധാന പ്രക്രിയയില്‍ ഫലസ്തീന്‍ പങ്കാളിയാണെങ്കിലും പുതിയ തീരുമാനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌ന പരിഹാരമെല്ലാം ഫലസ്തീനികളെ നിരാശരാക്കുന്നുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി സംഘര്‍ഷഭൂമിയായ ഫലസ്തീനില്‍ സമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഇവിടുത്തെ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പണ്ഡിതര്‍ക്കും ബില്യണ്‍ കണക്കിന് ഡോളറുകളാണ് വിദേശ ഫണ്ടായി ലഭിക്കുന്നത്. ഇവിടുത്തെ ജനസംഖ്യ നിരക്കും വളരെ താഴ്ന്ന അവസ്ഥയിലാണ്.

ഫലസ്തീന്‍ അതോറിറ്റി രോഷത്തിന്റെ ദിനമായി പ്രഖ്യാപിച്ചപ്പോള്‍ പുതിയ ഇന്‍തിഫാദക്കാണ് ഹമാസ് ആഹ്വാനം ചെയ്തത്. എന്നാല്‍ ഇവിടെ ഒറ്റപ്പെട്ട ചിലരെങ്കിലും ചരിത്രത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടിട്ടില്ല എന്നു വേണം മനസ്സിലാക്കാന്‍. ഇവിടെ അരങ്ങേറുന്ന സുസ്ഥിരമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ചിലര്‍ ചെവി കൊടുക്കാറില്ല. ഇത്തരം പ്രക്ഷോഭങ്ങളൊന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ രൂപം കൊടുക്കുന്നതല്ല. ജനങ്ങളുടെ പ്രതിഷേധത്തിന്റെ ഫലമായി സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിലവിളികളാണതെല്ലാം.

ചിലര്‍ ഇവിടുത്തെ പ്രക്ഷോഭങ്ങളില്‍ ഭാഗമാവാതെ മാറി നില്‍ക്കും. അവര്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കും. മറ്റു ചിലര്‍ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായും ഇത്തരം പ്രക്ഷോഭങ്ങളെ ഉപയോഗപ്പെടുത്തുന്നു. എന്നാല്‍, ഇത്തരം പ്രക്ഷോഭങ്ങള്‍ കൊണ്ടൊന്നും ഇസ്രായേലോ അമേരിക്കയോ നിലപാട് മാറ്റാന്‍ പോകുന്നില്ല. ഈജിപ്തിലെ കെയ്‌റോയില്‍ നടന്ന അറബ് ലീഗില്‍ വിദേശകാര്യ മന്ത്രിമാരുടെ പ്രസ്താവനയും അവരുടെ ദൗര്‍ഭല്യത്തെയാണ് സൂചിപ്പിക്കുന്നത്.

അറബ് രാജ്യങ്ങള്‍ ഈ വിഷയത്തില്‍ ശക്തമായ ഒരു നിലപാട് സ്വീകരിക്കണമെന്നും തങ്ങളുടെ സഹോദര രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നുമാണ് ഫലസ്തീന്റെ ആവശ്യം.

ഫലസ്തീനിലെ മുഴുവന്‍ സംഘടനകളെയും ഒരു കുടക്കീഴില്‍ അണിനിരത്തി നഷ്ടപ്പെട്ട ഭാവി വീണ്ടെടുക്കാനാണ് ഫലസ്തീന്‍ നേതൃത്വം ഇനി ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഇതിനുള്ള നടപടികളൊന്നും ഇതു വരെയായി നടന്നിട്ടില്ല. ഒരു പൊതുതന്ത്രം രൂപപ്പെടുത്താതെ ഫലസ്തീന്‍ മോചനം സാധ്യമാവില്ല.

സാധാരണക്കാരായ ഫലസ്തീന്‍ ജനതക്കും ഹമാസിനെയും ഫതഹിനെയും ആവശ്യമില്ല. അവര്‍ക്ക് തങ്ങളുടെ ജറൂസലം നഷ്ടപ്പെടുന്നതില്‍ അതിയായ അമര്‍ഷമുണ്ട്. ത് തിരിച്ചെടുക്കാന്‍, അതിനു വേണ്ടി മാത്രമാണ് അവര്‍ തെരുവിലുറങ്ങുന്നത്. കഴിഞ്ഞ 50 വര്‍ഷമായി അവര്‍ ഓരോ ദിവസവും പോരാടുന്നത് ഇതിനു വേണ്ടിയാണ്.

ഫലസ്തീന്‍ നേതൃത്വം തങ്ങളുടെ എല്ലാ കഴിവുകളുമുപയോഗിച്ച് ജനങ്ങളോടൊപ്പം നില്‍ക്കണം, ഒറ്റക്കെട്ടായി. ഫലസ്തീനിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രതീക്ഷ അവസാനിക്കുന്നില്ല. അവര്‍ മുന്നോട്ടു തന്നെ കുതിക്കുകയാണ്. പുതിയ നിലപാടില്‍, കൂടുതല്‍ കരുത്തും വിശ്വാസവും ഐക്യവും ആര്‍ജിച്ച്.

വിവര്‍ത്തനം: പി.കെ സഹീര്‍ അഹ്മദ്

Related Articles