Current Date

Search
Close this search box.
Search
Close this search box.

തൂത്തുകുടി: ഭരണകൂടങ്ങള്‍ തോല്‍ക്കുന്നിടത്തു നിയമം വിജയിക്കുന്നു

op.jpg

പ്രകൃതിയിലെ വിഭവങ്ങള്‍ മനുഷ്യന് വേണ്ടിയാണ്. മനുഷ്യന്‍ എന്നതിന്റെ ഉദ്ദേശം ഭൂമിയിലെ അവസാനത്തെ മനുഷ്യന്‍ എന്നതാണ്. പക്ഷെ അത് തനിക്കു മാത്രം അവകാശപ്പെട്ടതാണ് എന്ന രീതിയിലാണ് കോര്‍പ്പറേറ്റുകള്‍ മുന്നേറുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇന്നലെ തൂത്തുക്കുടിയില്‍ കണ്ടത്.  സമരം എന്നത് ജനാധിപത്യത്തില്‍ അംഗീകൃത രീതിയാണ്. സമരം അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ വേണ്ടിയാണ്. ജനങ്ങളുടെ പ്രതിഷേധം മനസ്സിലാക്കി പ്രതികരിക്കുക എന്നതാണ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. ആളുകളെ വെടിവെച്ചു കൊല്ലുക എന്നത് ഒരു ജനാധിപത്യ സ്വഭാവത്തില്‍ ഭീകരമാണ്.

കോപ്പര്‍ പ്ലാന്റിന് 25 വര്‍ഷത്തെ ലൈസന്‍സ് അവസാനിക്കാനിരിക്കെ അത് പുതുക്കി നല്‍കാനുള്ള തീരുമാനമാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. വാതക ചോര്‍ച്ചയെതുടര്‍ന്ന് മുമ്പ് പലതവണ നാട്ടുകാരില്‍ ആരോഗ്യപ്രശ്‌നം സൃഷ്ടിച്ചിട്ടുള്ള കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാണ് സമരവുമായി ജനങ്ങള്‍ രംഗത്തെത്തിയത്.

വര്‍ഷം ലക്ഷം ടണ്‍ കോപ്പര്‍ കത്തോട് നിര്‍മിക്കുന്ന കമ്പനിയാണ് വേദാന്ത. ലണ്ടനിലും ഈ കമ്പനിക്കു വേരുകളുണ്ട്, കഴിഞ്ഞ മാര്‍ച്ചില്‍ അറ്റകുറ്റ പണികള്‍ക്ക് വേണ്ടി ഫാക്ടറി അടച്ചിരുന്നു. പുതുതായി തുറക്കുമ്പോള്‍ എട്ടു ലക്ഷം ടണ്ണായി ഉയര്‍ത്താനായിരുന്നു പദ്ധതി. തമിഴ്‌നാട് പരിസ്ഥിതി വകുപ്പ് കമ്പനിയുടെ അപേക്ഷ പലപ്പോഴും തള്ളിയിരുന്നു.  മാലിന്യങ്ങള്‍ അടുത്ത ജല സ്രോതസ്സിലേക്കു തള്ളുന്നു എന്നതും അതുവഴി ജലം മലിനമാകുന്നു എന്നതുമാണ് ജനത്തിന്റെ ആവലാതി. പാരിസ്ഥിതിക വിഷയങ്ങള്‍ പരിഹരിക്കാതെയാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത് എന്നും ജനം ആരോപിക്കുന്നു.

പക്ഷെ അതൊന്നും കമ്പനി മുഖവിലയ്ക്ക് എടുക്കുന്നില്ല. കമ്പനി പൂട്ടിയാല്‍ സംഭവിക്കാനിടയുള്ള ജോലിയും കച്ചവടവുമാണ് അവരുടെ വിഷയം. കഴിഞ്ഞ കുറെ ദിവസമായി അവിടെ സമരം നടക്കുന്നു. കുത്തകകളുടെ മുന്നില്‍ മുട്ടുമടക്കുന്ന രീതിയാണ് സര്‍ക്കാരുകള്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. പത്തു പേരെ വെടിവെച്ചു കൊല്ലുക എന്നത് അതിന്റെ കൂടി തെളിവാണ്. മരിച്ചവര്‍ തീര്‍ത്തും സാധാരണക്കാര്‍. സ്ത്രീകളും കുട്ടികളും അതില്‍ ഉള്‍പ്പെടും. തങ്ങളുടെ ജീവിതത്തെ പ്രതിരോധിക്കുക എന്നത് ആ നാട്ടുകാരുടെ കടമയാണ്.

ഇന്നലെ ഈ വിഷയവുമായി ബന്ധപ്പെട്ട് ദേശീയ ചാനലുകള്‍ തിരഞ്ഞു. കേവലം ഒരു വാര്‍ത്ത എന്നതിലപ്പുറം മറ്റൊന്നും എവിടെയും കാണാന്‍ കഴിഞ്ഞില്ല. വേദാന്ത അത്ര ചില്ലറക്കാരല്ല. അവരെ മറികടന്നു പോകാന്‍ ആര്‍ക്കും പെട്ടെന്ന് കഴിയില്ല. ഇന്റര്‍നെറ്റ് നിര്‍ത്തലാക്കിയും ബസ് സര്‍വീസുകള്‍ നിര്‍ത്തിയും കാപാലികരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ചെയ്തു കൊടുത്തത്. കാര്യമായ എതിര്‍പ്പില്ലാതെ കുറെ ജീവനുകളെ ഇല്ലാതാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. നേതാക്കള്‍ ഒരു പ്രസ്താവനയിലപ്പുറം പോയില്ല. ദേശീയ മാധ്യമങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്തില്ല. സാധാരണ പോലെ അവസാനം കോടതി തന്നെ രക്ഷക്ക് വരേണ്ടി വന്നു.  കമ്പനിയുടെ രണ്ടാം ഘട്ട വികസനം നാട്ടുകാരുടെ പരാതി സ്വീകരിച്ചു കോടതി ഇന്ന് തടഞ്ഞു വെച്ചു. ഒരിക്കല്‍ കൂടി ഭരണ കൂടങ്ങള്‍ തോല്‍ക്കുന്നിടത്തു നിയമം വിജയിക്കുന്നു.

 

 

Related Articles