Current Date

Search
Close this search box.
Search
Close this search box.

അറബികളാണോ ഫലസ്തീനെ ഒറ്റുകൊടുത്തത്?

resistence.jpg

21-ാം വയസ്സില്‍, രാഷ്ട്രമീമാംസയില്‍ ബിരുദം നേടാനായി ഞാന്‍ ഗസ്സയുടെ അതിര്‍ത്തി കടന്ന് ഈജിപ്തിലെത്തി. സമയം അത്ര മോശമായിരുന്നില്ല. 1990-ലെ ഇറാഖിന്റെ കുവൈത്ത് അധിനിവേശം, അമേരിക്കയുടെ നേതൃത്വത്തില്‍ ഒരു അന്താരാഷ്ട്രാ സഖ്യത്തിന്റെ രൂപീകരണത്തിലേക്കും ഒരു വലിയ യുദ്ധത്തിലേക്കും നയിച്ചു. അത് പിന്നീട് 2003-ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിലേക്ക് വഴിതെളിച്ചു. ആ സമയത്ത് ഇറാഖിന് അനുകൂലമായി യാസര്‍ അറഫാത്ത് നിലപാട് എടുത്ത കാരണത്താല്‍, ഈജിപ്തില്‍ ഫലസ്തീനികള്‍ വളരെ പെട്ടെന്ന് തന്നെ വെറുക്കപ്പെട്ടവരായി തീര്‍ന്നതിനെ കുറിച്ച് ഞാന്‍ ബോധവാനായി. ആ വെറുപ്പ് എത്രത്തോളമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു.

കെയ്‌റോയിലെ ഒരു വിലകുറഞ്ഞ ഹോട്ടലിലാണ് ഞാന്‍ താമസിച്ചിരുന്നത്. പതുക്കെ പതുക്കെ എന്റെ കൈവശമുണ്ടായിരുന്ന ഈജിപ്ഷ്യന്‍ പൗണ്ടുകള്‍ കുറഞ്ഞ് വന്നു. അവിടെ വെച്ചാണ് ഞാന്‍ ഹാജാ സൈനബിനെ കണ്ടുമുട്ടുന്നത്. അവരായിരുന്നു ആ ഹോട്ടലിന്റെ കാര്യങ്ങള്‍ നോക്കിനടത്തിയിരുന്നത്. കാരുണ്യത്തിന്റെ നിറകുടമായ ആ വയോധിക എന്നോട് സ്വന്തം മകനോടെന്ന പോലെയാണ് പെരുമാറിയത്. അവര്‍ക്ക് തീരെ സുഖമുണ്ടായിരുന്നില്ല. വിറച്ച് വിറച്ചാണ് അവര്‍ നടന്നിരുന്നത്. എത്ര ചെയ്താലും തീരാത്ത പണികള്‍ക്കിടയില്‍ ശ്വാസമെടുക്കാനായി അവര്‍ ഇടയ്ക്കിടക്ക് ചുമരിനോട് ചേര്‍ന്ന് നില്‍ക്കും. പക്ഷെ കണ്ണിലെ ആ പ്രകാശത്തിന് തെളിച്ചക്കുറവൊന്നുമുണ്ടായിരുന്നില്ല. എപ്പോഴൊക്കെ എന്നെ കാണുന്നുവോ അപ്പോഴൊക്കെ അവര്‍ എന്നെ വന്ന് കെട്ടിപിടിക്കുകയും കരയുകയും ചെയ്യും.

രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഹാജാ സൈനബ് കരഞ്ഞിരുന്നത് :  ഒന്ന് എന്റെ കാര്യത്തിലായിരുന്നു. കാരണം അന്ന് ഞാന്‍ എന്നെ നാട് കടത്താനുള്ള വിധിക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. എന്നെ നാട് കടത്താനുള്ള വിധിക്ക് പിന്നില്‍ ഒരേയൊരു കാരണം മാത്രമാണ് ഉണ്ടായിരുന്നത്.. അതായത് യാസര്‍ അറഫാത്ത് സദ്ദാം ഹുസൈനോടൊപ്പം നില്‍ക്കുകയും, ഹുസ്‌നി മുബാറക്ക് അമേരിക്കയോട് സഖ്യം ചേരുകയും ചെയ്ത കാലത്തെ ഒരു ഫലസ്തീന്‍ പൗരന്‍ ആയിരുന്നു ഞാന്‍. ഞാന്‍ ആകെ നിരാശനായി. കൂടാതെ ഗസ്സയിലേക്ക് തന്നെ മടങ്ങുന്ന സമയത്ത് ഇസ്രായേലി ഇന്റലിജന്‍സ് ഏജന്‍സിയായ ശിന്‍ ബേത്തിന്റെ കൈകളില്‍ അകപ്പെടാനുള്ള സാധ്യത എന്നെ ഭയപ്പെടുത്തുകയും ചെയ്തു. ഏകമകന്‍ അഹ്മദ്, സിനാഇല്‍ വെച്ച് ഇസ്രായേലികള്‍ക്കെതിരെയുണ്ടായ യുദ്ധത്തില്‍ കൊല്ലപ്പെട്ടതാണ് ഹാജാ സൈനബിനെ കരയിപ്പിച്ചിരുന്ന രണ്ടാമത്തെ കാര്യം.

1948, 1956, 1967 വര്‍ഷങ്ങളില്‍ ഇസ്രായേലുമായി ഈജിപ്ത് നടത്തിയ യുദ്ധങ്ങള്‍ക്ക് ഹാജാ സൈനബിന്റെ തലമുറ സാക്ഷികളാണ്. ഫലസ്തീനായിരുന്നു ആ യുദ്ധങ്ങളുടെയെല്ലാം കേന്ദ്രബിന്ദു. സ്വാര്‍ത്ഥ രാഷ്ട്രീയത്തിനും, മാധ്യമങ്ങള്‍ക്കും അതില്‍ ഒരു മാറ്റവും വരുത്താന്‍ കഴിഞ്ഞിരുന്നില്ല. പക്ഷെ 1967-ലെ യുദ്ധം സമ്പൂര്‍ണ്ണ പരാജയമായിരുന്നു. അമേരിക്കയില്‍ നിന്നും, മറ്റു പാശ്ചാത്യ ശക്തികളില്‍ നിന്നുമുള്ള നേരിട്ടുള്ള പിന്തുണയുടെ പിന്‍ബലത്തില്‍ ഇസ്രായേല്‍ അറബ് സൈന്യത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചു. അറബ് സൈന്യം തോറ്റോടി. ഗോലാന്‍ കുന്നുകളുടെയും, ജോര്‍ദാന്‍ താഴ്‌വരയുടെയും സീനാ പ്രവിശ്യയുടെയും കൂടെ ഗസ്സയും ഈസ്റ്റ് ജറൂസലേമും, വെസ്റ്റ് ബാങ്കും നഷ്ടപ്പെട്ടു.

അന്ന് മുതല്‍ക്കാണ് ചില അറബ് രാഷ്ട്രങ്ങളുടെ ഫലസ്തീന്‍ ബന്ധത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങിയത്. ഇസ്രായേലിന്റെ വിജയവും, അവര്‍ക്കുള്ള അമേരിക്കന്‍-പാശ്ചാത്യശക്തികളുടെ പിന്തുണയും, ചില അറബ് രാഷ്ട്രങ്ങളുടെ ഫലസ്തീന്‍ വിഷയത്തിലുള്ള പ്രതീക്ഷകളെ ഊതികെടുത്തി. ഒരു കാലത്ത് അറബ് ദേശീയതയുടെ പതാക വാഹകരായിരുന്ന ഈജിപ്ത്, നാണക്കേടിന്റെ പടുകുഴിയിലേക്ക് ആപതിച്ചു. പിന്നീട് അവര്‍ തങ്ങളുടെ മുന്‍ഗണനാക്രമങ്ങള്‍ പുനഃക്രമീകരിക്കുകയും, ഇസ്രായേല്‍ അധിനിവേശത്തില്‍ നിന്നും സ്വന്തം ഭൂമി തിരിച്ച് പിടിക്കുന്നതിന് പ്രധാന്യം നല്‍കുകയും ചെയ്തു. ഈജിപ്ഷ്യന്‍ നേതൃത്വത്തിന്റെ അഭാവത്തില്‍, അറബ് രാഷ്ട്രങ്ങള്‍ ക്യാമ്പുകളായി വിഭജിക്കപ്പെട്ടു, ഓരോ ഗവണ്‍മെന്റിനും അവരുടേതായ അജണ്ടകള്‍ ഉണ്ടായി. അറബ് ജനതയുടെ കേന്ദ്രവിഷയമായി ഒരിക്കല്‍ മനസ്സിലാക്കപ്പെട്ടിരുന്ന ഫലസ്തീന്‍ വിമോചനം എന്ന ലക്ഷ്യത്തില്‍ നിന്നും അറബികള്‍ പുതുക്കെ പതുക്കെ നടന്നകന്നു.

സ്വതന്ത്ര ഫലസ്തീന്‍ നടപടി അറബ് രാഷ്ട്രങ്ങളാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടിരുന്ന അവസ്ഥക്ക് 1967-ലെ യുദ്ധം അന്ത്യം കുറിച്ചു. യുദ്ധം പിന്നീട് വെസ്റ്റ്ബാങ്കിലും ഗസ്സയിലും കേന്ദ്രീകരിക്കപ്പെട്ടു. അറബികള്‍ പരാജയപ്പെട്ടതും അതിനെ തുടര്‍ന്നുണ്ടായ വിഭജനവും, ഫലസ്തീന്‍ സംഘമായ ഫതഹിന് തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ അവസരം നല്‍കി.

1967-ലെ ഖാര്‍ത്തൂം ഉച്ചകോടിയില്‍ അറബികള്‍ക്കിടയിലെ ഭിന്നത കൂടുതല്‍ രൂക്ഷമായി. മുന്‍ഗണനകളുടെയും നിര്‍വചനങ്ങളുടെയും പേരില്‍ അറബ് നേതാക്കള്‍ തമ്മിലടിച്ചു. 1967-ന് മുമ്പുള്ള സാഹചര്യത്തിലേക്ക് മടങ്ങുന്നതിലാണോ, അതോ 1948-ന് മുമ്പുള്ള ഫലസ്തീന്‍ അധിനിവേശവും വംശീയ ഉന്മൂലനവും നടക്കുന്നതിന് മുമ്പുള്ള സാഹചര്യത്തിലേക്ക് മടങ്ങുന്നതിലാണോ അറബികള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്?

1967 നവംബര്‍ 22-ന് പ്രമേയം 242 ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചു. പുതിയ സാഹര്യത്തില്‍ നിന്നും മുതലെടുപ്പ് നടത്താനുള്ള അമേരിക്കയുടെ ജോണ്‍സണ്‍ ഭരണകൂടത്തിന്റെ ആഗ്രഹാഭിലാഷങ്ങളായിരുന്നു പ്രസ്തുത പ്രമേയത്തില്‍ പ്രതിഫലിച്ചിരുന്നത്. അതായത്, ഇസ്രായേലുമായി നല്ലനിലയില്‍ വര്‍ത്തിക്കാന്‍ തയ്യാറായാല്‍ ‘അധിനിവിഷ്ഠ പ്രദേശങ്ങളില്‍ നിന്നും’ ഇസ്രായേല്‍ പിന്‍മാറും. 1967-ന് ശേഷം വളരെ പെട്ടെന്ന് തന്നെ പ്രത്യക്ഷപ്പെട്ട പുതിയ ഭാഷയിലെ അപകടം ഫലസ്തീനികള്‍ തിരിച്ചറിഞ്ഞു. യുദ്ധത്തിന് മുമ്പ് നിലനിന്നിരുന്ന അവസ്ഥയെ അവഗണിച്ച് തള്ളുന്ന രാഷ്ട്രീയ പരിഹാരങ്ങളാണ് ഭാവിയില്‍ ഇനി വരാനിരിക്കുന്നതെന്ന് ഫലസ്തീനികള്‍ തിരിച്ചറിഞ്ഞു.

ഒടുവില്‍, ഈജിപ്ത് പോരാടുകയും 1973-ലെ യുദ്ധത്തില്‍ വിജയം ആഘോഷിക്കുകയും ചെയ്തു. നഷ്ടപ്പെട്ട പ്രദേശങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം അങ്ങനെ ഈജിപ്ത് തിരിച്ചുപിടിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, 1979-ലെ കാമ്പ് ഡേവിഡ് ഉടമ്പടി അറബ് നേതൃത്വത്തെ വീണ്ടും ഭിന്നിപ്പിച്ചു. തുടര്‍ന്ന് ഫലസ്തീന് നല്‍കി വന്ന ഔദ്യോഗിക ഐക്യദാര്‍ഢ്യം ഈജിപ്ത് അവസാനിപ്പിക്കുകയും ചെയ്തു. അതിന് പകരം സീനായിലെ സ്വന്തം ഭൂമിയില്‍ ചില ഉപാധികളോടെയുള്ള അധികാരവും ഈജിപ്തിന് നല്‍കപ്പെട്ടു. പക്ഷെ, കാലം ഒരുപാട് കഴിഞ്ഞെങ്കിലും, ഈജിപ്ഷ്യന്‍ ജനത ഒരിക്കല്‍ പോലും ഇസ്രായേലുമായി സമാധാനത്തില്‍ വര്‍ത്തിക്കാന്‍ തയ്യാറായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഈജിപ്തില്‍, ഗവണ്‍മെന്റും ജനങ്ങളും തമ്മില്‍ ഒരു വിടവ് നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രീയ അടിയന്തരാവസ്ഥയും, സ്വയം സംരക്ഷണവുമാണ് ഗവണ്‍മെന്റിന്റെ സ്വഭാവത്തിന്റെ അടിസ്ഥാനം. മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട പോലെ വിവിധ മാധ്യമങ്ങളിലൂടെ ഫലസ്തീന്‍ വിരുദ്ധ പ്രചാരണങ്ങള്‍ ഈജിപ്തില്‍ നടന്നെങ്കിലും, ഫലസ്തീന്‍ സ്വതന്ത്രമാവുന്നത് വരേക്കും ഇസ്രായേലുമായുള്ള എല്ലാ നീക്കുപോക്കുകളും തള്ളിക്കളയുന്ന കാര്യത്തില്‍ ഈജിപ്ഷ്യന്‍ ജനത അടിയുറച്ച് നിന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ഈജിപ്തിലെ സമ്പന്ന മീഡിയകള്‍ ചേര്‍ന്ന് ഗസ്സയെ പൈശാചികവല്‍ക്കരിച്ച് കാണിച്ചിരുന്നു. എന്നാല്‍ ഹാജാ സൈനബിനെ പോലുള്ളവര്‍ക്ക് ഫലസ്തീനോടുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം തുറന്ന് പ്രകടിപ്പിക്കാനുള്ള ഇടങ്ങള്‍ ഈജിപ്തില്‍ ഇല്ലായെന്ന് തന്നെ പറയാം. എന്റെ കാര്യമെടുത്താല്‍, ഫലസ്തീന് വേണ്ടിയും, ഇസ്രായേലിനെതിരെ യുദ്ധം ചെയ്ത് മരിച്ച സ്വന്തം മകന് വേണ്ടിയും കരയുന്ന ആ സ്ത്രീയെ കണ്ടുമുട്ടാന്‍ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമായിരുന്നു.

എന്നാല്‍, സൈനബ് എന്ന ആ കഥാപാത്രം വീണ്ടും എന്റെ സഞ്ചാരപാതയില്‍ പുനരവതരിച്ചു. 1999-ല്‍ ഇറാഖില്‍ വെച്ച് ഞാന്‍ അവരെ കണ്ടുമുട്ടി. സദര്‍ പട്ടണത്തില്‍ ജീവിക്കുന്ന ഒരു വയസ്സായ പച്ചക്കറി വില്‍പ്പനക്കാരിയായിരുന്നു അവര്‍. 2003-ല്‍ ജോര്‍ദാനില്‍ വെച്ച് ഞാന്‍ അവരെ വീണ്ടും കണ്ടുമുട്ടി. പൊട്ടിയ റിയര്‍വ്യൂ കണ്ണാടിയില്‍ ഫലസ്തീന്‍ പതാക തൂക്കിയിട്ടിരിക്കുന്ന ഒരു കാര്‍ ഡ്രൈവറായിരുന്നു അവര്‍. പിന്നീട് 2010-ല്‍ ജിദ്ദയില്‍ വെച്ച് വിരമിച്ച ഒരു സൗദി മാധ്യമപ്രവര്‍ത്തകയായും, 2013-ല്‍ പാരിസില്‍ വെച്ച് ഒരു പ്രഭാഷണ പരിപാടിക്കിടെ ഒരു മൊറോക്കന്‍ വിദ്യാര്‍ത്ഥിയായും അവര്‍ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അന്ന് അവര്‍ അവരുടെ ഇരുപതുകളിലായിരുന്നു. എന്റെ സംസാരത്തിന് ശേഷം അവള്‍ വിതുമ്പി കരഞ്ഞു. അവളുടെ രാജ്യക്കാര്‍ക്ക് ഫലസ്തീന്‍ ഒരു ഉണങ്ങാത്ത മുറിവാണ് എന്നാണ് അവള്‍ എന്നോട് പറഞ്ഞത്. ‘ഒരു സ്വതന്ത്ര ഫലസ്തീന് വേണ്ടി ഞാന്‍ എന്നും പ്രാര്‍ത്ഥിക്കാറുണ്ട്. എന്റെ മരണപ്പെട്ട മാതാപിതാക്കള്‍ എല്ലാ നമസ്‌കാരവേളയിലും പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നത് പോലെ..’ അവള്‍ എന്നോട് പറഞ്ഞു.

ഹാജാ സൈനബ് അള്‍ജീരിയയിലും ഉണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ആള്‍ജീരിയന്‍ ഫുട്‌ബോള്‍ ടീമും ഫലസ്തീന്‍ ഫുട്‌ബോള്‍ ടീമും തമ്മില്‍ അള്‍ജീരിയയില്‍ വെച്ച് നടന്ന മത്സരത്തില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഒരു പ്രതിഭാസം അരങ്ങേറുകയുണ്ടായി. ലോകത്തിലെ തന്നെ കടുത്ത ഫുട്‌ബോള്‍ ആരാധകരായ അള്‍ജീരിയക്കാര്‍ നിര്‍ത്താതെ ഫലസ്തീനികള്‍ക്ക് വേണ്ടി ആര്‍പ്പുവിളിച്ചു. ഫലസ്തീന്‍ ടീം ഗോളടിച്ചതോടെ സ്‌റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ ഇളകിമറിഞ്ഞു. ഫലസ്തീന്‍ ഫലസ്തീന്‍ എന്ന് ആര്‍ത്തുവിളിച്ചു കൊണ്ട് ആ ജനസാഗരം സന്തോഷകണ്ണീരൊഴുക്കി.

അപ്പോള്‍, അറബികളാണോ ഫലസ്തീനെ വഞ്ചിച്ചത്? നിരന്തരം കേട്ടുകൊണ്ടിരുന്ന ചോദ്യമാണിത്. അതിന്റെ കൂടെ ഒരു ഉത്തരവും ഉണ്ടാകും, ‘അതെ, അവര്‍ വഞ്ചിച്ചു,’. ഗസ്സയിലെ ഫലസ്തീനികളെയും, യര്‍മൂഖിലെ പീഢിതരായ, പട്ടിണിയിലകപ്പെട്ട ഫലസ്തീനികളെ, ലെബനാനിലെ കഴിഞ്ഞ ആഭ്യന്തര യുദ്ധത്തെ, 1991 -ല്‍ കുവൈത്തിലെയും, പിന്നീട് 2003-ല്‍ ഇറാഖിലെയും ഫലസ്തീനികളോട് കാണിച്ച ക്രൂരതകളെ എല്ലാം ഉദാഹരമായി കാണിച്ച് കൊണ്ട് ഫലസ്തീനികളെ ബലിയാടുകളാക്കുകയാണ് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍. ഫലസ്തീനോടുള്ള അറബ് ഐക്യദാര്‍ഢ്യത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരുന്നു ‘അറബ് വസന്തം’ എന്നാണ് ഇപ്പോള്‍ ചിലര്‍ തറപ്പിച്ച് പറയുന്നത്.

മാറ്റത്തിന് വേണ്ടി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിരാശയായിരുന്നു പരാജയപ്പെട്ട ‘അറബ് വസന്തത്തിന്റെ’ അനന്തരഫലം. കേവലം ഫലസ്തീനികളെ മാത്രമല്ല അത് മൊത്തം അറബികളെ തന്നെ ബാധിച്ചു. പഴയതും പുതിയതുമായ ശത്രുക്കള്‍ തമ്മിലുള്ള വൃത്തികെട്ട രാഷ്ട്രീയക്കളിയുടെ ഒരു ഇടമായി അറബ് ലോകം മാറി. ഫലസ്തീനികള്‍ ഇരകളാക്കപ്പെട്ടു. അതുപോലെ സിറിയക്കാരും, ഈജിപ്ഷ്യന്‍മാരും, ലിബിയക്കാരും, യമനികളും മറ്റും ഇരകളാക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

‘അറബികള്‍’ എന്ന പദത്തിന് കൃത്യമായ ഒരു രാഷ്ട്രീയ അതിര് ഉണ്ടാവേണ്ടത് അനിവാര്യമാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടാത്ത ഗവണ്‍മെന്റുകള്‍ എന്ന പോലെ കെയ്‌റോയിലെ വൃത്തിയില്ലാത്ത ഒരു ഹോട്ടലില്‍ പണിയെടുത്ത് രണ്ട് ഡോളര്‍ സമ്പാദിക്കുന്ന ദയാലുവായ ഒരു വൃദ്ധ സ്ത്രീയും അറബി തന്നെയാണ്. ഫലസ്തീനികളെ പോയിട്ട് സ്വന്തം രാജ്യത്തിന്റെ കാര്യം പോലും ശ്രദ്ധിക്കാതെ സ്വന്തം അഭിമാനവും സമ്പത്തും മാത്രം ശ്രദ്ധിച്ച് അത് മാത്രം വിഷയമായ വരേണ്യവര്‍ഗവും അറബികള്‍ തന്നെയാണ്. പക്ഷെ അതുപോലെ തന്നെ ഒരുപാട് വ്യത്യസ്തരായ, ശക്തരായ, അടിച്ചമര്‍ത്തപ്പെട്ട ആളുകള്‍ ചരിത്രത്തിന്റെ ഈ ഘട്ടത്തില്‍ സ്വന്തം നിലനില്‍പ്പിന് വേണ്ടിയെന്ന പോലെ അപരന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയും പോരാടുന്നുണ്ട്.

രണ്ടാമത് പറഞ്ഞ ‘അറബികള്‍’ ഫലസ്തീനികളെ ഒരിക്കലും ചതിച്ചിട്ടില്ല ; അവര്‍ അവസരം കിട്ടിയപ്പോഴെല്ലാം സ്വമനസ്സാലെ ഫലസ്തീന് വേണ്ടി പോരാടുകയും മരിക്കുകയും ചെയ്തു.

ഹാജാ സൈനബ് മരിച്ചിട്ട് ഇന്നേക്ക് ഒരുപാട് കാലമായി. പക്ഷെ അവരെ പോലുള്ള  ലക്ഷക്കണക്കിന് ആളുകള്‍ ഇന്ന് ഇവിടെയുണ്ട്. സ്വന്തം സ്വാതന്ത്ര്യവും മോക്ഷവും തേടുന്നത് തുടരുന്നതിനോടൊപ്പം തന്നെ അവര്‍ ഫലസ്തീന്റെ സ്വാതന്ത്ര്യവും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

വിവ :  ഇര്‍ഷാദ് കാളാച്ചാല്‍

Related Articles