കെയ്റൊ: ബ്രദര്‍ഹുഡ് നേതാക്കളായ മുഹമ്മദ് ബദീഅ്, മുഹമ്മദ് അല്ബല്താജി എന്നിവര്‍ക്ക് ഈജിപ്ഷ്യന്‍ സൈനിക കോടതി പത്ത് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. 2013-ല്‍ ഇസ്മാഈലിയ്യാ ജയില്‍ സമുച്ചയം ആക്രമിച്ച കേസിലാണ് ഇന്നലെ വിധി വന്നിരിക്കുന്നത്.
‘ഇസ്മാഈലിയ്യ കോടതി അങ്കണം തീവെച്ച കേസിലാണ് മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബദീഅ്, മുഹമ്മദ് അല്ബല്താജി, മുഹമ്മദ് ത്വാഹാ വഹ്ദാന്‍, പ്രബോധകന് സഫ്വത്ത് ഹിജാസി, ഇമാന് മുസ്തഫ എന്ന് പേരുള്ള ഒരു സ്ത്രീ എന്നിവര്‍ക്ക് ഇസ്മാഈലിയ്യ സൈനിക കോടതി പത്ത് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.’ പേരു വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
ഇതേ കേസില്‍ തന്നെ കോടതിയില്‍ ഹാജറായിരുന്ന ഒരാള്‍ക്കും, ഒളിവിലുള്ള ഒമ്പത് പേര്‍ക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. കൂടാതെ 273 പേര്‍ക്ക് 15 വര്‍ഷം തടവും, 18 പേര്‍ക്ക് ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവും വിധിച്ചിട്ടുണ്ട്. ആറ് പേര് നിരപരാധികളാണെന്ന് കോടതി കണ്ടെത്തി.
വിധിക്കെതിരെ ഉന്നത സൈനിക കോടതിയില്‍ 60 ദിവസത്തിനുള്ളില്‍ അപ്പീല്‍ പോകാന്‍ കഴിയുമെന്ന് പ്രതിഭാഗം വക്കീല്‍ അബ്ദുല്‍ മുനീം അബ്ദുല്‍ മഖ്സൂദ് പറഞ്ഞു.