Current Date

Search
Close this search box.
Search
Close this search box.

അമേരിക്കയിൽ നിന്ന് ബാല വിവാഹത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ

സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും കോട്ട എന്ന വിശേഷണം പൊതുവെ അമേരിക്കക്ക് ചാർത്തിക്കൊടുക്കാറുണ്ട്. പക്ഷെ ആ നാട്ടിലെ ബാല വിവാഹങ്ങളുടെ കണക്ക് ഞെട്ടിക്കുന്നതാണ്. അമേരിക്കയിലെ പശ്ചിമ വെർജീനിയാ സംസ്ഥാനത്ത് വിവാഹം പ്രായം പതിനെട്ടായി ഉയർത്താനുള്ള ബില്ല് തള്ളപ്പെട്ടതോടെ വിഷയം വീണ്ടും പൊങ്ങി വന്നിരിക്കുകയാണ്. ബില്ല് തള്ളിയതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനത്തെ ഉപരിസഭ നിരവധി അംഗങ്ങൾ കൊണ്ട് വന്ന ഭേദഗതിക്കെതിരെ വോട്ട് ചെയ്യുകയായിരുന്നു. ‘ഗാർഹിക പീഡനത്തിന്റെ ഇരകൾക്ക് താമസ സഹായം’ (House Bill 3018) എന്ന പേരിലുള്ള ഭേദഗതിയാണ് തള്ളപ്പെട്ടത്. അതിനാൽ സംസ്ഥാനത്തെ വിവാഹ പ്രായപരിധി പതിനാറായി തുടരും.

 

കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്, അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിൽ കുട്ടികളെ പതിമൂന്നാം വയസ്സിൽ വിവാഹം ചെയ്തു കൊടുക്കുന്നതിന് നിയമപരമായി തന്നെ അംഗീകാരമുണ്ട് എന്നാണ്. 25 സംസ്ഥാനങ്ങളിൽ വിവാഹത്തിന് പ്രായപരിധി തന്നെ വെച്ചിട്ടില്ലെന്ന് ഓർക്കണം. മാതാപിതാക്കളുടെയോ കോടതിയുടെയോ അനുവാദമുണ്ടെങ്കിൽ ഏത് വിവാഹവും നടക്കും. വിവാഹത്തിന്റെ ഏറ്റവും കുറഞ്ഞ പ്രായം എത്ര എന്ന് അവിടങ്ങളിലെ നിയമങ്ങളിൽ വ്യക്തമാക്കുന്നില്ല.

Frontline എന്ന കൂട്ടായ്മയുടെ കണക്കനുസരിച്ച്, പൊതുവെ ഇത്തരം മിക്ക വിവാഹങ്ങളും നടക്കുന്നത് പ്രായം കുറഞ്ഞ പെൺകുട്ടിയും പ്രായപൂർത്തിയായ പുരുഷനും തമ്മിലാണ്. പശ്ചിമ വെർജീനിയ, വടക്കൻ ഡക്കോട്ട, ഹവായ് എന്നീ സംസ്ഥാനങ്ങളിലാണ് ബാല വിവാഹങ്ങൾ കൂടുതലുള്ളത്. ആ സംസ്ഥാനങ്ങളിൽ ആയിരത്തിൽ പത്ത് എന്ന തോതിൽ പ്രായപൂർത്തിയാവാത്ത പെൺകുഞ്ഞുങ്ങൾ ബാല വിവാഹത്തിന് ഇരകളാകുന്നുണ്ട്.

2017 വരെ അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളും ബാല വിവാഹം അനുവദിച്ചിരുന്നു. ഡലവേർ, ന്യൂജേഴ്സി, പെൻസിൽവാനിയ, മിനസോട്ട, റോഡ് ഐലന്റ്, ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങൾ 2018-ൽ വിവാഹ പ്രായം 18 വയസ്സാക്കി ഉയർത്തി.

ശൈശവ വിവാഹത്തിനെതിരെ ശബ്ദിക്കുന്ന ‘ഒടുവിലിതാ വിമോചിതർ’ (Unchained at Last ) എന്നൊരു കൂട്ടായ്മയുണ്ട് അമേരിക്കയിൽ. 2000 ത്തിനും 2017-നും ഇടക്ക് അമേരിക്കയിൽ പതിനേഴ് വയസ്സിന് താഴെ മൂന്ന് ലക്ഷത്തിനടുത്ത് വിവാഹങ്ങൾ നടന്നിട്ടുണ്ടെന്നാണ് അവരുടെ കണക്ക്. 2000 നും 2010 നും ഇടക്ക് അലാസ്കയിലും ലൂസിയാനയിലും വടക്കൽ കരോലിനയിലും പന്ത്രണ്ട് വയസ്സ് കടന്നിട്ടില്ലാത്ത പെൺകുട്ടികളുടെ വിവാഹവും നടന്നിട്ടുണ്ടെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.

ഹ്യൂമൻ റൈറ്റസ് വാച്ചിന്റെ കണക്കനുസരിച്ച്, 2000 ത്തിനും 2018-നും ഇടക്ക് ഫ്ലോറിഡ സംസ്ഥാനത്ത് പതിനാറായിരത്തി നാ നാനൂറിലധികം ബാല വിവാഹങ്ങൾ നടന്നിട്ടുണ്ട്. 2000 ത്തിന്യം 2010 -നും ഇടക്ക് പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ള നാലായിരം കുട്ടികൾ ന്യൂയോർക്കിൽ വിവാഹിതരായിട്ടുണ്ട്. ന്യൂയോർക്ക് സംസ്ഥാനം 2017-ൽ ആണ് വിവാഹ പ്രായപരിധി 14-ൽ നിന്ന് 17 ആക്കി ഉയർത്തിയത്. ഗവേഷണ സ്ഥാപനമായ Pew സെന്റർ പുറത്ത് വിട്ട കണക്ക് പ്രകാരം 2016-ൽ തലസ്ഥാനമായ വാഷിങ്ടണിൽ പതിനെട്ട് വയസ്സിന് താഴെയുള്ള 753 പേരുടെ വിവാഹം നടന്നിട്ടുണ്ട്. അലാസ്ക സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് താഴെയുള്ള സൈനികർക്ക് മാതാപിതാക്കളുടെ അനുവാദം കൂടാതെ തന്നെ വിവാഹിതരാകാം. മാതാപിതാക്കളുടെ അനുവാദമുണ്ടെങ്കിൽ പതിനാറ് വയസ്സിന് താഴെയുള്ളവർക്കും വിവാഹിതരാകാം. കരോലിന സംസ്ഥാനത്തെ നിയമ പ്രകാരം 14 – 15 വയസ്സുകാർക്ക് കോടതിയുടെ അനുവാദത്തോടെ വിവാഹം കഴിക്കാം. ബാല വിവാഹത്തിൽ ഏറ്റവും അയഞ്ഞ നിയമങ്ങളുള്ളത് മിസോറി സംസ്ഥാനത്താണ്. മാതാപിതാക്കളിൽ ഒരാളുടെ ഒപ്പുണ്ടെങ്കിൽ പതിനഞ്ചാം വയസ്സിൽ വിവാഹം ചെയ്യാം. കുട്ടികളെ കല്യാണം കഴിക്കാൻ പൂതിയുള്ളവർ ഇങ്ങോട്ടേക്ക് വെച്ച് പിടിക്കുകയാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

ബ്രിട്ടീഷ് പത്രമായ ദി ഇക്കണോമിസ്റ്റ് 2018 ജനുവരി മൂന്നിന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ (Why Amrica still permits child marriage ?), മത യാഥാസ്ഥിതികർക്കിടയിലും ചേരികളിൽ താമസിക്കുന്ന ദരിദ്രർക്കിടയിലും മതമില്ലാത്ത സെക്യുലരിസ്റ്റുകൾക്കിടയിലും നാനാതരം സാമൂഹിക-സാമ്പത്തിക വിഭാഗങ്ങൾക്കിടയിലും ഒരുപോലെ ഈ പ്രവണത കാണാമെന്ന് പറയുന്നു. യാഥാസ്ഥിതിക വിഭാഗങ്ങൾ ഇതിന് പറയുന്ന ന്യായം, നേരത്തെ വിവാഹം ചെയ്താൽ വിവാഹ ബാഹ്യ ജനനങ്ങൾ ഒഴിവാക്കാം എന്നാണ്. സാമൂഹിക പരിരക്ഷയിൽ കഴിയുന്ന വിവാഹം കഴിക്കാത്ത സ്ത്രീകളുടെ എണ്ണവും കുറയും. വിവാഹം വ്യക്തിയുടെ തെരഞ്ഞെടുപ്പാണെന്നും ഗവൺമെന്റിന് അതിലൊന്നും ചെയ്യാനില്ലെന്നുമാണ് ലിബറലുകൾ അതിന് നൽകുന്ന മറുപടി.

2016-ൽ പ്രശസ്ത യൂട്യൂബ് അവതാരകനായ കോബി പെർസൻ ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ അസാധാരണമായ ഒരു കൂടിക്കാഴ്ചക്ക് വഴിയൊരുക്കി. രണ്ട് പേരെ അദ്ദേഹം ഹാജരാക്കി. അറുപത് കഴിഞ്ഞ ഒരാളെയും അയാൾ വിവാഹം കഴിച്ച പന്ത്രണ്ട്കാരിയെയും. തെരുവിൽ വെച്ചാണ് വിവാഹത്തിന്റെ ഫോട്ടോ ഷൂട്ട്. കാൽനടയാത്രക്കാരുടെ പ്രതികരണം അറിയുകയായിരുന്നു ഉദ്ദേശ്യം. ‘പുതുമാരനെ’ കടുത്ത ഭാഷയിൽ ആളുകൾ ചോദ്യം ചെയ്യുന്നത് കാണാം.

ഐക്യരാഷ്ട്ര സഭയുടെ പ്രവചന പ്രകാരം, ലോക രാഷ്ട്രങ്ങൾ ബാല വിവാഹം അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിച്ചിട്ടില്ലെങ്കിൽ 2030 ആകുമ്പോഴേക്കും 150 ദശലക്ഷം പെൺകുഞ്ഞുങ്ങൾ മണവാട്ടികളായിത്തീർന്നിട്ടുണ്ടാവും.

( വിവിധ റിപ്പോർട്ടുകളെ അവലംബിച്ച് അൽ ജസീറ ഡോട്ട് നെറ്റിൽ എഴുതിയ ലേഖനം )

വിവ. അശ്റഫ് കീഴുപറമ്പ്

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles