Current Date

Search
Close this search box.
Search
Close this search box.

കരാറിനു പിന്നാലെ ഇസ്രായേല്‍ വിമാനം ബഹ്‌റൈനിലിറങ്ങി

മനാമ: ഇസ്രായേലും ബഹ്‌റൈനും തമ്മില്‍ നയതന്ത്ര കരാറിലേര്‍പ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴേക്കും ഇസ്രായേലില്‍ നിന്ന് നേരിട്ടുള്ള വിമാനം ബഹ്‌റൈനില്‍ ലാന്റ് ചെയ്തു. ആദ്യമായിട്ടാണ് ഇസ്രായേലിന്റെ കമേഴ്ഷ്യല്‍ വിമാനം നേരിട്ട് ബഹ്‌റൈനിന്റെ മണ്ണിലിറങ്ങുന്നത്. വിമാന ഡാറ്റ കണക്കുകള്‍ ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ചയാണ് തെല്‍ അവീവ് ബെന്‍ ഗുരിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിമാനം മൂന്ന് മണിക്കൂര്‍ യാത്ര ചെയ്ത് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്തത്. ഇസ്രാ എയര്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസായ A320 ആണ് മനാമയിലെത്തിയത്.

അതേസമയം, വിമാനസര്‍വീസിന് അംഗീകാരം ലഭിച്ച വിവരം ഇസ്രായേലിന്റെ ഭാഗത്തു നിന്നും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ചൊവ്വാഴ്ച ഇസ്രായേല്‍ പ്രസിഡന്റ് നെതന്യാഹുവും ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വിമാന സര്‍വീസിനെക്കുറിച്ച് പ്രതിപാധിച്ചിട്ടില്ല. ഇസ്രായേല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംഘമാണ് വിമാനത്തിലെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സെപ്റ്റംബര്‍ 15നാണ് വൈറ്റ് ഹൗസില്‍ വെച്ച് യു.എ.ഇ,ബഹ്‌റൈന്‍ രാഷ്ട്ര നേതാക്കള്‍ ഇസ്രായേലുമായുള്ള നയതന്ത്ര കരാറില്‍ ഒപ്പുവെച്ചത്. അബ്രഹാം ഉടമ്പടി എന്നാണ് കരാറിന് പേര് നല്‍കിയിരിക്കുന്നത്. ട്രംപിന്റെ നേതൃത്വത്തിലായിരുന്നു കരാര്‍. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി,ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരാണ് പരസ്പരം കരാറില്‍ ഒപ്പുവെച്ചത്. ഓഗസ്റ്റ് 13നാണ് ട്രംപ് ആദ്യമായി യു.എ.ഇ-ഇസ്രായേല്‍ കരാര്‍ പ്രഖ്യാപിക്കുന്നത്.

ആദ്യമായിട്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നത്. പശ്ചിമേഷ്യയിലെ കൂടുതല്‍ രാജ്യങ്ങള്‍ യു.എ.ഇക്കും ബഹ്‌റൈനും പിന്നാലെ ഇസ്രായേലുമായി ബന്ധം പുന:സ്ഥാപിക്കും എന്നാണ് ട്രംപ് കണക്കുകൂട്ടുന്നത്. നേരത്തെ ഈജിപ്ത്,ജോര്‍ദാന്‍ എന്നീ അറബ് രാജ്യങ്ങള്‍ മാത്രമാണ് ഇസ്രായേലുമായി നയതന്ത്രം ബന്ധം സ്ഥാപിച്ചിരുന്നത്.

Related Articles