Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി തെരഞ്ഞെടുപ്പ്: വാശിയേറിയ പോരാട്ടം രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക്

വീറും വാശിയും നിറഞ്ഞ തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങിയേക്കും. 99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ആര്‍ക്കും 50 ശതമാനത്തിന് മുകളില്‍ വോട്ട് വിഹിതം ലഭിച്ചില്ല. തിങ്കളാഴ്ച വൈകീട്ട് വരെയുള്ള വോട്ടെണ്ണല്‍ പ്രകാരം നിലവിലെ പ്രസിഡന്റും എ.കെ (ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി) നേതാവുമായ റജബ് ത്വയ്യിബ് ഉര്‍ദുഗാന് 49.50 ശതമാനം വോട്ടാണ് ലഭിച്ചിട്ടുള്ളത്. ഉര്‍ദുഗാന്റെ പ്രധാന എതിരാളിയായ സി.എച്ച്.പിയുടെ (റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി) കമാല്‍ കിലിക്ദാരോഗ്ലു 44.89 ശതമാനം വോട്ടുമാണ് നേടിയിരിക്കുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ ഉര്‍ദുഗാന്‍ തന്നെയാണ് ലീഡ് ചെയ്യുന്നതെങ്കിലും തൊട്ടുപിന്നിലുള്ള കിലിക്ദാരോഗ്ലു വമ്പിച്ച മുന്നേറ്റമാണ് നടത്തിയത്. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ ഫലങ്ങള്‍ ഞായറാഴ്ച രാത്രി മുതല്‍ തന്നെ പുറത്തുവന്നിരുന്നു.

മൂന്നാമത്തെ മത്സരാര്‍ത്ഥിയും വലതുപക്ഷ എ.ടി.എ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയുമായ സിനാന്‍ ഒഗാന്‍ ഇതുവരെ 5.17 ശതമാനം വോട്ടാണ് നേടിയത്. സിനാന്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും പകുതിയിലധികം (50 ശതമാനത്തിന് മുകളില്‍) വോട്ടുകള്‍ ലഭിക്കാത്തതിനാല്‍ മേയ് 28ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിലാകും അന്തിമ വിധി വരിക. വോട്ട് 50 ശതമാനത്തില്‍ താഴേക്ക് പോയതിനാല്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയവര്‍ തമ്മിലാകും രണ്ടാമത് മത്സരം നടക്കുക.

അതേസമയം, വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തെക്കന്‍ പ്രവിശ്യകളില്‍ എ.കെ പാര്‍ട്ടിയുടെ മേധാവിത്വത്തിന് ഇളക്കം തട്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പ്രധാന നഗരമായ ഇസ്താംബൂളിലെ വോട്ടുകള്‍ പ്രതിപക്ഷത്തിനാണ് ലഭിച്ചതെന്നും കാണിക്കുന്നുണ്ട്. രാജ്യത്തെ പ്രധാന വിഭാഗമായ കുര്‍ദുകളുടെ പിന്തുണയും പ്രതിപക്ഷത്തിനാണ് ലഭിച്ചതെന്നാണ് പ്രാഥമിക ഫലങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. കുര്‍ദിഷ് മേഖലയില്‍ നിന്നും കമാലിന് ലഭിച്ച വോട്ടുകളുടെ ശതമാനം ഏകദേശം 72 ശതമാനമാണ്. നേരത്തെ പുറത്തുവന്ന അഭിപ്രായ സര്‍വേകളില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ കമാല്‍ കിലിക്ദാരോഗ്ലു വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍, വിജയസാധ്യത ഉര്‍ദുഗാന് തന്നെയാണെന്നാണ് തുര്‍ക്കിയിലെ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

‘തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മെയ് 28ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെങ്കില്‍ രാജ്യത്തിന്റെ തീരുമാനത്തെ മാനിക്കുമെന്ന്’ ഉര്‍ദുഗാന്‍ പറഞ്ഞു. 20 വര്‍ഷത്തെ ഭരണത്തിനൊടുവില്‍ ഏറ്റവും വലിയ വെല്ലുവിളിയാണ് 69കാരനായ ഉര്‍ദുഗാന്‍ ഇത്തവണ നേരിട്ടത്. തിരഞ്ഞെടുപ്പ് ആദ്യ റൗണ്ടില്‍ അവസാനിച്ചോ എന്ന് ഞങ്ങള്‍ക്ക് ഇതുവരെ അറിയില്ല. നമ്മുടെ രാജ്യം രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍, അതും സ്വാഗതം ചെയ്യുന്നു,” ഉര്‍ദുഗാന്‍ തിങ്കളാഴ്ച പറഞ്ഞു. ഞങ്ങള്‍ ഇപ്പോള്‍ തന്നെ എതിരാളിയെക്കാള്‍ 2.6 ദശലക്ഷം വോട്ടുകള്‍ക്ക് മുന്നിലാണ്, ഔദ്യോഗിക ഫലങ്ങളോടെ ഈ കണക്ക് വര്‍ദ്ധിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഔദ്യോഗിക ഫലം തിങ്കളാഴ്ച തന്നെ പുറത്തുവരും.

ബാലറ്റ് പേപ്പറുകള്‍ പൂര്‍ണമായും എണ്ണിക്കഴിഞ്ഞിട്ടുണ്ട്. വിദേശത്ത് താമസിക്കുന്ന തുര്‍ക്കി പൗരന്മാരുടെ വോട്ടുകള്‍ ആണ് ഇനി എണ്ണാനുള്ളത്. 2018ല്‍ 60 ശതമാനം വിദേശ വോട്ടുകളും ഉര്‍ദുഗാന്‍ നേടിയിരുന്നു. 50,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ട തുര്‍ക്കി ഭൂകമ്പം, സാമ്പത്തിക പ്രതിസന്ധി, പണപ്പെരുപ്പം, പൗരാവകാശ ലംഘനങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പ് ക്യാംപയിന്‍. 81 പ്രവിശ്യകളിലായി ദേശീയ സഭയിലെ 600 സീറ്റുകളിലേക്ക് 64 ദശലക്ഷം വോട്ടര്‍മാരാണ് ഞായറാഴ്ച വോട്ട് ചെയ്തത്.

Related Articles