Current Date

Search
Close this search box.
Search
Close this search box.

ജറൂസലേമിലെ യു.എസ് എംബസിക്കെതിരെ അന്താരാഷ്ട്ര കോടതിയില്‍ പരാതി

ഹേഗ്: ജറൂസലേമില്‍ പ്രവര്‍ത്തിക്കുന്ന യു.എസ് എംബസിക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐ.സി.ജെ) ഫലസ്തീന്‍ പരാതി നല്‍കി. അന്താരാഷ്ട്ര ഉടമ്പടികള്‍ ലംഘിച്ചാണ് അമേരിക്ക ജറൂസലേമില്‍ തങ്ങളുടെ എംബസി സ്ഥാപിച്ചതെന്നും അതിനാല്‍ എംബസി എത്രയും പെട്ടെന്ന് അവിടെ നിന്ന് മാറ്റണമെന്നുമാണ് പരാതിയിലുള്ളത്. അന്താരാഷ്ട്ര നീതിന്യായ കോടതി അധികൃതരാണ് പരാതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.

1961ലെ വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം നയതന്ത്ര ബന്ധം സ്ഥാപിക്കാനായി മറ്റൊരു രാജ്യത്തിന്റെ ഭൂപ്രദേശത്ത് എംബസി നിര്‍മിക്കുമ്പോള്‍ ആഥിതേയ രാജ്യമാണ് തീരുമാനിക്കേണ്ടത്. ജറൂസലേമിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ജറൂസലേം ഇസ്രായേല്‍ സൈനികാധിപത്യത്തിലൂടെ പിടിച്ചെടുത്തതാണ്. അതിനാല്‍ തന്നെ ഇത്തരം സ്ഥലങ്ങളില്‍ എംബസി സ്ഥാപിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഫലസ്തീന്‍ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ഡിസംബറിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെല്‍ അവീവില്‍ നിന്നും എംബസി ജറൂസലേമിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് കഴിഞ്ഞ മേയില്‍ അവിടെ എംബസി ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ലോകവ്യാപകമായി വലിയ പ്രതിഷേധങ്ങളാണുയര്‍ന്നത്. ഫലസ്തീനില്‍ ഇതു സംബന്ധിച്ച പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

 

Related Articles