അൾജിയേഴ്സ്: അൾജീരിയൻ സ്വതന്ത്രസമര പോരാളിയും സർക്കാർ വിരുദ്ധ പ്രക്ഷോഭ നായകനുമായ ലഖ്ദർ ബൊർഖഅ അന്തരിച്ചു. 87 വയസ്സായിരുന്നു. ലഖ്ദർ ബൊർഖഅ ഇപ്പോൾ ദൈവത്തിന്റെ സംരക്ഷണത്തിലാണ് -അദ്ദേഹത്തിന്റെ പുത്രൻ ഹാനി ബൊർഖഅ ഫേസ്ബുക്കിൽ കുറിച്ചു. രണ്ടാഴ്ച മുമ്പ് ലഖ്ദർ ബൊർഖഅക്ക് കോവിഡ് സ്ഥിരീകച്ചതായി കുടുംബം അറിയിച്ചിരുന്നു. ഫ്രാൻസിനെതിരായ സ്വതന്ത്രസമര പോരാട്ടത്തിൽ ശക്തമായ സാന്നിധ്യമായരുന്നു ലഖ്ദർ ബൊർഖഅ. 2019ന്റെ പകുതിയിൽ ഹിറാക് പ്രതിഷേധ പ്രസ്ഥാനത്തിന്റെ ഭാഗമായതിനാൽ അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടി വന്നിരുന്നു.
ദീർഘകാലം പ്രതിപക്ഷ രാഷ്ട്രീയ സാന്നിധ്യമായിരുന്ന ലഖ്ദർ ബൊർഖഅയെ തലസ്ഥാനമായ അൾജിയേഴ്സ് കുന്നുകളിലെ സിദീ യഹ്‌യ സെമിത്തേരിയിൽ സംസ്കരിച്ചു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും നൂറുകണക്കിന് പേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി സന്നിഹിതരായി.