Current Date

Search
Close this search box.
Search
Close this search box.

സി.പി.എം തെറ്റുതിരുത്തൽ: യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുന്നതാവണം – ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: ലോക് സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ കൂടി പശ്ചാതലത്തിൽ സി.പി.എം സംഘടനാ തലത്തിൽ നടത്തുന്ന പ്രവർത്തനതലത്തിലെ തെറ്റുതിരുത്തൽ നടപടികൾ യാഥാർഥ്യബോധമുള്ളതും വസ്തുനിഷ്ഠവുമായിരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. സംഘ്പരിവാർ ഫാഷിസം രാജ്യത്തിനെതിരെ ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ അതിനെ സഹായിക്കുന്നതോ പ്രീണിപ്പിക്കുന്നതോ ആയ നിലപാടുകൾ സി പി എം പോലുള്ള മതനിരപേക്ഷ കക്ഷികളിൽ നിന്നുണ്ടാവാൻ പാടില്ലാത്തതാണ്. ദേശീയ തലത്തിൽ ഫാഷിസത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും ദലിത്, മത ന്യൂനപക്ഷ വിഭാഗങ്ങളിലെ സാമൂഹ്യ രാഷ്ട്രീയ വികാസങ്ങളെ ശരിയായി വിലയിരുത്താൻ സി പി എമ്മിനാവുന്നില്ല. ന്യൂനപക്ഷ വർഗീയതയാണ് ഭൂരിപക്ഷ വർഗീയതക്ക് സഹായകമാവുന്നതെന്ന പതിവ് സിദ്ധാന്തശാഠ്യം സംഘ് പരിവാരിനെ പ്രീണിപ്പിക്കുകയാണെന്ന യാഥാർഥ്യം ഇനിയും സി പി എമ്മിന് മനസ്സിലാവാത്തത് ഖേദകരമാണ്. വർഗീയതയെ വിശദീകരിക്കുമ്പോൾ രാജ്യത്തിന്റെ വിശാല താൽപര്യം പരിഗണിക്കാൻ ആ പാർട്ടിക്കാവുന്നില്ല.

രാജ്യത്തുടനീളം നിയമാനുസൃതവും ജനാധിപത്യപരവുമായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ മേൽ വർഗീയത ആരോപിക്കുന്നത് കേരളീയ സമൂഹം മുഖവിലക്കെടുക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. അവർഗീയവും സമാധാനപരമായും ഫാഷിസ്റ്റ് വിരുദ്ധവുമായ പ്രവർത്തന ശൈലിയാണ് ജമാഅത്തെ ഇസ്ലാമിയും അതിന്റെ പോഷക വിഭാഗങ്ങളും സ്വീകരിച്ചിട്ടുള്ളത്. നീതിയുടെയും നന്മയുടെയും പക്ഷത്താണ് ജമാഅത്തെ ഇസ്ലാമിയുള്ളത്.

ഫാഷിസത്തിനും വർഗീയതയ്ക്കുമെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഉയർത്തിയ പ്രസ്ഥാനം എന്ന നിലക്ക് കേരളത്തിലെ ഇടത്-വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ജമാഅത്ത് തത്വാധിഷ്ഠിത നിലപാട് സ്വീകരിച്ചത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലുണ്ട്. ഇക്കാര്യം സി പി എമ്മിന് അറിയാത്തതല്ല. പാർട്ടി ജിഹ്വകളിൽ നിന്ന് മാത്രമേ ജമാഅത്തെ ഇസ്ലാമിയെ മനസ്സിലാക്കാവൂ എന്ന നിർബന്ധബുദ്ധി സി പി എമ്മിനുണ്ടെങ്കിലും കേരള സമൂഹം അതിനപ്പുറം മുന്നോട്ട് പോയിട്ടുണ്ടെന്നത് മനസ്സിലാക്കുന്നതാണ് ഉചിതം.
പതിറ്റാണ്ടുകളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സംഘടന സാമൂഹിക, സാംസ്കാരിക മേഖലയെ സ്വാധീനിക്കുന്നുവെങ്കിൽ അത് കേരള സമൂഹത്തിന്റെ പുരോഗമന നിലപാടിനെയാണ് അടയാളപ്പെടുത്തുന്നത്. അതാരെയും അസ്വസ്ഥപ്പെടുത്തേണ്ട കാര്യവുമല്ല.

താൽക്കാലിക താൽപര്യങ്ങൾക്ക് വേണ്ടി വർഗീയ പ്രീണനം തുടരുന്ന സി പി എം നിലപാട് കേരളത്തിലെ മത നിരപേക്ഷ മനസുകളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്ന് തിരിച്ചറിയണം. ഫാഷിസത്തിനെതിരെ ദലിത്, മത ന്യൂനപക്ഷ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിക്കേണ്ട പാർട്ടി അത്തരം വിഭാഗങ്ങളെ അകറ്റി നിർത്തുന്നത് ഗുണകരമാവില്ലെന്നും അബ്ദുൽ അസീസ് പ്രസ്താവനയിൽ പറഞ്ഞു.

Related Articles