Kerala VoiceNews

ദുരിതബാധിതരെ സഹായിക്കുക: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ കനത്ത മഴയും ഉരുള്‍പ്പൊട്ടലും മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സജീവമായി രംഗത്തിറങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമി ആഹ്വാനം ചെയ്തു. ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അടിയന്തിരാവശ്യങ്ങളായ ശുദ്ധജലവും ഭക്ഷണ പദാര്‍ത്ഥങ്ങളും എത്തിക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ സേവനങ്ങള്‍ക്കും ഇനിയും വേഗമാവശ്യമാണെന്നും അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു.

കേരളത്തിന്റെ സമീപകാല ചരിത്രത്തിലൊന്നുമില്ലാത്തവിധം ദുരിതംവിതച്ച പ്രളയകാലത്തിനാണ് നാം സാക്ഷിയാകുന്നത്. 39ലധികം ജീവനുകളാണ് ഇതിനകം പൊലിഞ്ഞത്. വീടുകള്‍ തകര്‍ന്നും ജീവിതോപാധികള്‍ നഷ്ടമായും അനേകം പേരാണ് ദുരിതത്തിലായത്. 12,000ല്‍ പരം കുടുംബങ്ങളില്‍നിന്നും അരലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

പെരിയാര്‍ തീരത്ത് പതിനായിരത്തിലേറെ കുടുംബങ്ങള്‍ ഏതുനിമിഷവും വീടൊഴിയേണ്ടിവരുമെന്ന ഭീതിയില്‍ കഴിയുകയാണ്. അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പുകളാണ് വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.

8316 കോടിയുടെ നാശനഷ്ടങ്ങളാണ് ഇതുവരെയായി ഉണ്ടായതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. 12,906 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഈ സീസണില്‍ 186 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 211 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലോ ഉരുള്‍പൊട്ടലോ ഉണ്ടായിട്ടുണ്ട്. 14ല്‍ 10 ജില്ലകളെയും കെടുതി രൂക്ഷമായി ബാധിച്ചിട്ടുണ്ട്. 27 അണക്കെട്ടുകള്‍ തുറന്നുവിട്ടു. 1924നു ശേഷമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ പ്രളയമാണിത്.

സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കിലൊതുങ്ങുന്നതല്ല യഥാര്‍ത്ഥ ദുരന്തബാധിതരുടെ എണ്ണം. അത്യന്തം ഗുരുതരമായ ഈ ദുരിതകാലത്തെ അതിജീവിക്കാന്‍ മുഴുവന്‍ മനുഷ്യസ്‌നേഹികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സന്ദര്‍ഭമാണിതെന്നും അമീര്‍ പറഞ്ഞു.

സര്‍ക്കാര്‍ അവര്‍ക്കാകുംവിധം പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് മാത്രം പരിഹരിക്കാവുന്നതിലുമപ്പുറമാണ് ദുരന്തത്തിന്റെ വ്യാപ്തി. ദുരിതബാധിത പ്രദേശങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ ഇതിനകം തന്നെ രക്ഷാദൗത്യവുമായി കര്‍മനിരതരായിട്ടുണ്ട്. ഈ താത്കാലിക സഹായംകൊണ്ട് അവരുടെ പുനരധിവാസം പൂര്‍ത്തിയാക്കാനാകില്ല. കൂടുതല്‍ ആസൂത്രിതവും ദീര്‍ഘകാലാടിസ്ഥനത്തിലുള്ളതുമായ പുനരധിവാസ പദ്ധതി നടപ്പിലാക്കേണ്ടതുണ്ട് പീപ്പിള്‍സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍, ഔദ്യോഗിക ദുരിതാശ്വാസ സഹായങ്ങള്‍ ലഭ്യമാകാത്തതോ അപര്യാപ്തമോ ആയ മേഖലകള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്നും എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു.

പ്രളയം കവര്‍ന്നവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഈ ദൗത്യത്തിലേക്ക് നിങ്ങളുടെ ഉദാരമായ സംഭവാനകള്‍ ഉണ്ടാകണമെന്നും അവ അര്‍ഹരിലേക്കെത്തിക്കുന്നതില്‍ ജമാഅത്തെ ഇസ്‌ലാമി കൃതജ്ഞാബദ്ധരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭാവനകള്‍ അയക്കേണ്ട വിലാസം:
A/C No: 13890200007267
IFSC CODE: FDRL0001389
FEDERAL BANK -SM STREET BRANCH -KOZHIKKODE
A/C HOLDER: Jamaat-e-Islami Hind

(തുക നിക്ഷേപിക്കുന്നവര്‍:[email protected] ലേക്ക് ഇമെയില്‍ അയക്കുക. അല്ലെങ്കില്‍ 9605000752 എന്ന നമ്പറിലേക്ക് വാട്‌സാപ്/ എസ്.എം.എസ് അയച്ച് റസിപ്റ്റ് കൈപ്പറ്റുക.)

Facebook Comments
Related Articles
Close
Close