Current Date

Search
Close this search box.
Search
Close this search box.

പെഗാസസ്: ഇസ്രായേല്‍ പ്രാഥമിക കണ്ടെത്തല്‍ ഫ്രാന്‍സുമായി പങ്കുവെക്കും

പാരിസ്: എന്‍.എസ്.ഒ ഗ്രൂപ്പുമായി ബന്ധപ്പെട്ട സര്‍ക്കാറിന്റെ പ്രാഥമിക കണ്ടെത്തല്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബുധനാഴ്ച ഫ്രാന്‍സുമായി പങ്കുവെക്കും. സ്വകാര്യ ഇസ്രായേല്‍ സ്‌പൈവയര്‍ കമ്പനി വില്‍പന നടത്തിയ സ്‌പൈവെയര്‍ ഫ്രഞ്ച് പ്രസിഡന്റിനെയും ലക്ഷ്യംവെച്ചിരുന്നതായുള്ള ആരോപണം ഉയര്‍ന്ന പശ്ചാത്തിലാണിത്. മൊറോക്കോയുടെ നിരീക്ഷണത്തിലായിരിക്കാന്‍ സാധ്യതയുള്ള, ആളുകളെ ലക്ഷ്യംവെച്ച പട്ടികയില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഫോണമുണ്ടായിരുന്നുവെന്ന് ഫ്രാന്‍സിലെ ലെ മൊണ്ടെ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഫ്രാന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ലബനാന്‍ ഭരണ പ്രതിസന്ധി, ഇറാന്‍ ആണവ നയതന്ത്രം എന്നിവ ചര്‍ച്ച ചെയ്യുന്നതിന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലിയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സിന്റെ ഓഫീസ് വ്യക്തമാക്കി. എന്‍.എസ്.ഒ വിഷയത്തിലെ പുതിയ വിവരങ്ങള്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഫ്രാന്‍സിനെ അറിയിക്കുമെന്ന് ഓഫീസ് പ്രസ്താവനയിലൂടെ ചൊവ്വാഴ്ച അറിയിച്ചിരുന്നു.

പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ മാധ്യമ ഗ്രൂപ്പായ ഫോര്‍ബിഡന്‍ സ്‌റ്റോറീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച 17 മാധ്യമ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ച പെഗാസസിനെ കുറിച്ചുള്ള ആരോപണങ്ങള്‍ പരിശോധിക്കുന്ന ഉന്നതതല ദൗത്യത്തിന്റെ ഭാഗമാണ് സൈബര്‍-നിരീക്ഷണ സാങ്കേതികവിദ്യയുടെ വാണിജ്യ കയറ്റുമതിക്ക് മേല്‍നോട്ടം നയിക്കുന്ന ഗാന്റ്‌സിന്റെ മന്ത്രാലയം. മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരുടെ സ്മാര്‍ട്ട്‌ഫോണുകള്‍ വിജയകരമായി ഹാക്ക് ചെയ്യുന്നതിന് പെഗാസസ് ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന് മാധ്യമ സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles