Current Date

Search
Close this search box.
Search
Close this search box.

മൗലാന അമീൻ ഉസ്മാനി നദ്‌വിയുടെ നിര്യാണം

മൗലാന അമീൻ ഉസ്മാനി നദ്‌വി (15 മെയ് 1956 – 2 സെപ്റ്റംബർ 2020) യുടെ നിര്യാണത്തോടെ ഈ ഉമ്മത്തിന് വിലപ്പെട്ട മറ്റൊരു വൈജ്ഞാനിക സ്വത്ത് കൂടിയാണ് നഷ്ടപ്പെട്ടത്. 28 ആഗസ്റ്റ് 2020 ന് ഹംദർദ് മജീദിയാ ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ട അദ്ദേഹം കോവിഡ് പോസിറ്റീവായതിനാൽ വെന്റിലേറ്ററിലായിരുന്നു. ഇന്ന് (2-9-20) രാവിലെ 11 മണിക്കാണ് പുത്രൻ അബാൻ ഉസ്മാനി മരണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. ഒരാഴ്ച നീണ്ടു നിന്ന പ്ലാസ്മാ ദാനത്തിൽ സഹകരിച്ചവർക്കെല്ലാം നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു.

വളരെ നിശബ്ദമായും സ്ഥിരോത്സാഹത്തോടും കൂടി പണിയെടുത്ത ഒരു നിഷ്കാമകർമിയായിരുന്നു ഉസ്മാനി . മതം, കർമ്മശാസ്ത്രം, ഇസ്ലാമിക പ്രസ്ഥാനം തുടങ്ങി അദ്ദേഹം കൈവെച്ച എല്ലാ രംഗത്തും നൽകിയ വിലപ്പെട്ട സേവനങ്ങൾ തീർച്ചയായും ഇന്ന് ജീവിച്ചിരിക്കുന്ന ഇന്ത്യൻ പണ്ഡിതരിൽ വേറെ പലരിലും ഈ പരിമാണത്തിൽ കണ്ടെത്താൻ പ്രയാസമാണ്. ഇന്ത്യയിൽ ഫിഖ്ഹ് അക്കാഡമി സ്ഥാപിക്കുന്നതിലും ഏകീകരിക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മരണം വരെ IFA യുടെ ജനറൽ സെക്രട്ടറിയായിരുന്നു. ഫിഖ്ഹ് പുനർ നിർവചിക്കലും അഭിപ്രായ ക്രോഡീകരണവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളുടെയും ആസൂത്രണങ്ങളും സമ്മേളനങ്ങളും ഇന്ത്യയിലുടനീളം അദ്ദേഹമാണ് നടത്തിയിട്ടുള്ളത്. IFA സ്ഥാപകൻ മർഹും മൗലാനാ മുജാഹിദുൽ ഇസ്ലാം ഖാസിമി, ഇപ്പോഴത്തെ IFA പ്രസിഡണ്ട് മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി എന്നിവരെ പോലുള്ള ദയൂബന്ധി പണ്ഡിതന്മാരെ ഇസ്ലാമിക പ്രസ്ഥാനത്തോട് അകൽച്ച ഇല്ലാതാക്കാൻ പാലമായി പ്രവർത്തിച്ചത് ഉസ്മാനിയായിരുന്നു.

ഡോ .സ്വലാഹ് സുൽത്താൻ, ഡോ. ജാസിർ ഔദ  എന്നീ ഇഖ് വാൻ ധാരയിലെ അകാദമീഷ്യന്മാരെ
ഇന്ത്യക്ക് പരിചയപ്പെടുത്തിയതും ശാന്തപുരം അൽ ജാമിഅയിലടക്കം മഖാസിദുശ്ശരീഅ: വർക്ക് ഷോപ്പുകൾ സംഘടിപ്പിച്ചതും അദ്ദേഹത്തിന്റെ പ്രാസ്ഥാനിക കൂറ് വിളിച്ചോതുന്നു. സഊദി , തുർക്കി എന്നിവടങ്ങളിൽ നടന്ന ലോക ഫിഖ്ഹ് സമ്മേളനങ്ങളിൽ സ്ഥിരം ക്ഷണിതാവായിരുന്നു ഉസ്മാനി .

ആധുനിക പ്രശ്നങ്ങളെ ഒരു ഇജ്തിഹാദീ മനോഭാവത്തോടെ ആലോചിക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുക, ലോകമെമ്പാടുമുള്ള പണ്ഡിതരുമായി നിരന്തരമായ സമ്പർക്കം സ്ഥാപിക്കുക, അവരുടെ അഭിപ്രായങ്ങൾ ഉപയോഗപ്പെടുത്തി IFA യുടെ ഫിഖ്ഹീ പ്രസ്താവനകൾ പ്രസിദ്ധീകരിക്കുക, യുവ പണ്ഡിതന്മാരെ വളർത്തിക്കൊണ്ടുവരിക, ഗവേഷണം, എഴുത്ത്, വിവർത്തനം, സമാഹാരം എന്നിവയുടെ പുതിയ മേഖലകൾ എന്നിവയിലേക്ക് അവർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നല്കുക എന്നിവ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു.

Also read: “മക്ക കാഴ്ചയിൽ നിന്ന് ഹൃദയത്തിലേക്ക്” അണയുമ്പോൾ

ലോകത്തിലെ ഏത് പണ്ഡിതന്മാർക്ക് ഏത് വിഷയത്തിൽ എന്തഭിപ്രായമാണെന്നറിയാൻ അദ്ദേഹത്തിനെ ആയിരുന്നു കുറിപ്പുകാരൻ ആശ്രയിച്ചിരുന്നത്. കേരളത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലടക്കം നടന്ന ഫിഖ്ഹീ സെമിനാറുകൾ, ശാഫിഈ ഫിഖ്ഹ് സമ്മേളനങ്ങൾ എന്നിവക്ക് ഡോ.യൂസുഫ് നദ്‌വിയുമായും ഡോ. അബൂബക്കർ വടക്കാങ്ങരയായും ഈയുള്ളവനുമായും മറ്റും നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നു. രണ്ടു വർഷം മുമ്പ് ഓച്ചിറ ദാറുൽ ഉലൂമിൽ നടന്ന ഉലമാ കോൺഫ്രൻസ് വ്യത്യസ്ത മതസംഘടനകളുടെ ഒന്നിച്ചിരുത്തത്തിന്റെ നല്ലൊരു മാതൃകയായിരുന്നു. കാലാകാലങ്ങളിൽ അദ്ദേഹത്തിന്റെ ഉപദേശങ്ങളും ഉപയോഗപ്രദമായ വിവരങ്ങളുമടങ്ങിയ വിലയേറിയ കത്തുകൾ ലഭിക്കാറുണ്ടായിരുന്നു.
മിക്കവാറും സംഭാഷണങ്ങളും കത്തുകളും പുതിയതായി ഇറങ്ങുന്ന പണ്ഡിതോചിതമായ കൃതികളുമായി ബന്ധപ്പെട്ടവയായിരുന്നു. ജമാഅത്ത് ആസ്ഥാനമായ മർകസ് ഇശാഅത്തെ ഇസ്ലാം പള്ളിയിൽ ഹ്രസ്വമായ നസ്വീഹത്തുകൾ നടത്താറുണ്ടായിരുന്നു.

ജനാബ് സആദതുല്ലാഹ് ഹുസൈനി സാഹിബ് JIH അമീറായി തെരെഞ്ഞെടുക്കപ്പെട്ട പുതിയ മീഖാത്തിൽ, ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമിയുടെ ശരീഅത്ത് കൗൺസിൽ അംഗത്വം സ്വീകരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. കൃത്യാന്തര ബാഹുല്യങ്ങൾക്കിടയിലും കൗൺസിലിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു വന്നിരുന്നു. അദ്ദേഹത്തിന്റെ അറിവിൽ നിന്നും വായനയിൽ നിന്നും വളരെയധികം പ്രയോജനം ശരീഅത്ത് കൗൺസിലിന് ഇതുവരേയും കിട്ടിക്കൊണ്ടിരിക്കുകയും ചെയ്തുപോന്നു എന്ന് അമീർ അദ്ദേഹത്തിന്റെ അനുസ്മരണക്കുറിപ്പിൽ പ്രത്യേകം എടുത്തു പറയുന്നു. ആഗോള പണ്ഡിതവേദിയുടെ അധ്യക്ഷൻ ഡോ റൈസൂനിയും സെക്രട്ടറി ജനറൽ ഡോ ഖുർറ: ദാഗിയും ഉസ്മാനി സാഹിബിന് വേണ്ടി പ്രാർഥിച്ചു കൊണ്ട് അനുസ്മരണം ഇറക്കി.

പുത്രൻ അബാനുമായും അദ്ദേഹത്തിന്റെ സെക്രട്ടറി ഇംതിയാസ് ഖാസിമിയുമായും ഒരേ അടുപ്പമാണ് അദ്ദേഹം സൂക്ഷിച്ചിരുന്നത്. എല്ലാവരേയും ഒരേ പോലെ കാണാൻ കഴിയുക എന്നത് വളരെ ചുരുക്കം പേർക്ക് മാത്രം ലഭിക്കുന്ന പ്രത്യേകതയാണ്. അല്ലാഹു അദ്ദേഹത്തിന്റെ നന്മകളെ സ്വീകരിക്കുകയും വീഴ്ചകൾ പൊറുത്തു കൊടുക്കുകയും ചെയ്യുമാറാകട്ടെ .

Related Articles