Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യന്‍ മുസ്‌ലിംകളെ രാജ്യമില്ലാത്തവരാക്കാനുള്ള ഉപകരണമാണ് എന്‍.ആര്‍.സി: യു.എസ് മതസ്വാതന്ത്ര്യ കമ്മീഷന്‍

വാഷിങ്ടണ്‍: ഇന്ത്യന്‍ മുസ്‌ലിംകളെ രാജ്യമില്ലാത്തവരാക്കി (stateless) മാറ്റാനുള്ള ഉപകരണമായിട്ടാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ മതസ്വാതന്ത്ര്യം താഴേക്ക് പോകുന്ന പ്രവണതയുടെ മറ്റൊരു ഉദാഹരണമാണ് എന്‍.ആര്‍.സിയെന്നും കമ്മീഷന്‍ പറഞ്ഞു. ജമ്മുകശ്മീരിലെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നടപടിയെയും കമ്മീഷന്‍ വിമര്‍ശിച്ചു. കമ്മീഷന്റെ അഭിപ്രായങ്ങള്‍ യു.എസ് കോണ്‍ഗ്രസിനു മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

അസമിലെ അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതിലൂടെ ഇന്ത്യയിലെ ബി.ജെ.പി സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധ പക്ഷപാതിത്വം പ്രതിഫലിക്കുകയാണ് ചെയ്തതെന്നും കമ്മീഷന്‍ ആരോപിച്ചു. അസമിലെ ബംഗാളി മുസ്ലിം സമുദായത്തെയാണ് ഇത് ലക്ഷ്യമിടുന്നതെന്ന് പ്രാദേശിക-അന്താരാഷ്ട്ര സംഘടനകള്‍ ഇതിനെതിരെ പരാതികള്‍ ഉന്നയിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ പറയുന്നു.

യു.എസ് ഫെഡറല്‍ ഭരണകൂടത്തിനു കീഴിലുള്ള സ്വതന്ത്ര പാനല്‍ ആണ് യു.എസ് മതസ്വാതന്ത്ര്യ കമ്മീഷന്‍. കഴിഞ്ഞ ഓഗസ്റ്റ് 31ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട അന്തിമ പൗരത്വ പട്ടികയില്‍ നിന്നും 19 ലക്ഷം പേര്‍ പുറത്തായിരുന്നു. അസം ജനസംഖ്യയുടെ 6 ശതമാനം വരുമിത്. ഇതില്‍ ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്.

Related Articles