Current Date

Search
Close this search box.
Search
Close this search box.

ദൽഹി കലാപം: 160 കുടുംബങ്ങളെ പുനരധിവസിപ്പിച്ച് ‘വിഷൻ2026’

53 പേരുടെ മരണത്തിനും കോടികളുടെ ധന നഷ്ടത്തിനും ഇടയാക്കി വടക്ക് കിഴക്കൻ ഡൽഹിയിൽ ഫെബ്രുവരി അവസാന വാരം നടന്ന കലാപത്തിൽ സർവ്വതും നഷ്ടപ്പെട്ട ഇരകൾക്ക്  ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻറെ ‘വിഷൻ2026’ രൂപം നൽകിയ പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 160 കുടുംബങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.

കാലാപത്തിൽ നൂറുക്കണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിച്ചതിന് ശേഷം അഗ്നിക്കിരയാക്കുകയോ മറ്റുരീതിയിൽ തകർക്കപ്പെടുകയോ ചെയ്തിരുന്നു. നിരവധി വാഹനങ്ങൾ നശിപ്പിക്കപ്പെടുകയും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തകർക്കപ്പെടുകയും ചെയ്തു. കലാപത്തിൽ എല്ലാം നഷ്ടപ്പെട്ട ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറിയ പല കുടുംബങ്ങളും അവരുടെ നാടുകളിലേക്ക് തിരിച്ചുപോയി. വീടുകൾ തകർക്കപ്പെട്ട പലരും ഇന്നും ചെറിയ വാടക മുറികളിൽ ജീവിതം തള്ളിനീക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളും മറ്റു ജീവനോപാധികളും നഷ്ടപ്പെട്ടവർ ജീവിതം മുമ്പോട്ട് കൊണ്ടുപോകുവാൻ പ്രയാസപ്പെടുന്നു.

കലാപം കെട്ടടങ്ങിയ ഉടൻ തന്നെ വിഷൻ2026-ൻറെ ഭാഗമായ വിവിധ എൻജിഒകൾ കർമ്മരംഗത്തുണ്ടായിരുന്നു. ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്, സൊസൈറ്റി ഫോർ ബ്രൈറ്റ് ഫ്യൂച്ചർ, മെഡിക്കൽ സർവീസ് സൊസൈറ്റി, വുമൺ എഡ്യൂക്കേഷൻ എംപവർമെൻറ് ട്രസ്റ്റ് (ട്വീറ്റ്) എന്നിവക്ക് കീഴിൽ ദുരിതാശ്വാസ ക്യാമ്പ് സ്ഥാപിക്കുകയും അടിയന്തര സഹായങ്ങൾ എത്തിച്ചുനൽകുകയും ചെയ്തു. രണ്ടായിരത്തിലധികം പേർക്ക് വൈദ്യ സഹായം, വസ്ത്രങ്ങൾ, അവശ്യ സാധനങ്ങളുടെ കിറ്റ്, ഭക്ഷണം, റേഷൻ തുടങ്ങിയ സഹായങ്ങൾ നൽകി. വിഷന് കീഴിലുള്ള ഓഖ്‌ലയിലെ അൽഷിഫ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൻറെ മൊബൈൽ മെഡിക്കൽ യൂണിറ്റ് കലാപം നാശം വിതച്ച മേഖലകളിൽ അടിയന്തിര ചികിത്സാ സഹായം നൽകുകയും തുടർ ചികിത്സ ആവശ്യമുള്ളവരെ അൽഷിഫ ആശുപത്രിയിൽ കിടത്തി ചികിൽസിക്കുകയും ചെയ്തു. സ്വത്തുവകകൾ നഷ്ടപ്പെട്ടവരുടെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനുള്ള നിയമ സഹായവും നൽകി.

ദീർഘകാല പുനരധിവാസ പദ്ധതിയുടെ ഭാഗമായി 70 കുടുംബങ്ങൾക്ക് ജീവനോപാധികൾ, തകർക്കപ്പെട്ട 15 വ്യാപാര സ്ഥാപനങ്ങളുടെയും 44 വീടുകളുടെയും പുനർ നിർമ്മാണം, അറ്റകുറ്റപണികൾ, 33 അനാഥകളുടെ സംരക്ഷണം, 12 വിധവകൾക്ക് പെൻഷൻ, 15 വിദ്യാർത്ഥികൾക്ക് തുടർ പഠന സഹായം തുടങ്ങി 160 കുടുംബങ്ങൾക്കുള്ള പുനരധിവാസ പ്രവർത്തനങ്ങളാണ് ഒന്നാം ഘട്ടത്തിൽ പൂർത്തീകരിച്ചത്. സംരക്ഷണം ഏറ്റെടുത്ത കലാപത്തിൽ കൊല്ലപ്പെട്ടവരുടെ അനാഥരായ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും വിഷൻ ഉറപ്പ് വരുത്തും. കലാപ ഇരകളിലെ പഠനത്തിൽ മികവ് പുലർത്തുന്ന പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനുള്ള പദ്ധതികളാണ് വിഷന് കീഴിലെ വുമൺ എഡ്യൂക്കേഷൻ എംപവർമെൻറ് ട്രസ്റ്റ് (ട്വീറ്റ്) നടപ്പിൽ വരുത്തുക.

ഇലക്ട്രിക് ഓട്ടോകൾ, സൈക്കിൾ, മോട്ടോർ സൈക്കിൾ, ഉന്തുവണ്ടികൾ, തയ്യൽ മെഷീനുകൾ വ്യാപാര സ്ഥാപനങ്ങൾക്ക് വില്പനക്കുള്ള സ്റ്റോക്കുകൾ, വ്യവസായ യൂണിറ്റുകൾക്ക് അസംസ്കൃത വസ്തുക്കളും മെഷിനറികളും തുടങ്ങിയവയാണ് ജീവനോപാധികൾ നഷ്ടപ്പെട്ടവർക്കായി നൽകിയത്. കലാപത്തിൽ മാരകമായി പരിക്കേറ്റ 9 പരിക്ക് അൽഷിഫ ആശുപത്രിയിൽ തുടർ ചികിത്സ സൗജന്യമായി നൽകിവരുന്നുണ്ട്. മുഴുവൻ ഇരകളെയും പുനരധിവസിപ്പിക്കുന്നതിൻറെ ഭാഗമായി കൂടുതൽ വിപുലമായ പദ്ധതികളാണ് അടുത്ത ഘട്ടത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. പുനരധിവാസ പദ്ധതി വിവരങ്ങൾ വിഷൻ വെബ്‌സൈറ്റിൽ ലഭ്യമാണ്:  https://vision2026.org.in/delhi-relief-rehabilitation

 

Related Articles