Current Date

Search
Close this search box.
Search
Close this search box.

ബാബരി മസ്ജിദ് കേസിലെ ഏറ്റവും പ്രായമുള്ള അന്യായക്കാരന്‍ അന്തരിച്ചു

അയോധ്യ: ബാബരി മസ്ജിദ് കേസിലെ ഏറ്റവും പ്രായം ചെന്ന അന്യായക്കാരന്‍ മുഹമ്മദ് ഹാശിം അന്‍സാരി ബുധനാഴ്ച്ച പുലര്‍ച്ചെ മരണപ്പെട്ടു. 96 വയസ്സുണ്ടായിരുന്ന അദ്ദേഹം ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. 1949 ഡിസംബര്‍ മുതല്‍ അദ്ദേഹം ബാബരി മസ്ജിദ് തര്‍ക്കത്തില്‍ കക്ഷിയാണ്. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് 1961ല്‍ സമര്‍പിച്ച ഹരജിയിലെ ഏഴ് പരാതിക്കാരില്‍ ഒരാളായിരുന്നു അന്‍സാരി. ഈ വിഷയത്തില്‍ ഫൈസാബാദ് സിവില്‍ കോടതിയില്‍ ആദ്യമായി അന്യായം ബോധിപ്പിച്ചതും ഇദ്ദേഹമായിരുന്നു.
1949 ഡിസംബറില്‍ ബാബരി മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിച്ച കേസിലെ ദൃക്‌സാക്ഷിയാണ്. ബാബരി മസ്ജിദിനകത്ത് അര്‍ധരാത്രിയില്‍ വിഗ്രഹം കാണുന്നതിന് മുമ്പ് അവസാനമായി ഇശാ നമസ്‌കരിച്ചവരില്‍  ഒരാളാണ് അന്‍സാരി. നമസ്‌കാരം നടക്കുന്ന മസ്ജിദായിരുന്നില്ലെന്നും വിഗ്രഹം ക്ഷേത്രത്തില്‍ സ്വയംഭൂവായതാണെന്നുമായിരുന്നു ഹിന്ദുമഹാസഭയുടെ വാദം.
തയ്യല്‍ക്കാരനായ മുഹമ്മദ് ഹാഷിം അന്‍സാരി ബാബരി മസ്ജിദിനെ നോക്കിയാല്‍ കാണുന്ന ദൂരത്ത് കുടിയാപഞ്ചി തോലയിലെ ഒറ്റമുറി വീട്ടിലായിരുന്നു താമസം.  തര്‍ക്കഭൂമിയുടെ പേരില്‍ അശാന്തി സൃഷ്ടിക്കരുത് എന്ന് ഹിന്ദുക്കളോടും മുസ്‌ലിംകളോടും  നിരന്തരം അഭ്യര്‍ത്ഥിച്ചിരുന്നു. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് രാഷ്ട്രത്തിന് നഷ്ടമുണ്ടാകുമെന്ന് ഹാഷിം അന്‍സാരി അയോധ്യയിലെ ജനങ്ങളെ പഠിപ്പിച്ചു. രാമജന്മഭൂമി പ്രസ്ഥാനത്തിന്‍െ നേതാക്കളായ രാം ചന്ദര്‍ പരമഹംസും മഹന്ത് ഭാസ്‌കര്‍ ദാസും അന്‍സാരിയൂടെ സുഹൃത്തുക്കളായിരുന്നു. നിയമ പോരാട്ടത്തിന്റെ അവസാനം തര്‍ക്കം ഉപേക്ഷിക്കാനും പകരം മനസമാധാനം തരാനുമാണ് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത്. തന്നെ കാണാനത്തെുന്ന വാര്‍ത്താ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയും ഇടക്കിടെ അനുരഞ്ജനം എന്ന പേരില്‍ നടക്കുന്ന നാടകങ്ങള്‍ക്ക് മൂകസാക്ഷിയായും വല്ലപ്പോഴുമൊക്കെ സര്‍ക്കാറുകളോട് പൊട്ടിത്തെറിച്ചും കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ഹാഷിം അന്‍സാരി നിറസാന്നിധ്യമായിരുന്നു.
രാമക്ഷേത്ര നിര്‍മാണത്തിനായി ആറു മാസങ്ങള്‍ക്ക് മുമ്പ് അയോധ്യയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കല്ലുകള്‍ ഇറക്കിയതിനെ അന്‍സാരി വിമര്‍ശിച്ചിരുന്നു. 2017 ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാനുള്ള വി.എച്ച്.പിയുടെ രാഷ്ട്രീയ നാടകമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ പരിഗണനനയിലിരിക്കുന്ന വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് വി.എച്ച്.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Articles