Current Date

Search
Close this search box.
Search
Close this search box.

നാല് വര്‍ഷത്തിന് ശേഷം മുര്‍സി കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി

ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട ഈജിപ്തിന്റെ പ്രഥമ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് നാല് വര്‍ഷത്തിന് ശേഷം തടവറയില്‍ വെച്ച് കുടുംബവുമായി കൂടിക്കാഴ്ച്ച നടത്താന്‍ അവസരം ലഭിച്ചതായി അനദോലു റിപോര്‍ട്ട്. കെയ്‌റോയുടെ വടക്കുഭാഗത്തുള്ള ത്വര്‍റ ജയിലില്‍ വെച്ച് മുഹമ്മദ് മുര്‍സിയുടെ ഭാര്യ നജ്‌ലാ അലി മഹ്മൂദിനും മകള്‍ ശീമാഅ്‌നും അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്താന്‍ അവസരം ലഭിച്ചതായി മുര്‍സിയുടെ മകന്‍ അബ്ദുല്ലയാണ് വ്യക്തമാക്കിയത്. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ച അദ്ദേഹത്തിന് ആശ്വാസം പകര്‍ന്നിട്ടുണ്ടെന്നും നല്ല ആരോഗ്യകരമായ അവസ്ഥയിലാണ് അദ്ദേഹത്തെ കാണാനായതെന്നും അബ്ദുല്ല പറഞ്ഞു. ഈജിപ്ത് ഭരണകൂടത്തിന്റെ അനുമതിയോടെയായിരുന്നു സന്ദര്‍ശനമെന്നും മുര്‍സിയുടെ ഭാര്യക്കും മകള്‍ക്കും പരിമിതപ്പെടുത്തിയതായിരുന്നു സന്ദര്‍ശനാനുമതിയെന്നും അദ്ദേഹം സൂചിപ്പിച്ചു.
മുര്‍സിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷക സമിതിയധ്യക്ഷന്‍ അബ്ദുല്‍ മുന്‍ഇം അബ്ദുല്‍ മഖ്‌സൂദും സന്ദര്‍ശനത്തില്‍ അവരെ അനുഗമിച്ചിരുന്നു. മുര്‍സിയുടെ ഭാര്യക്കും മകള്‍ക്കും ഒപ്പം അഭിഭാഷകനെന്ന നിലയില്‍ തനിക്കും സന്ദര്‍ശനാനുമതി ലഭിച്ചെന്നും ത്വര്‍റ ജയില്‍ ആസ്ഥാനത്തെ മുറിയില്‍ വെച്ചായിരുന്നു സന്ദര്‍ശനമെന്നും അബ്ദുല്‍ മുന്‍ഇം പറഞ്ഞു.
മുന്‍ പ്രസിഡന്റ് സന്ദര്‍ശനം പോലും വിലക്കപ്പെട്ട അഞ്ചാമത്തെ റമദാനിലും ജയിലില്‍ തന്നെ കഴിയുകയാണെന്ന് മെയ് 27ന് മുര്‍സിയുടെ കുടുംബം പുറത്തുവിട്ട പ്രസ്താവന പറഞ്ഞിരുന്നു. 2013 നവംബര്‍ മുതല്‍ കുടുംബവും അഭിഭാഷകനും മുര്‍സിയെ സന്ദര്‍ശിക്കുന്നത് ഈജിപ്ത് ഭരണകൂടം തടഞ്ഞിരിക്കുകയായിരുന്നു. താന്‍ തന്നെയാണ് ഈജിപ്തിന്റെ പ്രസിഡന്റെന്നും അത് മാനിക്കാതെയുള്ള ഒരു വിചാരണ നടപടിയെയും അംഗീകരിക്കില്ലെന്നും വ്യക്തമാക്കി കൊണ്ടുള്ള മുര്‍സിയുടെ കത്ത് പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു അത്.
ഒരു വര്‍ഷം പ്രസിഡന്റ് സ്ഥാനത്തിരുന്ന മുര്‍സി 2013 ജൂലൈ മൂന്നിലെ സൈനിക അട്ടിമറിക്ക് ശേഷം അജ്ഞാത കേന്ദ്രത്തില്‍ തടവിലായിരുന്നു. മുര്‍സി അനുകൂലികള്‍ അതിനെ അട്ടിമറിയായി കാണുമ്പോള്‍ എതിരാളികള്‍ ‘ജനകീയ വിപ്ലവമായിട്ടാണ്’ അതിനെ വിശേഷിപ്പിക്കുന്നത്. പിന്നീട് 2014ന്റെ തുടക്കത്തിലാണ് വിചാരണക്കായി അദ്ദേഹം ഹാജരാക്കപ്പെട്ടത്.

Related Articles