Current Date

Search
Close this search box.
Search
Close this search box.

ഗൂഢാലോചനയും വഞ്ചനയും എനിക്കറിയില്ല: സീസി

കെയ്‌റോ: ഈജിപ്തിനെതിരെയുള്ള ഗൂഢാലോചനകളെ കുറിച്ച് വാചാലനായി പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി വീണ്ടും രംഗത്ത്. കഴിഞ്ഞ മാസം ചില ശക്തികള്‍ (പേര് പരാമര്‍ശിച്ചിട്ടില്ല) ഈജിപ്തിന്റെ പതനത്തിനായി വാതുവെച്ചിരുന്നു, എന്നാല്‍ അവരുടെ വാതുവെപ്പ് പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രവാചക ജന്മദിനത്തോടനുബന്ധിച്ച് ഈജിപ്ത് ഔഖാഫ് സംഘടിപ്പിച്ച ചടങ്ങില്‍ സംബന്ധിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയും കൊലയും വഞ്ചനയും തനിക്ക് വശമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച സാഹചര്യം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
2013 ജൂലൈ മുതല്‍ ചില രാഷ്ട്രങ്ങള്‍ ഈജിപ്തിന്റെ തകര്‍ച്ചക്കായി പണം ചെലവഴിക്കുന്നുണ്ടെന്നും സീസി ആരോപിച്ചു. ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട ഈജിപ്തിന്റെ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കെതിരെ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന സീസി നടത്തിയ അട്ടിമറിയെ തുടര്‍ന്നുണ്ടായ പ്രകടനങ്ങളിലേക്കുള്ള സൂചനയോടെയാണ് ഇക്കാര്യം പറഞ്ഞത്. അട്ടിമറിക്ക് ശേഷം സീസി ഭരണഘടന അസാധുവാക്കുകയും ചെയ്തു. അതിന് ശേഷം ഈജിപ്ത് രാഷ്ട്രീയമായും സാമ്പത്തികമായും കടുത്ത അസ്ഥിരതയാണ് നേരിടുന്നത്.
മതപരമായ അഭിസംബോധനകളില്‍ പരിഷ്‌കരണം അനിവാര്യമാണെന്നും പരിഷ്‌കരണം ജുമുഅ ഖുതുബ ഏകോപിപ്പിക്കുന്നതില്‍ പരിമിതപ്പെടുത്തിയിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മറ്റൊരു സന്ദര്‍ഭത്തില്‍ സീസി പറഞ്ഞു. നിലവില്‍ ഈജിപ്ത് ഭരണകൂടം സ്വീകരിച്ചിരിക്കുന്ന സാമ്പത്തിക നടപടികളെ കുറിച്ച് സൂചിപ്പിച്ചു കൊണ്ട് അതല്ലാതെ ഭരണകൂടത്തിന് മുമ്പില്‍ വേറെ സാധ്യതകളില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles