Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീൻ പ്രശ്നത്തിന് പരിഹാരമില്ലേ?

ഫലസ്തീൻ – ഇസ്രയേൽ സംഘർഷത്തിന് ഏഴു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.1948 മുതൽ നിരവധി അറബ് -ഇസ്രയേൽ യുദ്ധങ്ങൾക്കും സായുധ ഏറ്റുമുട്ടലുകൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട് പശ്ചിമേഷ്യ. യൂറോപ്യൻ രാജ്യങ്ങളിൽ അഭിശപ്തരായി ആട്ടിയോടിക്കപ്പെട്ട ജൂതർക്ക് രാഷ്ട്രീയമായ പിന്തുണയും അഭയവും നൽകാൻ മുന്നോട്ടുവന്നത് ഫലസ്തീൻ ജനതയായിരുന്നു. പിന്നീട് അഭയാർത്ഥികൾ യഥാർത്ഥ നിവാസികളെ അടിച്ചോടിച്ച് തങ്ങളുടെ ആധിപത്യവും അധിനിവേശവും ശക്തിപ്പെടുത്തി. ബ്രിട്ടീഷ് സാമ്രാജ്യശക്തിയുടെ പിൻബലത്തിൽ മുസ്ലിം രാജ്യങ്ങളുടെ ഹൃദയഭൂമിയിൽ സയണിസ്റ്റ് രാഷ്ട്രത്തിന് അസ്തിവാരമിട്ടത് ചരിത്രത്തിലെ വിധിവൈപരീത്യമായി വായിക്കാം. ബ്രിട്ടനു ശേഷം സയണിസ്റ്റുകളെ പാലൂട്ടി വളർത്തുകയും സർവ്വ തലത്തിലുമുള്ള സംരക്ഷരണം ഉറപ്പാക്കുകയും ചെയ്തത് അമേരിക്കയായിരുന്നു. അമേരിക്കയുടെ അമ്പത്തി ഒന്നാമത്തെ സ്റ്റേറ്റിൻ്റെ പരിഗണയാണ് ഇസ്രയേലിനുള്ളത്. ജൂത ലോബിയുടെ പിന്തുണയില്ലാതെ റിപ്പബ്ലി ക്ക് – ഡെമോക്രാറ്റിക് പാർട്ടികൾക്ക് ഭരണത്തിലേറുക സാധ്യമല്ല. അതിനാൽ തന്നെ ഇസ്രയേൽ എന്ന ജാരസന്തതിയെ ഏറ്റെടുക്കാനും പ്രതിരോധിക്കാനും അവർ മുൻകൈയെടുക്കും. വർത്തമാന സംഭവങ്ങളിൽ പോലും അമേരിക്കയും യൂറോപ്പും ഒറ്റക്കെട്ടായി ഇസ്രയേൽ ഭീകരരാജ്യത്തിൻ്റെ എല്ലാ ദുഷ്ടതക്കും ക്രൂരതക്കും കണ്ണടച്ച് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ വായ്ത്താരിയായ സ്വാതന്ത്ര്യം, സമത്വം, മനുഷ്യാവകാശം, നീതി അതൊന്നും ഫലസ്തീൻ ജനതക്ക് ചേർന്നതല്ല, അവരതർഹിക്കുന്നുമില്ല.

പതിറ്റാണ്ടുകളായി ഫലസ്തീൻ പ്രശ്നം യു എന്നിൽ ചർച്ച ചെയ്യപ്പെടുന്നു. ന്യായമായ പരിഹാരത്തിനായി പ്രമേയങ്ങൾ പാസ്സാക്കപ്പെടുന്നു. വീറ്റോ അധികാരമുള്ള അമേരിക്ക ചെറുവിരൽ ഉയർത്തിയാൽ എടുത്ത തീരുമാനങ്ങൾ സ്വയം റദ്ദാവുന്നു. ഫലസ്തീനികൾക്ക് എതിരെ മാത്രമാണ് അവരുടെ വീറ്റോ.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനുള്ളിൽ യുഎൻ തീരുമാനപ്രകാരം രണ്ടു സ്വതന്ത്ര പരമാധികാര രാജ്യങ്ങൾ സ്ഥാപിതമായിട്ടുണ്ട്. സുഡാനിലെ ദക്ഷിണ സൂഡാനും ഇന്ത്യനേഷ്യയിലെ ഈസ്റ്റ് ടൈമൂറും. രണ്ടും ക്രൈസ്ത ഭൂരിപക്ഷത്തിൻ്റെ ആവശ്യമായിരുന്നു. വൻ ശക്തികളുടെ ഇരട്ടത്താപ്പിൻ്റെ മകുടോദാഹരങ്ങളാണ് ഇവ.

എന്നാൽ ഫലസ്തീൻ പ്രശ്നത്തിനു പരിഹാരവുമായി മുന്നിട്ടിറങ്ങാൻ യൂറോ-അമേരിക്കൻ രാജ്യങ്ങൾക്ക് ഒട്ടും താല്പര്യമില്ല. ഇസ്രയേൽ രാഷട്രത്തെ അവർ പേടിക്കുന്നു. അവരുടെ രാഷ്ട്രീയ നീക്കങ്ങളുടെയും നിലപാടുകളുടെയും അച്ചുതണ്ടാണ് സയണിസ്റ്റു രാഷ്ട്രം. പശ്ചിമേഷ്യയെ എന്നും മുൾമുനയിൽ നിർത്തുന്നതും അവിടെ സംഘർഷാന്തരീക്ഷം നിലനിർത്തേണ്ടതും അവരുടെ രാഷ്ട്രീയ-സാമ്പത്തിക മേധാവിത്വത്തിൻ്റെ അനിവാര്യതയാണ്. മധ്യപൗരസ്ത്യ രാജ്യങ്ങൾ വലിയ ആയുധ കമ്പോളമാണ്. ഇസ്രയേൽ എന്ന ജൂതരാഷ്ട്രത്തെ ചൂണ്ടിക്കൊണ്ട് അവരെ ഭീതിയുടെ നിഴലിൽ നിർത്തുന്ന കുതന്ത്രമാണ് അമേരിക്കയുടേത്. ഒരേ സമയത്ത് അറബികൾക്കും ഇസ്രയേലിനും ആയുധങ്ങൾ വിൽക്കും. പക്ഷെ സയണിസ്റ്റകൾക്ക് ധാർമ്മികവും സാമ്പത്തികവും സെെനകവുമായ സഹായങ്ങൾ നൽകുന്നതിൽ മുൻപന്തിയിലായിരിക്കും.

ഫലസ്തീൻ പ്രശ്ന പരിഹാരത്തിനായി കേമ്പ് ഡേവിഡ്, ഓസ്ലാേ സമാധാന കരാറുകൾ അടക്കം പല നീക്കങ്ങളും ഉണ്ടായിട്ടുണ്ട്. അവയൊന്നും പാലിക്കാനും നടപ്പിൽ വരുത്താനും സയണിസ്റ്റു ഭീകരരാഷ്ട്രം സന്നദ്ധമല്ല എന്നതാണ് അനുഭവവും ചരിത്രവും. ശാന്തിയുടെയും സമാധാനത്തിൻ്റെയും പ്രശ്ന പരിഹാരമാർഗ്ഗം തേടി എല്ലാം വാതിലുകളിലും മുട്ടി നിരാശപ്പെട്ട ഒരു ജനത സ്വന്തം അസ്തിത്വവും വ്യക്തിതിത്വവും നിലനിർത്താനുതകുന്ന, അധിനിവേശ ശക്തികളെ തുരത്തി ഒരു സ്വതന്ത്ര രാജ്യത്തിനു വേണ്ടി നടത്തുന്ന ജീവന്മരണ പോരാട്ടത്തെ പരിഷ്കൃത ലോകം ഭീരകതയായി മുദ്രകുത്തുന്നു. ഒന്നര പതിറ്റാണ്ടിലേറെയായി ഗസ്സ മുനമ്പിൽ ജീവിക്കുന്ന രണ്ടു ദശലക്ഷത്തിലേറെ മനുഷ്യർ നാലുഭാഗത്തു നിന്നും ശത്രുവാൽ വലയം ചെയ്യപ്പെട്ട തുറന്ന ജയിലാണ് ഗസ്സ മുനമ്പ്. കര – വ്യോമ – സമുദ്രമാർഗ്ഗങ്ങളെല്ലാം അവർക്ക് അപ്രാപ്യമാണ്. ശത്രുരാജ്യമാവട്ടെ രാപ്പകൽ ഭേദമന്യേ അവിടുത്തെ വീടുകളും സ്ഥാപനങ്ങളും ബോംബിട്ടു തകർത്തു കൊണ്ടിരിക്കുന്നു. ആയിരക്കണക്കിൽ സ്ത്രീകളും കുട്ടികളും മരിച്ചു വീഴുന്നു. ഇതൊന്നും അന്താരാഷ്ട്ര സമൂഹവും വൻശക്തികളും കാര്യമായെടുക്കുന്നില്ല. ഏതാനും ഇസ്രയേല്യർ കൊല്ലപ്പെടുമ്പോൾ യൂറോപ്പും അമേരിക്കയും തങ്ങളുടെ പോർവിമാനങ്ങളും പടക്കപ്പലുകളും സമ്മാനിച്ച് സയണിസ്റ്റ് രാജ്യത്തെ പ്രതികാരത്തിനായി ഉത്തേജിപ്പിക്കുന്നു.

2023 ഒക്ടോബർ 7 ന് ഹമാസിൻ്റെ സെെനിക വിംഗായ അൽ-ഖസ്സാം ബ്രിഗേഡ് നടത്തിയ സൈനിക മുന്നേറ്റം ലോകപോലീസായ അമേരിക്കയെയും സഖ്യരാജ്യങ്ങളെയും ഭീതിപ്പെടുത്തിയിരിക്കുന്നു.’ അയേൺ ഡോം’ എന്ന ഇരുമ്പ് മറക്കു പിന്നിൽ എല്ലാം സുരക്ഷിതമാണെന്ന ഇസ്രയേൽ ഭീകരരാഷ്ട്രത്തിൻ്റെ വ്യാജവാദം പൊളിഞ്ഞിരിക്കുന്നു. സൈനിക കേന്ദ്രങ്ങളും ജൂത കോളണികളും അധീനപ്പെടുത്താനും സൈനികരും സിവിലിയന്മാരുമായ പൌരന്മാരെ ബന്ധികളാക്കാനും ഹമാസ് പോരാളികൾക്ക് സാധിച്ചത് ലോകത്തെ മുഴുവൻ അമ്പരപ്പിച്ചിരിക്കുന്നു. ഫലസ്തീനികളുടേത് ജീവന്മരണ പോരാട്ടമാണ്. ഒന്നുകിൽ അന്തസ്സോടെ ജീവിക്കുക അല്ലെങ്കിൽ സ്വദേശനത്തിൻ്റെ വിമോചനത്തിനായി സ്വജീവൻ സമർപ്പിക്കുക. സാമ്രാജ്യത്വത്തിൻ്റെ ദുഷ്ട താത്പര്യങ്ങൾക്ക് മുന്നിൽ മുട്ടുമടക്കാൻ അവർ തയ്യാറല്ല.

ചരിത്രത്തിൽ തുല്യതയില്ലാത്ത ഒരു മാനുഷിക ദുരന്തത്തിൻ്റെ വക്കിലാണ് ഗസ്സാ നിവാസികൾ. കണ്ണിൽ ചോരയില്ലാത്ത, മനുഷ്യത്വം തൊട്ടു തീണ്ടാത്ത ചോരക്കൊതിയന്മാരാണ് സയണിസ്റ്റ് ഭീകരർ. ഗസ്സ മുനമ്പിനെ ആൾപ്പാർപ്പില്ലാത്ത ഊഷരഭൂമിയാക്കുമെന്നാണ് അവരുടെ വിടുവായിത്തം. ആ ഭീഷണി സഫലമാവുകയാണെങ്കിൽ ഇരുപതുലക്ഷം മനുഷ്യരുടെ ദുരവസ്ഥ എന്തായിരിക്കുമെന്ന് പരിഷ്കൃത ലോകം തിരിച്ചറിയാൻ ഇനിയും വൈകരുത്. അത്തരം നരനായാട്ടിന് കോപ്പുകൂട്ടി കൊടുക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ മുമ്പാേട്ടുള്ള പ്രയാണം ഒരിക്കലും അത്ര സുഗമവും ശുഭകരവുമായിരിക്കില്ല. തീർച്ച.

ഫലസ്തീൻ പ്രശ്നം പരിഹരിക്കാനുള്ള അവസാനത്തെ അവസരമായി കണ്ട് അന്താരാഷ്ട്ര സമൂഹം ജാഗ്രതയോടെ മുന്നോട്ട് വന്നില്ലെങ്കിൽ ഒരു മൂന്നാം ലോക ഭീകരയുദ്ധത്തിനു നാം സാക്ഷ്യം വഹിക്കേണ്ടി വരും.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles