Current Date

Search
Close this search box.
Search
Close this search box.

സ്നേഹം പെയ്യുന്ന വസന്ത നാരങ്ങകൾ

മധ്യ പൗരസ്ത്യ വാർത്തകൾ അല്പമെങ്കിലും ശ്രദ്ധിക്കുന്നവർക്ക് പെട്ടെന്ന് മനസ്സിലാവാൻ സാധ്യതയുള്ള ഒരു തലവാചകം. കഴിഞ്ഞ വാരം ആഗോള അറബി – ഇംഗ്ലീഷ് വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ആ വാർത്ത ഇങ്ങനെ:-

റഫ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പഴയ ഈജിപ്ഷ്യൻ ഗ്രാമത്തിലൂടെ ഗസ്സയിലേക്കുള്ള സഹായങ്ങൾ ഏറ്റി പോവുകയായിരുന്ന ട്രക്കുകളിലേക്ക് മധുര നാരങ്ങ എറിഞ്ഞ് തന്നെക്കൊണ്ടാവുന്നത് ആ മക്കൾക്ക് എന്ന് പറഞ്ഞ അമ്പതുകാരൻ റബീഅ് അങ്കിളാണ് വാർത്തകളിലെ നായകൻ. താൻ ചിത്രീകരിക്കപ്പെടുകയാണെന്ന് അറിയാതെ അദ്ദേഹം നടത്തിയ ആ നിസ്സാര പ്രവൃത്തിയുടെ പേരിൽ സോഷ്യൽ മീഡിയ പ്രതിഭാസമായി / ട്രെൻ്റായി മാറിയിരിക്കുകയാണ് റബീഅ് അങ്കിൾ. തെക്കൻ ഈജിപ്തിൽ നിന്നുള്ള വഴിവാണിഭ പഴ വിൽപനക്കാരനായ അദ്ദേഹം തൻ്റെ ഫ്രൂട്ട് സ്റ്റാൻഡ് വഴിയരികിൽ സ്ഥാപിക്കുന്നതിനിടെ ഗസ്സയിലേക്ക് മാനുഷിക സഹായവുമായി കടന്നുപോയ ട്രക്കുകളിലേക്ക് ഓറഞ്ച് എറിഞ്ഞു കൊടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ വാരമാണ് പുറത്ത് വന്നത്. ലക്ഷക്കണക്കിനാളുകളാണ് അത് ഷെയർ ചെയ്തത്.വളരെ വികാരാധീനനായി ഭാഷയിൽ അദ്ദേഹം പത്രക്കാരോട് പിന്നീട് പറഞ്ഞതും വൈറലായിരുന്നു.

യാതന അനുഭവിക്കുന്ന ആ കുഞ്ഞു മക്കളെ തനിക്ക് എങ്ങനെ സഹായിക്കാനാകുമെന്ന് പോലും അറിയാതെ, ട്രക്കുകൾക്ക് മുകളിലേക്ക് തൻ്റെ സ്റ്റാൻഡിലുള്ള ഓറഞ്ച് എറിയാൻ തുടങ്ങി. ഈ പഴങ്ങൾ ഗാസയിലേക്ക് എത്തിക്കണമെന്ന് ഡ്രൈവർമാരോട് വളരെ വൈകാരികമായി വിളിച്ച് പറയുന്നുമുണ്ടായിരുന്നു ആ സാധു മനുഷ്യൻ.

“ഇവിടെ നിന്ന് ട്രക്കുകൾ കടന്നുപോകുന്നത് ഞാൻ കണ്ടു. റബ്ബ് എനിക്ക് തന്ന അധികാരം ഉപയോഗിച്ച് എന്നെക്കൊണ്ടാവുന്നത് ഞാൻ ചെയ്തു. എൻ്റെ പെട്ടികൾ മുഴുവനായി കൊണ്ടുപോകാൻ കഴിയുന്ന ആരെയെങ്കിലും കണ്ടെത്തിയാൽ ഞാനിതിൽ കൂടുതൽ ചെയ്യുമായിരുന്നു. എനിക്കവിടെ പോവാൻ കഴിയുമായിരുന്നെങ്കിൽ ഇനിയും ഞാനിതുമായി അവിടെ പോകുമായിരുന്നു, ” ആ സാധു കച്ചവടക്കാരൻ ഫലസ്തീൻ ക്രോണിക്കലിൻ്റെ പ്രത്യേക സോഷ്യൽ മീഡിയ വീഡിയോയിൽ ആവേശ പൂർവ്വം പറഞ്ഞു. അദ്ദേഹം തന്റെ നാടൻ ഭാഷയിൽ തുടരുന്നു :
“ഞാൻ ഫലസ്തീൻ ജനതക്ക് വിജയവും ഐശ്വര്യവും സമാധാനവും നേരുന്നു. അവർക്ക് അവരുടെ രാജ്യം പുനർനിർമ്മിക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. അവരോടൊപ്പം പോയി ആ നാട് പുനർനിർമ്മിക്കാനും അവരുടെ തോളിൽ നിന്ന് അവരനുഭവിക്കുന്ന ഭാരം ഇറക്കി വെക്കാനും (ഖുർആനിക സൂക്തം വ്യക്തമാക്കുന്നു) എന്നാൽ കഴിയുന്നതെല്ലാം ചെയ്യാനും ഞാൻ തയ്യാറാണ്.” നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേലി ആക്രമണം തടയുന്ന അർത്ഥവത്തായ വല്ല നടപടിയും നടപ്പിലാക്കുന്നതിൽ അറബ് ഗവൺമെൻ്റുകൾ പരാജയപ്പെട്ടെങ്കിലും, സാധാരണ അറബികളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അനറബികളും ഫലസ്തീൻ ജനതക്കൊപ്പമാണ്.

വെടിനിർത്തലും എല്ലാം തീർന്ന ഫലസ്തീൻ്റെ നിയമപരമായ ഉത്തരവാദിത്തവും ആവശ്യപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളിൽ പ്രതിഷേധം തുടരുന്ന
തിനിടയിലും അറബ് ഭരണാധികാരികളുടെ ഭാഗത്തുനിന്നും വിശേഷിച്ചൊരു പ്രതികരണവും ഉണ്ടായിട്ടില്ല.

ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, 2023 ഒക്ടോബർ 7 മുതൽ ഇതുവരെ ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ 28,985 ഫലസ്തീനികൾ കൊല്ലപ്പെടുകയും 68,883 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 7,000 പേരെയെങ്കിലും കാണാനില്ല. ഒരുപക്ഷേ മുനമ്പിലെ അവരുടെ വീടുകളുടെ അവശിഷ്ടങ്ങൾക്കടിയിൽ മരിച്ചതായിരിക്കുമെന്ന് അനുമാനിക്കപ്പെടുന്നു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് ആധികാരികമായ അന്താരാഷ്ട്ര സംഘടനകൾ പറയുന്നത്. ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗസ്സ മുനമ്പിൽ നിന്ന് നിന്ന് ഏകദേശം 20 ലക്ഷം ആളുകളെ പ്രാദേശിക ഭരണകൂടം ബലപ്രയോഗത്തിലൂടെ മാറ്റിപ്പാർപ്പിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും ഈജിപ്തിൻ്റെ അതിർത്തിക്കടുത്തുള്ള ജനസാന്ദ്രതയുള്ള തെക്കൻ നഗരമായ റഫയിലേക്ക് പലായനം ചെയ്തു എന്നാണ് അനുമാനം .

1948 ലെ നക്ബ മുതൽ തുടരുന്ന ആ കൂട്ട പലായനം എന്നവസാനിക്കുമെന്നോ ഫലസ്തീൻ ജനത സ്വാതന്ത്ര്യം നേടുമെന്നോ ഉള്ള ചോദ്യങ്ങൾക്കൊന്നും തനി നാടനായ റബീഅ് അങ്കിളിന് വ്യക്തമായ മറുപടിയൊന്നുമില്ലെങ്കിലും ആ മക്കൾക്ക് വേണ്ടി തനിക്കെന്തിങ്കിലും ചെയ്യാനായതിൽ സന്തോഷമുണ്ടെന്നാണ് ക്രോണിക്കിളിനോട് അദ്ദേഹം വ്യക്തമാക്കിയത്.

അവലംബം :The Palestine Chronicle

Related Articles