Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ “ഫേസ്ബുക്ക് ചട്ടം”

ഓൺലൈൻ ഉള്ളടക്കങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾ വരുത്താനും, അവയെ അമർച്ച ചെയ്യാനും സർക്കാരിന് കൂടുതൽ അധികാരം നൽകുകയെന്ന ലക്ഷ്യത്തോട് കൂടി ഇസ്രായേൽ പാർലമെന്റായ നെസ്സെറ്റ് മുന്നോട്ട് വെച്ച ബില്ലിനെ തീവ്ര തീവ്രവലതുപക്ഷക്കാരനായ മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പോലും എതിർത്തത് വലിയ വിരോധാഭാസമായിരുന്നു. 2016ൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുടെ പ്രതിയോഗിയായ ഗിഡിയോൺ സാർ ആയിരുന്നു പ്രസ്തുത ബിൽ അവതരിപ്പിച്ചത്.

ഓൺലൈൻ ഇടങ്ങളിലെ ഫലസ്‌തീൻ ജനതയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ നിയമം, തന്റെ തന്നെ സംസാരങ്ങളും, പ്രഭാഷണങ്ങളും നിയന്ത്രിക്കാനായി എതിരാളികൾ ചൂഷണം ചെയ്തേക്കുമെന്ന് നെതന്യാഹു ഭയപ്പെട്ടിരുന്നുവെന്ന് ചില നിരീക്ഷകർ വാദിച്ചിരുന്നു. എന്നാൽ ഇപ്പോൾ നെതന്യാഹു ചിത്രത്തിലില്ല. ഗിഡിയോൺ സാറും, വിവാദ ബില്ലും തിരശീലയിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരിക്കുന്നു.

നിലവിൽ ഇസ്രായേലിന്റെ നീതിന്യായ വകുപ്പ് മന്ത്രിയും ഉപപ്രധാനമന്ത്രിയുമാണ് ഗിഡിയോൺ സാർ. ഒരുവശത്ത് പ്രധാനമന്ത്രി നഫ്താലി ബെനറ്റ്, ഫലസ്തീനിലെ അധിനിവേശ മേഖലകൾ വ്യാപിപ്പിക്കാനും, നിലവിൽ അതിഭയാനകമായ യാഥാർത്ഥ്യങ്ങളിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന ഫലസ്‌തീനിൽ കാര്യങ്ങൾ കൂടുതൽ വഷളാക്കാനും വേണ്ടി അതിവേഗം കരുക്കൾ നീക്കുകയാണ്. മറുവശത്താകട്ടെ, ഫലസ്തീനിലെ ഓൺലൈൻ മണ്ഡലങ്ങളിൽ കൂടി തങ്ങളുടെ സൈനിക വ്യന്യാസം ഊർജ്ജിതമാക്കാനുള്ള യത്‌നത്തിലാണ് സാർ. ‘ഫേസ്ബുക്ക് ചട്ടം’ എന്ന പേരിലറിയപ്പെടുന്ന പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്തോടെ, ഏറെ വിപുലമായ അധികാരങ്ങളാണ് ഇസ്രായേൽ കോടതികൾക്ക് കൈവരാനിരിക്കുന്നത്. ഈ നിയമ പ്രകാരം, പ്രകോപനപരമെന്നോ, രാജ്യത്തിന്റെയോ, ജനങ്ങളുടെയോ, സമൂഹത്തിന്റെയോ സുരക്ഷക്ക് വിഘാതം സൃഷ്ടിക്കാൻ ഇടയുള്ളതെന്നോ കോടതിക്ക് ബോധ്യപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ പോസ്റ്റുകൾ നീക്കം ചെയ്യാൻ കോടതിക്ക് ആവശ്യപ്പെടാവുന്നതാണ്.

2016ലെ സാർ ബിൽ അവതരപ്പിച്ചതിന് ശേഷം, ഓൺലൈൻ ഇടങ്ങളിലെ ഫലസ്‌തീൻ ഉള്ളടക്കങ്ങളുടെ മേലുള്ള ഇസ്രായേലിന്റെ സെൻസർഷിപ്പ്‌ വളരെയേറെ രൂക്ഷമായതായി കഴിഞ്ഞ ഡിസംബർ 30ന് ഫലസ്‌തീൻ ഡിജിറ്റൽ റൈറ്റ്സ് കൊളീഷനും (PDRC), ഫലസ്തീനിലെ മനുഷ്യവകാശ സംഘടനകളുടെ കൗൺസിലും (PHROC) സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഫലസ്‌തീൻ അനുകൂല ഉള്ളടക്കങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ഇസ്രായേലിന്റെ ‘സൈബർ യൂണിറ്റ്’ 2016ൽ, 2421 അഭ്യർത്ഥനകൾ സോഷ്യൽ മീഡിയ കമ്പനികൾക്ക് സമർപ്പിച്ചിട്ടുണ്ടെന്ന വസ്തുത ഇരു സംഘടനകളും തങ്ങളുടെ പ്രസ്താവനയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ഈ കണക്കിന് ഗണ്യമായ വർദ്ധനവാണ് പിന്നീടുണ്ടായത്. എത്രത്തോളമെന്ന് വെച്ചാൽ, സൈബർ യൂണിറ്റ് മാത്രം 20000 ലധികം ഫലസ്‌തീൻ അനുകൂല ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ അഭ്യർത്ഥിക്കുകയുണ്ടായി. നിയമനിർമാണം നടത്തുന്ന മിനിസ്റ്റീരിയൽ കമ്മിറ്റി കഴിഞ്ഞ ഡിസംബർ 27ന്ന് തന്നെ അംഗീകാരം നൽകിയ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, “സൈബർ യൂണിറ്റും സോഷ്യൽ മീഡിയ കമ്പനികളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടാൻ കാരണമാകുമെന്ന്” PDRC യും PHROC യും ചൂണ്ടിക്കാട്ടി.

നിർഭാഗ്യവശാൽ, ആ ബന്ധം ഇതിനോടകം തന്നെ വളരെ സുദൃഢമായിട്ടുണ്ട് എന്നതാണ് വസ്തുത. ചുരുങ്ങിയ പക്ഷം, നിത്യേനയുള്ള ഫലസ്‌തീൻ അനുകൂല പോസ്റ്റുകളുടെ നീക്കംചെയ്യൽ മൂലം ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെയും മറ്റ് സംഘടനകളുടെയും രൂക്ഷ വിമർശനങ്ങൾക്ക് വിധേയമായ ഫേസ്ബുക്കുമായി ഇക്കൂട്ടർക്കുള്ള ബന്ധത്തിൽ സന്ദേഹത്തിനിടയില്ല. ഫേസ്ബുക്കിന്റെ സെൻസർഷിപ്പ് നടപടിക്കെതിരായ നിരവധി ആരോപണങ്ങൾ പരിശോധിച്ച ശേഷം, മുതിർന്ന ഡിജിറ്റൽ റൈറ്റ്സ് ഗവേഷകയും ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ അഭിഭാഷകയുമായ ഡെബോറ ബ്രൗണിന്റെ നിഗമനം ഇപ്രകാരമായിരുന്നു: “ഫലസ്തീനികൾ പോസ്റ്റ്‌ ചെയ്യുന്ന ഉള്ളടക്കങ്ങളും, അവരെ പിന്തുണക്കുന്നവർ ഫലസ്തീനിലും ഇസ്രായേലിലും അരങ്ങേറുന്ന മനുഷ്യാവകാശ ലംഘങ്ങൾക്കെതിരായി സംസാരിക്കുന്ന ഉള്ളടക്കങ്ങളും ഫേസ്ബുക് നീക്കം ചെയ്തിട്ടുണ്ട്.”

നീതിക്കും സ്വാതന്ത്ര്യത്തിനും അധിനിവേശത്തിന്റെ അന്ത്യത്തിനും വേണ്ടി ഓൺലൈൻ ഇടങ്ങളിൽ ഫലസ്‌തീൻ ജനത ഉയർത്തുന്ന ശബ്ദങ്ങളെ നിശബ്ദമാക്കാൻ ഇസ്രായേലിനോട് തോൾചേർന്നുള്ള ഫേസ്ബുക്കിന്റെ പ്രവർത്തനങ്ങൾക്ക് ആധാരം 2016ൽ ഇരുകൂട്ടരും ചേർന്നുണ്ടാക്കിയ ഒരു ഉടമ്പടിയാണ്. “സാമൂഹ്യ മാധ്യമ ശൃംഖലയിലുള്ള പ്രകോപനപരമായ ഇടപെടലുകളെ തരണം ചെയ്യുകയെന്ന ലക്ഷ്യത്തോട് കൂടി ഇരുകൂട്ടരും ഒന്നിച്ച് പ്രവർത്തിക്കാൻ” ധാരണയായതായി അന്നത്തെ ഇസ്രായേൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ, പ്രമുഖ ഫലസ്തീനിയൻ മാധ്യമപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫേസ്ബുക് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഇസ്രായേലിന്റെ ഏറ്റവും പുതിയ ‘ഫേസ്ബുക്ക് നിയമം’ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള ഫേസ്ബുക്കുമായി ബന്ധപ്പെട്ട പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതുമായി മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. പ്രമുഖ പത്രമായ ഹാരേട്സിൽ (Haaretz) കഴിഞ്ഞ ഡിസംബർ 29ന് പ്രസിദ്ധീകരിച്ച ഒരു എഡിറ്റോറിയലിൽ വ്യക്തമാക്കുന്നത് പ്രകാരം, പ്രസ്തുത ബില്ലിന്റെ ആഘാതം ദൂരവ്യാപകമാണ്. എന്തെന്നാൽ, ഈ ബില്ല് മുഖേന രാജ്യത്തുടനീളമുള്ള ജില്ലാ കോടതി ജഡ്ജിമാർക്ക് ഫേസ്ബുക്കിൽ നിന്നും മറ്റ് സോഷ്യൽ മീഡിയ ഔട്ട്‌ലെറ്റുകളിൽ നിന്നും മാത്രമല്ല, “ഏത് വെബ്‌സൈറ്റിൽ നിന്നും” പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള അധികാരം കൈവരും.

സ്വാഭാവികമെന്ന് പറയട്ടെ, ഫലസ്‌തീന് മേൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന അന്യായമായ സെൻസർഷിപ്പിനെ, ഇസ്രായേലിന്റെ ദേശീയ സുരക്ഷയെ പ്രതിരോധിക്കാനെന്ന വ്യാജേനയാണ് അവർ ന്യായീകരിക്കുന്നത്. അധിനിവേശ പ്രദേശങ്ങളിലെ തങ്ങളുടെ കുറ്റകൃത്യങ്ങൾക്ക് ഇസ്രായേൽ ഉത്തരവാദികളാകണമെന്ന് ഒരു ഫലസ്തീൻ പൗരൻ ആഹ്വാനം ചെയ്യുന്നത് മുതൽ, ഇസ്രായേലിന്റെ വംശീയത അവസാനിപ്പിക്കണമെന്ന് ഒരാൾ ആവശ്യപ്പെടുന്നതും, മറ്റൊരാൾ കവിതയെഴുതുന്നതും വരെ രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയായി വ്യാഖ്യാനിക്കുന്ന അവരുടെ കുതന്ത്രങ്ങൾ നമുക്ക് സുപരിചിതമാണ്. ഫലസ്തീനിയൻ കവി ഡാരീൻ ടാറ്റൂറിനെ അഹിതമായി തടവറയിലാക്കിയത് ഇതിനുദാഹരണമാണ്. “റെസിസ്റ്റ്, മൈ പീപ്പിൾ, റെസിസ്റ്റ് ദേം” എന്ന തലക്കെട്ടിൽ ഒരു ചെറുകവിത എഴുതിയതിന്, 2015-ലാണ് കോടതി ഉത്തരവനുസരിച്ച് ഇസ്രയേലി പൗരനായ ടാറ്റൂറിനെ ജയിലിലടച്ചത്.

മുൻകാല അനുഭവങ്ങളൾ വെച്ച് നോക്കുമ്പോൾ, ‘ഫേസ്ബുക്ക് ചട്ടം’ മിക്കവാറും ഫലസ്തീനികളെ മാത്രം ലക്ഷ്യംവെക്കുമെന്നതിൽ സംശയമില്ല. മാത്രമല്ല, മുമ്പ് പല വിഷയങ്ങളിലും ഇസ്രായേൽ നടത്തിയ ഇടപെടലുകളെല്ലാം പൂർണ്ണ വിജയത്തിലെത്തിക്കാൻ അവർക്ക് സാധിച്ചത് കൊണ്ട് തന്നെ, പലസ്തീനികളെ എല്ലായിടത്തും സെൻസർ ചെയ്യുകയെന്ന അവരുടെ ആവശ്യത്തെ മിക്ക ഡിജിറ്റൽ, സോഷ്യൽ മീഡിയ കമ്പനികളും അംഗീകരിക്കുമെന്നതിൽ തർക്കമില്ല.

അറബ് സെന്റർ ഫോർ സോഷ്യൽ മീഡിയ അഡ്വാൻസ്‌മെന്റ്- 7Amleh (ഹംലേ) 2022 ജനുവരി 11ന് പുറത്തിറക്കിയ റിപ്പോർട്ടിൽ, ഫലസ്തീനികളെ നിരീക്ഷിക്കുന്നതിനും, നിശ്ശബ്ദമാക്കുന്നതിനും, ചാരപ്പണി ചെയ്യുന്നതിനുമായി ഇസ്രായേൽ നടപ്പിലാക്കുന്ന ചില സമ്പ്രദായങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഹാഷ്‌ടാഗ് ഫലസ്‌തീൻ 2021′ എന്ന തലക്കെട്ടിലുള്ള ഹംലേയുടെ റിപ്പോർട്ട്, നിരീക്ഷണ സംവിധാനങ്ങളുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ച് ചർച്ചചെയ്യുന്നുണ്ട്, പ്രത്യേകിച്ചും പൊതു ഇടങ്ങളിൽ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ക്യാമറകളുടെ ഉപയോഗം വിപുലീകരിക്കാനുള്ള നിർദ്ദിഷ്ട ഇസ്രായേലി നിയമത്തിന്റെ പശ്ചാത്തലത്തിൽ. ഇവിടെ ഏറെ ഗൗരവത്തോടെ നാം മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയെന്തെന്നാൽ, വെസ്റ്റ് ബാങ്കിലുടനീളമുള്ള ഇസ്രായേൽ സൈനിക ചെക്ക്‌പോസ്റ്റുകളിൽ ഫലസ്തീനികൾക്കെതിരെ ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ട് ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും ആയിക്കാണും.

അതിനും പുറമേ, നിരവധി ഉന്നത വ്യക്തിത്വങ്ങളുടെ രഹസ്യവിവരങ്ങൾ ചോർത്തിയതിന്റെ പേരിൽ അടുത്തിടെ ലോകമെമ്പാടും വാർത്തകളിൽ ഇടംപിടിച്ച ഇസ്രായേലിന്റെ പെഗാസസ് സ്‌പൈവെയർ, എത്രയോ കാലമായി ഫലസ്‌തീൻ ആക്ടിവിസ്സ്റ്റുകൾക്കെതിരെ ഉപയോഗിക്കുന്നുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പുതിയ ആയുധങ്ങൾ, ആൾകൂട്ട നിയന്ത്രണത്തിന്റെയും, നിരീക്ഷണത്തിന്റെയും നൂതന സംവിധാനങ്ങൾ എന്നിങ്ങനെ ഇസ്രായേലിന്റെ സർവ്വ മനുഷ്യാവകാശ ലംഘനങ്ങളുടെയും പരീക്ഷണ ഭൂമിയായി ഫലസ്തീൻ തുടരുകയാണ്.

സ്വാഭാവികമായും, തങ്ങളുടെ സ്വാതന്ത്ര്യത്തിനായി ഓൺലൈൻ മാധ്യമങ്ങളിലൂടെ പോരാടുന്ന ഫലസ്‌തീനികൾക്ക് ബാധകമാകുന്ന നിയമങ്ങളൊന്നും, അതേ ഫലസ്‌തീൻ ജനതക്കെതിരായി അക്രമാഹ്വാനം നടത്തുകയും, വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇസ്രായേലുകാർക്ക് ബാധകമാവുന്നതല്ല. കഴിഞ്ഞ ജൂണിൽ ‘ഹംലേ’ പ്രസിദ്ധീകരിച്ച ‘വംശീയതയുടെയും അക്രമാഹ്വാനത്തിന്റെയും സൂചിക’ പ്രകാരം, ഉപരോധിത മേഖലയായ ഗാസ മുനമ്പിലെ ഇസ്രായേൽ യുദ്ധത്തിന്റെയും, അതിനെ തുടർന്ന് 2021 മെയ്‌ മാസത്തിൽ ഫലസ്തീനിലുടനീളം അരങ്ങേറിയ ഫലസ്‌തീൻ വിരുദ്ധ കലാപങ്ങളുടെയും അവസരങ്ങളിൽ, “അറബികൾക്കും ഫലസ്തീനികൾക്കുമേതിരായി ഹിബ്രു ഭാഷയിലുള്ള കലാപാഹ്വാനങ്ങൾ” തൊട്ട് മുമ്പത്തെ വർഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ 15 മടങ്ങ് വർദ്ധനവുണ്ടായിട്ടുണ്ടെന്ന് പ്രസ്താവിക്കുന്നു. ഇതിൽ ഭൂരിഭാഗവും ആരും ശ്രദ്ധിക്കപ്പെടാതെ പോയെന്ന് മാത്രമല്ല, ഇവയൊന്നും നിർദ്ദിഷ്ട ‘ഫേസ്ബുക്ക് നിയമ’ത്തിന്റെയോ, സൈബർ യൂണിറ്റിന്റെ അപകടമായ പ്രവർത്തനങ്ങളുടയോ പരിധിയിൽ വരുന്ന കാര്യങ്ങളുമല്ല. ഫലസ്‌തീൻ- വിരുദ്ധ കലാപാഹ്വാനങ്ങളും, അധിനിവേശ മേഖലകളിൽ ഫലസ്‌തീനികൾക്കെതിരെ ദൈനം ദിനം അരങ്ങേരുന്ന അക്രമങ്ങളുമൊന്നും ഗിഡിയോൺ സാറിനെയും കൂട്ടരേയും അലട്ടുന്ന വിഷയങ്ങളേയല്ല.

അന്താരാഷ്ട്ര സമൂഹത്തിന്റെ കാതടപ്പിക്കുന്ന നിശബ്ദതയുടെ ഫലമായി, ഫലസ്തീനിലെ സൈനിക അധിനിവേശം നിലനിർത്താനും, വംശീയത ഊട്ടിയുറപ്പിക്കാനും, ഫലസ്തീനികളുടെ മേലുള്ള നിയന്ത്രണം എല്ലാ മേഖലകളിലും പൂർണ്ണാർത്ഥത്തിൽ വ്യാപിപ്പിക്കുവാനും ഇസ്രായേലിന് അനുമതി ലഭിച്ചു കഴിഞ്ഞു. എന്നാൽ അധീശത്വത്തിന്റെ ആ നീരാളിക്കരങ്ങൾ ഡിജിറ്റൽ ഇടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഒരിക്കലും അനുവദിച്ചു കൂടാ. ഈ ആഭാസത്തിന് അന്ത്യം കുറിക്കുവാൻ ലോകത്തിന്റെ എല്ലാ കോണിൽ നിന്നുമുള്ള ആക്റ്റീവിസ്റ്റുകളും, പൗരസമൂഹ സംഘടനകളും, സാധാരണക്കാരായ ജനങ്ങളും മുന്നോട്ട് വരേണ്ടതുണ്ട്.

എല്ലാത്തിലുമുപരി പെഗാസസും, ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യയുമെല്ലാം നമുക്ക് നൽകുന്ന പാഠമെന്തെന്നാൽ, സാധാരണയായി ഫലസ്തീനികൾക്ക് മേൽ ആദ്യം പ്രയോഗിക്കുന്ന കാര്യങ്ങളാണ്, പിന്നീട് സാമാന്യവൽക്കരിച്ച് മറ്റിടങ്ങളിലും പ്രയോഗിക്കുന്നത്. അതുകൊണ്ട് തന്നെ, ഫലസ്‌തീൻ ജനതക്ക് മേലുള്ള ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ നാം ചെറുത്തു തോല്പിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം, ലോകത്തിന്റെ ഏത് കോണിലായിരുന്നാലും ശരി, നമ്മളും അത്തരം മനുഷ്യാവകാശ ലംഘനങ്ങൾക്ക് പാത്രമാകേണ്ടി വരും.

വിവ- മുബഷിർ മാണൂർ

Related Articles