Youth

മറ്റു വിഭാഗങ്ങളെ അനുകരിക്കുന്നവര്‍

ഇന്നത്തെ പുതുതലമുറയും യുവതീ-യുവാക്കളും ഏറെ വെമ്പല്‍കൊള്ളുന്നത് ട്രന്‍ഡിനും ഫാഷനും പിന്നാലെ പോകാനാണ്. ഇതില്‍ കൂടുതല്‍ പേരും സിനിമാ ലോകത്തെ അനുകരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എന്നാല്‍ ഇക്കാര്യങ്ങളില്‍ എന്ത് നിലപാടെടുക്കണമെന്ന് ഇസ്‌ലാം വളരെ വ്യക്തമാക്കിയിട്ടുണ്ട്. നബി (സ) പറയുന്നു: ആര്‍ മറ്റുള്ളവരെ അനുകരിക്കുന്നുവോ, അവന്‍ നമ്മുടെ കൂട്ടത്തില്‍ പെട്ടവനല്ല. ജൂതന്മാരോടും ക്രിസ്ത്യാനികളോടും നിങ്ങള്‍ സദൃശ്യരാകരുത്.

ജൂതന്മാരുടെ സലാം കൈവിരല്‍കൊണ്ട് ആംഗ്യം കാണിക്കലും ക്രിസ്ത്യാനികളുടേത് കൈപടം കൊണ്ട് ആംഗ്യം കാണിക്കലുമാണ് എന്ന് ഈ ഹഥീസിന്റെ അവസാനത്തില്‍ കാണാം. തമ്മില്‍ കാണുന്ന അവസരത്തില്‍ പരസ്പര സ്‌നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കാന്‍ ഓരോ മതവിഭാഗക്കാര്‍ക്കും ആദര്‍ശക്കാര്‍ക്കും ചില പ്രത്യേക സമ്പ്രദായങ്ങളുണ്ട്. അവ അവരുടെ ആദര്‍ശത്തിന്റെയും വിശ്വാസസംസ്‌കാരത്തിന്റെയും അടയാളങ്ങളാണ്. മുസ്ലിംകള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ അസ്സലാമു അലൈക്കും(നിങ്ങള്‍ക്ക് രക്ഷയും സമാധാനവും ഉണ്ടാകട്ടെ) എന്നു പ്രാര്‍ത്ഥിക്കാനും അതിനുത്തരമായി വ അലൈക്കുമുസ്സലാം വ റഹ്മത്തുല്ലാഹി വബറകാതുഹു(നിങ്ങള്‍ക്കും രക്ഷയും സമാധാനവും അല്ലാഹുവിന്റെ കരുണയും ലഭിക്കട്ടെ) എന്നു പ്രാര്‍ത്ഥിക്കാനും അന്യോന്യം കൈകൊടുക്കാനുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

ലോകത്ത് ഇന്നു വരെ അറിയപ്പെട്ട എല്ലാ സമ്പ്രദായങ്ങളെക്കാളും അര്‍ത്ഥവത്താണ് ഇസ്ലാമിന്റെ ഈ സമ്പ്രദായമെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇസ്ലാമിക ആദര്‍ശവും സാമൂഹിക ബോധവും ഗുണകാംക്ഷയും ഇസ്ലാമിന്റെ പൊതുസ്വഭാവവും ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് ചിന്തിക്കുന്നവര്‍ക്കറിയാം. രാവിലെ കാണുമ്പോള്‍ അന്‍ഇം സ്വബാഹന്‍(പ്രഭാതത്തില്‍ സുഖം വരട്ടെ)യെന്നും വൈകുന്നേരം ഇന്‍ഇം മസാഅന്‍ എന്നുമാണ് അറബികള്‍ പറഞ്ഞിരുന്നത്. അതിന്റെ നേരെ പരിഭാഷയാണ് ഇംഗ്ലീഷുകാരും അവരുടെ സംസ്‌കാരം സ്വീകരിച്ചവരും ഇന്ന് പറഞ്ഞുവരുന്നത്. എന്നാല്‍ ആ സമ്പ്രദായം എടുത്തുകളഞ്ഞ് പകരം മേല്‍പറഞ്ഞ സമ്പ്രദായം ഇസ്ലാം സ്ഥാപിച്ചത് തികച്ചും ഉദ്ദേശ്യപൂര്‍വമാണ്. എന്നിട്ടും മറ്റുള്ളവരുടെ സമ്പ്രദായങ്ങള്‍ തന്നെ മുസ്ലിംകള്‍ സ്വീകരിക്കയാണെങ്കില്‍ അതൊരു ചെറിയ കാര്യമല്ലെന്നു തീര്‍ച്ച. കാരണം,ആദര്‍ശത്തോടും വിശ്വാസത്തോടും ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വില കല്‍പിക്കാതിരിക്കാന്‍ ആദര്‍ശവാദികള്‍ക്കൊരിക്കലും സാധ്യമല്ല. കമ്യൂണിസ്റ്റുകാരന്‍ ത്രിവര്‍ണ പതാകയും കോണ്‍ഗ്രസുകാരന്‍ ചെങ്കൊടിയും ഇഷ്ടപ്പെടുമോ ?.

ഒരാളുടെ മുമ്പില്‍ രണ്ട് സമ്പ്രദായങ്ങളുണ്ടെന്നിരിക്കട്ടെ. അതില്‍ ഒന്ന് മാത്രമാണ് അയാള്‍ സ്വീകരിക്കുന്നതെങ്കില്‍ അതിനോടാണ് അയാള്‍ക്ക് കൂടുതല്‍ സ്‌നേഹവും ബഹുമാനവുമെന്നത് വ്യക്തമാണ്. ഇസ്ലാമിക സമ്പ്രദായങ്ങള്‍ മുന്‍പിലുണ്ടായിരിക്കെ ഒരാള്‍ അനിസ്ലാമിക സമ്പ്രദായങ്ങള്‍ സ്വീകരിക്കുന്നുവെങ്കില്‍ ഇസ്ലാമിക സമ്പ്രദായങ്ങളോടുള്ള വെറുപ്പും അവജ്ഞതയും അനിസ്ലാമിക സമ്പ്രദായങ്ങളോടുള്ള സ്‌നേഹവുമാണതിനു കാരണം.

ഇസ്ലാമിനോട് സ്‌നേഹവും കൂറുമുള്ള ഒരാള്‍ക്കും അത് സാധ്യമല്ലെന്നതാണ് വാസ്തവം. ഇസ്ലാമിക മര്യാദകള്‍ മുറുകെപ്പിടിക്കാനും അനിസ്ലാമിക ആദര്‍ശക്കാരുടെ അടയാളങ്ങള്‍ സ്വീകരിക്കാതിരിക്കാനും ഇസ്ലാം ശക്തിയായി കല്‍പിക്കുന്നതിന്റെ അര്‍ത്ഥമതാണ്. കാവി വസ്ത്രം ധരിക്കുന്നതും പൂണൂലിടുന്നതും താടി വടിക്കുന്നതും മീശ കണക്കിലേറെ വളര്‍ത്തുന്നതും അതുപോലുള്ള കാര്യങ്ങളും ഇസ്ലാം കഠിനമായി വെറുക്കാനുള്ള കാരണവും ഇതുതന്നെ.

താടിയിലും മുടിയിലും വസ്ത്രങ്ങളിലുമാണോ ഇസ്ലാം എന്ന് ചിലര്‍ ചോദിക്കാറുണ്ട്. കൊടിയിലും ബാഡ്ജിലുമാണോ രാഷ്ട്രീയ ദര്‍ശനങ്ങള്‍ എന്ന് അവര്‍ ചിന്തിക്കുന്നില്ല. സംസ്‌കാരങ്ങളും സമ്പ്രദായങ്ങളും മുളച്ചുവരുന്നത് മനസ്സില്‍ നിന്നാണ്. അവ പുറമെ മാത്രമുള്ള കാര്യങ്ങളാണെന്ന് വിചാരിക്കുന്നത് തികച്ചും അബദ്ധമാകുന്നു. അതിനാല്‍ ഇസ്ലാമിനെ സംബന്ധിച്ച് അഭിമാനമുള്ളവരില്‍ ഇസ്ലാമിക സമ്പ്രദായങ്ങള്‍ പ്രത്യക്ഷപ്പെടുമെന്നതില്‍ സംശയമില്ല. ഈ പരമാര്‍ത്ഥമാണ് മുകളിലെ ഹദീസ് ചൂണ്ടിക്കാണിക്കുന്നത്.

അവലംബം: ഹഥീസ് ഭാഷ്യം (ടി ഇസ്ഹാഖലി)

Facebook Comments
Related Articles
Close
Close