Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ സ്വാതന്ത്ര്യം വിമോചനം- സമരങ്ങളിലെ സ്ത്രീപങ്കാളിത്തം

സമരമുഖത്തെ സ്ത്രീകളുടെ സജീവമായ പങ്കാളിത്തം അതിന്റെ ലക്ഷ്യ പൂർത്തീകരണത്തിന് സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. മാത്രമല്ല, സ്ത്രീകൾക്ക് തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള വിശാലമായൊരു ജാലകം കൂടിയാണത്. ഇത്തരം രംഗപ്രവേശനങ്ങളിലൂടെ രാഷ്ട്രീയരംഗത്തും സാമൂഹികരംഗത്തും നിലയുറപ്പിക്കാൻ അവർക്ക് സാധിക്കുന്നു. എറിക്ക ചെനോവയുടെ 1945 മുതൽ 2014 വരെയുള്ള വിപ്ലവങ്ങളുടെ ഗവേഷണപഠനങ്ങൾ, സ്ത്രീപങ്കാളിത്തം അക്കാലത്ത് നടന്ന വിപ്ലവങ്ങളുടെ വിജയസാധ്യത വർദ്ധപ്പിച്ചതായി അടയാളപ്പെടുത്തുന്നുണ്ട്. ഒപ്പം തന്നെ, ഇത്തരം സ്ത്രീശബ്ദങ്ങൾ ഏകാധിപത്യ ഭരണകൂടങ്ങൾക്ക് ഭീഷണിയായി നിലനിൽക്കുന്നുവെന്നതും ഒരു സത്യമാണ്. ഒരു ജനാധിപത്യരാഷ്ട്രത്തിന്റെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ മൂലധനത്തെ വളർത്തി വലുതാക്കുന്നതിനുള്ള പ്രധാന ഘടകം കൂടിയാണത്.

കാരണം,സ്ത്രീസമൂഹത്തിന്റെ ഇത്തരം ഇടപെടലുകൾ കുടുംബകങ്ങളിലും സമൂഹത്തിലും ശക്തമായ സ്വാധീനം ചെലുത്തും. കൂടാതെ സ്ത്രീ കാമ്പയ്നുകൾക്ക് കൂടുതൽ പ്രതിരോധ ശേഷിയുണ്ട്. ഇത്തരം ഊർജ്ജസ്വലരായ സ്ത്രീ കൂട്ടായ്മകളിൽ നിന്നാണ് പക്വമായ സമുദായം സൃഷ്ടിക്കപ്പെടുക. കർഷകപ്രക്ഷോഭകാലത്തും മറ്റും ഇറാഖി സ്ത്രീകൾ സമരമുഖത്ത് ഭക്ഷണം പാകംചെയ്തും മറ്റും സാമൂഹിക പ്രതിഷേധങ്ങൾ വ്യത്യസ്ത രീതികളിൽ പ്രയോഗിച്ചിരുന്നു . അത്തരത്തിൽ, 2020-ലും 2021-ലുമായി ഇന്ത്യയിലും കർഷകസമരകാലത്തും അതിന് മുമ്പും വിവിധ രീതിയിൽ സ്ത്രീസമൂഹം തങ്ങളുടേതായ ഇടം അടയാളപ്പെടുത്തിയിരുന്നു.

പുരുഷാധിപത്യം വർധിച്ചുവരുമ്പോൾ സ്ത്രീ സമത്വത്തിൽ ഗണ്യമായ ഇടിവുണ്ടാകുന്നത് യാദൃശ്ചികമല്ല. സ്ത്രീകളുടെ പൗരാവകാശങ്ങളും ജനാധിപത്യവും കൈകോർത്ത് നടക്കുന്നുണ്ടെന്ന് രാഷ്ട്രീയ ശാസ്ത്രജ്ഞർ പണ്ടേ നിരീക്ഷിക്കുന്നുണ്ട്, എന്നാൽ ആദ്യത്തേത് രണ്ടാമത്തേതിന്റെ മുൻവ്യവസ്ഥയാണെന്ന് മനസ്സിലാക്കാൻ അവർ തയ്യാറാവുന്നില്ല.

ജനാധിപത്യത്തോട് കൂറ് പുലർത്തുന്ന ഓരോരുത്തരും ലിംഗവിവേചനവും ജനാധിപത്യ പിന്നോക്കാവസ്ഥയും തമ്മിലുള്ള ബന്ധം മനസ്സിലാക്കേണ്ടതുണ്ട്. വ്യക്തമായും, സ്ത്രീകളുടെ രാഷ്ട്രീയ ആക്ടിവിസം ജനാധിപത്യത്തെ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്, ഇത് സ്വേച്ഛാധിപതികളായ ഭരണാധികാരികൾ മനസ്സിലാക്കുകയും സ്ത്രീ ശാക്തീകരണം അവരുടെ ഭയത്തിന് ആക്കം കൂട്ടുകയുമുണ്ടായി.

സ്ത്രീകളുടെ സുശക്തമായ മുൻനിര പങ്കാളിത്തം സമത്വ ജനാധിപത്യത്തിന്റെ കെട്ടുറപ്പുമായി ബന്ധമുള്ളതായി വിവിധ റിപ്പോർട്ടുകൾ പറയുന്നുമുണ്ട്. സ്ത്രീകളെ നിയന്ത്രിക്കാൻ കഴിയാത്തവർ യഥാർത്ഥ പുരുഷന്മാരല്ല എന്നതാണ് പുരുഷാധിപത്യ കാഴ്ചപ്പാട്. ഈ ചിന്താധാര സ്ത്രീകളുടെ അവകാശങ്ങളെ തല്ലിക്കെടുത്തും, നേടിയെടുത്ത ഉയർച്ചയുടെ പടവുകളിലെ അടിക്കല്ലിളക്കും. അതിനാൽ വർഗ വംശ ലിംഗഭേദമില്ലാതെ സ്ത്രീസമത്വത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കും അതിന് വേണ്ടിനിലകൊള്ളുന്ന പ്രസ്ഥാനങ്ങൾക്കും മാത്രമാണ് സ്ഥായിയായ മാറ്റം കൊണ്ടുവരാനാവുക.

പ്രതിഷേധങ്ങൾ സ്ത്രീകളുടെ അവകാശങ്ങളിലും ആവശ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ,മാറ്റത്തിനുള്ള ആഹ്വാനങ്ങൾ സർവ്വകലാശാല വിദ്യാർത്ഥികൾ, തൊഴിലാളി യൂണിയനുകൾ, വംശീയ ന്യൂനപക്ഷ ഗ്രൂപ്പുകൾ എന്നിവയുൾപ്പെടെയുള്ള ഇറാനിയൻ പൊതുജനങ്ങളിൽ നിന്ന് പ്രതിധ്വനിക്കുന്നുണ്ട്.

ഇറാനിയൻ പ്രക്ഷോഭത്തിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവ് അവരുടെ രാഷ്ട്രീയ സമാഹരണത്തിന്റെ മുൻകാല സ്ഥിതിഗതികളിൽ നിന്ന് അതിനെ വ്യത്യസ്തമാക്കുന്നു. മിഡിൽ ഈസ്റ്റിലെ സമീപകാല ബഹുജന പ്രസ്ഥാനങ്ങളിൽ നിന്ന് തന്നെ വേറിട്ട് നിൽക്കുന്നതാണത്.

2010-2011 ലെ അറബ് വസന്തം മുതൽ 2019 സുഡാൻ വിപ്ലവം വരെ, യുവാക്കളുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടുകയുണ്ടായി. ഇറാനിൽ, വംശീയ ന്യൂനപക്ഷത്തിൽപ്പെട്ട ഒരു യുവതിയുടെ മരണത്തെത്തുടർന്ന് രാജ്യവ്യാപകമായി ഒരു പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്നത് പ്രദേശത്തിന്റെ സമീപകാല ചരിത്രത്തിൽ ഇതാദ്യമായാണ്.

വിമോചന സമരമുഖത്ത് സർക്കാർ നയങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെടുക മാത്രമല്ല, സ്ത്രീകൾ എന്ന നിലയിൽ അവരുടെ സംഘടിത പ്രതിഷേധത്തിലൂടെ, അവർ രാഷ്ട്രീയത്തിലും സമൂഹത്തിലും തുല്യതയുടെ ദർശനങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു.

ക്രമേണ സമരമുഖത്തെ സ്ഥിരസാന്നിധ്യമായി മാറുന്ന പെൺമുഖങ്ങൾ, കാലാന്തരാങ്ങളായി നിലനിന്ന പൊതു-രാഷ്ട്രീയ മണ്ഡലങ്ങളിലെ ലിംഗ ശ്രേണിയെ വെല്ലുവിളിക്കുകകൂടിയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ അടയാളപ്പെടുത്തുന്നു. കൂടാതെ, പ്രതിഷേധങ്ങളിലെ ആക്ടിവിസവും നേതൃത്വവും ഈ സ്ത്രീകളെ റോൾ മോഡലുകളായി ഉയർത്തിക്കാട്ടുകയും യുവസമൂഹത്തെ കൂടുതൽ സമത്വത്തിലേക്ക് നയിക്കുകയും ചെയ്യും.

സ്ത്രീസമരങ്ങൾ ആൺകുട്ടികളേക്കാൾ ശക്തമായി പെൺകുട്ടികളുടെ ലിംഗ മനോഭാവത്തെ സ്വാധീനിക്കുന്നുവെന്ന് ഫീൽഡ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നുണ്ട്. പ്രതിഷേധ രാഷ്ട്രീയത്തിൽ സ്ത്രീ സമത്വത്തിന്റെ മാതൃകകളായി നിലനിൽക്കുന്ന സ്ത്രീകൂട്ടായമകളോട് അനുകൂല സമീപനം പുലർത്തുന്നത് സ്വാഭാവികമായും ലിംഗസമത്വത്തിലേക്ക് നയിക്കും എന്ന്കൂടി മനസ്സിലാക്കണം.

ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം ഇങ്ങനെ മനസ്സിലാക്കാം, വലിയ അളവിൽ ലിംഗ അസമത്വമുള്ള രാജ്യങ്ങളിൽ സ്ത്രീകൾ തങ്ങളുടെ പ്രതിഷേധം കൂടുതൽ പരമ്പരാഗത മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയേക്കാം, അത് വിശാലമായ ഒരു ജനവിഭാഗത്തിലേക്ക് എത്തിക്കാനുള്ള വഴിയൊരുക്കും. അവിടെയാണ് സ്ത്രീ വിമോചനത്തെ പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരിക/മത വ്യവഹാരങ്ങളുടെ പ്രാധാന്യം. എന്നിരുന്നാലും, അത് ഒരു സാഹചര്യത്തിലും രാഷ്ട്രീയ പ്രസ്ഥാനമാവരുത് എന്നാണ് എന്റെ പക്ഷം. രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പിന്തുണക്കുക എന്നതാവണം അവയുടെ അടിസ്ഥാന ധർമ്മം, മറിച്ചാവരുത്.

വിവ. ഫഹ്മിദ സഹ്റാവിയ്യ

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles