Current Date

Search
Close this search box.
Search
Close this search box.

നിഖാബ് നിർബന്ധമാണോ?

മതത്തിന്റെ ചട്ടക്കൂടിനുള്ളിൽ വിധിവിലക്കുകളും മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ട്. പണ്ഡിതസമൂഹം മതനിയമങ്ങളെ വ്യാഖ്യാനിക്കുകയും അതിനെ കൃത്യമായി ചിട്ടപ്പെടുത്തുകയും ചെയ്യുന്നു. ഓരോ നിയമങ്ങളെ കുറിച്ചും കൃത്യമായ ചർച്ച ഇസ്ലാമിക ലോകത്ത് വിവിധ കാലഘട്ടങ്ങളിലായി നടന്നിട്ടുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ച് അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും ഓരോ വിഷയങ്ങളിലും ഉടലെടുക്കുന്നു. മതബോധവും ആത്മാർത്ഥതയും ചിലപ്പോൾ ഭിന്നതയുടെ ഹേതുവാകുന്നു. അഥവാ ഓരോരുത്തരും തന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നത് തന്റെ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ്. ഓരോ കക്ഷിയെയും സംബന്ധിച്ച് തന്റെ അഭിപ്രായം ശരിയാണ്.

ഓരോ മതനിയമങ്ങളിലും അതിന്റെ തെളിവുകൾ വ്യാഖ്യാനിക്കുന്നതിലും അതിനെ സ്ഥിരപ്പെടുത്തുന്നതിലും പണ്ഡിതർ തമ്മിൽ കാതലായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നു. തെളിവ് സ്വീകരിക്കുന്നിടത്ത് ഓരോ വ്യക്തിയുടെയും തന്റെ കഴിവനുസരിച്ചു അത് വ്യത്യാസപ്പെട്ടിരിക്കുന്നു.

ഇബ്നു ഉമറിന്റെ നിഷ്കർഷയോടെ മതനിയമങ്ങളെ സമീപിക്കുന്ന ജനങ്ങളും ഇളവുകൾ ഉപയോഗപ്പെടുത്തി ഇബ്നുഅബ്ബാസ് തങ്ങളുടെ വഴി പിന്തുടരുന്ന ജനങ്ങളും ഉണ്ടായത് അങ്ങനെയാണ്. അപ്പോൾ അവരിൽ വഴിയിൽവെച്ച് നമസ്കരിക്കുന്നവരും ബനീ ഖുറൈളയിൽ എത്തിയിട്ടല്ലാതെ അസർ നിസ്കരിക്കാത്തവരും ഉണ്ടാകുന്നു.

അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് ഏത് വിധേനെയും ഉമ്മത്തിന് ഗുണകരമാണ്. മതത്തിന്റെ പരിസരത്തെ അത് കൂടുതൽ വിശാലമാകുന്നു.

സ്വഹാബത്തിന്റെ കാലം മുതൽക്കെ മുഖവും മുൻകയ്യും വെളിവാക്കുന്നതിനെ അനുവദിച്ച് കൊണ്ടും നിഖാബ് നിർബന്ധമില്ലെന്നും പണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രായമുണ്ട്.

മദ്ഹബുകളുടെ അഭിപ്രായത്തിലെ ഏകീകരണവും ഭിന്നതകളും ഓരോന്നായി ചർച്ച ചെയ്യാം.

ഹനഫി മദ്ഹബ് : ഹനഫീ കിതാബുകളിൽ പ്രധാനപ്പെട്ട അൽ ഇഖ്ത്തിയാർ എന്ന ഗ്രന്ഥത്തിൽ പറയുന്നു: മുഖവും മുൻകൈയും ഒഴിച്ച് സ്വതന്ത്രയായ അന്യസ്ത്രീലേക്ക് നോക്കൽ അനുവദനീയമല്ല, വികാരവിചാരങ്ങളെ അവൻ ഭയക്കുന്നില്ലെങ്കിലും ശരി.
എന്നാൽ ഉപജീവനത്തിനുവേണ്ടി ജോലിചെയ്യാനും ഉപകാരപ്രദമായ വിഷയങ്ങൾ പഠിക്കാനും മതം അവൾക്ക് അനുവാദം നൽകുന്നുണ്ട്.
അബു ഹനീഫ പറയുന്നു: സ്വയമേവ വെളിവാക്കുന്നത് ഒഴിച്ചുള്ള അലങ്കാരം എന്ന ഖുർആനിക വാക്കാണ് ഇതിന്റെ അടിസ്ഥാനം.
നടക്കുമ്പോൾ വെളിവാകും എന്ന കാരണത്താൽ കാല് ഔറത്തിൽ പെട്ടതല്ല എന്ന് അഭിപ്രായവുമുണ്ട്.

മാലികി മദ്ഹബ് : അക് റബിൽ മസാലിക്ക് ഇല മദ്ഹബി മാലിക് എന്ന ഗ്രന്ഥത്തിൽ പറയുന്നു : അന്യപുരുഷന്റെ അടുക്കൽ സ്വതന്ത്രയായ സ്ത്രീയുടെ ഔറത്ത് മുഖവും മുൻകൈയും ഒഴിച്ചുള്ള മുഴുവൻ ശരീരഭാഗങ്ങളും ആണ്.

ഇമാം സ്വാവി തന്റെ ഹാഷിയയിൽ പറയുന്നു : അപ്പോൾ ദുരുദ്ദേശങ്ങളില്ലാതെ മുഖവും രണ്ടു മുൻകൈയും വെളിവാക്കൽ അനുവദനീയമാണ്. എന്നാൽ ഏതെങ്കിലും വിധേന പ്രശ്നങ്ങൾക്ക് സാധ്യതയുള്ള ഘട്ടങ്ങളിൽ മുഖവും മുൻകൈയും തുറന്നിടൽ നിഷിദ്ധവുമാണ്.

ശാഫി മദ്ഹബ്: ഇമാം ശീറാസി പറയുന്നു: സ്ത്രീയുടെ ശരീരം മുഴുവൻ ഔറത്താണ്; മുഖവും മുൻകൈയും ഒഴിച്ച്. സ്വയം വെളിവാകുന്ന ഭാഗങ്ങൾ ഒഴിച്ചുള്ള അലങ്കാരം എന്ന ഖുർആനിക വചനത്തെ വ്യാഖ്യാനിച്ചു കൊണ്ട് ഇബ്നുഅബ്ബാസ് പറഞ്ഞത് അത് സ്ത്രീയുടെ മുഖവും മുൻകൈയും ആണെന്നാണ്. പ്രവാചകൻ മഹ്റമായ സ്ത്രീകളെ കയ്യുറകളും മുഖംമൂടിയും ധരിക്കുന്നത് നിരോധിച്ചിരുന്നു എന്ന് ഇബ്നുഅബ്ബാസ് ഈ വ്യാഖ്യാനത്തെ ചേർത്തി കൊണ്ട് ഇമാം ബൈഹഖി രേഖപ്പെടുത്തിയ ഒരു ഹദീസ് സ്വഹീഹുൽ ബുഖാരിയിൽ കാണാം.

ഇബ്നു ഉമർ റിപ്പോർട്ട് ചെയ്യുന്നു: മഹ്റം ആയവർ മുഖംമൂടി ധരിക്കുകയോ കയ്യുറകൾ ഉപയോഗിക്കുകയോ അരുത്. നിഷിദ്ധമായത് വല്ലതും സംഭവിക്കും എന്നിരിക്കെ മുഖവും മുൻകൈയും ഔറത്ത് ആയി പരിഗണിച്ച് മറക്കൽ നിർബന്ധവുമാണ്. എന്നാൽ കച്ചവടാവശ്യാർത്ഥം അവൾക്ക് അത്യാവശ്യമാകുന്നിടത്ത് മുഖവും മുൻകൈയും വെളിവാക്കൽ അനുവദനീയവുമാണ്.

സ്ത്രീയുടെ പാദങ്ങൾ ഔറത്ത് ആയി പരിഗണിക്കേണ്ടതില്ല എന്ന് അഭിപ്രായപ്പെട്ട ഇമാമുമാരിൽ ഒരാളാണ് ഇമാം മുസ്നി.

ഹമ്പലി മദ്ഹബ്: ഇബ്നു ഖുദാമ എന്ന പണ്ഡിതൻ പറയുന്നു: നിസ്കാരത്തിൽ മുഖവും മുൻകൈയും ഒഴിച്ചുള്ള ബാക്കിയുള്ള എല്ലാ ശരീര ഭാഗങ്ങളും മറക്കണമെന്ന് സ്ത്രീയെ സംബന്ധിച്ചിടത്തോളം നിർബന്ധമാണെന്ന സ്ഥിതിക്ക് മറ്റു സമയങ്ങളിലും മുഖവും മുൻകൈയും വെളിവാക്കുന്നതിനോട് അവൾക്ക് വിരോധമില്ല. മുഖംപോലെ തന്നെ സാധാരണയായി വെളിവാക്കപ്പെടുന്ന ഒന്നാണ് കാൽപാദങ്ങൾ എന്ന സ്ഥിതിക്ക് അവ ഔറത്ത് ആയി പരിഗണിക്കേണ്ടതില്ല എന്ന അഭിപ്രായക്കാരനാണ് അബൂ ഹനീഫ ഇമാം.

എന്നാൽ ചില പണ്ഡിതന്മാർക്ക് സ്ത്രീ മുഴുവൻ ഔറത്താണ് എന്ന് അഭിപ്രായമുണ്ട്. സ്ത്രീ ഔറത്താണ് എന്ന പ്രവാചക വചനത്തിൽ അടിസ്ഥാനമാക്കി കൊണ്ടാണ് ഈ വാദം. എന്നാൽ മുഖവും മുൻകൈയും അവ മുടി വെക്കൽ സാധാരണഗതിയിൽ അവളെ ബുദ്ധിമുട്ടാകും എന്ന കാരണത്താൽ അവൾക്ക് ഇളവ് നൽകപ്പെട്ടതാണ് ഇമാം തുർമുദി റിപ്പോർട്ട് ചെയ്തതായി കാണാം.

മുഖവും മുൻകൈയും വെളിവാക്കാനനുവദിക്കുന്ന തെളിവുകൾ

നിഖാബ് നിർബന്ധമില്ലെന്നും മുഖവും മുൻകൈയും സ്ത്രീക്ക് വെളിവാക്കാമെന്നും അഭിപ്രായപ്പെടുന്ന ബഹുഭൂരിഭാഗം പണ്ഡിതന്മാർ മുന്നോട്ടുവെക്കുന്ന തെളിവുകളെ പരിശോധിക്കാം..

സൂറത്തുന്നൂറിലെ സ്വയം വെളിവാകുന്നത് ഒഴിച്ചുള്ള സ്ത്രീയുടെ അലങ്കാരങ്ങൾ ഒന്നും അവർ വെളിവാക്കരുത് എന്ന ഖുർആനിക വചനത്തിന് അടിസ്ഥാനപ്പെടുത്തി കൊണ്ട് സ്വാഭാവികമായും വെളിവാക്കുന്ന എന്നതുകൊണ്ട് ഉദ്ദേശിച്ചത് മുഖവും രണ്ടു മുൻകൈയും ആണെന്നും ആ ഭാഗത്ത് ഉപയോഗിക്കുന്ന സുറുമയും മോതിരവും ആണെന്നും അഭിപ്രായമുണ്ട്.

ഇമാം സുയൂത്വി തന്റെ അദുറുൽ മൻസൂർ ഫി തഫ്സീരി ബിൽ മഅ്സൂർ എന്ന ഗ്രന്ഥത്തിൽ വ്യക്തമായി ഈ വാദങ്ങളെ വിശദീകരിക്കുന്നുണ്ട്.

ഇബ്നുഅബ്ബാസ് അഭിപ്രായത്തിൽ മേലുദ്ധരിച്ച ഖുർആനിക വാക്യം കൊണ്ട് സുറുമയും മോതിരവും മാലയും മൂക്കുത്തിയുമെല്ലാം ഉൾപ്പെടുമെന്ന് അഭിപ്രായമുണ്ട്.

ആയിഷ ബീവിയോട് ഒരിക്കൽ ബാഹ്യമായ അലങ്കാരങ്ങളെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ മുഖവും, തന്റെ ഉള്ളം കൈകൾ ചേർത്തുവച്ചുകൊണ്ട് മുൻകൈയും ആണെന്നാണ് ബീവി മറുപടി കൊടുത്തത്. ബീവി പറയുന്നു, പ്രവാചകന്റെ സന്നിധിയിലേക്കൊരിക്കൽ എന്റെ ഉമ്മയുടെ സഹോദരിയുടെ മകൾ കടന്നുവരികയിണ്ടായി, നബി തങ്ങളുടനെ മുഖം തിരിച്ച് കളഞ്ഞു. ഞാനന്നേരം അതെന്റെ ബന്ധുവാണെന്ന് ഓർമപ്പെടുത്തി, അന്നേരം അവിടുന്നിങ്ങനെ പ്രതിവചിച്ചു, മുഖവും തന്റെ കണങ്കൈ പിടിച്ച് മുൻകയ്യുമൊഴിച്ച് മറ്റെവിടെയും വെളിവാക്കൽ സ്ത്രീക്കനുവദനീയമല്ല.

മേൽപറഞ്ഞ എല്ലാ അഭിപ്രായങ്ങളോടും എതിരായി കൊണ്ട് പുറമെയുള്ള അലങ്കാരമെന്നതിന് ഇബ്നു മസ്ഊദ് നൽകിയ വിശദീകരണം അത് വസ്ത്രവും മുഖമക്കനയും ആണെന്നാണ്. എന്നാൽ പൊതുവിൽ അഭിപ്രായങ്ങളിൽ ഇബ്നുഅബ്ബാസ് തങ്ങളുടെ വിശദീകരണത്തിനാണ് മുൻഗണന. ഭംഗി വെളിവാക്കരുത് എന്ന ഖുർആനിക വചനത്തിൽ നിരോധനത്തിനു ശേഷം അതിൽ നിലനിൽക്കുന്ന ഇളവിനെയാണ് സൂചിപ്പിക്കുന്നത്. മറിച്ച് വസ്ത്രം, മുഖം പോലുള്ളവ സ്വാഭാവികമായും പുറത്തു കാണുന്ന ഒന്നാണ് അത് മറച്ചുവെക്കാൻ സാധ്യമല്ല.

അതിനാൽ തന്നെ ഇമാം ത്വബരി, ഖുർത്വുബി റാസി എന്നിങ്ങനെയുള്ള പണ്ഡിതന്മാരെല്ലാം ഇബ്നുഅബ്ബാസ് തങ്ങളുടെ അഭിപ്രായത്തിനാണ് മുൻഗണന നല്കിയിട്ടുള്ളത്.

മക്കന മുഖത്തേക്ക് അല്ല, മറിച്ച് മാറിലേക്ക് താഴ്ത്തിയിടാനുള്ള കല്പനയാണ് മറ്റൊരു തെളിവ്.

വിശ്വാസികളുടെ വിഷയത്തിൽ അവർ തങ്ങളുടെ തട്ടം അവരുടെ മാറിലേക്ക് താഴ്ത്തി ഇടട്ടെ എന്ന് ഖുർആനിക വചനം പരിശോധിച്ചാൽ,, തട്ടം എന്നർത്ഥം വരുന്ന അറബി പദമാണ് ഖിമാറ് തല മറക്കുന്ന വസ്ത്രം എന്നാണ് അതുകൊണ്ടുള്ള വിവക്ഷ, ഖുർആനിക വചനത്തിൽ ഉദ്ധരിക്കുന്ന ജൈബ് എന്ന അറബി പദം ഉദ്ദേശിക്കുന്നത് നീളൻ കുപ്പായത്തിന്റെ നെഞ്ചിനോട് ചേർന്നുനിൽക്കുന്ന ഭാഗമാണ്.

അതായത് മാറിടത്തിലേക്ക് വിശ്വാസികളോട് തങ്ങളുടെ ശിരോ വസ്ത്രത്തെ താഴ്ത്തി ഇടാനും അങ്ങനെ തോളുകളും നെഞ്ചു മറക്കാനും ആണ് ഖുർആനിക കൽപന.

മുഖം മറക്കൽ നിർബന്ധമായിരുന്നു എങ്കിൽ മുഖത്തേക്ക് ശിരോവസ്ത്രം താഴ്ത്തിയിടണം എന്ന രൂപത്തിൽ ഈ ആയത്തിൽ തന്നെ അത് വ്യക്തമാക്കാമായിരുന്നു. ഇബ്നു ഹസം എന്നവർ ഈ ആയത്ത് ഉദ്ധരിച്ചുകൊണ്ട് പറയുന്നു: ഈ ആയത്തിന്റെ വിവക്ഷ സ്ത്രീയോട് തന്റെ കഴുത്തും നെഞ്ചും ഔറത്തായി പരിഗണിച്ച് മറക്കണമെന്നതാണ്, കൂടാതെ ഇത് മുഖം വെളിവാക്കാൻ അനുമതി നൽകുന്ന ഒന്നു കൂടിയാണ്.

മൂന്നാമതായി, ഖുർആനിലും ഹദീസിലുമായി പുരുഷൻമാരോട് തങ്ങളുടെ കണ്ണുകളെ താഴ്ത്തി വെക്കാൻ മതം അനുശാസിക്കുന്നുണ്ട്. സൂറത്തുന്നൂറിലെ മുപ്പതാമത്തെ വചനത്തിൽ അല്ലാഹു പറയുന്നു: “ഓ നബിയേ തങ്ങളുടെ ദൃഷ്ടികൾ താഴ്ത്താനും ഗുഹ്യഭാഗങ്ങൾ കാത്തുസൂക്ഷിക്കാനും സത്യവിശ്വാസികളോട് താങ്കൾ അനുശാസിക്കുക അതവർക്ക് ഏറ്റവും പവിത്രമായതത്രേ, അവരുടെ ചെയ്തികളെക്കുറിച്ച് സൂക്ഷ്മ ജ്ഞാനിയാണ് അല്ലാഹു”

ആറ് കാര്യങ്ങളെ കൊണ്ട് നിങ്ങൾ എനിക്ക് ജാമ്യം, എന്നാൽ സ്വർഗ്ഗം കൊണ്ട് ഞാൻ നിങ്ങൾക്ക് ജാമ്യം നിൽക്കുമെന്ന് പ്രവാചകൻ ഉണർത്തിയ ആറ് കാര്യങ്ങളിൽ ഒന്നാണ് കണ്ണുകളെ താഴ്ത്തുക എന്നത്.

സ്ത്രീകളോട് മുഖം മറക്കാനുള്ള കല്പന ഉണ്ടെങ്കിൽ പുരുഷന്മാരോട് കണ്ണുകളെ താഴ്ത്താൻ കൽപ്പിക്കുന്നത് അസ്ഥാനത്താവും.

ഇതുകൂടാതെ പൊതുജനങ്ങളുമായി സമീപിക്കുമ്പോൾ സ്ത്രീക്ക് ഉപജീവനമാർഗ്ഗം ഇതിനുവേണ്ടിയോ അല്ലാതെയോ നിർബന്ധിതാവസ്ഥയിൽ കച്ചവട ആവശ്യാർത്ഥം ഇടപാടുകൾ നടത്താനും സാക്ഷി നിൽക്കുവാനും മുഖം വെളിവാക്കാൻ അത്യാവശ്യമായി വരുന്നു.

നിഖാബ് നിർബന്ധമാണെന്ന വാദത്തിന്റെ തെളിവുകൾ

എതിരഭിപ്രായങ്ങളിൽ നിന്ന് മുക്തമായി കൊണ്ട് തീർത്തും മുഖം മറക്കൽ നിർബന്ധമാണെന്ന് നിഷ്കർഷിക്കുന്ന പണ്ഡിതരില്ലെന്നതാണ് വാസ്തവം.

സൂറത്തുൽ അഹ്സാബിലെ “ആയത്തുൽ ജിൽബാബ്”അഥവാ മുഖംമൂടിയുടെ വചനം എന്ന് വിശേഷിപ്പിച്ച ആയത്താണ് പ്രധാനമായും ഈ വാദത്തിന് തെളിവായിട്ടുള്ളത്.

അല്ലാഹു പറയുന്നു: “നബിയേ, സ്വപത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസിനികളായ വനിതകളോടും തങ്ങളുടെ മൂടുപടങ്ങൾ താഴ്ത്തിയിടാൻ അങ്ങ് അനുശാസിക്കുക തിരിച്ചറിയപ്പെടാനും അലോസരം ചെയ്യപ്പെടാതിരിക്കാനും അവർക്കതാണ് അനുയോജ്യം. ഏറെ പൊറുക്കുന്നവനും കരുണാമയനുമാണ് അല്ലാഹു.”

സ്വയമേവ വെളിവായത് അല്ലാത്ത അലങ്കാരങ്ങൾ ഒന്നും അവർ വെളിവാക്കരുത് എന്ന ഖുർആനിക വചനത്തിൽ വ്യാഖ്യാനമായി തങ്ങൾ കൊണ്ടുവന്ന വിശദീകരണമാണ് രണ്ടാമതായുള്ള തെളിവ്. അദ്ദേഹം പറയുന്നു : വെളിവാകുന്ന ഒന്ന് എന്നതിൽ സാധാരണയായി അവൾ ധരിക്കുന്ന വസ്ത്രവും തട്ടവും ആണ് എന്നാണ് അദ്ദേഹം ആയതിനു നൽകുന്ന വിവക്ഷ.

നിങ്ങൾ അവരോട് (നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കിൽ നിങ്ങൾ അവരോട് മറയുടെ പിന്നിൽനിന്ന് ചോദിച്ചുകൊള്ളുക അതാണ് നിങ്ങളുടെ ഹൃദയങ്ങൾക്കും അവരുടെ ഹൃദയങ്ങൾക്കും കൂടുതൽ സംശുദ്ധമായിട്ടുള്ളത്. എന്ന് സൂറത്തുൽ അഹ്സാബിലെ അമ്പത്തി മൂന്നാമത്തെ വചനമാണ് അത്.

സംശുദ്ധമായ എന്ന പദത്തിന് ഇവിടെ അർത്ഥം നൽകപ്പെട്ടത് സ്വഹാബത്തിനെ ഭാഗത്തുനിന്നോ പ്രവാചക പത്നിമാരുടെ പക്കൽനിന്നോ എന്തെങ്കിലും സംശയത്തിന്റെയോ ചാഞ്ചാട്ടത്തിന്റെയോ വലയത്തിൽ നിന്ന് ശുദ്ധമായത് എന്നല്ല, മറിച്ച് പ്രവാചകന്റെ പത്നിമാരെ റസൂലിന്റെ കാലശേഷം വിവാഹം ചെയ്യുന്നത് അനുവദനീയമല്ല എന്ന് വിധി പ്രസ്താവനയുടെ സാഹചര്യത്തിലാണ്.

പ്രവാചകൻ പറയുന്നു: “മഹറം ആയ സ്ത്രീകൾ ഒരിക്കലും മുഖം മറക്കുകയോ കൈയുറകൾ ധരികയോ ചെയ്യരുത് “. അഥവാ മഹ്റം അല്ലാത്തവർ അവ ധരിക്കുന്ന പതിവുണ്ടായിരുന്നു എന്നർത്ഥം. ഇത്തരം തെളിവുകളെ അടിസ്ഥാനപ്പെടുത്തി നിഖാബ് നിർബന്ധമാണെന്ന വാദം നിലനിർത്തുന്ന പണ്ഡിതരുമുണ്ട്.

എന്നാൽ, മുഖം വെളിവാക്കാമെന്ന പക്ഷം പിടിച്ച് മുഖത്ത് ചായം പൂശിയും അണിഞ്ഞൊരുങ്ങിയും പുറത്തിറങ്ങാൻ മതം അനുവദിക്കുന്നില്ല. മുൻകൈ വെളിവാക്കാം എന്നു അനുവദിക്കുമ്പോഴും നഖങ്ങൾ നീട്ടി വളർത്തുകയോ അതിൽ ചായം പൂശുകയോ ചെയ്തുകൂടാ. അന്യപുരുഷനെ ആകർഷിക്കാത്ത വണ്ണം ലഘുവായ ഭംഗി മാത്രമാണ് ഇബ്നു അബ്ബാസ് മേലുദ്ധരിച്ച ഇളവുകൾ കൊണ്ട് ഉദ്ദേശിച്ചത്, ഉദാഹരണമായി അവളുടെ കണ്ണിൽ സുറുമയും കൈയിലെ മോതിരവും പോലെ.

കൂടാതെ, നിർബന്ധമില്ല എന്ന വാദം കൊണ്ട് നിഖാബ് അനുവദനീയമാണ് എന്ന വാദത്തെ ഒരിക്കലും തള്ളിക്കളയുന്നില്ല ആരെങ്കിലും മുഖം മറച്ചു നടക്കാൻ താല്പര്യപ്പെടുന്നു എങ്കിൽ അവൾക്ക് അത് അനുവദനീയമാണ്. ജീവിതത്തിൽ സദാ സൂക്ഷ്മത പുലർത്താൻ ആഗ്രഹിക്കുന്ന സഹോദരിമാർക്ക് അതാണ് ഏറ്റവും അഭിലഷണീയമായതും.

( അവലംബം- islamonline.net )

Related Articles