Current Date

Search
Close this search box.
Search
Close this search box.

നിങ്ങളുടെ മകള്‍ ഹിജാബ് ധരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ?

hijab2.jpg

പെണ്‍കുട്ടികളുള്ള ഒരു സദസ്സില്‍ വെച്ച് ഹിജാബ് (ശിരോവസ്ത്രം) ധരിക്കാത്തതിന്റെ കാരണത്തെക്കുറിച്ച് ഞാന്‍ ആരാഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞ മറുപടികള്‍ വ്യത്യസ്തങ്ങളായിരുന്നു.
‘ഈമാന്‍ മനസ്സിലാണ് കുടികൊള്ളുന്നത്.’
‘എനിക്കിപ്പോള്‍ ചെറുപ്രായമാണ് വലുതായാല്‍ ഞാന്‍ ഹിജാബ് ധരിക്കും.’
‘എന്റെ കൂട്ടികാരികളിലാരുംതന്നെ ഹിജാബ് ധരിക്കാറില്ല. പിന്നെ ഞാന്‍ മാത്രം എന്തിന് ധരിക്കണം.’  
‘ആളുകള്‍ കൂടുന്നിടത്ത് ഹിജാബും ധരിച്ച് പോകാന്‍ എനിക്ക് ഭയമാണ്’
‘ഞാന്‍ തടിച്ചവളാണ്. ഹിജാബ് എന്റെ കോലം വികൃതമാക്കും’
‘ഹിജാബ് ധരിച്ചാല്‍ എന്റെ കല്യാണം വൈകും’
‘ഹിജാബ് ധാരിണിയായതിനു ശേഷം പിന്നീടത് ഉപേക്ഷിക്കേണ്ടി വരുമോ എന്ന് ഞാന്‍ ഭയക്കുന്നു’
‘അന്തരീക്ഷം ചൂടേറിയതാണ്. അതുകൊണ്ട് ഹിജാബ് ധരിക്കല്‍ നമ്മുടെ നാടിന് യോജിച്ചതല്ല’
‘ഹിജാബിനോട് ചേര്‍ച്ചയില്ലാത്ത എന്റെ വിലയേറിയ വസ്ത്രങ്ങള്‍ ഞാനെന്ത് ചെയ്യും’
‘കളിക്കും, നീന്തലിനും ഹിജാബ് തടസ്സമാണ്’ തുടങ്ങിയ മറുപടികളാണ് അവര്‍ എനിക്ക് നല്‍കിയത്. ഹിജാബ് ധരിക്കുന്നത് തലയില്‍ പേനുകള്‍ അധികരിക്കാന്‍ ഇടവരുത്തുമെന്നും  അതിനാല്‍ അത് ആരോഗ്യകരമല്ലെന്നും തുടങ്ങിയ വിചിത്രകരമായ കാരണങ്ങളും ചിലരില്‍ നിന്ന് എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു.

ഒരിക്കല്‍ ഒരു യുവതി എന്നോട് പറഞ്ഞു : ‘എനിക്ക് ഹിജാബ്  ധരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും എന്റെ ഉമ്മ അതിന് സമ്മതിക്കുന്നില്ല. അതിനാല്‍, ഉമ്മയെ അനുസരിക്കാന്‍ വേണ്ടി ഞാന്‍ ഹിജാബ് ഒഴിവാക്കുന്നു.’ മറ്റൊരു യുവതി പറഞ്ഞു: ‘ഞാന്‍ ഹിജാബ് ധരിക്കുന്നില്ലെന്നത് ശരിതന്നെ. എന്നാല്‍ ഹിജാബ് ധാരിണികളായ പലരേക്കാളും സല്‍സ്വഭാവിയും ശുദ്ധഹൃദയയുമാണ് ഞാന്‍.’ എന്നാല്‍ ഒരു യുവതിയുടെ മറുപടി വളരെ നന്നായിരുന്നു. അവള്‍ പറഞ്ഞു: ‘നിഷ്‌കളങ്കമായി പറഞ്ഞാല്‍, എന്റെ റബ്ബിനോള്ള ബാധ്യത നിറവേറ്റുന്ന കാര്യത്തില്‍ ഞാന്‍ അശ്രദ്ധാലുവാണ്. ഹിജാബ് ധരിക്കാന്‍ എനിക്കാഗ്രഹമുണ്ട്. പക്ഷെ എന്റെ മനസ്സ് അതിന് സമ്മതിക്കുന്നില്ല. ഹിജാബ് ധരിക്കാനുള്ള മാനസികാവസ്ഥ എന്നിലുണ്ടാക്കാന്‍ വേണ്ടി ഞാന്‍ അല്ലാഹുവിനോട് നിരന്തരം പ്രാര്‍ത്ഥിക്കാറുണ്ട്. ഹിജാബ് മുസ്‌ലിം സ്ത്രീയുടെ വ്യക്തിത്വത്തെ പ്രകാശിപ്പിക്കുന്നു. അതവള്‍ക്ക് അഭിമാനവും അവളുടെ തലയിലണിഞ്ഞ കിരീടവുമാണ്. ഹിജാബ് ധരിക്കുന്നതിലൂടെ അവള്‍ അല്ലാഹുവിനെ അനുസരിക്കുകയും അവന്റെ സാമീപ്യം സിദ്ധിക്കുകയും ചെയ്യുന്നതിനാല്‍ അതവള്‍ക്ക് സുരക്ഷയും സംരക്ഷണവുമാകുന്നതാണ്. ഹിജാബിനെ എതിര്‍ക്കുകയും അത് ധരിക്കുന്നവരെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന ഒരു നാട്ടിലെ ഹിജാബ് ധാരിണിക്ക് അല്ലാഹുവിങ്കല്‍ പ്രത്യേകവും വിശിഷ്ടവുമായ പ്രതിഫലമുണ്ട്.’

ഞാനവളോട് പറഞ്ഞു : ഹിജാബ് ധരിക്കുന്നില്ലെങ്കിലും നീ സത്യസന്ധയാണ്. തെറ്റിനെ സ്വയം തിരിച്ചറിയല്‍ ശ്രേഷ്ഠകരവും മഹത്തരവുമായ കാര്യവുമാണ്. പിന്നെ യുവതികളുടെ നേര്‍ക്ക് തിരിഞ്ഞ് ഞാന്‍ പറഞ്ഞു : നിങ്ങളിള്‍ ഒന്നാമത്തെയാള്‍ പറഞ്ഞത് ഈമാന്‍ ഹൃദയത്തിലാണെന്നാണ്. അവള്‍ പറഞ്ഞത് വളരെ ശരിയാണ്. എന്നാല്‍ ഈമാന്‍ കരുത്തുറ്റതാകുമ്പോള്‍ അതിന്റെ അടയാളങ്ങള്‍ ശരീരത്തില്‍ പ്രകടമാകും. ഹിജാബ് അത്തരം അടയാളങ്ങളില്‍ പെടുന്നു. രണ്ടാമത്തെയാള്‍ പറഞ്ഞത് അവള്‍ തടിച്ചിട്ടാണെന്നാണ്.  എനിക്കവളോട് പറയാനുള്ളത്, ഹിജാബിനെ നിന്റെ തൂക്കം കുറക്കാനുള്ള പ്രചോദനമായി സ്വീകരിക്കുക. അങ്ങനെയെങ്കില്‍ നീ സുന്ദരിയും സുമുഖയുമായിത്തീരുകയും ചെയ്യും.  മുന്നാമത്തെയാള്‍ പറഞ്ഞത് അവള്‍ ചെറുതാണെന്നാണ്. എനിക്കവളോട് പറയാനുള്ളത് : ഹിജാബ് ധരിക്കല്‍ നിര്‍ബന്ധമായ ബാധ്യയാണ്. അതിന് വയസ്സുമായി യാതൊരു ബന്ധവുമില്ല. പ്രായപൂര്‍ത്തിയാകുന്നതോടു കൂടി ഹിജാബ് ധരിക്കാന്‍ തുടങ്ങണം. നാലാമത്തെയാള്‍ പറഞ്ഞത് അവളുടെ കൂട്ടുകാരികളാരും ഹിജാബ് ധരിക്കുന്നില്ല എന്നാണ്. എനിക്കവളോട് പറയാനുള്ളത് : നീ നിന്റെ വ്യക്തിത്വം കരുത്തുറ്റതാക്കേണ്ടതുണ്ട്. നീ ഹിജാബ് ധരിച്ചു തുടങ്ങിയാല്‍ അവരില്‍ പലരും നിന്നെ പിന്‍പറ്റുന്നത് നിനക്ക് കാണാം. കാരണം അവര്‍ക്ക് പ്രോത്സാഹനം ആവശ്യമാണ്. അഞ്ചാമത്തെയാള്‍ പറഞ്ഞത് ആളുകള്‍ കൂടുന്നിടത്ത് ഹിജാബും ധരിച്ച് പോകാന്‍ അവള്‍ക്ക് ഭയമാണെന്നാണ്. എനിക്കവളോട് പറയാനുള്ളത് :  നീ ചെയ്യുന്നതില്‍ നിനക്ക് ദൃഢവിശ്വാസമുള്ളിടത്തോളം ജനങ്ങളെയും സമൂഹത്തെയും നീ ഗൗനിക്കേണ്ടതില്ല. നിന്റെ റബ്ബ് നിന്നില്‍ തൃപ്തനാകലാണ് പ്രധാനം.

ആറാമത്തെയാള്‍ പറഞ്ഞത് ഹിജാബ് ധാരിണിയായതിനുശേഷം പിന്നീടത് ഉപേക്ഷിക്കേണ്ടി വരുമോ എന്നവള്‍ ഭയക്കുന്നുവെന്നാണ്.നീ ഈ പറഞ്ഞ ന്യായം നിന്റെ നമസ്‌കാരം, നോമ്പ്, മതാപിതാക്കളോടുള്ള കടമ നിറവേറ്റല്‍ തുടങ്ങിയ എല്ലാ ഇബാദത്തുകളിലും ബാധകമാണ്. അവയും ഇപ്രകാരം ഉപേക്ഷിക്കാന്‍ നീ തയ്യാറാകുമോ? ഏഴാമത്തെയാല്‍ പറഞ്ഞത് അവരുടെ കളികള്‍ക്കും നീന്തലിനും തടസ്സമാണെന്നാണ്. എന്നാല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യനായ ഒരു ഹിജാബ് ധാരിണിയെ എനിക്കറിയാം. അതവളുടെ കളിക്ക് യാതൊരു തടസ്സവും സൃഷ്ടിക്കുന്നില്ല. എട്ടാമത്തെയാല്‍ പറഞ്ഞത് ഹിജാബ് വിവാഹത്തിന് തടസ്സമാണെന്നാണ്. എനിക്കവളോട് ചോദിക്കാനുള്ളത് : വിവാഹപ്രായമെത്തിയിട്ടുംവിവാഹം കഴിയാത്തവത്തവരില്‍  ഹിജാബ് ധാരിണികളാണോ അല്ലാത്തവരാണോ കൂടുതല്‍?  ഇന്ന് ദീനീബോധമില്ലാത്ത പുരുഷന്മാര്‍ വരെ ദീനിയായ സ്ത്രീകളെയാണ് വിവാഹം കഴിക്കാനാഗ്രഹിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ഒമ്പതാമത്തെയാല്‍ പറഞ്ഞത് അവള്‍ ഉമ്മയെ അനുസരിക്കുന്ന കാര്യത്തിന് മുന്‍ഗണന നല്‍കുന്നുവെന്നാണ്. ഉമ്മയോട് ഗുണകാംക്ഷ പുലര്‍ത്തുന്നതിനാല്‍ അവളുടെ നിലപാടിനെ നാം മുഖവിലക്കെടുക്കുകയും ആദരിക്കുകയും ചെയ്യുന്നു. എന്നാല്‍ റബ്ബിനെ അനുസരിക്കലാണ് ഏറ്റവും പ്രധാനം എന്നവള്‍ മനസ്സിലാക്കണം. ഹിജാബിന്റെ കാര്യത്തില്‍ ഉമ്മയെ പറഞ്ഞു മനസ്സിലാക്കല്‍ അവളുടെ ബാധ്യതയാണ്. സ്വന്തം ഉമ്മ ഹിജാബ് ധരിക്കാനും സന്മാര്‍ഗത്തിലാകാനും കാരണക്കാരികളായ എത്ര യുവതികളെ നമുക്കറിയാം. പത്താമത്തെയാള്‍ പറഞ്ഞത് ഹിജാബ് മുടിക്ക് നല്ലതല്ല എന്നാണ്. ഹിജാബ് ധരിച്ചതു കാരണത്താല്‍ തലക്ക് ആരോഗ്യപരമായ വല്ല പ്രശ്‌നവുമുള്ള ഏതെങ്കിലും സ്ത്രീയെ അവള്‍ക്കറിയാമോ?  ഞാന്‍ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു: നീ ശാന്തയാവുക, നിനക്കങ്ങനെ വല്ല രോഗവും ബാധിക്കുകയാണെങ്കില്‍ ഇസ്‌ലാമിക ശരീഅത്ത് നിനക്ക് ആ കാര്യത്തില്‍ ഇളവനുവദിക്കുന്നതാണ്.  

സംസാരത്തിനിടയില്‍ ഒരു യുവതി ചാടിയെഴുന്നേറ്റ് പറഞ്ഞു: ‘എനിക്ക് തുര്‍ക്കി പ്രസിഡണ്ടിന്റെ ഭാര്യയുടേതു പോലുള്ള ഹിജാബാണ് യോജിക്കുക.  അത് വളരെ ഭംഗിയുള്ള ഹിജാബാണ്.’ ഞാനവളോട് പറഞ്ഞു: ‘എങ്കില്‍ നീ അതുപോലെയുള്ളത് അണിഞ്ഞോളൂ. ഹിജാബ് തല മറക്കുന്നതും ഒതുക്കമുള്ളതുമാകണമെന്നേയുള്ളൂ.’ ഞാനപ്പോള്‍ ശൈഖ് അലി ത്വന്‍താവി(റ)യുടെ ഒരു ജീവിതാനുഭവം അവിടെ അനുസ്മരിച്ചു: തന്റെ ചെറിയ കുട്ടി ഹിജാബ് ധരിക്കാത്തതില്‍ അദ്ദേഹത്തിന് ആശങ്കയുണ്ടായി. അദ്ദേഹം ഭാര്യയോട് പറഞ്ഞു : ‘നീ അവളെയും കൂട്ടി അങ്ങാടിയില്‍ പോയി അവള്‍ക്ക് യോജിച്ചൊരു ഹിജാബ് വാങ്ങിക്കൊടുക്ക്.’ എന്നാല്‍ 40 ലീറയുള്ള മുന്തിയപട്ടിന്റെ ഹിജാബാണ് അവള്‍ തിരെഞ്ഞെടുത്തത്. അന്നൊരു ഹിജാബിന്റെ വില ഒരു ലീറയാണ്. ത്വന്‍താവി(റ) പറഞ്ഞു: ‘ഹിജാബിന്റെ വില എന്റെ ശമ്പളത്തിന്റെ മൂന്നിലൊന്നിന് തുല്യം വരും.  എന്നാല്‍ എന്റെ മകള്‍ ഹിജാബ് ധരിക്കുന്നത് എനിക്കിഷ്ടമായതിനാല്‍ അവളത് വാങ്ങിയതിനെ ഞാന്‍ അനുകൂലിക്കുന്നു.’
 
നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഹിജാബിനോട് താല്‍പര്യം ജനിക്കാന്‍ ബുദ്ധിപരമായ സമീപനം സ്വീകരിക്കല്‍ ഇന്ന് വളരെ അത്യാവശ്യമാണ്. പെണ്‍കുട്ടികളില്‍ ഹിജാബിനോടുള്ള താല്‍പര്യം ജനിപ്പിക്കാന്‍ അടിസ്ഥാനപരമായി ആവശ്യമായ നാല് കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. ‘അവരോട് നാം വാത്സല്യപൂര്‍വ്വം സംസാരിക്കണം. അവരോടുള്ള നമ്മുടെ സ്‌നേഹം പ്രകടിപ്പിക്കണം, ഹിജാബ് ധരിക്കാന്‍ അവരെ നാം പ്രോത്സാഹിപ്പിക്കണം. ഹിജാബ് ധരിക്കുന്ന കാര്യത്തില്‍ നാം അവര്‍ക്ക് മാതൃകയാകേണ്ടതുണ്ട്. ഹിജാബ് ധരിക്കുന്നത് പ്രതാപത്തിന്റെയും മാന്യതയുടെയും ലക്ഷണമാണെന്നും അവളുടെ സൗന്ദര്യത്തിനത് മാറ്റുകൂട്ടുമെന്നും അവരെ ബോധ്യപ്പെടുത്തണം. അത് അവര്‍ക്ക് ഒരു തടവറയും ബന്ധനവുമല്ലെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കണം തുടങ്ങിയവാണ് ആ കാര്യങ്ങള്‍.  

വിവര്‍ത്തനം : മുബശ്ശിര്‍.എം

Related Articles