Current Date

Search
Close this search box.
Search
Close this search box.

ഞാന്‍ സ്ത്രീ – ചരിത്രം എന്നെ വായിച്ചതോ?

revolution2.jpg

” പുരുഷന്റെ ആഗ്രഹപൂര്‍ത്തിക്കുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട പൊതുസ്വത്താണ് സ്ത്രീ ” എന്ന് ആദ്യമായി പ്രഖ്യാപിച്ചത് ഗ്രീക്ക് ചിന്തകനും മഹാ ജ്ഞാനിയുമായിരുന്ന സോക്രട്ടീസാണ്. പ്രശസ്ത ചിന്തകനായ അരിസ്റ്റോട്ടില്‍ പ്രസ്താവിച്ചു ”ലോകത്ത് ഒന്ന് ഭരിക്കുകയും മറ്റൊന്ന് ഭരിക്കപ്പെടുകയും ചെയ്യുക എന്നത് പ്രകൃതിയുടെ മൗലിക തത്വത്തില്‍പെട്ടതാണ്. പുരുഷന്‍ ഭരിക്കുകയും സ്ത്രീ ഭരിക്കപ്പെടുകയുമാണ് വേണ്ടത്.”

ആദാമിന്റെ വാരിയെല്ലില്‍ നിന്നാണ് ഹവ്വായെ സൃഷ്ടിച്ചത്. വിലക്കപ്പെട്ട കനി തിന്നാന്‍ അവള്‍ ആദാമിനെ പ്രേരിപ്പിച്ചു. പുരുഷനെ മയക്കി പാപംചെയ്യാന്‍ പ്രേരിപ്പിച്ചതിനാല്‍ അവളുടെ വിശുദ്ധി നഷ്ടപ്പെട്ടുകഴിഞ്ഞു. അവള്‍ പുരുഷനെ പാപത്തിലേക്ക് നയിക്കുന്നുവെന്ന് വേദഗ്രന്ഥങ്ങളും  പുരോഹിതന്‍മാരും ഉല്‍ഘോഷിച്ചു. സ്ത്രീ ബാല്യത്തില്‍ മാതാപിതാക്കളുടേയും, യൗവനത്തില്‍ ഭര്‍ത്താവിന്റേയും വാര്‍ദ്ധക്യത്തില്‍ സന്താനങ്ങളുടേയും നിയന്ത്രണത്തിലും സംരക്ഷണത്തിലുമായിരിക്കണമെന്നും അവള്‍ ഒരിക്കലും സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്നും, എത്ര ദുര്‍മാര്‍ഗിയും ദ്രോഹിയും സ്ത്രീലമ്പടനുമായിരുന്നാലും ഭര്‍ത്താവിനെ അതിരറ്റ സഹിഷ്ണുതയോടെ ദൈവമായി കരുതിസേവിച്ച് ആരാധിക്കുന്നതിലൂടെ മാത്രമേ സ്ത്രീക്ക് മോക്ഷം സിദ്ധിക്കുകയുള്ളുവെന്നുമാണ് മനുധര്‍മ്മവും ശാസ്ത്രങ്ങളും പഠിപ്പിക്കുന്നത്.

മനുഷ്യവര്‍ഗത്തെ ദുഖത്തില്‍നിന്നും യാതനകളില്‍നിന്നും ശാശ്വതമായി മോചിപ്പിക്കാനുള്ള മാര്‍ഗം തേടിയ ബുദ്ധന്‍  സംഘത്തില്‍ സ്ത്രീകള്‍ക്ക് അംഗത്വം നിഷേധിക്കുകയാണുണ്ടായത്. ശുദ്ധോധനന്റെ മരണാനന്തരം സന്യാസം സ്വീകരിക്കാനൊരുങ്ങിയ ഗോമതിക്ക് ബുദ്ധന്‍ അനുവാദം നല്‍കിയില്ല. ശിഷ്യപ്രമുഖനായ ആനന്ദനോടപേക്ഷിക്കാനായി വൈശാലി നഗരിത്തില്‍നിന്ന് കപിലവസ്തുവരെ   നഗ്നപാദയായി സഞ്ചരിച്ച് ബുദ്ധസന്നിധിയിലെത്തിയ ഗോമതിയുടെ അപേക്ഷ വീണ്ടും സമര്‍പ്പിച്ചപ്പോള്‍ ” ആനന്ദാ, നാം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചാല്‍ സംഘം ആയിരം വര്‍ഷംവരെയെങ്കിലും സജീവമായിനിന്നേക്കാം. എന്നാല്‍ അവര്‍ക്ക് പ്രവേശനം നല്‍കിയാല്‍ അഞ്ഞൂറ് വര്‍ഷത്തിനകം സംഘം ശിഥിലമാകും.” എന്നാണ് ബുദ്ധന്‍ പറഞ്ഞത്.

സ്ത്രീക്ക് അര്‍ഹിക്കുന്ന സ്‌നേഹവും പങ്കാളിത്തവും മാന്യതയും നല്‍കിയ മഹാന്മാര്‍ ചരിത്രത്തില്‍ വിരളമായിരുന്നു. പ്രശസ്ത റഷ്യന്‍ നോവലിസ്റ്റ് ലിയോ ടോള്‍സ്റ്റോയി ഒരിക്കലും തന്റെ ഭാര്യയെ സ്‌നേഹിച്ചിരുന്നില്ല.. അവരെ അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്തിരുന്നു. ഏഴു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്റ ”യുദ്ധവും സമാധാനവും” എന്ന പ്രശസ്ത നോവല്‍ പത്‌നി സോനിയയാണ് ആറുതവണ പകര്‍ത്തിഎഴുതി പ്രസിദ്ധീകരിക്കാന്‍ സഹായിച്ചത്. അവസാനം ”ഞാന്‍ എവിടെയാണെന്ന് അന്വേഷിച്ച് എന്നെ പിന്തുടര്‍ന്നാല്‍ കാര്യങ്ങള്‍ ഇതിലും വഷളാകും” എന്ന് ഭീഷണിക്കുറിപ്പെഴുതിവെച്ച് ടോള്‍സ്റ്റോയി അവരെ ഉപേക്ഷിച്ചുപോവുകയാണുണ്ടായത്. ഭര്‍ത്താവ് ആസന്ന മരണനായിക്കിടക്കുന്നതറിഞ്ഞ് കാണാനെത്തിയ സോനിയയോട് അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല. അവരുടെ മുഖത്ത്‌നോക്കാതെയാണ് അദ്ദേഹം കണ്ണടച്ചത്.

സ്ത്രീ പുരുഷന്റെ ജീവിതപങ്കാളിയാണെന്ന് പില്‍ക്കാലത്ത് പ്രഖ്യാപിച്ച മഹാത്മാഗാന്ധിയും പുരുഷമേധാവിത്വം പ്രകടിപ്പിച്ച യാഥാസ്തികനായ ഒരു ഭര്‍ത്താവായിരുന്നു. സൗത്താഫ്രിക്കയിലെ ദര്‍ബനില്‍ അദ്ദേഹം ബാരിസ്റ്ററായി പ്രാക്ടീസ് ചെയ്യുമ്പോള്‍ തന്റെ സഹപ്രവര്‍ത്തകര്‍ ഇപയോഗിച്ച ടോയിലറ്റ് മുറി വൃത്തിയാക്കാന്‍ വേലക്കാര്‍ ഉണ്ടായിട്ടും കസ്തൂര്‍ബായെ നിര്‍ബന്ധിക്കുകയുണ്ടായി. അതിന്ന് വിസമ്മതിച്ച അവരോട് ”തീര്‍ച്ചയായും നീതന്നെ വൃത്തിയാക്കണം, അല്ലെങ്കില്‍ നിനക്ക് ഈ വീട്ടില്‍ സ്ഥലമില്ല.” എന്നാണ് ഗാന്ധിജി പറഞ്ഞത്. നിസ്സഹായയായി കണ്ണീര്‍വാര്‍ത്ത കസ്തൂര്‍ബായെ ആട്ടിപ്പുറത്താക്കിയ സംഭവം അദ്ദേഹം തന്റെ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്.

പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന, മനുഷ്യരെ ചന്തയില്‍ ലേലം ചെയ്ത് വിറ്റിരുന്ന ഒരു സമൂഹത്തില്‍ സ്ത്രീക്ക് അര്‍ഹിക്കുന്ന എല്ലാ അവകാശങ്ങളും വകവെച്ചുകൊടുത്ത് അവള്‍ പുരുഷന്റെ അടിമയല്ല, സുഹൃത്തും, സഹായിയും, ജീവിതപങ്കാളിയുമാണെന്ന് ഉല്‍ഘോഷിച്ച് പ്രായോഗികമാക്കി കാണിച്ചുകൊടുത്തത് ഇസ്‌ലാം മാത്രമാണ്.

Related Articles