വിവാഹസമയത്ത് പുരുഷന് തന്റെ ഭാര്യക്കോ ഭാര്യാപിതാവിനോ മഹ്ര് നല്കുന്ന സമ്പ്രദായം പൗരാണിക സമൂഹങ്ങളില്‍ തന്നെ നിലനിന്നിരുന്നു. അതോടൊപ്പം ആ സമയം മുതല്‍ മരണം വരെ പുരുഷന് തന്റെ ഭാര്യയുടെയും സന്താനങ്ങളുടെയും ചെലവുകള്‍ ഏറ്റെടുക്കുക കൂടി ചെയ്യുന്നു. എന്താണ് ഈ പാരമ്പര്യങ്ങളുടെ അടിസ്ഥാനം? ഭാര്യയുടെ സംരക്ഷണം എന്തുകൊണ്ടവര്‍ പുരുഷനെ ഏല്‍പ്പിച്ചു? എന്താണ് മഹറിന്റെ ആത്മാവ്?
ഇന്ന് സ്ത്രീയും പുരുഷനും പ്രകൃതിപരവും മാനുഷികവുമായ അവകാശങ്ങളെല്ലാം അനുഭവിക്കുന്നു. അവര്‍ക്കിടയില്‍ നീതിയും സമത്വവും നിലനില്‍ക്കുന്നുമുണ്ട്. ഇത്തരം ഒരവസ്ഥയില്‍ മഹ്റിന്റെ പ്രസക്തി നില നില്ക്കുന്നുണ്ടോ, അതോ പുരുഷന് സ്ത്രീയെ ഉടമപ്പെടുത്തിയിരുന്ന പുരാതനകാലത്തു മാത്രം പ്രസക്തമായ ഒന്നാണോ ഇത്? നീതിയും അവകാശങ്ങളിലെ സമത്വവും കാലപ്പഴക്കം ചെന്ന ഇത്തരം പാരമ്പര്യങ്ങളെ തകര്‍ത്തെറിയാന്‍ ആവശ്യപ്പെടുന്നുണ്ടോ? വിവാഹം മഹ്ര് ഇല്ലാതെ നടക്കണമെന്നും സ്ത്രീ തന്നെയാണ് അവളുടെ ചെലവുകള്‍ വഹിക്കേണ്ടതെന്നും സന്താനങ്ങളുടെ സംരക്ഷണം കൂട്ടുത്തരവാദിത്വമാണെന്നും അവര്‍ വാദിക്കുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് നാമുദ്ദേശിക്കുന്നത്.
മഹ്റിന്റെ സംക്ഷിപ്ത ചരിത്രം
ചരിത്രാതീത കാലത്ത് മനുഷ്യന് അപരിഷ്കൃതനായിട്ടാണ് ജീവിച്ചിരുന്നത്. ഗോത്ര വ്യവസ്ഥയായിരുന്നു അതില്‍ നിലനിന്നിരുന്നത്. അറിയപ്പെടാത്ത കാരണങ്ങളാല്‍ രക്തബന്ധത്തിലുള്ള സ്ത്രീ പുരുഷന്മാര് തമ്മിലുള്ള വിവാഹം നിഷിദ്ധമാക്കപ്പെട്ടിരുന്നു. അക്കാരണത്താല്‍ തന്നെ ഒരു ഗോത്രത്തിലെ പുരുഷന് വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ തന്റെ ഇണയെ മറ്റൊരു ഗോത്രത്തില്‍ നിന്ന് കണ്ടെത്തേണ്ടിയിരുന്നു. അതിനായി മറ്റു ഗോത്രങ്ങളവന് സന്ദര്‍ശിക്കും. ആ സമയത്ത് സന്താനങ്ങളുണ്ടാവുന്നതിനെ കുറിച്ചവര്‍ ബോധവാന്മാരായിരിക്കുകയില്ല. സ്വാഭാവികമായും കുട്ടികളുണ്ടാവുകയും മാതാക്കളോടൊപ്പം വളരുകയുമായിരുന്നു. കുട്ടികള്‍ അവനുമായി സാദൃശ്യമുളളതായി അവന് മനസിലാക്കി. എന്താണ് ആ സാദൃശ്യത്തിന്റെ കാരണം എന്നവന് തിരിച്ചറിഞ്ഞില്ല. കുട്ടികളും മനസിലാക്കിയത് തങ്ങള്‍ മാതാക്കളുടേതാണെന്നതാണ്. അതുകൊണ്ട് തന്നെ അനന്തരാവകാശം മാതാവിലൂടെയായിരുന്നു കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. പുരുഷനെ കായ്ക്കാത്ത മരമായിട്ടാണവര് കണക്കാക്കിയത്. വിവാഹശേഷം ഭാര്യക്ക് ഭര്‍ത്താവിന്റെ സാമീപ്യം ആവശ്യമുള്ളതിനാല്‍ അവന് ഗോത്രത്തില്‍ താമസിക്കുകയും അതില്‍ ലയിച്ചു ചേരുകയുമായിരുന്നു ചെയ്തിരുന്നത്. മരുമക്കത്തായത്തിന്റെ കാലഘട്ടമായിട്ടാണത് അറിയപ്പെടുന്നത്.
അധികകാലം കഴിയുന്നതിന് മുമ്പു തന്നെ പ്രജനനത്തിലുള്ള തന്റെ പങ്ക് പുരുഷന് തിരിച്ചറിയുകയും മക്കള്‍ യഥാര്‍ത്ഥത്തില്‍ തന്നിലേക്ക് ചേര്ക്കപ്പെടേണ്ടവരാണെന്ന് മനസിലാക്കുകയും ചെയ്തു. അന്നുമുതല്‍ അവന് സ്ത്രീകളുടെമേല്‍ ആധിപത്യം പുലര്‍ത്തുകയും കുടുംബനാഥന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. അതുമുതലാണ് മക്കത്തായത്തിന്റെ കാലഘട്ടമായി കണക്കാക്കുന്നത്.
ഒരേ രക്തത്തിലുള്ളവരുടെ വിവാഹം അക്കാലത്തും വിരോധിക്കപ്പെട്ടതുതന്നെയായിരുന്നു. പുരുഷന് മറ്റൊരു ഗോത്രത്തില്‍ നിന്ന് ഭാര്യയെ തെരെഞ്ഞെടുത്ത് സ്വന്തം ഗോത്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ഗോത്രങ്ങള്‍ക്കിടയില്‍ യുദ്ധങ്ങള്‍ സാധാരണമായപ്പോള്‍ ഏതെങ്കിലും ഗോത്രത്തില്‍ നിന്ന് പെണ്‍കുട്ടികളെ തട്ടികൊണ്ടു പോവുക മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. ക്രമേണ ഗോത്രങ്ങളുടെ പോരാട്ടങ്ങളുടെ സ്ഥാനത്ത് സമാധാനം നിലവില്‍ വന്നു. വ്യത്യസ്ത ഗോത്രങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വം സാധ്യമായി. അതോടെ പെണ്‍കുട്ടികളെ തട്ടികൊണ്ടു പോവുന്ന സമ്പ്രദായം അവസാനിച്ചു. ഒരു പെണ്‍കുട്ടിയെ ഇണയായി സ്വീകരിക്കാന്‍ അവളുടെ ഗോത്രത്തിലേക്ക് പോകേണ്ടിവന്നു. അയാള്‍ അവിടെ ജോലിക്കാരനായി നില്‍ക്കുകയും കുറച്ച് കാലം അവളുടെ പിതാവിന് വേണ്ടി അധ്വാനിക്കുകയും ചെയ്യേണ്ടിയിരുന്നു. അവന് നല്കിയ സേവനങ്ങള്‍ പരിഗണിച്ച് അവളുടെ പിതാവ് അവന്റെ കയ്യില്‍ ഏല്‍പ്പിക്കുകയും അവളുമായി അവന് സ്വന്തം ഗോത്രത്തിലേക്ക് മടങ്ങുകയും ചെയ്യുകയായിരുന്നു പതിവ്. നാണയങ്ങളും കറന്‍സികളും സാധാരണമായപ്പോള്‍ വധുവിന്റെ പിതാവിന് നല്കുന്ന സേവനത്തിന് പകരമായി പണം ഉപയോഗിച്ചു തുടങ്ങി. അത് നല്ല ഒരു പാരിതോഷികമായി അംഗീകരിക്കപ്പെട്ടു. അതായിരുന്നു മഹ്റിന്റെ തുടക്കം.
ആദ്യകാലങ്ങളില്‍ സ്ത്രീക്ക് കീഴൊതുങ്ങിക്കൊണ്ടായിരുന്നു പുരുഷന് ജീവിച്ചിരുന്നത്.് സ്ത്രീകളായിരുന്നു പുരുഷന്മാരെ ഭരിച്ചിരുന്നത്. അടുത്തഘട്ടത്തില്‍ തന്നെ അധികാരം പുരുഷകരങ്ങളിലേക്ക് കൈമാറപ്പെട്ടു. മറ്റു ഗോത്രങ്ങളില്‍ നിന്നവന് സ്ത്രീകളെ തട്ടിക്കൊണ്ടു വന്നു. മൂന്നാമത്തെ ഘട്ടത്തില്‍ പുരുഷന് ഒരു ഇണയെ ലഭിക്കാന്‍ അവളുടെ പിതാവിന് സേവനം ചെയ്യേണ്ടിവന്നു. നാലാമത്തെ ഘട്ടത്തിലാണ് വധുവിന്റെ പിതാവിന് പണം നല്കുന്ന സമ്പ്രദായം നിലവില്‍ വന്നത്. ഇതാണ് മഹ്റിന്റെ സംക്ഷിപ്ത ചരിത്രം.
മരുമക്കത്തായം മാറി മക്കത്തായം നിലവില്‍ വന്നതോടെ സ്ത്രീയെ ഒരു അടിമയുടെ പദവിയിലേക്ക് താഴ്ത്തപ്പെട്ടുവെന്നോ, അല്ലെങ്കില്‍ പുരുഷന് വേണ്ടി പണിയെടുക്കുന്ന പരിചാരകയോ സേവകയോ ആയി മാറിയെന്നുമാണ് പറയപ്പെടുന്നത്. അവന് അവളെ ഒരു സാമ്പത്തിക ഉപകരണവും അതിലുപരിയായി ലൈംഗികാസക്തി പൂര്‍ത്തീകരിക്കാനുള്ള മാര്‍ഗ്ഗവുമായി കണ്ടു. സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം അവള്‍ക്കവന്‍ അനുവദിച്ചു നല്‍കിയില്ല്. സ്ത്രീകളുടെ അധ്വാനത്തിന്റെ ഫലം അനുഭവിച്ചിരുന്നത് അവളുടെ ഭര്‍ത്താവോ പിതാവോ ആയിരുന്നു. തന്റെ ഇണയെ തെരെഞ്ഞെടുക്കാനോ സ്വന്തം നിലക്ക് വല്ല സാമ്പത്തിക ഇടപാടു നടത്താനോ അവള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. വിവാഹസമയത്ത് അവള്‍ക്ക് നല്‍കിയിരുന്ന മഹര്‍ പുരുഷന് ചെലവുകള്‍ക്കായി വിനിയോഗിക്കുകയും ചെയ്തു.
മഹ്ര് ഇസ്ലാമില്‍
സാമൂഹ്യപ്രവര്‍ത്തകരും വിമര്‍ശകരും മൗനം ദീക്ഷിച്ച ഒന്നാണ് അഞ്ചാമത്തെ ഘട്ടം. ഈ ഘട്ടത്തില്‍ പുരുഷന് സ്ത്രീക്ക് തന്നെ മഹ്ര് സമ്മാനിക്കുന്ന രീതിയായിരുന്നു. അവളുടെ പിതാവിന് അതില്‍ അവകാശമൊന്നും ഉണ്ടായിരുന്നില്ല. സ്ത്രീ തന്നെയാണിത് സ്വീകരിക്കാനും സാമൂഹ്യ സാമ്പത്തിക സ്വാതന്ത്യം അനുഭവിക്കാനും കഴിഞ്ഞിരുന്നത്. പിതാവിന്റെയോ സഹോദരന്റെയോ താല്പര്യത്തിന് പകരം സ്വന്തം താല്പര്യമനുസരിച്ച് അവള് ഇണയെ സ്വീകരിച്ചു. അതിലുപരിയായി ഭര്‍ത്താവിനോ പിതാവിനോ അവളെ അടിമായാക്കുന്നതിന് യാതൊരു അവകാശവും ഉണ്ടായിരുന്നില്ല. അവള് ജോലിചെയ്തുണ്ടാക്കുന്ന വരുമാനം അവളുടേത് മാത്രമായിരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അവള്‍ക്ക് മറ്റൊരാളുടെ മേല്‍നോട്ടമോ രക്ഷാകര്‍തൃത്വമോ ആവശ്യമായിരുന്നില്ല.
ഭര്‍ത്താവിന് ഒരു അവകാശം മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളൂ. അവന് തന്റെ ഭാര്യയോടൊപ്പം ലൈംഗിംകാസക്തി പൂര്‍ത്തീകരിക്കാം. അതേ സമയം ദാമ്പത്യബന്ധം നിലനില്‍ക്കുന്ന കാലത്തോളം നിയമാനുസൃതമായ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിച്ചു കൊടുക്കേണ്ടത് അവനാണ്.
ദാമ്പത്യബന്ധത്തിലെ അടിസ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ച ഇസ്ലാമിന്റെ പേരിലാണ് ഈ ഘട്ടം അറിയപ്പെടുന്നത്. മഹ്ര് സ്ത്രീകളുടെ അവകാശമാണെന്ന് വ്യക്തമാക്കുന്ന ധാരാളം ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്. അതിന് പുറമെ അവളെ സംരക്ഷിക്കേണ്ടതും അവളുടെ ചെലവുകള്‍ വഹിക്കേണ്ടതും ഭര്‍ത്താവാണെന്നും ഇസ്ലാം പഠിപ്പിച്ചു. അതേസമയം അവള് സമ്പാദിക്കുന്ന ധനത്തില്‍ പിതാവിനോ ഭര്‍ത്താവിനോ പോലും അവകാശമില്ലെന്നും ഇസ്ലാം നിഷ്കര്‍ശിക്കുന്നു.
മഹ്റിനെയും സംരക്ഷണത്തെയും കുറിച്ചുള്ള ചോദ്യം ഇവിടെ അല്‍പ്പം അമ്പരപ്പുണ്ടാക്കുന്നതാണ്. മഹര്‍ വധുപിതാവിന് നല്‍കിയകാലത്ത് അവള് ഒരു അടിമയെ പോലെയായിരുന്നു ഭര്‍തൃഗൃഹത്തിലേക്ക് പോയിരുന്നത്. ഭര്‍ത്താവ് അവളെ ഒരു ചൂഷണോപാധിയായിട്ടു മാത്രം കണക്കാകുകയും ചെയ്തിരുന്നപ്പോള്‍ ഈ ചോദ്യം മനസിലാക്കാന്‍ വളരെ എളുപ്പമായിരുന്നു. മഹ്ര് പെണ്‍കുട്ടിയുടെ വിലയായി കണക്കാക്കിയിരുന്നതിനാല്‍ മറ്റ് അടിമകളെ തീറ്റിപ്പോറ്റുന്നത് പോലെ തന്നെ അവരെയും സംരക്ഷിച്ചു. എന്നാല്‍ വധുവിന്റെ പിതാവിന് പണം നല്കേണ്ടതിലാത്ത ഘട്ടത്തില്‍ ഭര്‍ത്താവിന് അവളെ ചൂഷണം ചെയ്യാന്‍ അനുവാദമുണ്ടായിരുന്നില്ല. സ്ത്രീക്ക് സമ്പൂര്‍ണ്ണമായ സാമ്പത്തികാധികാരം നല്കി. അവളുടെ അവകാശങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുകയും മറ്റൊരാളുടെയും സംരക്ഷണമോ മേല്‍നോട്ടമോ ആവശ്യമില്ലാത്തവളാവുകയും ചെയ്തു. അപ്പോള്‍ പിന്നെ അവള്‍ക്ക് മഹ്റിനോടൊപ്പം ജീവിതചെലവ് കൂടി നല്‍കണമെന്നു പറയുന്നതിന്റെ യുക്തി എന്താണ്?
ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം
അഞ്ചാം ഘട്ടത്തില്‍ പറഞ്ഞ മഹറിന്റെയും സംരക്ഷണത്തിന്റെയും തത്വശാസ്ത്രം മനസിലാക്കുന്നതിന് അതിന് മുമ്പ് പറഞ്ഞ നാല് ഘട്ടങ്ങളെയും അല്പം വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്. അനുമാനങ്ങളെയും ഊഹാപോഹങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഒരു സങ്കല്‍പ്പം മാത്രമാണ് ഈ ഘട്ടം എന്ന് എല്ലാവരും പറയുന്നു. ഒരു ചരിത്രയാഥാര്ത്ഥ്യമായിട്ടോ ശാസ്ത്രസത്യമായിട്ടോ അവര്‍ അതിനെ അംഗീകരിക്കുന്നില്ല. ചരിത്രാതീത കാലത്തെ മനുഷ്യനെ കുറിച്ച് വളരെ ആഴത്തിലുള്ള അറിവ് നമ്മുടെയടുത്തില്ല. മരുമക്കത്തായ കാലത്തെ പെണ്‍കുട്ടികളെ പിതാക്കന്മാര് വിറ്റുവെന്നും ഭര്ത്താക്കന്മാര് അവരെ സാമ്പത്തിക ചൂഷണത്തിന് വിധേയമാക്കിയിരുന്നുവെന്നും പറയുന്നത് അത്ര വിശ്വസനീയമല്ല. പ്രസ്തുത ഊഹങ്ങളിലും സങ്കല്പങ്ങളിലും ഏതൊരാളുടെയും മനസിനെ അസ്വസ്തപ്പെടുത്തുന്ന രണ്ട് കാര്യങ്ങളുണ്ട്. വളരെയധികം അപരിഷ്കൃതനും ആക്രമകാരിയും മാനുഷിക വികാരങ്ങളെ പരിഗണിക്കാത്തവനുമായിട്ടാണ് പ്രാചീനമനുഷ്യനെയത് ചിത്രീകരിക്കുന്നത് എന്നതാണ് അതില്ഒരുവശം. പ്രകൃതിപരമായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രകൃതിയുടെ അത്ഭുതകരമായ ആസൂത്രണം അവഗണിക്കപ്പെട്ടുവെന്നതാണ് രണ്ടാമത്തേത്.
മനുഷ്യപ്രകൃതിയില്‍ ഇത്തരത്തിലുള്ള ഒരു വ്യാഖ്യാനം പാശ്ചാത്യരായ ആളുകളില്‍ നിന്നാണ്. അവരെ പിന്പറ്റുന്നതില് വളരെയധികം താല്പര്യം കാണിക്കുന്ന പൗരസ്ത്യര്‍ മാത്രമാണിതിന്നൊരപവാദം. പ്രത്യേകകാരണങ്ങളാല്‍ മാനുഷികവികാരങ്ങള്‍ അത്ര പരിചയമില്ലാത്തവരാണ് യൂറോപ്യന്മാര്. ചരിത്രത്തില്‍ വളരെ സുപ്രധാനമായ ഒരു പങ്കാണ് അവര്‍ വഹിച്ചിരിക്കുന്നതെന്ന് യൂറോപ്പുകാരന് തന്നെ അംഗീകരിക്കുന്നില്ല. അവന്റെ മനസിന് ഒരു സാമ്പത്തിക ചായ്വുണ്ടെങ്കില്‍ അവന്റെ മുഴുവന്‍ ശ്രദ്ധയും ഭക്ഷണം പോലുള്ള അത്യാവശ്യകാര്യങ്ങളില്‍ പരിമിതമായിരിക്കും. ഇന്ധനം ഇല്ലെങ്കില്‍ പ്രവര്‍ത്തിക്കാത്ത ഒരു യന്ത്രം പോലെയായിരിക്കും അവന് ചരിത്രത്തെ വീക്ഷിക്കുന്നത്. അവന്റെ താല്പര്യം ലൈംഗികതയിലാണെങ്കില്‍ മുഴുവന്‍ ലോകത്തെയും ആ ഒരു കണ്ണോടെയായിരിക്കും നോക്കികാണുക. അതിലുള്ള മനുഷ്യത്വത്തെയോ ചരിത്രത്തെയോ സംസ്കാരത്തെയോ കലകളെയോ ധാര്‍മ്മികവും മതപരവുമായ അധ്യാപനങ്ങളെയോ അവര്‍ കാണുകയില്ല. ഒരു രാഷ്ട്രീയ കാഴ്ച്ചപ്പാടാണ് അവനുള്ളതെങ്കില്‍ അവന് മനസിലാക്കുന്ന ചരിത്രം ഒരു കൂട്ടം യുദ്ധങ്ങളിലും രക്തം ചിന്തലുകളിലും വന്യമായ പ്രവര്‍ത്തികളിലും മാത്രമായിരിക്കും.
മതത്തിന്റെ പേരില്‍ വളരെയധികം പീഢനങ്ങളേല്‍ക്കേണ്ടി വന്നവരാണ് യൂറോപ്യന്മാര്. മധ്യകാലത്ത് മനുഷ്യരെ ജീവനോടെ അവര്‍ ചുട്ടുകൊന്നിരുന്നു. ആ കാരണത്താല്‍ അവര്‍ക്ക് ദൈവത്തോടും മതത്തോടും മതം നിലകൊള്ളുന്ന തത്വങ്ങളോടും വിരോധം ഉണ്ടായി. പ്രകൃതിക്ക് ഒരു സംവിധാനവും ലക്ഷ്യവും ഉണ്ടെന്നും അത് ആകസ്മികമായി പ്രവര്‍ത്തിക്കുന്ന ഒന്നല്ലെന്നും കുറിക്കുന്ന ധാരാളം തെളിവുള് നിലനില്‍ക്കെ തന്നെ അതംഗീകരിക്കാന്‍ അവര്‍ ധൈര്യപ്പെടുന്നില്ല.
പാശ്ചാത്യരായ ചരിത്ര വിമര്‍ശകരോട് പ്രവാചകന്മാരുടെ അസ്ഥിത്വം അംഗീകരിക്കണമെന്ന് ഞാന്‍ പറയുന്നില്ല. മനുഷ്യചരിത്രത്തില്‍ എക്കാലത്തും നീതിക്കും മനുഷ്യത്വത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയവരും അനീതിക്കെതിരെ പോരാടിയവരുമായിരുന്നു പ്രവാചകന്മാര്. പ്രകൃതിയുടെ ബോധപൂര്‍വ്വമായ പങ്കിനെ അവഗണിക്കാതിരിക്കുക എന്നുമാത്രമാണ് അവരോട് ആവശ്യപ്പെടാനുള്ളത്. സ്ത്രീ-പുരുഷ ബന്ധങ്ങളുടെ ചരിത്രത്തില്‍ ധാരാളം ക്രൂരത നിറഞ്ഞ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ അതിക്രൂരമായ പലതും ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. അത്തരം സംഭവങ്ങളുടെ വിശദാംശങ്ങളോ ക്രൂരതയുടെ കഥകളോ പൂര്‍ണ്ണമായി വിവരിക്കുകയെന്നത് സാധ്യമല്ല.
മഹ്റിന്റെ യഥാര്‍ത്ഥ തത്വശാസ്ത്രം
പ്രകൃത്യാ സ്ത്രീ പുരുഷന്മാര്ക്കിടയില് സന്തുലനം നിലനിര്‍ത്തുന്നതിനായി വളരെ ആസൂത്രിതമായി നടത്തിയ ക്രമീകരണത്തിന്റെ ഫലമാണ് മഹ്ര് എന്നാണ് നാം വിശ്വസിക്കുന്നത്. പ്രകൃതിപരമായി തന്നെ പുരുഷന്റെയും സ്ത്രീയുടെയും ഉത്തരവാദിത്തങ്ങള്‍ വ്യത്യസ്തമായതിനാലാണ് മഹ്ര് നിലവില്‍ വന്നത്. സ്നേഹത്തിന്റെയും ആകര്‍ഷണത്തിന്റെയും ജ്ഞാനവാദമനുസരിച്ച് (Gnosis) പ്രപഞ്ചത്തില്‍ എല്ലായിടത്തും സ്വാധീനിക്കുന്നതാണ്. എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അവക്കു നിര്ണ്ണിയിക്കപ്പെട്ടിട്ടുള്ള പ്രത്യേകമായ പ്രവര്‍ത്തനങ്ങള്‍ക്കാണ്. ഓരോന്നിന്റെയും പങ്ക് മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തവുമാണ്.
സ്ത്രീപുരുഷന്മാരുടെ വികാര വിചാരങ്ങള്‍ സമാനമല്ലെന്ന് അവര്‍ക്കിടയിലുള്ള വൈജാത്യങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നതാണ്. പുരുഷനാണ് സ്ത്രീകളെക്കാള്‍ ലൈംഗികതാല്പര്യമുള്ളെവരെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇസ്ലാമിക പൈതൃകങ്ങള്‍ പറയുന്നത് പുരുഷന് കൂടുതല്‍ ലൈംഗിക തല്‍പരനല്ലെന്നാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് ആത്മനിയന്ത്രണം പാലിക്കാനുള്ള കഴിവ് കൂടുതലായി ഉണ്ട്. പ്രായോഗിക തലത്തില്‍ രണ്ട് വീക്ഷണങ്ങളും ഒന്നുതന്നെ. എന്തൊക്കെയാണെങ്കിലും പുരുഷന് ആത്മനിയന്ത്രണം കുറവാണെന്നാണ് പറയുന്നത്. ഈ പ്രത്യേകതയാണ് ഒരു സ്ത്രീയെ പുരുഷന് പിന്നാലെ ഓടാതിരിക്കാനും അതുപോലെ വളരെ പെട്ടന്ന് അവന് വഴങ്ങാതിരിക്കാനും പ്രാപ്തയാക്കുന്നത്. പുരുഷന്റെ സഹജവാസന സ്ത്രീയെ സമീപിക്കാന്‍ നിര്‍ബന്ധിതനാവുകയും അതിനായി വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. പ്രസ്തുത നടപടികളിലൊന്നാണ് അവള്‍ക്കൊരു സമ്മാനം നല്‍കുകയെന്നത്. ആണ്‍വര്‍ഗത്തില്‍ പെട്ടവര്‍ എല്ലായ്പ്പോഴും ഒരു സ്ത്രീയെ വരിക്കുന്നതിനായി മറ്റുള്ളവരുമായി മത്സരിക്കുന്നു. അതിനായി അവന് യുദ്ധം ചെയ്യാന്‍ പോലും മടിക്കുന്നില്ല. എന്നാല്‍ സ്ത്രീവര്‍ഗത്തില്‍ പെട്ടവര്‍ ഒരു പുരുഷനെ വരിക്കുന്നതിന് ഇത്രയധികം ഉത്സാഹം കാണിക്കുന്നവരല്ല. സ്ത്രീപുരുഷന്മാരുടെ ഉത്തരവാദിത്വം ഒന്നല്ലാത്തതിനാലാണത്. സ്ത്രീകള്‍ താല്പര്യകുറവ് കാണിച്ചാലും അവളുടെ പുറകെ പോകുന്നതാണ് പുരുഷന്റെ പ്രകൃതം.
സ്ത്രീകളുടെ ചാരിത്ര്യവും അടക്കവുമായി അടുത്തബന്ധമുള്ളതാണ് മഹ്ര്. ഒരു സ്ത്രീക്ക് അവളെ യാതൊരു നിയന്ത്രണവുമില്ലാതെ സമര്‍പ്പിക്കുന്നതില്‍ അവളുടെ ആത്മാഭിമാനം വിലക്കുന്നുവെന്ന് അവള്‍ക്ക് ജന്മവാസനയാല് തന്നെ അറിയുന്നതാണ്. എന്തെല്ലാം ശാരീരിക ദൗബല്യങ്ങളുണ്ടെന്ന് പറഞ്ഞാലും സ്ത്രീക്ക് പുരുഷനെ തന്റെ കാല്ക്കീഴില് കൊണ്ടുവരാന്‍ സാധിക്കുന്നു. അതിനായി മറ്റുള്ളവരോട് പോരടിപ്പിക്കാന് ആളുകളെ പ്രേരിപ്പിച്ച് ജൂലിയറ്റിന് പുറകെ നടന്ന റോമിയോമാരാക്കി അവരെ മാറ്റുകയും ചെയ്യുന്നു. അവള് ഒരു പുരുഷനെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ സൗഹാര്‍ദ്ദത്തിന്റെയും സൗമനസ്യത്തിന്റെയും പ്രതീകമായി ഒരു സമ്മാനം സ്വീകരിക്കുകയും ചെയ്യുന്നു.
ഒരു പെണ്‍കുട്ടിക്ക് വിവാഹഭ്യര്‍ഥനയുമായി ഒന്നിലധികം ആളുകള്‍ ഉണ്ടാവുമ്പോള്‍ അവര്‍ പരസ്പരം പോരടിച്ച് വിജയിക്കുന്നവന് അവളെ വിവാഹം ചെയ്യുന്ന സമ്പ്രദായവും ചില അപരിഷ്കൃത ഗോത്രങ്ങളില്‍ നിലനിന്നിരുന്നു. എതിരാളിയെ അതിജയിക്കുകയോ കൊല്ലുകയോ ചെയ്യുന്നവന്റെ കരങ്ങളില്‍ അവള് സുരക്ഷിതനായിരിക്കുമെന്നാണ് അവര്‍ കണക്കാക്കിയിരുന്നത്. രണ്ടു യുവാക്കളെ തന്റെ മുമ്പില്‍ വെച്ച് പോരടിക്കാന്‍ നിര്‍ബന്ധിച്ച ഒരു ടെഹ്റാന് പെണ്‍കുട്ടിയുടെ കഥ വാര്‍ത്തയില്‍ വന്നിരുന്നു. യഥാര്‍ത്ഥ ശക്തിയെന്നത് വന്യമായ ബലപ്രയോഗം മാത്രമണെന്നതായിരുന്നു അവരുടെ വീക്ഷണം. പുരുഷന്റെ മേല്‍ വളരെയധികം സ്വാധീനം ചെലുത്താന്‍ സ്ത്രീകള്‍ക്ക് കഴിയും. ഒരു പുരുഷന് അവളെ സ്വാധീനിക്കാന്‍ കഴിയുന്നതിലുപരിയായി അവള്‍ക്ക് പുരുഷനെ സ്വാധീനിക്കാനാവും.
മഹ്ര് ഖുര്‍ആനില്‍
ഖുര്‍ആന്‍ പറയുന്നു: ‘സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യം തികഞ്ഞ സമ്മാനമായി നല്‍കുക.’ (അന്നിസാഅ്: 4) മഹ്ര് എന്നത് സ്ത്രീകള്‍ക്ക് മാത്രം അവകാശപ്പെട്ട ഒന്നാണെന്നും അവര്‍ക്ക് തന്നെയാണത് നല്‍കേണ്ടതെന്നും വ്യക്തമാക്കുകയാണ് ഈ സൂക്തം. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഈ സൂക്തം മുന്നോട്ടുവെക്കുന്നത്.
ഒരു സ്ത്രീക്ക് നല്കുന്ന വിവാഹമൂല്യത്തിന് ‘മഹ്ര്’ എന്നു പ്രയോഗിക്കാതെ സത്യസന്ധതയുടെയും ആത്മാര്‍ത്ഥയുടെയും അര്‍ഥമുള്ള ‘സ്വദുഖാതിഹിന്ന’ എന്നാണ് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത്. പുരുഷന് അവള്‍ക്ക് നല്കുന്ന പരിഗണനയുടെ പ്രതീകമാണ് മഹ്ര്. പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഇതേ ആശയം പറഞ്ഞിട്ടുണ്ട്. പ്രശസ്ത ഭാഷാ പണ്ഢിതനായ റാഗിബുല്‍ അസ്ഫഹാനി അദ്ദേഹത്തിന്റെ ഖുര്‍ആന്‍ ശബ്ദകോശത്തില്‍ ഖുര്‍ആന്‍ മഹറിനെ സ്വദുഖ എന്നുപ്രയോഗിച്ചത് വിശ്വാസത്തിന്റെ ആത്മാര്‍ത്ഥയെ കുറിക്കുന്ന പ്രതീകമായതിനാലാണ് എന്നു പറയുന്നു. രണ്ടാമത്തെ കാര്യം മഹറിന്റെ അവകാശം പിതാവോ സഹോദരനോ അല്ല സ്ത്രീതന്നെയാണ് എന്ന് പ്രസ്തുത സൂക്തം വ്യക്തമാക്കുന്നു. മകളെ വളര്‍ത്തിയതിന് മാതാപിതാക്കള്‍ക്ക് നല്കുന്ന നഷ്ടപരിഹാരമല്ല അത്. മൂന്നാമതായി മഹര്‍ എന്നത് ഒരു സമ്മാനം മാത്രമാണ് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
( കടപ്പാട് )
കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU