Current Date

Search
Close this search box.
Search
Close this search box.

മാനസികാരോഗ്യമുള്ളവരുടെ ലക്ഷണങ്ങൾ

ശാരീരികാരോഗ്യത്തെ പോലെ തന്നെ പ്രധാനമാണ് നമ്മുടെ മാനസികാരോഗ്യവും. അത് പരസ്പരം പൂരകവും, ഒന്നിനെ ബാധിക്കുന്ന രോഗം മറ്റെതിനെയും ബാധിക്കുക സ്വാഭാവികമാണ്. രോഗമില്ലാതിരിക്കുക എന്നതാണ് ശാരീരിക ആരോഗ്യത്തിൻറെ ലക്ഷണമെങ്കിൽ, മാനസികാരോഗ്യത്തിൻറെ അവസ്ഥ കൂടുതൽ സങ്കീർണ്ണവും ഗുരുതരവുമാണ്. അതിനാൽ, നാം ഓരോരുത്തരും മാനസികമായി ആരോഗ്യവന്മാരാണൊ എന്ന് പരിശോധിക്കാൻ താഴെ പറയുന്ന പത്ത് ലക്ഷണങ്ങൾ നമ്മിലുണ്ടൊ എന്ന് ഉറപ്പ് വരുത്തുന്നത് നല്ലതായിരിക്കും. അതോടൊപ്പം, അത്തരം ഗുണങ്ങൾ വളർത്തി എടുക്കാൻ പരിശ്രമിക്കുന്നത് മാനസികാരോഗ്യം ശക്തിപ്പെടുത്താൻ സഹായകമാവും.

1. മാനസികാരോഗ്യമുള്ളവരുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം അവർ പോസിറ്റിവ് ചിന്താഗതിയുള്ളവരായിരിക്കും എന്നതാണ്. ഏത് കാര്യത്തിലും ആത്യന്തികമായി നന്മയിൽ കേന്ദ്രീകരിക്കലാണ് പോസിറ്റിവ് ചിന്താഗതി കൊണ്ട് ഉദ്ദ്യേശിക്കുന്നത്. പോസിറ്റിവ് ചിന്താഗതിയുള്ളവർക്ക് ആയുസ്സും ആരോഗ്യവും വർധിക്കുമെന്ന് മാത്രമല്ല, വിഷാദരോഗം, മനോവ്യഥ തുടങ്ങിയ മാനസിക രോഗങ്ങളിൽ നിന്ന് മുക്തമാവാനും കഴിയും. സ്ട്രോക്ക്, കാൻസർ തുടങ്ങിയ രോഗങ്ങളിൽ നിന്നുള്ള പ്രതിരോധവുമാണ് അത്.

2. മാനസികാരോഗ്യമുള്ളവരുടെ മറ്റൊരു ലക്ഷണമാണ് അവർ ശുഭാപ്തിവിശ്വാസള്ളവരായിരിക്കും എന്നതാണ്. ശുഭാപ്തിവിശ്വാസവും പോസിറ്റിവ് ചിന്താഗതിയും ഇരട്ട പ്രസവിച്ച സഹോദരിമാരെ പോലെയാണ്. അത്രയധികം അവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഭാവിയെകുറിച്ച ശോഭനമായ പ്രതീക്ഷവെച്ചു പുലർത്തലാണ് ശുഭാപ്തിവിശ്വാസ. എല്ലാ കാർമേഘങ്ങൾക്കും ശേഷം വെള്ളിരേഖയുണ്ടെന്നും തുരങ്കത്തിൻറെ അവസാനം വെളിച്ചമായിരിക്കും എന്നുള്ള ശുഭപ്രതീക്ഷയാണത്.

3. പ്രവർത്തന നിരതരായിരിക്കുക എന്നതാണ് മാനസികാരോഗ്യമുള്ളവരുടെ മറ്റൊരു ലക്ഷണം. നിഷ്ക്രയരായിരിക്കുക എന്നത് അവരുടെ അജണ്ടയിലില്ലാത്ത കാര്യമാണ്. അത്തരക്കാർ വിശ്രമിക്കുന്നത് പോലും മന:സാനിധ്യത്തോടെയായിരിക്കും. ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞു: ജീവിതം സൈക്കിൾ സവാരി പോലെയാണ്. നിങ്ങളുടെ സന്തുലിതത്വം നിലനിർത്താൻ ചലിച്ച്കൊണ്ടിരിക്കുക നിർബന്ധമാണ്.

4. നടപ്പിലാക്കാൻ കഴിയുന്ന കുഞ്ഞുകുഞ്ഞു ലക്ഷ്യങ്ങൾവെക്കുകയും അത് നേടിഎടുക്കുകയും ചെയ്യുന്നവരായിരിക്കും മാനസികാരോഗ്യമുള്ളവർ. അതിലൂടെ ലഭിക്കുന്ന മാനസിക സംതൃപ്തി വിവരണാതീതമാണ്. സാങ്കൽപിക ലോകത്ത് ജീവിക്കുന്നവരൊ ഭാവനാലോകത്ത് വിലസുന്നവരൊ ആയിരിക്കുകയില്ല അവർ.

5. നല്ല സാമൂഹ്യ ബന്ധങ്ങൾ സൂക്ഷിക്കാൻ കഴിയുക എന്നതാണ് മറ്റൊരു ഗുണം. വൈകാരിക ക്ഷോഭങ്ങളെ നിയന്ത്രിച്ച് മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറുകയും ബന്ധങ്ങൾ സൂക്ഷിക്കുകയും ചെയ്യാൻ മാനസിക ആരോഗ്യമുള്ളവർക്ക് മാത്രമെ സാധിക്കുകയുള്ളൂ. സാമൂഹ്യബന്ധങ്ങൾ മാനസികാരോഗ്യത്തിൻറെ സ്തംഭങ്ങളാണ്. സാമൂഹ്യ ബന്ധം ഉണ്ടാക്കാൻ കഴിയുന്നവർക്ക്, നല്ല മാനസിക ആരോഗ്യം ഉണ്ടായിരിക്കും.

6. മാനസികമായി ആരോഗ്യമുളളവർ ശാരീരികവും മാനസികവുമായ തങ്ങളുടെ ആവശ്യങ്ങൾ എന്താണെന്നും അത് എങ്ങനെ പരമാവധി പൂർത്തീകരിക്കാമെന്ന് ചിന്തിക്കുകയും അത് നടപ്പാക്കി ജീവിത സംതൃപ്തി കൈവരിക്കുന്നവരാണ്. മാനസികവും ശാരീരികവുമായ വിവിധാവശ്യങ്ങൾ പൂർത്തീകാരിക്കാൻ കഴിയുക എന്നത് മാനസികമായി ആരോഗ്യമുളളവർക്ക് മാത്രം സാധിക്കുന്ന കാര്യമാണ്.

7. സ്വയം നിയന്ത്രണത്തിന് കഴിയുന്നവരായിരിക്കും മാനസികാരോഗ്യമുള്ളവർ എന്ന കാര്യത്തിൽ സംശയമില്ല. ചിന്തയാണ് വികാരത്തിൻറെ ഉറവിടം. മാനസികാരോഗ്യമില്ലാത്തവർ പൊതുവെ ക്ഷിപ്രകോപികളും സ്വയം നിയന്ത്രണത്തിന് സാധിക്കാത്തവരുമായിരിക്കും. എന്നാൽ മാനസികമായി ആരോഗ്യമുള്ളവർ ഇത്തരം ദൗർബല്യങ്ങളെ അതിജീവിക്കുന്നവരായിരിക്കും.

8. മാനസികാരോഗ്യമുളളവരുടെ മറ്റൊരു ലക്ഷണമാണ് ജോലിയിൽ വിജയിക്കുന്നവരും അതിൽ തൃപ്തിയടയുന്നവരായിരിക്കും അവർ. മാനസികമായി ചാപല്യമുള്ളവർ എപ്പോഴും എല്ലാ കാര്യങ്ങളിലും കുറ്റം കണ്ടത്തെുന്നവരും ഒരു കാര്യത്തിലും തൃപ്തിയടയാത്തവരുമായിരിക്കും.

9. മാനസികാരോഗ്യമുള്ളവരുടെ മറ്റൊരു ലക്ഷണമാണ് ഉത്തവരവാദിത്വം ഏറ്റെടുക്കാനുള്ള അവരുടെ സന്നദ്ധതവും അത് പ്രായോഗികമായി നടപ്പാക്കാനുള്ള അവരുടെ കഴിവും. ഉത്തരവാദിത്വങ്ങൾ ഏൽപിക്കുമ്പോൾ ഇത്തരം ഗുണങ്ങളുണ്ടൊ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

10. മാനസികാരോഗ്യമുള്ളവർ പ്രശ്നങ്ങളെ സധീരം നേരിടാൻ പ്രാപ്തിയുളളവരായിരിക്കും. പ്രശ്നങ്ങളുടെ മലവെള്ളപാച്ചിൽ ചൂളിപ്പോവുന്നവരല്ല അവർ. തിരമാലകളെ വകഞ്ഞുമാറ്റി, മുന്നോട്ട് കുതിക്കുവാനാണ് കപ്പലുകൾ നിർമ്മിച്ചിട്ടുള്ളത്. അത്പോലെ, പ്രശ്നങ്ങൾക്ക് മുന്നിൽ പതറാതെ മുന്നോട്ട് കുതിക്കുന്നരവരായിരിക്കും മാനസികാരോഗ്യമുള്ളവർ.

Related Articles